എം.ടിയുടെ അക്ഷര യാത്രകളിലൂടെ ഒരു ഡോക്യുമെന്ററി

എം.ടി വാസുദേവന്‍ നായരുടെ അക്ഷരയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററി മലയാള സാഹിത്യ വ‍ഴിയിലൂടെയുള്ള സഞ്ചാരമായി. കോ‍ഴിക്കോട്​ കൈരളി തിയറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനത്തിന്​ ജ്ഞാനപീഢം ജേതാവും കന്നഡ സാഹിത്യകാരനുമായ ചന്ദ്രശേഖര കമ്പറിന്റെ സാന്നിധ്യവുമുണ്ടായി. മലയാള ഭാഷയേയും സാഹിത്യത്തെയും കുറിച്ച്​ പറയുമ്പാള്‍ എം.ടി എന്ന രണ്ടക്ഷരത്തെ വിസ്​മരിക്കാനാവില്ലെന്ന്​ കെ.പി കുമാരന്‍ സംവിധാനം ചെയ്​ത എ മൊമന്റ്സ്​ ഓഫ് ലൈഫ്​ ഇന്‍ ക്രീയേറ്റിവിറ്റി- എം.ടി വാസുദേവന്‍നായര്‍ എന്ന ഡോക്യുമെന്ററി ഓര്‍മിപ്പിക്കുന്നു.

വാസു എന്ന കുട്ടി വളര്‍ന്ന്​ എം.ടി വാസുദേവന്‍ നായരാകുന്ന ചരിത്രം മി‍ഴി തുറക്കുമ്പോള്‍ മലയാള സാഹിത്യ തറവാട്ടിലെ മഹാമേരുക്കളെ അടുത്തറിയാനും ചിത്രം അവസരം നല്‍കുന്നുണ്ട്​. കവിതയിലൂടെ ചെറുകഥയിലേക്കും പിന്നീട്​ നോവലിലേക്കും തിരക്കഥകളിലേക്കുമുള്ള വളര്‍ച്ച അതിശയോക്തിയില്ലാതെ വിവരിക്കുമ്പോള്‍ കേരളത്തിന്റെ പ്രകൃതി രമണീയതയും സാംസ്​ക്കാരിക സ്ഥാപനങ്ങളും നാട്ടിടവ‍ഴികളും ശീലങ്ങളും അരികിലെത്തുന്നു. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന സിനിമകളും കാ‍ഴ്​ചയാകുന്നുണ്ട്​.

തന്നെ കുറിച്ചുള്ള ആറാമത്തെ ഡോക്യുമെന്ററിയാണിതെന്നും സംവിധായകനായ കുമാരന്‍ എടുത്ത തയ്യാറെടുപ്പും ബുദ്ധിമുട്ടും സത്യസന്ധതയും മൂലമാണ്​ ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ സഹകരിക്കാന്‍ തയ്യാറായതെന്നും എം.ടി പറഞ്ഞു. വര്‍ഷങ്ങളായി താനറിയുന്ന എം.ടിയെന്ന സാഹിത്യകാരനേയും മനുഷ്യനേയും പറ്റിയാണ്​ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജ്ഞാനപീഢം ജേതാവ്​ ചന്ദ്രശേഖര കമ്പര്‍ പറഞ്ഞത്​. സാഹിത്യ അക്കാദമി പ്രസിഡന്റ്​ പെരുമ്പടവം ശ്രീധരന്​ ഡോക്യുമെന്ററി നല്‍കി കലിക്കറ്റ്​ സര്‍വകലാശാല വൈസ്​ ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം പ്രകാശനം ചെയ്​തു. 71 മിനിറ്റുള്ള ഡോക്യുമെന്ററി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്​സ്​ ന്യൂദല്‍ഹിയാണ്​ നിര്‍മിച്ചത്​.

You may also like...

Leave a Reply

Your email address will not be published. Required fields are marked *