കുടിവെള്ളം കിട്ടാക്കനി; ജനങ്ങള്‍ക്ക്‌ ദുരിതം

ആനക്കര: കുടിവെള്ളം പാഴാക്കികളയുന്നു. കുടിവെളളമില്ലാതെ മലമല്‍ക്കാവ്‌, കൂട്ടക്കടവ്‌, താണിക്കുന്ന്‌ നിവാസികള്‍ ദുരിതത്തില്‍. ആനക്കര പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണിത്‌. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്‌. വേനല്‍ ആകുന്പോഴേയ്‌ക്കും കിണറുകളിലെ വെള്ളംവറ്റും. മലമല്‍ക്കാവ്‌ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളമാണ്‌ ഇവിടത്തുകാര്‍ക്ക്‌ ലഭിക്കുന്നത്‌. ദിവസവും പന്പിങ്ങ്‌ നടക്കുന്നുണ്ടങ്കിലും കുടിവെള്ളം ആര്‍ക്കും ലഭിക്കുന്നില്ല. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പുകള്‍ പലയിടത്തും പൊട്ടി വെള്ളം പാഴാകുന്നതാണ്‌ കാരണം. ഈ മേഖലയിലെ നൂറുകണക്കിന്‌ കുടുംബങ്ങള്‍ കുടിവെളളത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണിത്‌. പലവട്ടം പഞ്ചായത്ത്‌ മെന്പര്‍മാര്‍ അടക്കം വാട്ടര്‍ അഥോറിട്ടിയില്‍ പരാതി നല്‍കിയെങ്കിലും തൊഴിലാളികളില്ലെന്ന കാരണം പറഞ്ഞ്‌ മടക്കി അയക്കുകയാണ്‌ ഉണ്ടായത്‌. ആഴ്‌ച്ചകളായി മേഖലയില്‍ വെള്ളം ലഭിച്ചിട്ട്‌. ഉയര്‍ന്ന കുന്നിന്‍ പ്രദേശമായതിനാല്‍ സമീപത്തെ കിണറുകളിലൊന്നും വെള്ളവുമില്ല. എന്നാല്‍ വെള്ളം എത്തുന്ന പ്രദേശങ്ങളില്‍ പൊതു ടാപ്പില്‍ നിന്ന്‌ ഓസിട്ട്‌ പിടിച്ച്‌ വീടുകളിലെ കിണറ്റിലും മറ്റും വെള്ളം സംഭരിക്കുന്നതായും പരാതിയുണ്ട്‌. ഒന്നര ഇഞ്ചുള്ള പ്രധാന പൈപ്പ്‌ ലൈനിന്‍റെ പൈപ്പുകള്‍ തുരുന്പെടുത്ത്‌ നശിച്ചതും വെള്ളം പാഴാകാന്‍ കാരണമാകുന്നു. പൈപ്പുകള്‍ മാറ്റണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.

You may also like...

Leave a Reply

Your email address will not be published. Required fields are marked *