കാത്തിരിപ്പിന്‌ വിരാമം; കൂട്ടക്കടവ്‌ റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി

ആനക്കര: ദശാബ്‌ദങ്ങളുടെ കാത്തിരിപ്പിന്‌ അറുതിവരുത്തിക്കൊണ്ട്‌ കൂട്ടക്കടവ്‌ റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി. നേരത്തെ തീരദേശത്തേക്കുളള റോഡ്‌ നിര്‍മാണം നടത്തിയിരുന്നു. ഇപ്പോള്‍ പുഴയില്‍ ഫില്ലറുകളുടെ നിര്‍മ്മാണങ്ങള്‍ തുടങ്ങി കഴിഞ്ഞു. നബാര്‍ഡ്‌ സഹായത്തോടെ 50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റഗുലേറ്ററിന്‌ പുതിയ സര്‍ക്കാരും അനുകൂല നിലപാട്‌ എടുത്തതോടെ നിര്‍മാണങ്ങള്‍ തുടങ്ങിയത്‌.

50 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ട്‌ മാസങ്ങള്‍ ഏറെ കഴിഞ്ഞിരുന്നു. പൊന്നാനി ചമ്രവട്ടം റഗുലേറ്റര്‍ നിര്‍മ്മാണത്തില്‍ വന്ന അപാകതയെ തുടര്‍ന്ന്‌ റഗുലേറ്ററുകളുടെ ചില സാങ്കേതികവശങ്ങള്‍ പുനപരിശോധിക്കേണ്ടി വന്നതാണ്‌ കാലതാമസത്തിനിടയാക്കിയത്‌. അതുകൊണ്ടുതന്നെ നേരത്തെയുള്ളതില്‍നിന്ന്‌ ആവശ്യമായ ഭേദഗതി വരുത്തിയാണ്‌ ജലവിഭവവകുപ്പിലെ ഐ.ഡി.ആര്‍.ബി. എന്ന ഡിസൈന്‍ ഗവേഷണ വിഭാഗം കൂട്ടക്കടവിനായി പുതിയ ഡിസൈന്‍ തയ്യാറാക്കിയത്‌.

ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിലാണ്‌ റഗുലേറ്റര്‍ നിര്‍മ്മാണം തുടങ്ങിയിട്ടുളളത്‌. ഇതോടെ പാലക്കാട്‌ ജില്ലയിലെ ആനക്കര, പട്ടിത്തറ, പരുതൂര്‍, തിരുവേഗപ്പുറ, മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം എന്നിങ്ങനെ നിരവധി പഞ്ചായത്തുകള്‍ക്ക്‌ പ്രയോജനം ലഭിക്കും. നിരവധി കുടിവെള്ള പദ്ധതികളോടൊപ്പം 2000ഓളം ഹെക്‌റ്റര്‍ സ്‌ഥലത്ത്‌ കൃഷിക്കായി വെള്ളമെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ടൂറിസം വികസനത്തിനും അനന്തസാദ്ധ്യതകളാണ്‌ തുറന്നുകിട്ടുന്നത്‌.

സാങ്കേതിക കാരണങ്ങളുടെ പേരിലും ഭരണ മാറ്റത്തിന്റെ പേരിലും ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടിവരുമോ എന്ന്‌ പോലും സംശയിച്ച പദ്ധതിയാണിത്‌. 35.5 കോടിയുടെ സിവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും 14.5 കോടിയുടെ മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങളുമാണ്‌ പദ്ധതിയില്‍ ഉള്ളത്‌.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *