“കാല” ത്തിന്‍റെ “ശിലാലിഖിതത്തില്‍ ” ഇനി എഴുത്തച്ഛന്‍ പുരസ്കാരവും
മലയാള സാഹിത്യത്തിന്‍റെ ദിശാ സന്ധി കളില്‍ വിളക്കു തെളിയിച്ച് അഞ്ച് പതിറ്റന്ടിലെക്ക് നീളുന്ന എം.ടി യുടെ എഴുത്തിന്‍റെ സപര്യയില്‍ ഇനി എഴുത്തച്ഛന്‍ പുരസ്കാരവും.
ഒരു കാലഘട്ടത്തിന്‍റെ ജീവനും ജീവിതവും നിശബ്ദ തയുടെ ആവരണങ്ങളില്‍ നിന്നും വിടുവിച്ച് വാക്കിന്‍റെയും വരിയുടേയും അര്‍ഥപൂര്‍ണതയിലേക്ക് ആവാഹിച്ചെടുക്കുക…… ഇനിയൊരു കാലത്തേയ്ക്ക് കരുതി വെയ്ക്കുക…. എം. ടി എന്ന രണ്ടക്ഷരങ്ങളില്‍ നിന്നും ഉറവായ എഴുത്തിന്‍റെ വഴി അതായിരുന്നു.
അതിശയോക്തികളുടെ പിന്‍ബലം ഇല്ലാതെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുചേര്‍ത്ത കഥകള്‍… അനാഥത്വത്തിന്‍റെ , നഷ്ടബോധത്തിന്‍റെ , മൂല്യച്യു തിയുടെ പുകയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന കഥാപാത്രങ്ങള്‍. പച്ചയായ മനുഷ്യനെ, വികാരങ്ങളെ കൃത്രിമമില്ലാതെ, തന്മയത്വത്തോടെ അദ്ദേഹം പകര്‍ന്നു നല്‍കി.
പാലക്കാട്ടെ കൂടല്ലൂര്‍ എന്ന ഗ്രാമം മലയാളികള്‍ക്ക് മുഴുവനും സുപരിചിതമാക്കിയത് എം.ടി യാണ്. തന്‍റെ ഗ്രാമവും നിളയും എം.ടി യുടെ അസ്തിത്വത്തിന്‍റെ ഭാഗമായിരുന്നു. ഈ ഗ്രാമത്തിന്‍റെ വിളവില്‍ നിന്ന് തന്നെയാണ് വാരണാസിയും നൈനിത്താളും ഹസ്തിനപുരിയുമെല്ലാം ഉരുത്തിരിഞ്ഞു വന്നത്…
തന്‍റെ കഥാപാത്രങ്ങള്‍ എല്ലാം വെറും ഭാവനകള്‍ മാത്രമല്ല എന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു…
കൂടല്ലൂരിലെ ഗ്രാമ വഴികളില്‍ എപ്പോഴൊക്കെയോ കണ്ടു മുട്ടാവുന്നവര്‍… ഭ്രാന്തന്‍ വേലായുധനും , പകിട കളിക്കാരന്‍ കോന്തുണ്ണി നായരും , കുട്ട്യേടത്തിയും ,അപ്പുണ്ണിയും, കൊടിക്കുന്നത്ത് അമ്മയും , അസുരവിത്തുക്കളും.. ..
ഗ്രാമവും ഗ്രാമ്യതയും ഒരിക്കലും എം.ടി യുടെ കൃതികളില്‍ അന്യമാകുന്നില്ല, അതൊരിക്കലും കേവലമായ ഗൃഹാതുരതയും കാല്‍പനികതയും സ്വഛന്ദതാളവും മാത്രമല്ലായിരുന്നു. ആത്മാശം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ എം.ടി പലതും പറയാതെ പറഞ്ഞു…. നഷ്ടബോധവും, ഏകാന്തതയും അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രകളായി. അസ്വസ്ഥരായ ഒരുപാടു കഥാപാത്രങ്ങള്‍ എം.ടിയുടെ തൂലികത്തുമ്പിലൂടെ മലയാളികളുടെ മധ്യത്തിലേക്കു നടന്നു ചെന്നു. കടന്നു പോകുന്നതെന്തും ഇനിയൊരു കാലത്തിന്‍റെ വീര്‍പ്പുകളില്‍ കുരുങ്ങി ക്കിടക്കുമെന്നു ഉദ്ഘോഷിച്ച ആ കഥാപാത്രങ്ങള്‍ തിരിച്ചറിവിന്‍റെ നീക്കിയിരുപ്പുകള്‍ കൂടി ആയിരുന്നു….
അപൂര്‍ണതയിലെ പൂര്‍ണതയും വീക്ഷണ ശൈലിയും ലളിതമായ ആവിഷ്കാര ഭംഗിയും എല്ലാം എം. ടി യെ വ്യത്യസ്തനാക്കി. ചരിത്രത്തിന്‍റെയും, മാറുന്ന കാലത്തിന്‍റെയും അകക്കാമ്പുകള്‍ അറിഞ്ഞ് ഉള്‍പ്പൊരുള്‍ ഉള്ള രചനകള്‍ അദ്ദേഹം മലയാളത്തിനു നല്‍കി.
സ്വാതന്ത്ര്യാനന്തര മലബാറിലെ ജനതയുടെ ജീവിതത്തെ, പ്രത്യേകിച്ചും ജന്മിത്വത്തിന്‍റെ പതനവും നായര്‍ തറവാടുകളുടെ തകര്‍ച്ചയും പ്രതിപാതിക്കുന്ന “നാലുകെട്ട്” നാണ് എം. ടി യ്ക്ക് ആദ്യം കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്… 1970 ല്‍ “കാലം” കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും , 1995 ല്‍, ഭാരതത്തില്‍ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരവും, 2005 ല്‍ പത്മഭൂഷണും അദ്ദേഹത്തിന് ലഭിച്ചു….
ഭാവനയുടെയും വികാര വിചാരങ്ങളുടെയും ഔന്നത്യത്തില്‍ അര്‍ഥ ഗാംഭീര്യ മാര്‍ന്ന രചനകളിലൂടെ സ്വത സിദ്ധമായ ഒരു ശൈലിക്ക് രൂപം കൊടുത്ത എഴുത്തുകാരനാണ് എം. ടി. പരസ്പരം ബന്ധിപ്പിക്കാന്‍ ആവാത്ത ജീവിത സമവാക്യങ്ങളില്‍ വികാരങ്ങളുടെയും അസ്തിത്വ ബോധത്തിന്റെയും പ്രഹേളിക കളുമായി അനുവാചകരില്‍ എം.ടിയും അദ്ധേഹത്തിന്റെ കഥാപാത്രങ്ങളും പ്രതിഷ്ടിതമായി.
“ഇരുട്ടിന്‍റെ ആത്മാവ്” ലെ ഭ്രാന്തന്‍ വേലായുധനും, “ഓപ്പോള്‍” ലെ ഓപ്പോളും, കുട്ട്യേടത്തിയും, “മഞ്ഞ്” ലെ വിമലയും ഇന്നും നമ്മുടെ ഉള്ളില്‍ ജീവിക്കുന്നവരാണ്. ഏകാന്തതയുടെ നടവഴികളില്‍ നിശബ്ദമായി വിതുമ്പുന്ന ഈ കഥാപാത്രങ്ങള്‍ നമ്മുടെ മനസിന്‍റെ ഏതൊക്കെയോ കോണുകളില്‍ മുറിപ്പാടുകളുണ്ടാക്കി.
ഇന്നലെയുടെ അപ്പുറത്ത് നിന്നും വന്ന് ഇന്നിലൂടെ കടന്ന് നാളെയുടെ അപ്പുറങ്ങളിലേക്ക് പോകുന്ന ഒരു കാലപ്രവാഹമാണ് ജീവിതം എന്ന് എം.ടി പറഞ്ഞിരിക്കുന്നു…. എം.ടി യുടെ എഴുത്തും അങ്ങനെ തന്നെ… കാലപ്രവാഹത്തില്‍ ഓര്‍മ്മകളുടെ കണ്ണിയറ്റു പോയാലും എം.ടി യും കഥാപാത്രങ്ങളും അനശ്വരമായി നിലനില്‍ക്കും.
Recent Comments