ലക്ഷങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന വെള്ളിയാങ്കല്ലില്‍ മാലിന്യം നിറയുന്നു

പട്ടാമ്പി: ജില്ലയിലെയും അന്യജില്ലയിലെയും ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളസ്രോതസ്സായ വെള്ളിയാങ്കല്ല് തടയണയില്‍ മാലിന്യംതള്ളുന്നത് തടയുന്നതിന് നടപടികള്‍ അനിവാര്യം. തൃത്താല നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍, തൃശ്ശൂര്‍ജില്ലയിലെ ആറോളം പഞ്ചായത്ത്, മൂന്ന് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പാവറട്ടി കുടിവെള്ളപദ്ധതി, തൃത്താല-പട്ടാമ്പി നിയോജക മണ്ഡലത്തിലെ മറ്റ് കുടിവെള്ളപദ്ധതികള്‍ എന്നിവയുടെയെല്ലാം സ്രോതസ്സായ വെള്ളിയാങ്കല്ല് തടയണ നിലവില്‍ മലിനമയമാണ്.

ജില്ലയുടെ പടിഞ്ഞാറന്‍മേഖലയായ കപ്പൂരിലും പരിസരത്തും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യംകൂടി വന്നതോടെ വെള്ളിയാങ്കല്ല് കുടിവെള്ളസംരക്ഷണത്തിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ജനപ്രതിനിധികളും ആരോഗ്യവകുപ്പധികൃതരും മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച പ്രദേശം സന്ദര്‍ശിച്ചിരുന്നു. കുടിവെള്ളം കരുതലോടെ ഉപയോഗിക്കണമെന്നു തന്നെയാണ് അധികൃതര്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം.

നിരവധിപേര്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന വെള്ളിയാങ്കല്ലില്‍ മാലിന്യം തള്ളുന്നത് തടയുന്നതിനായി യാതൊരു സുരക്ഷാമാര്‍ഗങ്ങളും ഇതുവരെ ഏര്‍പ്പെടുത്താനായിട്ടില്ല. കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളത്തില്‍ ദിനംപ്രതി വന്നടിയുന്ന മാലിന്യത്തിന്റെ അളവ് വര്‍ധിക്കുകയാണ്. വേനല്‍ ചൂടുപിടിക്കുന്ന ഏപ്രില്‍ അവസാനിക്കുമ്പോഴേക്കും വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെടുന്നത് പതിവാണ്. ഇത്രയും വലിയ ജലസംഭരണിയായിട്ടും മാലിന്യമുക്തമാക്കുന്നതിനായുള്ള നടപടി അധികൃതര്‍ക്ക് കൈക്കൊള്ളാനായിട്ടില്ല.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതപ്പുഴയില്‍ നടന്ന ജലപരിശോധനയില്‍ കോളിഫോം അടക്കമുള്ള ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നിലവില്‍ വെള്ളിയാങ്കല്ല് തടയണയിലെ പല കുടിവെള്ളപദ്ധതികള്‍ക്കും ക്ലോറിനേഷന്‍ മാത്രമാണ് ശുചീകരണ സംവിധാനമായുള്ളത്. വെള്ളത്തിലെ ആരോഗ്യത്തിന് ഹാനികരമായ മുഴുവന്‍ അണുക്കളെയും ഇല്ലാതാക്കാന്‍ ഈ സംവിധാനം അപര്യാപ്തമാണ്.

ഭാരതപ്പുഴയുടെ ആളൊഴിഞ്ഞ ഭാഗങ്ങളെല്ലാം ഇന്ന് മാലിന്യകേന്ദ്രമാണ്. തട്ടുകടമാലിന്യം, ഹോട്ടലുകളിലെയും പച്ചക്കറിക്കടകളിലെയും ഇറച്ചിക്കടകളിലെയും മാലിന്യം തുടങ്ങിയവയെല്ലാം തള്ളുന്നത് ഭാരതപ്പുഴയിലേക്കാണ്. പട്ടാമ്പി നഗരത്തിലേതടക്കം പല അഴുക്കുചാലുകളും തുറന്നിരിക്കുന്നത് ഭാരതപ്പുഴയിലേക്കാണ്. പട്ടാമ്പിമേഖലയില്‍ ഓരോവര്‍ഷവും തൊഴിലിനായി എത്തുന്നത് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ക്കുവേണ്ട താമസസൗകര്യങ്ങളും ശൗചാലയങ്ങളും പരിമിതമാണ്. അതുകൊണ്ടുതന്നെ ഇവര്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ഇടമായി ഉപയോഗിക്കുന്നത് ഭാരതപ്പുഴയെയാണ്.

മുന്നറിയിപ്പുബോര്‍ഡുകള്‍ പലേടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയമങ്ങള്‍ പാലിക്കാത്ത സ്ഥിതിയാണ്. ഭാരതപ്പുഴയുടെ തീരത്തെ മലമൂത്രവിസര്‍ജനം തടഞ്ഞില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാവും വിളിച്ചുവരുത്തുകയെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ പട്ടാമ്പിയില്‍ നടന്ന പരിസ്ഥിതിസമിതി യോഗത്തില്‍ ഭാരതപ്പുഴമലിനീകരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നു, തുടര്‍ന്ന് പരിസ്ഥിതികമ്മിറ്റിയംഗങ്ങള്‍ വെള്ളിയാങ്കല്ല് പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭാരതപ്പുഴ സംരക്ഷണസേനാ രൂപവത്കരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനമാകാതെ നീളുകയാണ്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *