മൂല്യങ്ങള്‍ കാത്ത കലാകാരി

തികഞ്ഞ ദൈവവിശ്വാസിയായിരുന്നെങ്കിലും തികഞ്ഞ മതേതരവാദിയായിരുന്നു മൃണാളിനി.വര്‍ഗീയതയുമായി സന്ധിചെയ്യാത്ത കലാകാരി. സഹോദരീപുത്രിയുടെ ഓര്‍മകള്‍…

സുഭാഷിണി അലി

ഒരു അപൂര്‍വവ്യക്തിത്വമായിരുന്നു മൃണാളിനി സാരാഭായി. ഞാന്‍ ഭാഗ്യവതിയാണ്; കുട്ടിക്കാലം മുതല്‍തന്നെ മൃണാളിനിയുടെ വാത്സല്യമനുഭവിക്കാന്‍ എനിക്കു കഴിഞ്ഞു. അവധിക്കാലങ്ങളില്‍ ആന്റിക്കൊപ്പം നിരവധി ദിവസങ്ങള്‍ ചെലവിടാന്‍ സാധിച്ചു. കുട്ടിക്കാലം മുതല്‍തന്നെ എനിക്ക് പുസ്തകവായനയില്‍ അതിയായ താത്പര്യമുണ്ടായിരുന്നു.

Mrinalini Sarabhai

ആന്റിക്കും പുസ്തകങ്ങള്‍ പ്രിയപ്പെട്ടതായിരുന്നു. പുസ്തകങ്ങള്‍ വായിച്ച് അതേക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും ചര്‍ച്ചനടത്തുകയും ചെയ്യുമായിരുന്നു. ജീവചരിത്രഗ്രന്ഥങ്ങള്‍ വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുമായിരുന്നു. എന്റെ വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുമായിരുന്നു.
അപൂര്‍വമായ വ്യക്തിത്വമായിരുന്നു മൃണാളിനി. ഭരതനാട്യം, കഥകളി എന്നീ ക്ലാസിക്കല്‍ കലാരൂപങ്ങളില്‍ വിദഗ്ധ എന്നനിലയില്‍ ഈ കലാരൂപങ്ങള്‍ ഇന്ത്യക്കകത്തു മാത്രമല്ല, ലോകംമുഴുവന്‍ പരിചയപ്പെടുത്താന്‍ അശ്രാന്തപരിശ്രമം നടത്തി. കലകളുമായി ലോകംമുഴുവന്‍ യാത്രചെയ്തു. ചൈന, റഷ്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ നാടുകളിലൊക്കെ ഭരതനാട്യവും കഥകളിയും പരിചയപ്പടുത്തി. ഒരുപക്ഷേ, ഈ ക്ലാസിക്കല്‍ കലാരൂപങ്ങളുമായി ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ആദ്യകലാകാരി മൃണാളിനി സാരാഭായിയായിരിക്കും.

ഏറെ കഷ്ടപ്പെട്ടായിരുന്നു അന്നത്തെ യാത്രകള്‍. വേണ്ടത്ര പണം പോലും കൈവശമുണ്ടാകില്ല. എന്നിട്ടും കലയോടുള്ള പ്രതിജ്ഞാബദ്ധതമൂലം അവര്‍ ഈ പ്രതിസന്ധികളെ മറികടന്നു. എന്നാല്‍ ഈ തിരക്കിനിടയിലും കുടുംബത്തിന് വളരെയധികം ശ്രദ്ധകൊടുത്തിരുന്നു. ഒന്നും ഒഴിവാക്കിയില്ല. വളരെ തിരക്കേറിയ ഒരു ജീവിതം നയിക്കുന്നതിനൊപ്പംതന്നെ, സ്വന്തം കുടുംബത്തോട് മൃണാളിനി ഇഴയടുപ്പം പുലര്‍ത്തി. സാമൂഹികവിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും മൃണാളിനി സാരാഭായി നല്കിയ ശ്രദ്ധയാണ് അവരെ വ്യത്യസ്തയാക്കിയത്. തികഞ്ഞ ദൈവവിശ്വാസിയായിരുന്നെങ്കിലും തികഞ്ഞ മതേതരവാദിയായിരുന്നു മൃണാളിനി. ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. വര്‍ഗീയതയെ അവര്‍ വെറുത്തു. വര്‍ഗീയതയുമായി ഒരിക്കലും സന്ധിചെയ്തില്ല.

വ്യക്തിപരമായി മൃണാളിനിയുടെ മരണം എനിക്ക് കനത്ത നഷ്ടമാണ്. അറിയപ്പെടാത്ത ഒത്തിരി സംഭാവനകള്‍ അവര്‍ സമൂഹത്തിനു നല്കിയിട്ടുണ്ട്. ഗുജറാത്തിനെപ്പോലൊരു സമൂഹത്തിന് കഥകളിയും ഭരതനാട്യവും അവര്‍ പരിചയപ്പെടുത്തി. ഗുജറാത്തുകാര്‍ക്ക് ഈ കലാരൂപങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അഹമ്മദാബാദില്‍ ഡാന്‍സ് സ്‌കൂള്‍ സ്ഥാപിച്ച് ഭരതനാട്യവും കുച്ചിപ്പുടിയും പഠിപ്പിച്ചു.

ഭരതനാട്യവും കുച്ചിപ്പുടിയും മാത്രമല്ല, നാടകവും പാവകളിയുമൊക്കെ പരിശീലിപ്പിച്ചു. ദര്‍പ്പണ എന്ന നൃത്തകലാക്ഷേത്രം ഗുജറാത്തില്‍ ഒരു സാംസ്‌കാരികകേന്ദ്രമായി വളര്‍ന്നു. ദര്‍പ്പണ ഗുജറാത്തിനു മാത്രമല്ല, രാജ്യത്തിനു മുഴുവന്‍ പരിചയമുള്ള സാംസ്‌കാരികകേന്ദ്രമായി വികസിച്ചു. ക്ലാസിക്കല്‍ കലകളുടെ പ്രയോക്താവായിരുന്നു മൃണാളിനിയെങ്കിലും ആധുനികവിഷയങ്ങള്‍ കലാരൂപത്തിലൂടെ അവതരിപ്പിക്കാനുള്ള പരീക്ഷണവൈദഗ്ധ്യം മൃണാളിനി കാഴ്ചവെച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം, സാമൂഹികപ്രശ്‌നങ്ങള്‍ എന്നിവ കലാരൂപങ്ങളുടെ പ്രമേയമാക്കി. കലകളെ സമൂഹവുമായി എങ്ങനെ ബന്ധപ്പെടുത്താമെന്നതായിരുന്നു ഈ പരീക്ഷണങ്ങളിലൂടെ കലാലോകത്തിന് അവര്‍ കാട്ടിക്കൊടുത്തത്.

(ലേഖിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകളും മുതിര്‍ന്ന സി.പി.എം. നേതാവുമാണ്)

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *