നിള മാഞ്ഞ് നീർത്തുള്ളി…

നിള എന്ന പേരിൽപ്പോലുമുണ്ട് ഒരു ഇളനീർ കുടിക്കുന്ന സുഖം. അതു തേടിത്തന്നെയാണ് യാത്ര പുറപ്പെട്ടതും. കുറ്റിപ്പുറം പാലത്തിൽനിന്നു നോക്കിയപ്പോൾ നിള നാസ പുറത്തുവിടാറുള്ള ഉപഗ്രഹ ചിത്രങ്ങളെ ഓർമിപ്പിച്ചു. ചൊവ്വയിൽ ജലമൊഴുകിയതിന്റെ പാടുകളുണ്ടെന്നൊക്കെപ്പറഞ്ഞ് വരാറുള്ള ചിത്രങ്ങൾപോലെ, നീർ വറ്റിയ മറ്റൊരു മൺഞരമ്പ്. അഞ്ചുവർഷം മുൻപ്, ഇതേ കാലത്ത് മൂന്നു മീറ്ററിനടുത്തായിരുന്നു ജലനിരപ്പ്.

ഇന്ന് 0.74. അടുത്താഴ്ച അളക്കാൻ ജ്യോമട്രി ബോക്സിലെ സ്കെയിൽ മതിയാകും. അതിനുമപ്പുറത്തേക്ക് അതും വേണ്ടിവരില്ല. 24 ഷട്ടറുകളുമടച്ച വെള്ളിയാങ്കല്ല് റഗുലേറ്ററിനിപ്പുറം നിള ഒരു പുഴയേ അല്ല. മൂക്കുമുട്ടിച്ച് പുഷ്അപ് എടുത്താൽ പുറം നനയുന്ന ഗട്ടർ മാത്രമാണ്. അരക്കിലോമീറ്ററിലധികം വീതിയുള്ള നിള ഇതാദ്യമായി കാലവർഷത്തിൽപോലും ഇരുതലമുട്ടാതെ ഒഴുകി. ഡിസംബറിനു മുൻപേ വറ്റി. മണൽച്ചാക്കു തടയണയോടുചേർന്നുള്ള ഭാഗങ്ങളിൽ നാലഞ്ചു നീർക്കുമിള പൊന്തുന്നുണ്ടെന്നതുമാത്രമാണ് ജീവന്റെ ഏക തുടിപ്പ്.

കാറ്റിലുമില്ല സൗഖ്യം…

ചെണ്ടക്കോലുരുളുംപോലെ അലയൊടുങ്ങാത്ത നിളയും കടത്തുതോണിയിലെത്തുന്ന മാരാരും 15 വർഷം മുൻപത്തെ കാഴ്ചയാണ്. മരണക്കൂറുകൊട്ടി അവസാനിച്ച നിളയിൽ മലർന്നുകിടക്കുന്ന വാദ്യസംഘം ഇന്നത്തേതും. അലറിപ്പൂത്ത ഏതോ കാവിൽ താളം പെയ്യിച്ചു വന്നവർ ഇത്തിരിത്തണുപ്പിന് നിളയുടെ മണലിൽ അഭയം തേടി. എഴുന്നേറ്റു പോകുമ്പോൾ അവരിലൊരാൾ പറഞ്ഞു. ‘ഒരു തുള്ളി തണുപ്പുപോലുമില്ല’. അതെ, ഒരു ഈറൻ തോർത്തിന്റെ സൗഖ്യംപോലും നിളയിന്നു നൽകുന്നില്ല.

മണലെവിടെ ?…

പതിറ്റാണ്ടുകൾക്കു മുൻപെങ്ങോ മണലിൽപുതഞ്ഞുപോയ വൻ മരങ്ങളെ ഇപ്പോൾ അവിടവിടെ തെളിഞ്ഞുകാണാം. വാരി വാരി മണൽ തീർന്നപ്പോൾ മരം തെളിഞ്ഞു. മണൽക്കടത്തുമൂലം പുഴയ്ക്ക് 15 വർഷത്തിനിടെ 10 മീറ്ററോളം ആഴം കൂടിയിട്ടുണ്ടെന്നാണു കണക്ക്. മണൽപോയതോടെ നിള ചേമ്പിലയായി. മഴ കുത്തിയൊലിച്ചുപോയി.നാട്ടിലെ കിണറുകളിൽ വെള്ളമില്ലാതായി. പക്ഷേ, നമ്മുടെ ശ്രദ്ധ, വീണുകിട്ടിയ വീട്ടിയെ എങ്ങനെ ഉരുപ്പടിയാക്കാം എന്നതിലാണ്. ഇത്തരത്തിൽ തെളിഞ്ഞു കണ്ട മരങ്ങളുടെ നല്ലൊരു ഭാഗവും നാട്ടുകാർ മുറിച്ചുകൊണ്ടുപോയിരിക്കുന്നു. നാട്ടിൽ മയിലിറങ്ങുന്നത് ആപത്താണെന്നു പരിഷത്തുകാർ വിളിച്ചുപറഞ്ഞപ്പോൾ പീലി വിറ്റാൽ എത്ര കാശുകിട്ടും എന്നു ചോദിച്ചവരല്ലേ നമ്മൾ.

മാലിന്യക്കടവുകൾ…

തെളിനീരിന്റെ വെൽവറ്റ് പുതപ്പില്ല, പലതുവീണെത്തിയ കുടിയന്റെ കിടക്കവിരിപോലെയാണ് നിള ഓരോ കടവിലും. വലിച്ചെറിഞ്ഞ വസ്ത്രങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ (കഴിച്ചുപേക്ഷിച്ചതും കഴിക്കാതെ ഉപേക്ഷിച്ചതും), ട്രിപ്പിൾ എക്സ് റമ്മിന്റെ കുപ്പിയും പ്ലാസ്റ്റിക് ഗ്ലാസുകളും, ബാർബർഷോപ്പുകാരുടെ തലമുടി സംഭാവനകൾ, പിന്നെ നാടിന്റെ സകല ദുഷിപ്പുകളുമായെത്തുന്ന ഓടകളും.  കുറച്ചുകാലം മുൻപു  പഠനപ്രകാരം 100 മില്ലി വെള്ളത്തിൽ ആയിരത്തിഇരുനൂറിലധികം കോളിഫോം ബാക്ടീരിയെയാണു കണ്ടെത്തിയത്. കുടിക്കുന്ന വെള്ളത്തിൽ ഒട്ടും കണ്ടുകൂടാൻ പാടാത്തതാണ് കോളിഫോം ബാക്ടീരിയ. ജനസ്പർശമേൽക്കാത്ത നിളയുടെ ചില ഭാഗങ്ങളിൽ മാത്രം ശുദ്ധജല സ്പർശമുള്ള ഉറവകൾ ഇപ്പോഴും കാണാം.

പാലമെന്തിന് ?…

പാലം വരുന്നതു പ്രതീക്ഷിച്ചിരിക്കുകയാണ് ഉമ്മത്തൂരുകാർ. ഇവിടെ പുഴ പകുതി മലപ്പുറത്തിന്റേതും പകുതി പാലക്കാടിന്റേതുമാണ്. പണ്ട് മൃതദേഹങ്ങൾ ഒഴുകിവരുമ്പോൾ കുറ്റിപ്പുറം എസ്ഐയും തൃത്താല എസ്ഐയും തർക്കം തുടങ്ങും. ഇത് നിങ്ങളുടേതാണ്, അല്ല, ഇതു നിങ്ങളുടേതാണ്. ഇന്നിപ്പോൾ പുഴതന്നെ ഒരു മൃതദേഹമായി കിടക്കുന്നു. ആരും കേസെടുത്തതായി അറിവില്ല. കാൽമടമ്പുപോലും നനയാതെ ഒരു ജില്ല കടക്കാമെന്നിരിക്കെ പാലം ഒരാർഭാടമല്ലേ. കടത്തുതോണിയും വേണമെന്നില്ല. രണ്ട് ഒട്ടകങ്ങളെ വാങ്ങി നിർത്തുക. ചൂടുമണലിന് അതാ ബെസ്റ്റ്.


വീണ്ടും തോൽപ്പിക്കുന്നു …

Nila - Ramacham Krishi

മരിച്ചിട്ടും നിള കാരുണ്യംകൊണ്ടു തോൽപിക്കുന്നതാണു കുമ്പിടിയിലും ഉമ്മത്തൂരിലും കണ്ടത്. പൊള്ളുന്ന വെയിൽ വിശപ്പാറ്റിയും വിശറിയായും നിള വീണ്ടുമെത്തുന്നു. മണൽപോയി മൺതടമായി മാറിയ പുഴയിൽ പച്ചക്കറിയും രാമച്ചവും തഴച്ചുവളരുന്നു. കുമ്പിടിയിലാണ് പച്ചക്കറിക്കൃഷി. കുറച്ചുകാലം മുൻപുവരെ ഒറ്റ വിളവിറക്കാനേ സാധിച്ചിരുന്നുള്ളൂ. ഇപ്പോൾ പുഴ നേരത്തേ വറ്റുന്നതുകൊണ്ട് രണ്ടു വിളവിറക്കാം. ഒരുകൂട്ടം വീട്ടമ്മമാരുടെ അധ്വാനത്താൽ കുമ്പളവും വെള്ളരിയും മത്തനും പയറും നൂറുമേനി. ഉമ്മത്തൂരിൽ പുഴയുടെ നടുക്ക് ഏക്കർ കണക്കിനാണു രാമച്ചം. നനയ്ക്കാൻ പുഴയിൽ കുഴൽക്കിണർ. അതിനുപോലും 200 മീറ്ററിലധികം ആഴംവരുമെന്നു പറയുമ്പോൾ നിളയെന്തുമാത്രം ഇല്ലാതായെന്ന് ഊഹിക്കാം.

കൂടല്ലൂർ…

അധികം പറയേണ്ടതില്ലാത്ത എംടിയുടെ കൂടല്ലൂരിനെക്കുറിച്ച് ഇത്രമാത്രം പറയാം. കൂടല്ലൂരിലെ കടവുകൾ ‘എംപ്റ്റി’യാണ്. എംടിയിപ്പോൾ ഇങ്ങോട്ടു വരുന്നതു വിരളവും.

നഷ്ടജാതകം…

ജന്മനാളറിയില്ലെങ്കിൽ നിമിത്തങ്ങൾവച്ചു ഗണിച്ചെടുക്കുന്ന ജാതകമാണ് നഷ്ടജാതകം. ഇത്തരത്തിൽ നിളയുടെ നഷ്ടജാതകം കുറിച്ച ആലൂർ ഉണ്ണിപ്പണിക്കർ പറയുന്നതനുസരിച്ച് നിളയ്ക്കിപ്പോൾ 8,97,120 വയസ്സ്. കേതു ദശയിലൂടെയാണു കടന്നുപോകുന്നത്. കെട്ടിടുന്നവനാണു കേതു. നിളയിലെ തടയണകളും ഡാമുകളുമായിരിക്കാം ഈ കെട്ട്.

പക്ഷേ, ജലസംരക്ഷകരും നാട്ടുകാരും പറയുന്നത് ചെരിവുകൂടിയതിനാൽ നിളയിൽ മറ്റൊരു റഗുലേറ്റർ‌കൂടി വേണമെന്നാണ്. വെള്ളിയാങ്കല്ലിനും ചോരുന്ന ചമ്രവട്ടത്തിനുമിടയ്ക്ക് മറ്റൊരു റഗുലേറ്റർകൂടി വന്നാലേ മലപ്പുറം പകുതിക്കു വെള്ളം കിട്ടുകയുള്ളുവത്രേ. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവിൽ റഗുലേറ്ററിന്റെ പണികൾ തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്നു പൂർത്തിയായാൽ അത്രയും നന്ന്.

തിരിഞ്ഞു നോട്ടം…

പേരശ്ശനൂരിൽ അഞ്ചുകണ്ണിപ്പാലത്തിനു സമീപം, നിളയോരം ചേർന്നുപോകുന്ന റെയിൽപാതകളിൽ ഒഴുക്കുമുറിയാതെ ട്രെയിനുകൾ പോകുന്നു. അകത്തെ എല്ലാ കണ്ണുകളും നിളയിലേക്കുതന്നെ. അവരുടെ നോട്ടത്തിൽനിന്നുതന്നെ മനസ്സിലാക്കാം. നിള വെറുമൊരു പുഴമാത്രമല്ലെന്ന്. മണ്ണിലൂടെയല്ല, മലയാളിയുടെ മനസ്സിലൂടെയാണു നിളയൊഴുകുന്നത്. സംസ്കാരവാഹിനിയായ നിളയെ നടന്നുപോലും തീർക്കാനാവില്ല, അതുകൊണ്ടു ചെയ്ത തെറ്റുകളേറ്റുപറഞ്ഞ് തൊഴുതുതീർക്കുന്നു. ഇദം ന മമഃ. ഇതെനിക്കു വേണ്ടിയല്ല, അല്ലെങ്കിൽ ഇതെനിക്കുവേണ്ടി മാത്രമല്ല.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *