കീറച്ചാക്ക് പിടിച്ച കൈകളില്‍ ഇനി പെന്‍സിലും വര്‍ണപ്പുസ്തകവും

ആനക്കര: കുപ്പപ്പറമ്പുകളില്‍ കീറച്ചാക്കുമേന്തി അന്നത്തിന് വകതേടിനടന്ന നാടോടിക്കുട്ടികള്‍ വിദ്യാലയത്തിലേക്ക്. കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളിലെയും കൂടല്ലൂര്‍ ജി.യു.പി. സ്‌കൂളിലെയും അധ്യാപകരാണ് ഈ കുട്ടികള്‍ക്കുമുന്നില്‍ അക്ഷരത്തിന്റെ വാതില്‍ തുറന്നത്.

പൂങ്കൊടി, മലര്‍വാടി, ദേവിക, ദിവ്യ, കര്‍ണകി, നിമ്മി, വാസന്തി, രശ്മി തുടങ്ങിയ കുട്ടികളാണ് പുത്തന്‍ വസ്ത്രമണിഞ്ഞ് പുസ്തക സഞ്ചിയുമായി കൂടല്ലൂര്‍ എ.ജെ.ബി.സ്‌കൂളില്‍ എത്തിയത്. ആനക്കര അങ്ങാടിയിലെ പുറമ്പോക്കില്‍ പകല്‍ മരച്ചോട്ടിലും രാത്രി കടത്തിണ്ണയിലുമായാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. പഴയ വസ്തുക്കള്‍ പെറുക്കാന്‍പോയ വിദ്യാലയങ്ങളില്‍നിന്നുകിട്ടിയ പൊട്ട സ്ലേറ്റുകളിലും കുറ്റിപ്പെന്‍സിലുകളും കൊണ്ട് സ്വയം ഹരിശ്രീകുറിച്ച ഇവര്‍ക്കുമുന്നില്‍ പഠനം വഴിമുട്ടിയിരുന്നു.

ജനനസര്‍ട്ടിഫിക്കറ്റും മേല്‍വിലാസവുമില്ലാത്ത ഇവര്‍ക്ക് പഠനം നടത്താനാവാത്ത സ്ഥിതിയുമുണ്ടായി. ഈ അവസ്ഥയിലാണ് ആനക്കര സ്വാമിനാഥവിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെ ഇവരെ കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളില്‍ എത്തിച്ചത്. ഉച്ചഭക്ഷണവും അധ്യാപകരുടെ വാത്സല്യവും കൊണ്ട് വയറും മനസ്സും നിറഞ്ഞ് ഇവര്‍ ഒരു ദിവസവും മുടങ്ങാതെ വിദ്യാലയത്തിലെത്തുമെന്ന് ഉറപ്പുനല്‍കി. നാടോടി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഇടവും തൊഴിലും നല്‍കാന്‍ കഴിയുമോ എന്ന പരിശ്രമത്തിലാണ് കൂടല്ലൂരിലെ നാട്ടുകാര്‍.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *