പ്രിയപ്പെട്ട എം.ടി: ക്യാമറ പറയുന്ന കഥകള്‍
എം.ടിയ്ക്ക് ആദരമൊരുക്കി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ‘പ്രിയപ്പെട്ട എം.ടി’ പരിപാടിയുടെ ഭാഗമായി ഒരുക്കിയ രണ്ട് ഡോക്യുമെന്ററികള്‍ കാണാം
കഥ ഒഴുകിയ നദിയാണ് എം.ടി. അതിന്റെ ഓരങ്ങളില്‍ ഇപ്പോഴും ആള്‍പ്പാര്‍പ്പുണ്ട്. മലയാളം ആവോളമറിഞ്ഞ എഴുത്തിന് വളക്കൂറായ മണ്ണും വാക്കായി വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങളുമെല്ലാം ആ നദീതടത്തിലിപ്പോഴും. എം.ടിയ്ക്ക് ആദരമൊരുക്കി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ‘പ്രിയപ്പെട്ട എം.ടി’ പരിപാടിയുടെ ഭാഗമായി ഒരുക്കിയ രണ്ട് ഡോക്യുമെന്റികള്‍ ഇവിടെ കാണാം. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ എം.ജി അനീഷാണ് ഈ ചിത്രങ്ങളുടെ രചനയും വിവരവും നിര്‍മാണവും നിര്‍വഹിച്ചത്.
എം.ടിയുടെ ദേശം
കഥകളും കഥാകാരനും പിറന്ന ആ ദേശത്തിലൂടെയുള്ള യാത്രയാണ് ‘എം.ടിയുടെ ദേശം’ എന്ന ഈ ഡോക്യുമെന്ററി. എം.ടിയുടെ കഥകളുടെ മുഖവരയോ ഉള്ളടക്കമോ ആയിരുന്നു ആ ദേശം. എം.ടിയുടെ കഥകളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചതും ആ ദേശമായിരുന്നു. കൂടല്ലൂരും കുമരനെല്ലൂരും പുന്നയൂര്‍ക്കുളവും പൊന്നാനിയും കോഴിക്കോടുമെല്ലാം എം.ടിയുടെ മനസ്സിലെ ദേശത്തിന്റെ ഭാഗങ്ങളായിരുന്നു, ജീവിതത്തിന്റെയും. ആ ദേശങ്ങളിലൂടെയുള്ള യാത്ര സത്യത്തില്‍ എം.ടിയിലൂടെയുള്ള യാത്രയായിരുന്നു. ഓരോയിടങ്ങളും അവിടത്തെ മനുഷ്യരും എം.ടിയുടെ കഥകളിലൂടെ ഒരിക്കല്‍ നമ്മെ പിന്തുടര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ ഈ ദേശമെത്തിയാല്‍ അവിടുത്തെ ഓരോ മനുഷ്യരിലും മലയാളി എം.ടിയുടെ കഥാപാത്രങ്ങളെ തിരയും. അപ്പുണ്ണിയും, സേതുവും സുമിത്രയും കോന്തുണ്ണിനായരും തുപ്രനും സെയ്താലിയുമെല്ലാം അങ്ങനെ വീണ്ടും ജനിക്കുന്നു.
ഡോക്യുമെന്ററി ഒന്നാം ഭാഗം:
ഡോക്യുമെന്ററി രണ്ടാം ഭാഗം:
എം.ടി എന്ന കഥാകാരന്‍
എം.ടി എന്ന രണ്ടക്ഷരങ്ങള്‍ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന ഒരു കൂടല്ലൂരുകാരന്റെ ചുരുക്കെഴുത്തല്ല. ഭാഷയുടെ അഹന്തയും പ്രൌഢിയും സൌന്ദര്യവുമായി ആറര ദശകങ്ങളായി മലയാളിയുടെ ഭാവനയ്ക്കു മുകളില്‍ ഉദിച്ചുനില്‍ക്കുന്ന വെളിച്ചമാണ്. നാല് തലമുറകളെ നിരന്തരം ആവേശിക്കുന്ന കഥയുടെയും കഥപറച്ചിലിന്റെയും തനതായൊരു ഭൂ പ്രകൃതി. ഓരോ തലമുറയ്ക്കും അത് അനുഭവങ്ങളുടെ വലിയ ലോകമായിരുന്നു. അങ്ങിനെ തൊട്ടതെല്ലാം പൊന്നാക്കിയ എം.ടി മലയാളത്തിന്റെ തലയെടുപ്പായി. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് പാലക്കാട് വിക്ടോറിയ കോളജില്‍ എത്താന്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പ്. മാടത്ത് തെക്കേപ്പാട്ടെ പരദേവത കൊടിക്കുന്നത്തമ്മ വസിക്കുന്ന മച്ചിലിരുന്ന് എം.ടി എഴുതാന്‍ തുടങ്ങി. ഇടവഴിയും പാടങ്ങഴും ഗുരുതിപ്പറമ്പും കുന്നുകളും താണ്ടി വന്ന ആ കഥാലോകത്തിന്റെ മുന്നില്‍ ആസ്വാദകന്‍ കീഴടങ്ങി.
ഡോക്യുമെന്ററി കാണാം:
Recent Comments