2,000 ഏക്കര്‍ കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ റെഗുലേറ്റര്‍ വരുന്നു
പട്ടാമ്പി: പാലക്കാട്-മലപ്പുറം ജില്ലകളിലെ 2,000 ഏക്കര്‍ കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് തൃത്താല, കൂടല്ലൂര്‍ പ്രദേശത്തെ കൂട്ടക്കടവില്‍ റെഗുലേറ്റര്‍ നിര്‍മിക്കാന്‍ പദ്ധതി. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമസ്ഥാനമായ ഇവിടെ 20കോടി ചെലവിലാണ് റെഗുലേറ്റര്‍ നിര്‍മിക്കുക.
കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത് കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. കഴിഞ്ഞസര്‍ക്കാര്‍ ഇതിനായി തുകയും വകയിരുത്തിയിരുന്നു. പക്ഷേ, ഈ ഭാഗത്ത് സ്ഥിരം തടയണ നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെഗുലേറ്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് വന്നതോടെ ഭാരതപ്പുഴയുടെ താഴേക്ക് വെള്ളമെത്തുന്നില്ല. വേനല്‍ക്കാലത്ത് വെള്ളിയാങ്കല്ലിലെ ഷട്ടറുകള്‍ താഴ്ത്തിയാല്‍ താഴെപ്രദേശത്തെ കര്‍ഷകരുടെ കൃഷി അവതാളത്തിലാവുകയാണ്. കൂട്ടക്കടവില്‍ റെഗുലേറ്റര്‍ വരുന്നതോടെ പാലക്കാട്ജില്ലയിലെ പട്ടിത്തറ, ആനക്കര, പരുതൂര്‍, കപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെയും മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം തുടങ്ങിയ പഞ്ചായത്തുകളിലെയും കര്‍ഷകര്‍ക്ക് ആശ്വാസമാകും.
റെഗുലേറ്റര്‍ നിര്‍മാണത്തിന്റെ വിശദമായ പഠനറിപ്പോര്‍ട്ടും പ്രോജക്ടും പൂര്‍ത്തിയായതായും പ്രാരംഭനടപടികള്‍ക്കായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും വി.ടി. ബല്‍റാം എം.എല്‍.എ. അറിയിച്ചു.
Recent Comments