താണിക്കുന്നിലെ മണ്ണെടുപ്പ്: കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
ആനക്കര: പട്ടിത്തറ താണിക്കുന്നിലെ അനധികൃത കല്ല്, മണ്ണെടുപ്പുസ്ഥലം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പട്ടിത്തറ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന കുന്നാണിത്. ഇവിടെനിന്ന് പാലക്കാട് ജിയോളജി വകുപ്പ് അധികൃതര്‍ നല്‍കിയ അനുമതി ഉപയോഗിച്ചാണ് മലപ്പുറം ജില്ലയിലേക്ക് ടോറസ്സില്‍ മണ്ണ് കൊണ്ടുപോകുന്നത്.
കുന്നിന്റെ സമീപങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എന്നാല്‍, പരിസ്ഥിതിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നവിധം ഇവിടെനിന്ന് രാത്രിയും പകലുമില്ലാതെ കല്ലുവെട്ടും അതിനോടൊപ്പം മണ്ണെടുപ്പും തകൃതിയായി നടന്നുവരികയാണ്. പലവട്ടം നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നെങ്കിലും വ്യാജ അനുമതിയുടെ പേരില്‍ മണ്ണെടുപ്പ് തുടരുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.
പാലക്കാട്ജില്ലാ അതിര്‍ത്തിപ്രദേശങ്ങളില്‍നിന്ന് മലപ്പുറം ജില്ലയിലെ റോഡ്, പാലം, എന്നിവയുടെ നിര്‍മാണത്തിന്റെ പേരിലാണ് കൂറ്റന്‍ലോറികളില്‍ മണ്ണ് കൊണ്ടുപോകുന്നത്. ഭരണത്തില്‍ വന്‍സ്വാധീനമുള്ള ആളുകളും ഭരണപക്ഷത്തെ ഘടകകക്ഷിയുടെ മലപ്പുറം ബന്ധവുമുപയോഗിച്ചാണ് പെര്‍മിറ്റ് തരപ്പെടുത്തിയതെന്നാണ് പ്രദേശവാസികളുടെ പരാതി.
ഇത്തരത്തില്‍ കൊണ്ടുപോകുന്ന മണ്ണ് സ്വകാര്യവ്യക്തികള്‍ക്ക് പാടം നികത്താനും മറ്റുമാണ് ഉപയോഗിക്കുന്നത്.പരിസ്ഥിതിക്ക് കനത്ത വെല്ലുവിളിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ കടുത്ത കുടിവെള്ളക്ഷാമത്തിലേക്കാണ് ഇത്തരം പരിസ്ഥിതിനശീകരണം വഴി ഉണ്ടാകുകയെന്ന് കളക്ടര്‍ പറഞ്ഞു. ഇത്തരത്തില്‍ ഇവിടെനിന്ന് മണ്ണെടുക്കാന്‍ അനുമതി നല്‍കിയതിന്റെ കാരണവും ഇതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജിയോളജിവകുപ്പധികൃതരോട് ആവശ്യപ്പെട്ടതായി കളക്ടര്‍ പറഞ്ഞു. ഇവിടെ എട്ടേക്കര്‍ സ്ഥലത്തുനിന്ന് മണ്ണെടുക്കാനാണ് ജിയോളജിവകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്.
Recent Comments