നിള പൈതൃക സംരക്ഷണ പദ്ധതി തുടങ്ങും

ചെറുതുരുത്തി: നിള തടത്തിലെ പൈതൃക ശേഷിപ്പുകള്‍ തിരിച്ചറിഞ്ഞ് പാഞ്ഞാള്‍ അടക്കം 21 ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി നിള പൈതൃക സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നിള വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നദി മഹോത്സവം തിരുമാനിച്ചു. നാട്ടറിവുകള്‍, കലാ-സാംസ്‌കാരിക പൈതൃകങ്ങള്‍,കാര്‍ഷിക മേഖല, ജീവിത രീതി എന്നിവ ഉള്‍ക്കൊള്ളിച്ച് ഡിജിറ്റലൈസ്ഡ് മാപ്പ് തയ്യാറാക്കും. കല്‍പ്പാത്തി, ചിറ്റൂര്‍, പറളി, കിള്ളിക്കുറിശ്ശി മംഗലം, തിരുവില്വാമല, മായന്നൂര്‍, പാഞ്ഞാള്‍, കൊണ്ടയൂര്‍, മുണ്ടായ, തിരുമിറ്റക്കോട്, തൃത്താല, കൂടല്ലൂര്‍, തവനൂര്‍, പൊന്നാനി, തിരുനാവായ, പട്ടാമ്പി, തിരുവേഗപ്പുറം, തൃക്കണ്ടിയൂര്‍, കവളപ്പാറ, പന്നിയൂര്‍, ഒറ്റപ്പാലം എന്നി ഗ്രാമങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമങ്ങളിലെ ജീവിത രീതി, നെയ്ത്ത്, കുടില്‍വ്യവസായം, ഭാഷ എന്നിവയെ കുറിച്ച് വിശദമായ പഠനം നടത്തി ലൈബ്രറിയാക്കും. തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ കര്‍മ്മ സമിതികള്‍ രൂപീകരിക്കാനും തിരുമാനിച്ചു. പാഞ്ഞാളില്‍ നിലവില്‍ കര്‍മ്മ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. കല്‍പ്പാത്തി, പറയിപെറ്റ പന്തീരുകുലം, മാമങ്കം, തുഞ്ചന്‍പറമ്പ് എന്നി സ്ഥലങ്ങളിലേക്ക് പൈതൃക സംരക്ഷണ യാത്ര സംഘടിപ്പിക്കാനും തിരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ചരിത്ര കൗണ്‍സിലിന്റെ സഹായം തേടും. നിളാ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന നദിമഹോതസവം ഏറെ പേരെ ആകര്‍ഷിക്കുന്നുണ്ട്. നിളയുടെ സംരക്ഷണത്തിനായി രംഗത്ത് വരാന്‍ നിരവധി പേരാണ് സന്നദ്ധരായിരിക്കുന്നത്. നാളെയാണ് നദി മഹോത്സവം സമാപിക്കുക.

ഉറവിടം: ജന്മഭൂമി

You may also like...

Leave a Reply

Your email address will not be published. Required fields are marked *