കൂടല്ലൂരിന് തിലകചാര്ത്തായി മുത്തുവിളയുംകുന്ന് ശിവക്ഷേത്രം
ആനക്കര: ഭാരതപുഴയുടെ തീരത്ത് ചരിത്രങ്ങളുടെ താളുകളിൽ തങ്ക ലിപിയിൽ കോറിയിട്ട മഹാക്ഷേത്രമാണ് മുത്തുവിളയുംകുന്ന് ശിവക്ഷേത്രം. മഹാക്ഷേത്രങ്ങളാൽ ധന്യമായ കൂടല്ലൂരിന് തിലകചാർത്തായി കൂടല്ലൂരിലെ കുന്നിൻമുകളിൽ ഏവർക്കും അനുഗ്രഹമായി ജ്വലിച്ചു നിൽക്കുകയാണ് ഈ ശിവക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ മഹാമുനി നടത്തിയെന്നാണ് വിശ്വാസം.
ഈ ക്ഷേത്ര സങ്കേതത്തിൽ വന്നു ചേർന്ന ഒരു മുനി ശ്രേഷ്ഠൻ ഒരു ദിവ്യപ്രഭ ഉദിച്ചുനിൽക്കുന്നതു കണ്ട് അവിടെ ചെന്ന് തപസ് ചെയ്തപ്പോൾ സ്വയം ഭൂവായി ആ ചൈതന്യം പാർവതി സമേതനായ ശിവനായി പ്രത്യക്ഷപ്പെട്ടു. ജനപതങ്ങൾക്കും ഭക്തജനങ്ങൾക്കും അനുഗ്രഹരൂപത്തിൽ ഇപ്പോൾ അവിടെ കാണുന്ന ശിവലിംഗമെടുത്ത് അവിടെ പ്രതിഷ്ഠിക്കാൻ ആ മൂർത്തികൾ കല്പിക്കുകയും ആ മഹാമുനി അപ്രകാരം പ്രതിഷ്ഠിച്ച് യാത്രയായി എന്നുമാണ് ഐതിഹ്യം. ഈ മുനി മറ്റാരുമായിരുന്നില്ല. ഖരമുനിയായിരുന്നു.
ശിവനിൽ നിന്നു കിട്ടിയ മൂന്നു ശിവലിംഗങ്ങൾ കുറ്റിപ്പുറത്തെ മല്ലൂരിലും കൂടല്ലൂരിലെ മുത്തുവിളയുംകുന്നിലും നടുക്കും ഉമ്മത്തൂരിലും പ്രതിഷ്ഠിച്ചു. ശിവനും അയ്യപ്പനും ഏതോ തർക്കത്തിൽ ചരക്കുവലിച്ചു കയറ്റിപോയതാണ് ഈ കുന്നെന്നും വെള്ളംകിട്ടാതെ ഇവിടെ കിടക്കെന്നും വെള്ളത്തിലായി പോട്ടെന്നും അയ്യപ്പനോട് ശപിച്ചു. പുഴയുടെ തീരത്തുള്ള ശിവനും അയ്യപ്പൻ ഭാരതപുഴയുടെ തീരത്തുള്ള ചമ്രവട്ടത്തുമായി എന്നുള്ള ഐതിഹ്യവും ഉണ്ട്. ഈ കുന്നിൻമുകളിൽ ഇപ്പോഴും വെള്ളത്തിനു ക്ഷാമമാണ്.
പന്നിയൂർ വരാഹമൂർത്തി ചിറയിൽ ചാടിയപ്പോൾ തേറ്റകുത്തി മണ്ണു തെറിച്ചുണ്ടായതാണ് ഈ കുന്നെന്നും മറ്റൊരു ഐതിഹ്യമുണ്ട്. ദേവൻമാരെ ആരാധിച്ചും ഉപവസിച്ചും അനേകം താപസന്മാർ ഈ കുന്നിനു ചുറ്റും ഗുഹകൾ തീർത്ത് തപസനുഷ്ഠിച്ചതിന്റെ ലക്ഷണങ്ങളും ഇവിടെ കാണുന്നുണ്ട്. പലരും ഈ ഗുഹയിൽ സമാധിയടഞ്ഞതായും പറയുന്നു. ഈ കുന്നിനു ചുറ്റും കാണുന്ന ഗുഹകൾ ഇതിനു തെളിവാകുന്നു. ക്ഷേത്രത്തിനു സമീപത്തെ കിണറ്റിന്റെ ഉൾവശത്തു നിന്നും വടക്കോട്ട് ഭാരതപുഴയിൽ എത്തുന്നതുവരെയുള്ള ഗുഹയുമുണ്ട്. ഈ ഗുഹഭാഗം ഇപ്പോൾ പട്ടികവച്ച് അടച്ചിരിക്കുകയാണ്. 3000 ലേറെ വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കിഴക്കോട്ട് മുഖമായിട്ടാണ് ശിവലിംഗ പ്രതിഷ്ഠ.
ഉപദേവന്മാരായി ശ്രീകോവിലിനു തെക്കുവശത്തായി ഗണപതിയും ദക്ഷിണാമൂർത്തിയുമുണ്ട്. ശ്രീലങ്കയിലെ ആമസോൺ നദീ തീരത്തു കാണുന്ന നാഗലിംഗ പൂമരം ക്ഷേത്രത്തിലുണ്ട്. മൃത്യുഞ്ജയ ഹോമം ഉമാമഹേശ്വരി പൂജ എന്നിവ ഇവിടത്തെ പ്രധാന വഴിപാടാണ്. മണ്ഡലമാസത്തിൽ വൈകുന്നേരം ചുറ്റുവിളക്കു പതിവാണ്. ശിവരാത്രിയാണ് ഇവിടെ പ്രധാന ഉൽസവം. ചരവൂർ തേൻതേത്തുമന, ചരവൂർ മാതൻകോത്തു മന, ചരവൂർ കുന്നന്പള്ളിമന, ചരവൂർ കോഴിയന്പറ്റ മന, ചരവൂർ തേരാമത്തുമന തുടങ്ങിയ അഞ്ചു മനക്കാരുടെ ഊരായ്മയിലാണ് ഈ മന. ഇപ്പോൾ മുത്തുവിളയുംകുന്ന് സംരക്ഷണ സമിതിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.
കുന്പിടി-തൃത്താല റോഡിലെ മുത്തുവിളയുംകുന്ന് സ്റ്റോപ്പിലിറങ്ങി 200 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. കിഴക്കോട്ടു നിന്ന് 93 പടികളും പടിഞ്ഞാട്ടു നിന്ന് 128 പടികളും കയറി വേണം ക്ഷേത്ര സന്നിധിയിലെത്താൻ.
Recent Comments