നിള മരിക്കുന്നു, സംരക്ഷിക്കാനാരുമില്ലാതെ

ഒറ്റപ്പാലം: ഇരുകരകളും നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴ ഓര്‍മയായിട്ട് ഏറെക്കാലമായി. മണല്‍പരപ്പിലൂടെ കയറിയിറങ്ങുന്ന ലോറികളാണ് ഇന്ന് പുഴയുടെ മുഖമുദ്ര. മഴക്കാലം കഴിയുന്നതോടെ നീര്‍ച്ചാലായി മാറുന്ന നിളയാണ് പുതിയ തലമുറയ്ക്ക് പരിചയം. വേനല്‍കാലമായാല്‍ കുടിവെള്ളം കിട്ടാതെയുള്ള രോദനങ്ങളാണ് നാട്ടിന്‍പുറങ്ങളിലെങ്ങും.

ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പഠനങ്ങളും ശുപാര്‍ശകളും ഏറെയുണ്ടായി. എന്നാല്‍, നടപടിയൊന്നുമുണ്ടായില്ല. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍കൂടിയാണ് പുഴ കടന്നുപോകുന്നത്. 209 കിലോമീറ്റര്‍ നീളവും 6,186 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവുമുള്ള പുഴയില്‍ 153 കടവുകളുണ്ടെന്നും 6,494 തൊഴിലാളികള്‍ മണലെടുപ്പുമേഖലയില്‍ ജോലിചെയ്യുന്നെന്നും സെസ് പഠനത്തില്‍ പറയുന്നു.
ജലഅതോറിറ്റിയുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ് ഭാരതപ്പുഴ. 12 ശുദ്ധജലവിതരണ പദ്ധതികള്‍ പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നു. ഒറ്റപ്പാലം സബ്ഡിവിഷനുകീഴില്‍ അഞ്ചും ഷൊറണൂര്‍ സബ്ഡിവിഷനുകീഴില്‍ ഏഴും പദ്ധതിയുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലുള്ള ചെറുകിട പദ്ധതികള്‍ വേറെയുമുണ്ട്. വേനല്‍കാലത്ത് പുഴ നീര്‍ച്ചാലാകുന്നതോടെ ജലവിതരണത്തിന്റെ താളംതെറ്റും.

മണല്‍കൊള്ളയാണ് പുഴയുടെ നാശത്തിന് പ്രധാനകാരണം. ജില്ലയില്‍ ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളില്‍മാത്രം 23 അംഗീകൃത കടവുകളാണുള്ളത്. എന്നാല്‍, അനധികൃത കടവുകള്‍ ഇതിലും എത്രയോ കൂടുതലാണ്. അടുത്തിടെ, മണലെടുപ്പ് നിരോധിച്ച കാലയളവില്‍ ഭാരതപ്പുഴയുടെ നെഞ്ചുതുരന്ന് മണല്‍മാഫിയ കടത്തിയത് ലോഡുകണക്കിന് മണലാണ്. റവന്യുസംഘം പിടികൂടിയ വാഹനങ്ങള്‍തന്നെ ഇതിന് തെളിവ്. ആറുമാസത്തിനിടയില്‍ 151 വാഹനങ്ങളാണ് അനധികൃത മണല്‍കടത്തിന് റവന്യു ഡിവിഷനില്‍ പിടിയിലായത്.

നിളയില്‍ മണലൂറ്റുന്നത് നിക്ഷേപത്തിന്റെ 55 മടങ്ങിലധികം

ഒറ്റപ്പാലം: അനധികൃത മണലെടുപ്പ് പുഴയുടെ സ്വാഭാവികഘടനയെ ഇല്ലാതാക്കുന്നെന്ന് വ്യക്തമാക്കുന്നതാണ് സെസ് നടത്തിയ പഠനങ്ങള്‍. ഭാരതപ്പുഴയിലെ മണലൂറ്റല്‍ മണല്‍ നിക്ഷേപത്തിന്റെ 55 മടങ്ങിലധികമാണെന്ന സെസ് പഠനത്തിലെ വിവരം പുഴ മരിക്കുന്നതിന്റെ സൂചനയാണ്. വര്‍ഷത്തില്‍ അഞ്ച് സെ.മീ. നദീതടം താഴുന്നെന്നും പഠനം വ്യക്തമാക്കുന്നു.
ഭാരതപ്പുഴയുടെ അടിത്തട്ടില്‍ മണല്‍ കുറയുന്നതിനാല്‍ കടവുകളുടെ എണ്ണം കുറയ്ക്കണമെന്നായിരുന്നു സെസ്സിന്റെ പ്രധാന നിര്‍ദേശം. എന്നാല്‍, ഇത് നടപ്പായില്ലെന്നുമാത്രമല്ല അനധികൃത മണല്‍കടത്ത് തടയാനാകാത്തതിനാല്‍ മണലെടുപ്പിന്റെ തോത് കൂടുകയുംചെയ്തു. 1972ല്‍ തന്നെ പുഴസംരക്ഷണത്തിനായി 18 നിര്‍ദേശങ്ങളുണ്ടായിരുന്നു. എന്നാല്‍, അതിലൊന്നുപോലും നടപ്പായില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

അനധികൃത മണല്‍കടത്ത് തടയാനായി മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക പോലീസ്സേന രൂപവത്കരിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതും കടലാസിലൊതുങ്ങി.

നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ചില അംഗീകൃത കടവുകളിലും മണലെടുപ്പ്. പുഴയുടെ തീരത്ത് പത്തുമീറ്റര്‍വരെ മണലെടുക്കരുതെന്നാണ് നിയമം. എന്നാല്‍, ഇത് പലയിടത്തും ലംഘിക്കപ്പെടുന്നു. പുഴയുടെ തീരത്തുനിന്ന് 25 മീറ്റര്‍ അകലെ വാഹനം നിര്‍ത്തണമെന്നാണ് നിയമമെങ്കിലും പുഴയില്‍ ലോറിയിറക്കിയാണ് ചിലയിടങ്ങളില്‍ മണലെടുപ്പ്. ഷൊറണൂര്‍ മേഖലയില്‍ ജില്ലയിലും തൃശ്ശൂര്‍ ഭാഗത്തുമുള്ള കടവുകളില്‍ ലോറി പുഴയിലിറക്കുകയാണ്. പട്ടാമ്പിമേഖലയിലും ഇതേ സ്ഥിതിയാണ്.

ഓരോ ലോഡ് മണലെടുക്കുമ്പോഴും സര്‍ക്കാര്‍ പുഴസംരക്ഷണത്തിന് റിവര്‍മാനേജ് മെന്റ് ഫണ്ട് പിരിക്കുന്നുണ്ട്. എന്നാല്‍, ഈ തുക പൂര്‍ണമായും പുഴസംരക്ഷണത്തിന് ചെലവഴിക്കപ്പെടുന്നില്ല.

ഉറവിടം 

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *