നിള വറ്റി വരണ്ടു: കുടിവെള്ളക്ഷാമം രൂക്ഷമായി
ആനക്കര: വേനല്‍ കനക്കും മുമ്പേ നിള വറ്റി വരണ്ടു. ഇതോടെ പുഴയോര നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങി. പട്ടിത്തറ, ആനക്കര, തൃത്താല പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. നിളയിലെ നീരൊഴുക്ക് നിലച്ചതോടെ പല കുടിവെള്ള പദ്ധതികളും താളം തെറ്റിയിരിക്കുകയാണ്. ഇതിനു പുറമെ പുഴയോര മേഖലകളിലേയും വെള്ളം വറ്റിക്കഴിഞ്ഞു. കുംഭം തുടങ്ങുന്നതിന് മുമ്പ് തന്നെ ജലക്ഷാമം തുടങ്ങിയിരുന്നു.
വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ ഷട്ടര്‍ ഇട്ടതോടെ ഇതിന്റെ താഴ്‌ഭാഗങ്ങളിലെല്ലാം വെള്ളം പൂര്‍ണമായി വറ്റിയിരിക്കുകയാണ്. ഇടയ്‌ക്കിടെ ഷട്ടര്‍ അല്‌പം പൊന്തിക്കുന്നതാണ് അല്‌പമെങ്കിലും വെള്ളം കാണാന്‍ കാരണമാകുന്നത്. ഏതു കാലത്തും വെള്ളമുണ്ടാകാറുള്ള ഉമ്മത്തൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന കടവില്‍ പോലും വെള്ളം കുറവാണ്. നിളയെ ആശ്രയിച്ച് വിവിധ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതികളുടെ കിണറുകള്‍ക്ക് സമീപവും വെള്ളം വറ്റിക്കഴിഞ്ഞു. പലയിടത്തും പുഴയിലെ കിണറിലേക്ക് ചാല്‍ കീറിയാണ് വെള്ളമെത്തിക്കാനുളള ശ്രമം നടത്തിയിട്ടുള്ളത്. മലപ്പുറം ജില്ല പ്രധാനമായും ആശ്രയിക്കുന്ന ഡാനിഡ കുടിവെള്ള പദ്ധതിയുടെ കിണര്‍ പോലും വറ്റിയ നിലയിലാണ്.
Recent Comments