കൂടല്ലൂരിന്റെ പ്രിയഡോക്ടര്‍ക്ക് ജന്മനാടിന്റെ ആദരം
ആനക്കര: പാതിരാത്രിയിലും പടിവാതില്‍ പാതിമാത്രം ചാരി രോഗികള്‍ക്കായി ഉണര്‍ന്നിരിക്കുന്ന കൂടല്ലൂരിന്റെ പ്രിയ ഡോക്ടറെ ജന്മനാട് ആദരിക്കുന്നു. ഡോ. പി.കെ. ഹുറൈര്‍കുട്ടിയെയാണ് കൂടല്ലൂര്‍ ഗ്രാമവും കൂടല്ലൂര്‍ കൂട്ടവും ചേര്‍ന്ന് ആദരിക്കുന്നത്. ശനിയാഴ്ച 3.30നാണ് ചടങ്ങ്. ഡോക്ടറെക്കുറിച്ച് കൂടല്ലൂര്‍ കൂട്ടം പുറത്തിറക്കിയ ഡോക്യുമെന്ററി സി.ഡി. എം.ടി. വാസുദേവന്‍നായര്‍ പ്രകാശനംചെയ്യുന്നതോടെ ചടങ്ങിന് തുടക്കമാകും. എസ്.എം. അന്‍വറാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍.
പെരിങ്ങാട്ടുതൊടിയുടെ പ്രസിദ്ധ വൈദ്യപാരമ്പര്യവുമായി മുക്കാല്‍നൂറ്റാണ്ടുകാലം കൂടല്ലൂരിലെ രോഗികള്‍ക്ക് ആശ്വാസമായ തിത്തിമ്മു ഉമ്മയെന്ന കൂടല്ലൂരിന്റെ വൈദ്യരുമ്മയുടെ മകനാണ് പി.കെ. ഹുറൈര്‍കുട്ടി. സ്വാതന്ത്ര്യസമരസേനാനി കൂടല്ലൂര്‍ പള്ളിമഞ്ഞാലില്‍ അബ്ദുള്ളക്കുട്ടിയാണ് പിതാവ്. ഹുറൈര്‍കുട്ടിവൈദ്യരെത്തേടി ഇന്ത്യയ്ക്ക് അകത്തുനിന്നും വിദേശരാജ്യങ്ങളില്‍നിന്നും രോഗികളെത്തുന്നുണ്ട്. ഇസ്രായേല്‍, ജോര്‍ദാന്‍, ആഫ്രിക്കന്‍രാജ്യങ്ങള്‍, അറബ് രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിലും ചികിത്സാവശ്യങ്ങള്‍ക്കായി ഡോക്ടര്‍ പ്രത്യേക ക്ഷണിതാവായി പോയിട്ടുണ്ട്.
കൂടല്ലൂരിലെ ‘ത്രിഫല’യിലേക്ക് അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാരുള്‍പ്പെടെ നിരവധിപേര്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഡോക്ടറുടെ ഉമ്മയും ഉമ്മയുടെ ഉപ്പയും പരീക്ഷിച്ച പ്രത്യേക ഔഷധക്കൂട്ടുകളുടെ രഹസ്യം ഹുറൈര്‍കുട്ടിക്കും സ്വായത്തമാണ്. കൂടല്ലൂരെ തിത്തിമ്മു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദ ആസ്പത്രിയിലെ ചികിത്സ ഏറെപ്പേര്‍ക്ക് ആശ്വാസമാകുന്നുമുണ്ട്.
പണം നല്‍കിയാലും നല്‍കിയില്ലെങ്കിലും ചികിത്സയ്ക്ക് മുടക്കമില്ല. തീരെ വഴിയില്ലാത്തവര്‍ക്ക് മരുന്നിനും അത്യാവശ്യക്കാര്‍ക്ക് വീട്ടുചെലവിനുംവരെ പണം കൊടുക്കും. 30 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസിനുശേഷം ഡി.എം.ഒ. ആയാണ് ഹുറൈര്‍കുട്ടി വിരമിച്ചത്. കൂടല്ലൂര്‍ തിത്തിമ്മു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദിക് ഹോസ്പിറ്റലില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍, സംഗീതജ്ഞന്‍ വിദ്യാധരന്‍, സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണന്‍, എം.ടി. രവീന്ദ്രന്‍, കോയമ്പത്തൂര്‍ എ.വി.പി. എം.ഡി. ഡോ. പി.ആര്‍. കൃഷ്ണകുമാര്‍, വി.ടി. ബല്‍റാം എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങിനുശേഷം എടപ്പാള്‍ ബാപ്പുവും രഹ്നയും നയിക്കുന്ന ഇശല്‍ നൈറ്റുമുണ്ടാകും.
Recent Comments