കാങ്കപ്പുഴയില്‍ കലാഗ്രാമം; ആനക്കരയിലേക്ക് വീണ്ടും പെരുമയുടെ നിളയൊഴുക്ക്
ആനക്കര: സ്വാതന്ത്ര്യസമരചരിത്രത്തിലും സാഹിത്യഭൂപടത്തിലും ഇടം നേടിയ ആനക്കര ഗ്രാമം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കേരള ലളിതകലാ അക്കാദമി കലാഗ്രാമം പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത് ഇവിടെയാണ്. ആനക്കര കാങ്കപ്പുഴ കാറ്റാടി കടവില്‍ സര്‍ക്കാറിന്‍െറ അഞ്ചേക്കര്‍ ഭൂമിയാണ് കലാഗ്രാമത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
കുഞ്ചന്‍നമ്പ്യാര്‍, വള്ളത്തോള്‍, ഇടശ്ശേരി, ചങ്ങമ്പുഴ, ഉറൂബ്, എം.ടി, അക്കിത്തം തുടങ്ങിയ സാഹിത്യ പ്രതിഭകളെ കുറിച്ചുള്ള സ്മരണകള്‍ നിളയുടെ ഓരം ചേര്‍ന്നുനില്‍ക്കും. ആനമലയില്‍നിന്ന് തുടങ്ങി മലയാളഭൂമിയുടെ ആത്മാവില്‍ തൊട്ടൊഴുകി പൊന്നാനി അറബിക്കടലില്‍ ചേരുന്ന നിളയുടെ ഏറിയ ഭാഗവും ആനക്കരയാണ് പങ്കിടുന്നത്. നിളയുടെ പുണ്യം ചോര്‍ന്നുപോകാതെ ചരിത്ര വഴികളില്‍ പുതിയ അധ്യായം ചേര്‍ക്കുകയാണ് കേരള ലളിതകലാ അക്കാദമി.
പ്രശസ്ത ചിത്രകാരന്മാരായ അച്യുതന്‍ കൂടല്ലൂര്‍, അക്കിത്തം നാരായണന്‍ എന്നിവരും ഇന്ത്യന്‍ ചരിത്രത്താളില്‍ തങ്കലിപികളാല്‍കോറിയിട്ട ആനക്കര വടക്കത്ത് തറവാടും ആനക്കരയുടെ ധന്യതയാണ്. എ.വി. കുട്ടിമാളുഅമ്മ, ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍, സുഭാഷിണി അലി, മൃണാളിനി സാരാഭായി, മല്ലികാ സാരാഭായി, ജി. സുശീലാമ്മ, ഐ.എന്‍.എ ഭടന്‍ അപ്പുനായര്‍ എന്നിവരും ആനക്കരയുടെ പെരുമ വാനോളം ഉയര്‍ത്തിയവരാണ്.
പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയിലാണ് കലാഗ്രാമം ഒരുക്കുക.
Recent Comments