പൂര്‍വസൂരികളെ വണങ്ങി എം.ടി. വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി

കോഴിക്കോട്: പൂര്‍വസൂരികളായ എഴുത്തുകാരെ പ്രണമിച്ച് എം.ടി. വാസുദേവന്‍നായര്‍ കേന്ദ്രസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി. കോഴിക്കോട്ട് നടന്ന പ്രൗഢമായ ചടങ്ങില്‍ കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരി എം.ടിക്ക് വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു.

ചങ്ങമ്പുഴയും വൈക്കം മുഹമ്മദ് ബഷീറും പി. കേശവദേവും പി. കുഞ്ഞിരാമന്‍നായരും സാഹിത്യത്തിനായി ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെ വണങ്ങിയാണ് എം.ടി. തന്റെ പ്രസംഗം തുടങ്ങിയത്. ”ഒരു കുഗ്രാമത്തില്‍ വളര്‍ന്ന ഞാന്‍ എങ്ങനെ ഒരു എഴുത്തുകാരനായി എന്നതില്‍ എനിക്ക് ഇപ്പോഴും അത്ഭുതമുണ്ട്. ഇടത്തരം കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്.

സ്‌കൂളും ബസ്‌സ്റ്റോപ്പും റെയില്‍വേസ്റ്റേഷനും മൈലുകള്‍ അപ്പുറമാണ്. എഴുത്തച്ഛന്റെ രാമായണം ഹൃദിസ്ഥമാക്കി ചൊല്ലാന്‍ സാധിച്ചാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതായി ഞങ്ങളുടെ ഗ്രാമം വിശ്വസിച്ചു. കുട്ടിക്കാലത്ത് എനിക്ക് എഴുത്ത് തനിച്ച് കളിക്കാനുള്ള ഒരു കളിയായിരുന്നു. എഴുതിയത് അച്ചടിച്ചുവന്ന് തുടങ്ങിയപ്പോള്‍ അതൊരു ആനന്ദമായി. നാല്‍പ്പത് വയസ്സുകഴിഞ്ഞപ്പോള്‍ എഴുത്ത് സംഘര്‍ഷമായി. ഒരുപാട് ആശയങ്ങളില്‍ ഏത് തിരഞ്ഞെടുക്കണം എന്ന സംഘര്‍ഷം -എം.ടി. പറഞ്ഞു.

പ്രായമായിത്തുടങ്ങിയപ്പോള്‍ എഴുത്ത് മാറ്റിവെക്കാനുള്ള മനോഭാവമുണ്ടായി. വേനലില്‍ ‘മഴ വന്നിട്ട് എഴുതാം’ എന്നും മഴക്കാലത്ത് ‘അന്തരീക്ഷമൊന്ന് തെളിഞ്ഞിട്ട് എഴുതാം’ എന്നും കരുതും. എഴുതിത്തുടങ്ങി ഒരുപാട് ദശകങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും എഴുതാനിരുന്നാല്‍ പരീക്ഷാഹാളിലിരിക്കുന്ന വിദ്യാര്‍ഥിയെപ്പോലെ ഞാന്‍ വികാരാധീനനാവുന്നു. എഴുത്തില്‍നിന്ന് ഭൗതികനേട്ടങ്ങള്‍ അധികമൊന്നും ലഭിക്കില്ല എന്നറിഞ്ഞിട്ടും ഞാന്‍ എന്റെ യാത്ര തുടരുന്നു -അദ്ദേഹം പറഞ്ഞു.

”എം.ടി. മലയാളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവന്‍ എഴുത്തുകാരനാണ്. എഴുത്തിന്റെ എല്ലാ മേഖലകളിലും വ്യാപരിച്ച അദ്ദേഹത്തിന്റെ പ്രതിഭ അത്ഭുതാവഹമാണ്. എം.ടി. ഒരു സര്‍വകലാശാലയാണ് എന്നു പറയാനാണ് എനിക്കിഷ്ടം”- സാഹിത്യ അക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരി വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസറാവു സ്വാഗതംപറഞ്ഞു. തുടര്‍ന്ന് എം.ടിയുടെ രചനകളെ അടിസ്ഥാനമാക്കിയുള്ള സംവാദത്തില്‍ കെ.പി. ശങ്കരന്‍, സുനില്‍ പി.ഇളയിടം, ഇ.പി. രാജഗോപാലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


ബഹളമയമായ ജീവിതത്തിന്റെ ചന്തയിലൂടെ ഹൃദയത്തില്‍ കരച്ചിലുമായി…
(കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം സ്വീകരിച്ച് എം.ടി. വാസുദേവന്‍ നായര്‍ ചെയ്ത മറുപടിപ്രസംഗത്തിന്റെ സംക്ഷിപ്തരൂപം)

എങ്ങനെയാണ് ഞാന്‍ ഒരു എഴുത്തുകാരനായത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും അത്ഭുതമാണ്. ഒരു കുഗ്രാമത്തില്‍ ഇടത്തരം കര്‍ഷകകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഞങ്ങളുടെ ബസ്‌സ്റ്റോപ്പ് ആറ് മൈല്‍ അകലെയാണ്. ആറ് മൈല്‍ നടന്ന് പുഴകടന്നുവേണം റെയില്‍വേ സ്റ്റേഷനിലെത്താന്‍ഏഴ് മൈലിനപ്പുറമാണ് ഹൈസ്‌കൂള്‍.

രാമായണം ചൊല്ലാന്‍ പഠിച്ചാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയായെന്ന് എന്റെ ഗ്രാമം കരുതി. നെല്ലിന്‍തുമ്പ് കടിക്കാതെ കാലികളെ വയലിലൂടെ പുഴയിലേക്ക് നടത്താറായാല്‍ കാര്‍ഷികരംഗത്തേക്കിറങ്ങാന്‍ നിങ്ങള്‍ യോഗ്യനായി. വളര്‍ന്നുതുടങ്ങിയപ്പോള്‍ വായനാശീലവും വളര്‍ന്നു, പ്രത്യേകിച്ചും കവിത. വാരാന്ത്യങ്ങളില്‍ പുസ്തകം കടംവാങ്ങാനായി ഞാന്‍ മൈലുകളോളം നടന്നു. പിന്നെ, ഞാന്‍ രഹസ്യമായി കവിതകളെഴുതാന്‍ തുടങ്ങി. കവിത വഴങ്ങുന്നില്ല എന്ന് നിരാശയോടെ തിരിച്ചറിഞ്ഞ് ഞാന്‍ ചെറുകഥയിലേക്ക് കടന്നു.

സ്‌കൂളവധിദിനങ്ങളില്‍ കഥയുടെ ആശയങ്ങളുമായി ഞാന്‍ കളിച്ചു. എല്ലാ ദിവസവും ഞാന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. മാസികകളുടെ പത്രാധിപന്മാരില്‍നിന്ന് ചില പരിഗണനകള്‍ കിട്ടിത്തുടങ്ങിയതോടെ എഴുത്ത് എനിക്കൊരു അഭിനിവേശവും ആനന്ദവുമായി.

നാല്‍പ്പതാം വയസ്സില്‍ എഴുത്ത് ഒരു സംഘര്‍ഷമായി. എഴുത്തിന് സാധ്യതയുള്ള ഒരുപാട് ആശയങ്ങള്‍ മുന്നില്‍ വരുന്നു. എന്നാല്‍, ഒന്നിനുപിറകെ ഒന്നായി എല്ലാം ഒഴിവാക്കുന്നു. ചിലതുമാത്രം അവസാനംവരെ മായാതെ ഹൃദയത്തില്‍ ശേഷിക്കുന്നു.

കുറച്ചുകൂടി പ്രായം ചെന്നപ്പോള്‍ എഴുത്ത് മാറ്റിവെക്കാനുള്ള പ്രവണതകൂടി. ചിലപ്പോള്‍ ഞാന്‍ ഏകാന്തമായ സ്ഥലങ്ങള്‍ തേടിപ്പോകും. പിന്നീട് എനിക്ക് മനസ്സിലായി, തിരക്കുപിടിച്ച ജീവിതത്തിന് നടുവിലെ ഭഞ്ജിക്കപ്പെടാത്ത ഏകാന്തതയാണ് എനിക്ക് വേണ്ടതെന്ന്. എഴുതിത്തുടങ്ങി ദശകങ്ങള്‍ കഴിഞ്ഞിട്ടും എഴുതാനിരിക്കുമ്പോള്‍ ഞാനിപ്പോഴും പരീക്ഷാഹാളിലെ വിദ്യാര്‍ഥിയെപ്പോലെ വികാരാധീനനായിപ്പോകുന്നു.

എല്ലാ എഴുത്തുകാരും നേരിട്ട ചോദ്യത്തെ ഞാനും നേരിടുന്നുണ്ട് – എന്തിന് എഴുതുന്നു? അതിനൊരു തൃപ്തമായ മറുപടി എനിക്ക് ഇനിയും കിട്ടിയിട്ടില്ല.

സംസ്‌കാരത്തെ വാണിജ്യവത്കരിക്കുന്ന ഒരു വിഭാഗത്തിന്റെ ഭാഗമല്ല ഞാനെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ വലിയൊരു ഭൗതികവിജയം ആഗ്രഹിക്കാന്‍ എനിക്ക് അവകാശമില്ല. എന്നിട്ടും ഞാന്‍ യാത്രതുടരുന്നു. ബഹളങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ ചന്തയിലൂടെ ഹൃദയത്തില്‍ അടക്കിപ്പിടിച്ച കരച്ചിലുമായി ഞാന്‍ കടന്നുപോകുന്നു. അപൂര്‍വം ചിലര്‍ അതിനോട് പ്രതികരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *