ആനക്കരയിൽ പുഴ ഗതിമാറി ഒഴുകി, 236 പേർ ക്യാമ്പുകളിലെത്തി

അഞ്ചാംദിവസവും മഴ ശക്തമായതോടെ ആനക്കരയിൽ പുഴ ഗതിമാറിയൊഴുകി വീടുകൾ വെള്ളത്തിലായി. വെള്ളിയാഴ്ച വൈകീട്ട്‌ ഏഴുമണിയോടെയാണ് തൂതപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന കൂടല്ലൂർ കൂട്ടാക്കടവിൽ വെള്ളം ഗതിമാറി പാടശേഖരത്തിലൂടെ ജനവാസമേഖലകളിലേക്ക്‌ ഒഴുകിയത്. നൂറോളം വീടുകൾ വെള്ളത്തിനടിയിലായതോടെ ജനങ്ങൾ ക്യാമ്പുകളിലേക്ക് മാറി.

വെള്ളിയാഴ്ച രാവിലെമുതൽ തന്നെ മേഖലയിൽ കനത്ത മഴയെത്തുടർന്ന് പുഴയിലും പാടശേഖരങ്ങളിലും വെള്ളം ഉയർന്നുതുടങ്ങിയിരുന്നു. അതിനൊപ്പം ഗതിമാറിയൊഴുകിയ വെള്ളംകൂടി എത്തിയതോടെ റോഡും വീടും പാടവും നിറഞ്ഞു. ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പട്ടിപ്പാറ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്കാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. തോണിയിലും മറ്റുമായിരുന്നു രക്ഷാപ്രവർത്തനം. 236 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയുണ്ടായി. ആനക്കര സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 40 കുടുംബങ്ങളിൽനിന്നായി 133 പേരാണ് അഭയം തേടിയത്‌. ആനക്കര ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവർക്കുള്ള ഭക്ഷണം വിദ്യാർഥികൾ എത്തിച്ചുനൽകി. 98 പേർ പട്ടിപ്പാറ സ്‌കൂളിലെ ക്യാമ്പിലാണ്. 30 പേർ പന്നിയൂരിലെ ഒരു വീട്ടിലും ബാക്കിയുള്ളവർ ബന്ധുവീടുകളിലേക്കും മാറി. ആനക്കര, കുമ്പിടി, കൂടല്ലൂർ, മണ്ണിയംപെരുമ്പലം, പള്ളിപ്പടി എന്നീ അങ്ങാടികളിൽ വെള്ളം കയറി. നിരവധി വൈദ്യുതക്കാലുകൾ തകർന്നിട്ടുണ്ട്. മഴ വിട്ടുനിന്നില്ലെങ്കിലും അങ്ങാടികളിൽ ജലനിരപ്പ് കുറയുന്നുണ്ട്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *