ഒരു പുഴയുടെ ആത്മകഥ – പ്രതിധ്വനി ഭാഗം രണ്ട്
എന്റെ ബാല്യം നീന്തിത്തുടിച്ച കുമരനെല്ലൂരിലെ കുളങ്ങൾ മരിച്ചു പോയിരിക്കുന്നു..! മലായിലെ പണക്കാരൻ പടവുകൾ കെട്ടിയ ഈ കുളത്തിന് പായൽ മാറ്റി പടവുകൾ പണിയാൻ ഇനി ഏതു വിദേശിയാവും വരിക?
അക്കിത്തം.. എനിക്ക് ഗുരു തുല്യൻ.. അക്കിത്തത്തിന്റെ മനയിലെ കുളം ഇടിഞ്ഞു പോയെങ്കിലും ഓർക്കാൻ ഞങ്ങൾക്കു ഏറെയുണ്ട്..
എന്റെ ഈ പ്രിയപ്പെട്ട കുളം മാത്രം അധികം ഉടവ് തട്ടാതെ ഇത്തിരി പചവെള്ളവുമായി എന്നെ കാത്തിരിക്കുന്നു. ഇപ്പോൾ വീണ്ടും നിന്നോട് യാത്ര പറയാൻ തോന്നുന്നു. നന്ദിയുണ്ട് നിന്നോട്.. ഇത്രയും കാലം ഈ കുളിർജലവും പേറി എനിക്കായി കാത്തിരുന്നതിന്നു.. എന്റെ ബാല്യത്തിനു കുളിർമ നൽകിയ ജലശയ്യക്ക് വീണ്ടും നന്ദി !
വയ്യ.. ഓരോ ലോറിയും ഇരച്ചു പായുന്നത് എന്റെ നദിയുടെ ഹൃദയത്തിനു മുകളിലൂടെയാണ്.. അത് എന്റെ തന്നെ ഹൃദയമാണ്.. ഒരു നദിയെ എങ്ങനെ കൊല്ലാം എന്നതിന്റെ ടെമോണ്‍സ്ട്രേഷൻ ആണ് അവിടെ നടക്കുന്നത്.. ഓരോരുത്തരും തങ്ങളാൽ ആവുന്ന വിധം ആ കൊലപാതകത്തിൽ പങ്കാളികൾ ആവുന്നു. എന്റെ നദിയുടെ രക്തധമനികളെ അവർ വെട്ടി മുറിക്കുന്നു.. നിളയുടെ കയ്യും കാലും ശിരസ്സും വെവ്വേറെ ആക്കി അവർ ഓഹരി വിൽകുന്നു… ആരെയും ഭയപ്പെടാതെ നിന്നിൽ നീന്തിത്തുടിച്ച പൈകിടാങ്ങളുടെ ശ്വാസ്ത്യം അവർ കെടുത്തുന്നു.. നിളയുടെ മാറിലെ രക്തവും മാംസവും മജ്ജയും കരന്ടെടുക്കുവാൻ കൊമ്പല്ലുള്ള വേട്ടനായ്ക്കളെ പോലെ പണിയായുധവുമായി അവർ ചാടി വീഴുന്നു..
നിന്റെ ആകാശത്തിൽ സ്വച്ചന്ദം വിഹരിച്ചിരുന്ന കിളികൾ പറന്നു പോയിരിക്കുന്നു. നിന്നെ കൊന്ന സന്തോഷത്തിൽ നിളയുടെ രക്തം പുരണ്ട പണിയായുധങ്ങളുമായി വിജയശ്രീലാളിതരായി അവർ തിരിച്ചു പോവുന്നു..
നിളയുടെ എല്ലാ രക്തക്കറകളേയും കഴുകിക്കളഞ്ഞു അവർ പോവുന്നു..
ഇതാ നിന്റെ രക്തം പുരണ്ട പണിയായുധം.. അതും നിന്റെ കുളിർ ജലത്തിൽ മുക്കി അവർ പരിശുദ്ധമാക്കുന്നു.. നിന്റെ എല്ലുകളും കശേരുക്കളും പൊന്തി നിൽക്കുന്ന ഈ അസ്ഥികൂടം എന്റെ സ്വപ്നങ്ങളുടെയും ശ്മാശാനമാണ്.. മങ്കെരിക്കുന്നിനു മുകളിൽ നിന്നാൽ കാണുന്നത് നിന്നെ കൊല ചെയ്തു കൊണ്ടു പോവാൻ നിൽക്കുന്ന ആ ശവ വണ്ടികൾ തന്നെ.. പൊന്തക്കാടുകൾ കൊണ്ട് തീർത്ത ഒരു ഭൂപടം മാത്രമായി പുഴ അവസാനിച്ചിരിക്കുന്നു.
എന്റെ ബാല്യ സ്മരണകളുള്ള തീവണ്ടി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു..
നിളയിൽ വീഴുന്ന ഓരോ വെട്ടും എന്റെ ശരീരത്തിലാണ് പതിക്കുന്നത്..
വലിയൊരു പോന്തക്കാടായി മാറിയ ഈ പുഴയെപ്പറ്റി ഇനി ഞാൻ എന്തെഴുതാൻ? ഒരു നദിയുടെ ശവ കുടീരത്തിൻ അരികെ എന്നോ? പൊരിവെയിലിൽ നടന്നു തളർന്ന പാന്ഥന് തന്നിൽ അവശേഷിച്ച ഇത്തിരി ജീവ ജലം കൊണ്ട് നിള ഇപ്പോഴും ആശ്വാസം നൽകുന്നുണ്ട്..
ഏതു നിമിഷവും ഒരു മഴ പെയ്യാം!
നിളയുടെ ബാഷ്പകണങ്ങൾ പോലെ ഇറ്റു വീണു ഊറിക്കൂടിയ ഈ ജലത്തിനു ശ്വസ്തി !!
അശാന്തമായി കാത്തു കിടക്കുന്ന ഈ ലോറികൾക്കിടയിലൂടെ ഞാൻ എന്റെ മടക്കയാത്ര ആരംഭിക്കുകയാണ്..! മഴ പെയ്തു നിറഞ്ഞു മദിച്ചു ഒഴുകുന്ന ആ പഴയ നിളാ നദി കാണാൻ ഞാൻ കൂടല്ലൂരിലേക്ക് വീണ്ടും വരും.. !!
– എം ടി വാസുദേവൻ നായർ
1 Response
[…] […]