സമയം അനുവദിക്കുകയാണെങ്കില്‍ ഇനിയും എഴുതും
ബാംഗ്ലൂര്‍ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖത്തില്‍ ജ്ഞാനപീഠ ജേതാവ് എം. ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
ഇവിടെ വന്ന് നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യമായി ഞാന്‍ പങ്കു വെക്കുന്നു. ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്കുള്ള യാത്ര എന്നെ ക്ഷീണിതനാക്കുന്നു. എങ്കിലും ഇവിടെ വരാന്‍ കഴിഞ്ഞതിലും നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. എഴുത്തിനെക്കുറിച്ച്പ റയുമ്പോള്‍ ആദ്യം എന്റെ ഗ്രാമത്തെക്കുറിച്ച പറയണം. കേരളത്തിലെ വളരെ ചെറിയ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. ചെറിയ ഗ്രാമം എന്നാല്‍ തൊട്ടടുത്ത റെയില്‍ വേ സറ്റേഷന്‍ ആറ് മൈല്‍ അകലെയായിരുന്നു. ബസ് സ്റ്റോപ്പാകട്ടെ അഞ്ച് മൈലും. പഠിക്കുന്ന സ്‌കൂളിലേക്ക് വീണ്ടു ആറ് മൈലുണ്ടായിരുന്നു.സ്‌കൂളിലേക്ക് നടന്നാണ് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ വലുതായപ്പോഴാണ് നടന്നിരുന്ന ദൂരം ആറ് മൈലില്‍ കൂടുതല്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലായത്.
വായനയുടെ കാലത്തേക്ക് വന്നാല്‍ കുട്ടിക്കാലം മുതല്‍ക്കേ അധ്യാത്മരാമായണം വായിക്കും. ഇത് കേരളത്തിലെ ഗ്രാമങ്ങളിലെ നിത്യക്കാഴ്ചയാണ്. തുഞ്ചത്തെഴുത്തച്ഛന്റെ രാമായണം ഓരോ കുട്ടികളും വായിച്ചിരുന്നു. അന്നത്തെ കാലത്ത് ഒരു കുട്ടിക്ക അധ്യാത്മരാമായണം വായിക്കാനായാല്‍ ആ കുട്ടിക്ക് വിദ്യഭ്യാസമായി എന്നും കളിയായി പറഞ്ഞിരുന്നു.
കേരളത്തിലെ ഒരു പ്രധാന നദിയായ സമീപത്താണ് എന്റെ വീട്. നെല്‍കൃഷി ആയിരുന്നു ഉപജീവന മാര്‍ഗം. പുസ്തകങ്ങള്‍ വായിക്കണമെന്ന് കടുത്ത ആഗ്രഹമുണ്ടായിരുന്നു എനിക്ക്. പക്ഷെ കിട്ടാനുള്ള സാധ്യത വളരെ വിരളം. വളരെ മുതിര്‍ന്ന കവിയായ അക്കിത്തം എന്റെ അയല്‍ക്കാരനായിരുന്നു. അദ്ദേഹത്തിന് നല്ലൊരു പുസ്തക ശേഖരമുണ്ടായിരുന്നു. അദ്ദേഹവുമായുള്ള ബന്ധം എനിക്ക ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കടമെടുത്ത് വായിച്ച ശേഷം തിരിച്ച നല്‍കിയിരുന്നു.
വീട്ടിലെ ഏക ആണ്‍തരിയായ എനിക്ക് ജീവിതം എപ്പോഴും ഏകാന്തമായിരുന്നു. ഇത് മൂലം ഞാന്‍ കുന്നിലും പറമ്പിലും അലഞ്ഞു നടക്കുമായിരുന്നു. ഈ യാത്രകളില്‍ പലതും കുത്തിക്കുറിക്കുകയും ചെയ്തിരുന്നു.അങ്ങനെയിരിക്കെ ഒരു അവധിക്കാലത്ത് പത്രത്തില്‍ കണ്ട ഒരു പരസ്യം എന്റെ ശ്രദ്ധയില്‍ പെട്ടു. പഴയകാലത്തെ ഒരു മാസികയായ ചിത്രകേരളത്തിലേക്ക് രചനകള്‍ ക്ഷണിച്ചു കൊണ്ടായിരുന്നു പരസ്യം. ഞാന്‍ ഒരു പദ്യമെഴുതി. കൂടല്ലൂര്‍ വാസുദേവന്‍ നായര്‍ എന്ന പേരിലാണ് ഇതെഴുതിയത്. പിന്നെ രണ്ടു ലേഖനങ്ങള്‍ വി. എന്‍. തെക്കേപ്പാട്ട് എന്ന പേരിലും എം. ടി. വാസുദേവന്‍ നായര്‍ എന്ന പേരിലും എഴുതി മൂന്നും അയച്ചു കൊടുത്തു. രസകരമെന്നു പറയട്ടെ ഇവ മൂന്നും പ്രസിദ്ധീകരിച്ചു. മേല്‍പ്പറഞ്ഞ് പേരുകളില്‍ തന്നെ. മൂന്നു കോപ്പിയും ലഭിച്ചു. ഒപ്പം എഡിറ്ററുടെ ഒരു കുറിപ്പും. ‘ഞങ്ങളുടേത് പുതിയ ഒരു പ്രസിദ്ധീകരണമാണ് . ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.’ എന്നാണ് അതില്‍ എഴുതിയിരുന്നത്.
പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂ ഡല്‍ഹിയില്‍ വെച്ച് ഈ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററെ കണ്ടപ്പോള്‍ മൂന്നു പേരില്‍ എഴുതിയത് ഞാനാണെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്തു കൊണ്ടോ നിശ്ശബദ്മായാണെങ്കിലും എഴുതണമെന്ന അടങ്ങാത്ത ആഗ്രഹം എന്റെയുള്ളിലുണ്ടായിരുന്നു.
അപ്പോഴേക്കും എന്റെ വായനയും മെച്ചപ്പെട്ടിരുന്നു. അന്നത്തെ എല്ലാ വായനക്കാരുടെയും ആരാധനാപാത്രമായിരുന്നു ചങ്ങമ്പുഴ. അദ്ദേഹമാണ് പ്രശസ്തമായ രമണന്‍ എന്ന കാവ്യസമാഹാരം എഴുതിയത്. അതിന്റെ പ്രചാരം വളരെ വലുതായിരുന്നു. തൃശൂര്‍ മംഗളോദയം ആയിരം കോപ്പികള്‍ പ്രിന്റ് ചെയ്തു. ഉടന്‍ തന്നെ അത് വിറ്റു പോയി. വളരെ ബുദ്ധിമുട്ടി എന്റെ ബന്ധുവിനായി ഒരു കോപ്പി ലഭിച്ചു. കിട്ടിയ ഉടന്‍ അവര്‍ അത് പകര്‍ത്തുന്നതാണ് കണ്ടത്. അത്രക്കും ആ പുസ്തകത്തിന് കേരള സമൂഹത്തില്‍ സ്വാധീനമുണ്ടായിരുന്നു.
അന്ന് എല്ലാവരും പുസ്തകവായനക്കും എഴുത്തിനുമായി സമയം ചിലവഴിച്ചിരുന്നു. ബഷീറിന്റെ ആദ്യ കഥ നിരോധിച്ചിരുന്നു. ഒരു ന്യൂസ് ലെറ്ററില്‍ അദ്ദേഹം ദിവാനെ വിമര്‍ശിച്ച ലേഖനമെഴുതി. ഞാനും കഥകളെഴുതിത്തുടങ്ങി. ആദ്യമെഴുതിയത് കീറിക്കളഞ്ഞു. പിന്നെയും എഴുതി.സഹപ്രവര്‍ത്തകരായ യുവ എഴുത്തുകാര്‍ എഴുത്തിനെക്കുറിച്ച ചോദിക്കുമ്പോള്‍ ഞാന്‍ അവരോട് ഒന്നേ പറയാറുള്ളൂ. എഴുതിയത് കീറിക്കളയാന്‍ സാധിക്കണം. ആദ്യമെഴുതിയതാണ് എല്ലാ തികഞ്ഞത് എന്ന വിചാരിക്കരുത്. വീണ്ടും മാറ്റിയെഴുതണം. കീറിക്കളയണം. എഴുതി എഴുതി തെളിയണം. ഞാന്‍ കൂടുതലും എന്റെ ഗ്രാമത്തെക്കുറിച്ചാണ് എഴുതിയിരുക്കുന്നത്.ഗ്രാമത്തെക്കുറിച്ചെഴുതുന്നത് എന്റെ വൈകല്യമാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എന്റെ ഗ്രാമം എന്റെ വൈകല്യമല്ല. ഞാന്‍ എഴുതിയ കഥകളിലെയും നോവലുകളിലെയും എത്രയോ കഥാപാത്രങ്ങള്‍ അവിടെ നിന്നും സൃഷ്ടിക്കപ്പെട്ടതാണ്. ഇനിയും സൃഷ്ടിക്കപ്പെടാനിരിക്കുകയാണ്. എന്നെ കഥാപാത്രമായി തിരഞ്ഞെടുത്തില്ലല്ലോ എന്ന പറയാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഗ്രാമം ഒരു വൈകല്യമല്ല. എന്റെ രചനകളിലെ മിക്ക കഥാപാത്രങ്ങളും ഇവിടെ നിന്ന കിട്ടിയതാണ്. എല്ലാം ഇവിടെ നിന്നല്ല, ഭൂരിഭാഗവും അവിടെ നിന്നാണെന്നു മാത്രം. ആദ്യ നോവലിന്റെ തന്തു ലഭിക്കുന്നതും ഈ ഗ്രാമത്തില്‍ നിന്നാണ്. പലരും കരുതുന്നതു പോലെ ആദ്യ നോവല്‍ എന്റെ അനുഭവമല്ല.
അതെനിക്ക് ഗ്രാമത്തില്‍നിന്നു കിട്ടിയതാണ്. അമ്മയുടെ കൂടെ പലപ്പോഴും ഞാന്‍ അവിടെപ്പോയിരുന്നു. ആ തറവാട്ടിലുള്ളവര്‍ സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പര്‌സ്പരം നടക്കുന്ന ചര്‍ച്ചകള്‍ എന്റെ ബോധമണ്ഡലത്തെ സ്വാധീനിച്ചു. അവര്‍ പ്രത്യേക തരത്തിലുള്ള ഭാഷയാണ് സംസാരിച്ചിരുന്നത്. അതിലൂടെ എനിക്ക് എന്റേതായ ഒരു ശൈലി ലഭിച്ചു. കൂടെ രൂപകങ്ങളും പ്രിതിബംബങ്ങളും മറ്റും ലഭിച്ചു. അങ്ങനെ ആദ്യ നോവല്‍ പിറവിയെടുക്കുകയായിരുന്നു. ഇപ്പോള്‍ അന്യം നിന്നു കൊണ്ടിരിക്കുകയാണ് ഈ വള്ളുവനാടന്‍ ഭാഷ.
മരുമക്കത്തായ സമ്പ്രദായമായിരുന്നു അന്ന്. കിട്ടുന്ന ഭക്ഷണ സാധനങ്ങളും മറ്റും ക്രമപ്പെടുത്തിയിരുന്നു.കൂടുതല്‍ വേണമെങ്കില്‍ അതില്ല. ഉള്ളതു കൊണ്ട് ഉള്ളതു പോലെ ജീവിക്കണം.അതായിരുന്നു ചിട്ട.ഇവയും കഥകളിലെത്തി. ഇങ്ങനെ നോക്കിയാല്‍ കേട്ടു തഴമ്പിച്ച ഐതിഹ്യങ്ങള്‍ , അമ്മയും മുത്തശ്ശിയും പറഞ്ഞ കഥകള്‍ , ഇവയും കഥകളിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നു.കുറേശ്ശേ കഥകള്‍ പല പല മാഗസിനുകളിലായി പ്രസിദ്ധീകരിച്ചു തുടങ്ങി. ഇത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.പിന്നീടം മാഗസിനുകളും പത്രങ്ങളും എന്റെ കഥകള്‍ സ്വീകരിച്ചു തുടങ്ങി. പണത്തെക്കുറിച്ച ആലോചിച്ചിരുന്നില്ല. ആദ്യമായി കിട്ടിയത് നാലു രൂപയായിരുന്നു. ഇങ്ങനെ ഗ്രാമത്തിനു പുറമെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും എനിക്ക കഥകളെഴുതാന്‍ സാധിച്ചു. ഇന്ന് ലോകത്ത് ധാരാളം അസ്വസ്ഥതകളുണ്ട്. ഇതെല്ലാം ഇല്ലാതാക്കാന്‍ നമുക്ക സാധിക്കില്ല. അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ മരുന്ന് കഴിക്കാന്‍ വൈദ്യന്‍ പറയും. ഞാന്‍ ഒരു പാത തുറന്നു തരാം എന്ന് ആത്മീയ നേതാക്കള്‍ പറയും. എന്നെ പിന്തുടരൂ, നമുക്ക ഒന്നിച്ച് നീങ്ങാമെന്ന് രാഷ്ട്രീയനേതാക്കള്‍ പറയും. ഒരു എഴുത്തുകാരനെന്ന നിലയില്‍ സമൂഹത്തിലെ അസ്വസ്ഥതകള്‍ ചൂണ്ടിക്കാണിച്ച് അവയ്ക്കുള്ള പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാം. ഇതില്‍ ഞാന്‍ കൃതാര്‍ഥനാണ്. ഇപ്പോള്‍ വര്‍ഷങ്ങളായി ഞാന്‍ എഴുതുകയാണ്. സ്വേച്ഛയാ ഞാന്‍ ചെയ്യുന്ന ഒരേയൊരു കാര്യം എഴുത്താണ്.
സമയം അനുവദിക്കുകയാണെങ്കില്‍ ഇത് ഇനിയും അത് തുടരും. പുതിയ വാക്കുകള്‍ , ബിംബങ്ങള്‍ , അലങ്കാരങ്ങള്‍ എന്നിവ സൃഷ്ടിക്കാന്‍ ആത്മാര്‍ഥമായ ശ്രമുണ്ടാകും.
ഭാഗ്യവശാല്‍ എന്റെ ആദ്യ നോവലായ നാലുകെട്ട് എട്ട് ലക്ഷം കോപ്പികള്‍ വിറ്റു പോയി. 50 വര്‍ഷം മുമ്പാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. മൂന്ന് പ്രസാധകരായി 38 എഡിഷനുകളും ഉണ്ടായി. പുതിയ പതിപ്പ് യുവ വായനക്കാര്‍ക്കായി ഇല്ലസ്‌ട്രേഷനോടെയാണ് ഇറക്കുന്നത്.
പുസ്തകം എഴുതുക മാത്രമല്ല അത് ആസ്വാദകരിലേക്കെത്തുക കൂടി ചെയ്താലേ എഴുത്ത് പൂര്‍ണമാകൂ. ഇനിയും എന്റെ എഴുത്തിനായി കാത്തിരിക്കുന്നവര്‍ക്കായി കൂടുതല്‍ ശ്രദ്ധയോടെ എഴുതണം. നമ്മുടെ തെറ്റുകള്‍ അവര്‍ പലപ്പോഴും മറക്കും. അവര്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട കൃതികളുമായി എഴുത്തുകാരന്‍ വരുമെന്ന പ്രതീക്ഷയായിരിക്കാം ഇതിനു കാരണം. എന്നെ ഇത്രയും സമയം കേട്ടിരുന്നവരോടുള്ള എന്റെ ആത്മാര്‍ഥമായ നന്ദി ഇവിടെ രേഖപ്പെടുത്തിക്കൊണ്ട് നിര്‍ത്തുന്നു.
Recent Comments