എം.ടിയുടെ അക്ഷര യാത്രകളിലൂടെ ഒരു ഡോക്യുമെന്ററി
എം.ടി വാസുദേവന്‍ നായരുടെ അക്ഷരയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററി മലയാള സാഹിത്യ വഴിയിലൂടെയുള്ള സഞ്ചാരമായി. കോഴിക്കോട് കൈരളി തിയറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനത്തിന് ജ്ഞാനപീഢം ജേതാവും കന്നഡ സാഹിത്യകാരനുമായ ചന്ദ്രശേഖര കമ്പറിന്റെ സാന്നിധ്യവുമുണ്ടായി. മലയാള ഭാഷയേയും സാഹിത്യത്തെയും കുറിച്ച് പറയുമ്പാള്‍ എം.ടി എന്ന രണ്ടക്ഷരത്തെ വിസ്മരിക്കാനാവില്ലെന്ന് കെ.പി കുമാരന് സംവിധാനം ചെയ്ത എ മൊമന്റ്സ് ഓഫ് ലൈഫ് ഇന്‍ ക്രീയേറ്റിവിറ്റി- എം.ടി വാസുദേവന്‍നായര്‍ എന്ന ഡോക്യുമെന്ററി ഓര്‍മിപ്പിക്കുന്നു.
വാസു എന്ന കുട്ടി വളര്‍ന്ന് എം.ടി വാസുദേവന്‍ നായരാകുന്ന ചരിത്രം മിഴി തുറക്കുമ്പോള്‍ മലയാള സാഹിത്യ തറവാട്ടിലെ മഹാമേരുക്കളെ അടുത്തറിയാനും ചിത്രം അവസരം നല്‍കുന്നുണ്ട്. കവിതയിലൂടെ ചെറുകഥയിലേക്കും പിന്നീട് നോവലിലേക്കും തിരക്കഥകളിലേക്കുമുള്ള വളര്‍ച്ച അതിശയോക്തിയില്ലാതെ വിവരിക്കുമ്പോള്‍ കേരളത്തിന്റെ പ്രകൃതി രമണീയതയും സാംസ്ക്കാരിക സ്ഥാപനങ്ങളും നാട്ടിടവഴികളും ശീലങ്ങളും അരികിലെത്തുന്നു. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന സിനിമകളും കാഴ്ചയാകുന്നുണ്ട്.
തന്നെ കുറിച്ചുള്ള ആറാമത്തെ ഡോക്യുമെന്ററിയാണിതെന്നും സംവിധായകനായ കുമാരന് എടുത്ത തയ്യാറെടുപ്പും ബുദ്ധിമുട്ടും സത്യസന്ധതയും മൂലമാണ് ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ സഹകരിക്കാന്‍ തയ്യാറായതെന്നും എം.ടി പറഞ്ഞു. വര്‍ഷങ്ങളായി താനറിയുന്ന എം.ടിയെന്ന സാഹിത്യകാരനേയും മനുഷ്യനേയും പറ്റിയാണ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജ്ഞാനപീഢം ജേതാവ് ചന്ദ്രശേഖര കമ്പര്‍ പറഞ്ഞത്. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് ഡോക്യുമെന്ററി നല്കി കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം പ്രകാശനം ചെയ്തു. 71 മിനിറ്റുള്ള ഡോക്യുമെന്ററി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സ് ന്യൂദല്‍ഹിയാണ് നിര്‍മിച്ചത്.
Recent Comments