നിളയെ അറിഞ്ഞ് നിളയിലലിഞ്ഞ്‌

എഴുത്ത്: എ.പി അനില്‍കുമാര്‍ / ചിത്രങ്ങള്‍ : മധുരാജ്

ആരെയും അറിയിക്കാതെയായിരുന്നു ആ യാത്ര. ആരേയും കൂട്ടാതെ. പരിവാരങ്ങളും അകമ്പടിയുമില്ലാതെ. അതെന്റെ ഹൃദയത്തിലേക്കു തന്നെയുള്ള തീര്‍ഥയാത്രയായിരുന്നു. നിളയിലൂടെ, നിളയെ അറിഞ്ഞ്, നിളയിലലിഞ്ഞ് ഒരു യാത്ര.

AP Anil Kumar

എനിക്കീ നദി അപരിചിതയല്ല. അതിന്റെ കരകളിലൂടെ ഞാന്‍ എത്രയോ തവണ സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും അതിനെ പിന്‍പറ്റിയുള്ള ഒരു യാത്ര ഇതുവരെ ഉണ്ടായിട്ടില്ല. നിള കണ്ടാല്‍ കേരളം പകുതി കണ്ടു എന്നു പറയാറുണ്ടല്ലോ. അതു ശരിയാണ്. നിള ഒരു സാധാരണ നദിയല്ല. അതിലൂടെയുള്ള യാത്ര വെറുമൊരു യാത്രയല്ല. അതു സംസ്‌കാരത്തിലൂടെയുള്ള സഞ്ചാരമാണ്. ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും ചരിത്രത്തിലൂടെയുമുള്ള സഞ്ചാരമാണ്. കലയുടെയും ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും ഹൃദയത്തിലൂടെയുള്ള സഞ്ചാരമാണ്. ഏതു മലയാളിയും ഒരിക്കലെങ്കിലും നടത്തേണ്ട ആത്മാന്വേഷണയാത്രയാണ്.

ഒരു കാര്യം കൂടി പറയട്ടെ, നിളയെക്കുറിച്ചുള്ള വിലാപങ്ങളാണ് എങ്ങും. നിള മരിക്കുന്നു എന്ന വാക്ക് കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. എന്നാല്‍ നിളയിലൂടെ നടത്തിയ ഈ യാത്രക്കു ശേഷം എനിക്കു തോന്നുന്നത് മറ്റൊന്നാണ്. നിള ഇന്നും സുന്ദരിയാണ്. അവളുടെ സൗന്ദര്യം കുറഞ്ഞിട്ടുണ്ടാകാം, പക്ഷെ യൗവനം നശിച്ചിട്ടില്ല. അവള്‍ അനാഥയും കൈയേറ്റം ചെയ്യപ്പെട്ടവളുമാവാം, പക്ഷെ പ്രസക്തി നഷ്ടപ്പെട്ടവളല്ല. ഇരയെന്നു മുദ്രകുത്തി മാറിനില്‍ക്കുകയല്ല, അവളെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ പങ്കു ചേരുകയാണ് വേണ്ടത്. അവള്‍ക്കു നമ്മുടെ കണ്ണീരല്ല, കൈത്താങ്ങാണ് വേണ്ടത്.

ഓരോ രാജ്യവും അവരുടെ സംസ്‌കൃതിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ചാനയിക്കുന്നത് നദീതടയാത്രകളിലൂടെയാണ്. നമുക്ക് നിളയല്ലാതെ അതിനു പറ്റിയ നദി വേറെ ഏതുണ്ട്? ഡാന്യൂബിനും നൈലിനും അമസോണിനും തെയ്ംസിനും ഗംഗയ്ക്കും കാവേരിക്കുമൊക്കെ അതതു സംസ്‌കൃതികളില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനത്തിനു സമാനമായ ഒന്ന് കേരളത്തില്‍ നിളാനദിക്കു മാത്രമേ അവകാശപ്പെടാനാവൂ. നിള പൈതൃക സര്‍ക്യൂട്ട് എന്ന സാര്‍ഥകമായ ഒരു സഞ്ചാരപദ്ധതിയുടെ പ്രസക്തി അതാണ്. അതൊരു സ്വപ്‌നമാണ്. നിളയുടെ വഴികളിലെ ഗാംഭീര്യവും സാംസ്‌കാരിക തനിമയുമുള്ള ഭൂവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ടൂറിസ്റ്റ് ശൃംഖല ഉണ്ടാക്കുക എന്ന സ്വപ്‌നം. അതിന്റെ സാധ്യതകള്‍ തേടിയായിരുന്നു ഈ യാത്ര.

തിരൂരെ തുഞ്ചന്‍ പറമ്പു മുതല്‍ കല്‍പ്പാത്തി വരെ നീളുന്നതാണ് ഈ പൈതൃകസര്‍ക്യൂട്ട്. തുഞ്ചന്‍ പറമ്പില്‍ നിന്നും തിരൂര്‍ പുഴയിലൂടെ പൊന്നാനി അഴിമുഖത്തെത്തി അവിടെ നിന്നു നിളയുടെ കരയിലൂടെ പാലക്കാട്ടെ കല്‍പ്പാത്തി വരെ ഒരു യാത്ര. പറയി പെറ്റ പന്തിരുകുലത്തിന്റെ കഥകളുറങ്ങുന്ന മണ്ണിലൂടെ, കലാമണ്ഡലത്തിന്റെ കളിയരങ്ങുകളിലൂടെ ഈ യാത്ര കടന്നു പോകുന്നു. ചമ്രവട്ടവും തിരുനാവായയും മാമാങ്കമണല്‍പ്പരപ്പും ത്രിമൂര്‍ത്തി ക്ഷേത്രങ്ങളും ബ്രഹ്മസ്വം മഠവും കുറ്റിപ്പുറവും കൂട്ടക്കടവും തൃത്താലക്കടവും വെള്ളിയാങ്കല്ലും തിരുമിറ്റക്കോടും കലാമണ്ഡലവും പാഞ്ഞാളും തിരുവില്വാമലയുമൊക്കെ കണ്ടുകൊണ്ടാണ് ഈ നദീതീരസഞ്ചാരം. കൊല്ലങ്കോടും മലമ്പുഴയും ചെമ്പൈഗ്രാമവും തുഞ്ചന്‍ മഠവും കൂടി ചേര്‍ക്കുന്നതോടെ ഇതിന്റെ അവസാനപാദം കൂടുതല്‍ നിറപ്പകിട്ടുള്ളതാകും.

അതീവ സമ്പന്നമായ ഒരു സാംസ്‌കാരിക ഭൂമികയാണ് ഈ യാത്രയില്‍ നമുക്കു മുന്നില്‍ തുറക്കപ്പെടുന്നത്. കേരളത്തില്‍ ഉദാത്തമായി എന്തെല്ലാമുണ്ടോ അതില്‍ അധികവും പിറന്നത് (അല്ലെങ്കില്‍ വളര്‍ന്നത്) നിളയുടെയോ അതിന്റെ കൈവഴികളുടെയോ കരയിലാണ്. കഥകളിയും തുള്ളലും കൂത്തും കൂടിയാട്ടവും തായമ്പകയും കണ്യാര്‍കളിയും ചവിട്ടുകളിയും പോലുള്ള കലാരൂപങ്ങള്‍. തുഞ്ചനും കുഞ്ചനും മേല്‍പ്പത്തൂരും പൂന്താനവും വില്വമംഗലവും വള്ളത്തോളും കുട്ടികൃഷ്ണമാരാരും എം.ടിയും വിജയനും വികെഎന്നും ഇടശ്ശേരിയും പിയും അക്കിത്തവും എം. ഗോവിന്ദനും എം.പി.ശങ്കുണ്ണിനായരും സി. രാധാകൃഷ്ണനും പോലുള്ള എഴുത്തുകാര്‍. വി.ടിയും കുട്ടിമാളു അമ്മയും ക്യാപ്റ്റന്‍ ലക്ഷ്മിയും സുഭാഷിണി അലിയും ഇ.പി.ഗോപാലനും പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍. ചെമ്പൈയും തൃത്താല കുഞ്ഞികൃഷ്ണപൊതുവാളും ഞരളത്തും നമ്പൂതിരിയും കൃഷ്ണന്‍കുട്ടി പുലവരും വരിക്കാശ്ശേരിയും പോലുള്ള കലാകാരന്മാര്‍. വൈദ്യമഠവും ചാത്തരു നായരും പോലുള്ള ഭിഷഗ്വരന്മാര്‍. പൂമുള്ളിയും പുന്നശ്ശേരിയും പോലുള്ള പണ്ഡിതന്മാര്‍. ഇത്രയേറെ വ്യക്തികളുടെയും ചിന്തകളുടെയും പ്രസ്ഥാനങ്ങളുടെയും കാല്‍പ്പാടു പതിഞ്ഞ മറ്റേതു നദീതടമുണ്ട് കേരളത്തില്‍?

അവയെ ബന്ധിപ്പിക്കുന്ന ഒരു യാത്രാപഥത്തിന്റെ പ്രസക്തി അതിനാല്‍ തന്നെ വളരെ വലുതാണ്. തുഞ്ചന്റെ തട്ടകവും കുഞ്ചന്റെ കിള്ളിക്കുറിശ്ശിയും ചെമ്പൈയുടെ കോട്ടായിയും വിജയന്റെ തസ്രാക്കും എം.ടിയുടെ കൂടല്ലൂരും ഇടശ്ശേരിയുടെ കുറ്റിപ്പുറവും വള്ളത്തോളിന്റെ കലാമണ്ഡലവും സാമൂതിരിയുടെ നിലപാടുതറയും ഒരേ നൂലില്‍ കോര്‍ത്തുകെട്ടിക്കിട്ടുമെങ്കില്‍ അതിനേക്കാള്‍ വലിയ സാംസ്‌കാരികാനുഭവം എന്തുണ്ട്? ചിറ്റൂരെ കൊങ്ങന്‍ പടയും കല്‍പ്പാത്തി രഥോത്സവവും ചിനക്കത്തൂര്‍ പൂരവും ലക്കിടി തോല്‍പ്പാവക്കൂത്തും പട്ടാമ്പി നേര്‍ച്ചയുമൊക്കെ ഒറ്റ യാത്ര കൊണ്ട് മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ അതിനേക്കാള്‍ വലിയ യാത്ര ഏതുണ്ട്?

വൈരുധ്യവും നൈരന്തര്യവും ഒരേ അളവില്‍ നിറയുന്ന യാത്രയാവും ഇത്. മേളപ്പദമുയരുന്ന കലാമണ്ഡലവും പോര്‍വിളികള്‍ മുഴങ്ങിയ മാമാങ്കവും ഒരേ നദിയുടെ കരയില്‍! ഐവര്‍മഠം ശ്മശാനവും പുനര്‍ജനി ഗുഹയും ഒരേ തീരത്ത്! ഋഗ്വേദം മുഴങ്ങുന്ന ബ്രഹ്മസ്വം മഠം ഒരിടത്ത്. സൂഫി സൂക്തങ്ങള്‍ അലയടിക്കുന്ന പൊന്നാനി മറ്റൊരിടത്ത്. കൊല്ലങ്കോട്, കവളപ്പാറ കൊട്ടാരങ്ങള്‍ ഒരു വശത്ത്, വാണിയംകുളം ചന്തയും കുത്താമ്പുള്ളിയിലെ നെയ്ത്തു തെരുവും മറുവശത്ത്. സൈലന്റ് വാലിയുടെ ഹരിതാഭ ഒരറ്റത്ത്. മണലൂറ്റിന്റെ വിളര്‍ച്ചമറ്റേ അറ്റത്ത്. അതാണ് നിള. സമന്വയത്തിന്റെ പ്രവാഹം. അല്ലെങ്കില്‍ പറയൂ, കണ്ണീര്‍പ്പുഴ എന്നും ശോകനാശിനി എന്നും ഒരേ സമയം പേരുള്ള മറ്റേതു നദിയുണ്ട് ലോകത്ത്?

നിള യാത്രക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നിളയിലൂടെ സഞ്ചരിച്ചാല്‍ നിരവധി നദികളിലൂടെ സഞ്ചരിച്ച ഫലമാണ്. കാരണം, നിള ഒറ്റ നദിയല്ല. 20ലധികം നദികളുടെ സംയോഗമാണ്. ആനമുടി മുതല്‍ പൊന്നാനി വരെ 206 കിലോമീറ്റര്‍ നീളുന്ന അതിന്റെ യാത്രാപഥത്തില്‍ ചെറുപൂരങ്ങള്‍ പോലെ പലയിടത്തു നിന്നായി അവ വന്നണിചേരുന്നു. ഓരോ നദിയും ഒരു സംസ്‌കാരമാണെന്ന ചൊല്ല് ശരിയാണെങ്കില്‍ എത്രയെത്ര സംസ്‌കാരങ്ങളുടെ മഹാപ്രവാഹമാണ് അപ്പോള്‍ നിള!

അതുപോലെയാണ് നദീതീരത്തെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന തീര്‍ഥാടനകേന്ദ്രങ്ങളുടെയും സ്ഥിതി. എണ്ണിയാലൊടുങ്ങാത്തത്ര ആരാധനാലയങ്ങള്‍ ഇതിന്റെ കരയിലുണ്ട്. കേരളത്തിലെ അതി പ്രശസ്തമായ ക്ഷേത്രങ്ങളില്‍ പലതും നിളയുടെ കരയിലാണ്. ചെറുതും വലുതുമായ നൂറിലധികം ക്ഷേത്രങ്ങള്‍. കൊങ്ങന്‍ പട നടക്കുന്ന ചിറ്റൂര്‍ പഴയന്നൂര്‍കാവും തേരുരുളുന്ന കല്‍പ്പാത്തിയും പുനര്‍ജനി മന്ത്രമുയരുന്ന തിരുവില്വാമലയും ബ്രാഹ്മമന്ത്രമുണരുന്ന നാവാമുകുന്ദ ക്ഷേത്രവും മേഴത്തോളഗ്നിഹോത്രി സ്ഥാപിച്ച യജ്ഞേശ്വര ക്ഷേത്രവും, പന്നിയൂരെ വരാഹ മൂര്‍ത്തി ക്ഷേത്രവും, ശുകപുരം ക്ഷേത്രവും കിലുക്കത്ത് ജാറവും പുഴനടുക്കു നില്‍ക്കുന്ന ചമ്രവട്ടത്തെ ശാസ്താക്ഷേത്രവുമൊക്കെ അതില്‍ പെടും. ആനമലയിലെ ത്രിമൂര്‍ത്തി മലയില്‍ തുടങ്ങി തിരുനാവായ ത്രിമൂര്‍ത്തി ക്ഷേത്രത്തില്‍ അവസാനിക്കുന്ന ഒരു ആദ്യന്തപ്പൊരുത്തവും അതില്‍ കാണാം. സംഗീതം പോലെ ബാങ്കുയരുന്ന പൊന്നാനിയിലെ അഴിമുഖത്തുള്ള മുനമ്പത്ത് ബീവി ജാറത്തിലാണ് ഈ വിശ്വാസധാര ചെന്നവസാനിക്കുന്നത് എന്നത് അതിന്റെ ധന്യമായ ഒരു ക്ലൈമാക്‌സ് കൂടിയാവുന്നു.

തൃത്താലയിലെ വെള്ളിയാങ്കല്ലു മുതല്‍ ചമ്രവട്ടം വരെയുള്ള, ഈ സര്‍ക്യൂട്ടിന്റെ അവസാനഭാഗം മാത്രമാണ് ഞാന്‍ സഞ്ചരിച്ചത്. കൂട്ടിന് ‘മാതൃഭൂമി യാത്ര’ യുടെ മധുരാജും ഉണ്ടായിരുന്നു. കരയിലൂടെയും കടവിലൂടെയുമായി നടത്തിയ ഒരു പകല്‍ നീണ്ട യാത്ര. അതില്‍ ഞാന്‍ കണ്ട നിള എന്നെ ഒരേ സമയം ആഹ്ലാദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. ചിലയിടത്ത് വിരൂപയും അംഗഭംഗം ചെയ്യപ്പെട്ടവളുമായി കാണപ്പെട്ട നദി അപൂര്‍വം സ്ഥലങ്ങളില്‍ വേനലിനെ കൂസാതെ നിറഞ്ഞു നില്‍ക്കുന്നതും കണ്ടു. മണല്‍ ലോറികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുറ്റിക്കാടുകളുമാണ് മിക്ക ഭാഗത്തും നദിയുടെ മുഖമുദ്രയെങ്കിലും ഏകാന്ത സുന്ദരമായ കടവുകളും വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുളിര്‍ത്തടങ്ങളും പലയിടത്തും ഉണ്ടായിരുന്നു.

അതിരാവിലെ തൂതപ്പുഴയും നിളയും ചേരുന്ന കൂടല്ലൂരെ കൂട്ടക്കടവില്‍ നിന്നാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. പതിവില്ലാത്ത ഒരു കോടമഞ്ഞ് നദിയെ പൊതിഞ്ഞിരുന്നു. ഇവിടെ ഇപ്പോഴും നദിക്ക് നല്ല പ്രസരിപ്പുണ്ട്. വിശാലമായ മണല്‍പ്പരപ്പും രണ്ടു നദികള്‍ ചേരുന്നതിന്റെ ഭംഗിയും പുഴ മുറിച്ചു പോകുന്ന തീവണ്ടിയുടെ ദൃശ്യവും ചേര്‍ന്ന കൂട്ടക്കടവ് എം.ടി കഥകളില്‍ നിന്നിറങ്ങി വന്ന സ്ഥലം പോലെ തോന്നിച്ചു.

AP Anil Kumar @ Kudallur

കൂടല്ലൂരില്‍ നിന്നു നദിയുടെ ഗതിക്കെതിരെ തൃത്താലയിലേക്കാണു ഞങ്ങള്‍ പോയത്. വെള്ളിയാങ്കല്ലിലെത്തുമ്പോള്‍ ഭാരതപ്പുഴയ്ക്ക് ഒരു പുതുജീവന്‍ കൈവന്നതു പോലെ. ഇവിടെ പുതിയ ഒരു റെഗുലേറ്റര്‍ ബ്രിഡ്ജ് വന്നതാണ് കാരണം. അതോടെ തൃത്താല മുതല്‍ മേലോട്ടുള്ള നാലഞ്ചു കിലോമീറ്റര്‍ ദൂരം ജലസമൃദ്ധവും ഹരിതാഭവുമായി. പുഴയിലെ പുല്‍ക്കാടുകള്‍ അപ്രത്യക്ഷമായി. പുഴയോരത്തെ കിണറുകള്‍ നിറഞ്ഞു. കൃഷി വീണ്ടും സജീവമായി. വെള്ളിയാങ്കല്ലിലേക്ക് സഞ്ചാരികളും ധാരാളം വരുന്നുണ്ട്. അവര്‍ക്കായി ഉദ്യാനവും അമ്യൂസ്‌മെന്റ് പാര്‍ക്കുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പണിതു കൊണ്ടിരിക്കുകയാണ്. ജലോദ്യാനവും വാട്ടര്‍ സ്‌പോര്‍ട്‌സുമൊക്കെ ഇതിന്റെ രണ്ടാം ഘട്ടമായി വരും.

ചമ്രവട്ടത്തെ റെഗുലേറ്റര്‍ ബ്രിഡ്ജ് കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ കുറ്റിപ്പുറം വരെയുള്ള ഭാഗവും ജലസമൃദ്ധമാവും. കുറ്റിപ്പുറത്ത് മറ്റൊരു ചെറിയ റെഗുലേറ്ററിനു കൂടി പദ്ധതിയുണ്ട്. അതു കൂടി വന്നാല്‍ അഴിമുഖം വരെയുള്ള ദൂരം നദി തിരിച്ചു വരും. മലമ്പുഴ പോലുള്ള വലിയ ഡാമുകള്‍ വന്നപ്പോള്‍ മരിച്ചു പോയ നദിയെ ഇത്തരം ചെറിയ തടയണകളിലൂടെ കുറെയൊക്കെ വീണ്ടെടുക്കാനാവുമെന്ന് ഈ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. നിള മരിക്കുന്നു എന്ന മുറവിളികള്‍ക്കിടയില്‍ ഞാന്‍ കണ്ട തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെയും ഇത്തരം ചെറിയ ചില കാഴ്ചകള്‍ എന്നെ ഏറെ ആഹ്ലാദിപ്പിച്ചു. നദിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മകള്‍ സജീവമാണ് എന്നതും മണലൂറ്റിനെതിരെയും കൈയേറ്റത്തിനെതിരെയും പൊതുവികാരം ഉയര്‍ന്നു വരുന്നുണ്ട് എന്നതും നദീസംരക്ഷണത്തിനുള്ള ശുഭസൂചനകളായി ഞാന്‍ കാണുന്നു.

നിളാ സര്‍ക്യൂട്ടിലെ പ്രധാനപാദം തൃത്താലയാണ്. പറയി പെറ്റ പന്തിരുകുലത്തിന്റെ മണ്ണ്. മേഴത്തോള്‍ അഗ്നിഹോത്രിയുടെ വേമഞ്ചേരി മനയും പാക്കനാരുടെ കാഞ്ഞിരവും പെരുന്തച്ചന്റെ കൈവിരുതില്‍ പൂര്‍ണത നേടിയ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രവുമൊക്കെ ഞാന്‍ സന്ദര്‍ശിച്ചു. സത്യത്തില്‍ കാഴ്ചകളേക്കാള്‍ കഥകളിലാണ് നിള ജീവിക്കുന്നത് എന്നു തോന്നിപ്പിക്കുന്നതാണ് ഇതിലൂടെയുള്ള സഞ്ചാരം. ഐതിഹ്യങ്ങളുടെ കുത്തൊഴുക്കാണ്, സ്ഥലങ്ങളുടെ സൗന്ദര്യമല്ല നമ്മെ ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. അഗ്നിഹോത്രി മനയിലെ ക്ഷേത്രം കാഴ്ചയില്‍ എത്രയോ ചെറുതാണ്. പക്ഷെ 1600 വര്‍ഷം പഴക്കമുള്ളതാണ് അത്. ഒരു പാടത്തിന്റെ കരയില്‍ ആരുടെയും കണ്ണില്‍പെടാതെ അതു നിലകൊള്ളുന്നു. മനയിലെ അന്തര്‍ജനം ക്ഷേത്രത്തിന്റെ അനാഥാവസ്ഥ വിവരിച്ചപ്പോള്‍ ഖേദം തോന്നി. പൈതൃകത്തെ ആദരിക്കാനും സൂക്ഷിക്കാനും അറിയാത്ത ജനതയാണല്ലോ നാമെന്ന ഖേദം.

പന്തിരുകുലം സര്‍ക്യൂട്ടിന് മലയാളി വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലാത്ത മറ്റൊരു പ്രസക്തി കൂടി ഉണ്ടെന്നാണ് എന്റെ പക്ഷം. എല്ലാ സമൂഹത്തിനും പ്രാതിനിധ്യമുള്ള ഒരൈതിഹ്യഭൂമിയാണ് അത്. ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് വ്യത്യസ്ത വിശ്വാസധാരകളിലൂടെയുള്ള സഞ്ചാരം (ങൗഹശേഎമശവേ ജശഹഴൃശാമഴല). അതിന് ഇതു പോലെ പറ്റിയ വേറെ ഒരിടം ഇല്ല.

അവിടെ നിന്നു ഞങ്ങള്‍ കുമ്പിടി വഴി കുറ്റിപ്പുറത്തേക്ക് നീങ്ങി. പാലത്തിനടുത്തുള്ള മിനി പമ്പയിലെ തോണിക്കടവില്‍ അല്‍പ്പനേരം. ഇവിടെ വലിയ കയങ്ങളുണ്ട്. അതിനാല്‍ ഡിടിപിസി ലൈഫ് ഗാര്‍ഡിനെ നിയമിച്ചിട്ടുണ്ട്. അല്‍പ്പം പടിഞ്ഞാറോട്ടു നീങ്ങി നിളാ പാര്‍ക്ക്. പുഴക്കരയില്‍ സന്ധ്യകള്‍ ചിലവിടാനെത്തുന്ന കുടുംബങ്ങള്‍ക്കുള്ളതാണ് ഈ പാര്‍ക്ക്. വെള്ളം പുഴയുടെ മറുകരയിലൂടെയായതിനാല്‍ പാര്‍ക്ക് ആലസ്യത്തിലാണ്ടു കിടക്കുകയാണ്. ചരിത്രമുറങ്ങുന്ന തിരുനാവായ മണപ്പുറത്തേക്ക് ഇവിടെ നിന്ന് അധികം ദൂരമില്ല. പക്ഷെ നദിയിലൂടെ യാത്ര അസാധ്യമാണ്. വെള്ളം കുറവ്. മണല്‍ ലോറികള്‍ കൂടുതല്‍. കരയിലൂടെ തന്നെ തിരുനാവായയിലേക്ക് നീങ്ങി. അതിമനോഹരമായ കടവ്. പടവുകളില്‍ ബലിതര്‍പ്പണത്തിനെത്തിയ വിശ്വാസികളുടെ തിരക്ക്. ഇക്കരെ നാവാമുകുന്ദ ക്ഷേത്രം. അക്കരെ ബ്രഹ്മക്ഷേത്രവും ശിവക്ഷേത്രവും. ചമ്രവട്ടം പാലം വരുന്നതോടെ പുഴയില്‍ വെള്ളം ഇനിയും ഉയരുമെന്നാണ് പുഴയെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ. അതോടെ ത്രിമൂര്‍ത്തി ക്ഷേത്രങ്ങളെ ഒരു പക്ഷെ തോണികൊണ്ടു തന്നെ ബന്ധിപ്പിക്കാനും കഴിഞ്ഞേക്കും.

മാമാങ്ക മണപ്പുറം മുതല്‍ ചമ്രവട്ടം വരെ ഇപ്പോഴും തോണിയാത്രക്കുള്ള വെള്ളമുണ്ട്. ചമ്രവട്ടത്തെ കോളനിക്കടവെന്ന സ്ഥലത്തു നിന്ന് തോണിയെടുത്ത് ഞാന്‍ നദിയിലൂടെ കുറെ ദൂരം തുഴഞ്ഞുപോയി. ആറ്റുവഞ്ഞികള്‍ പൂത്തു നിറഞ്ഞു നില്‍ക്കുന്ന നൂറുനൂറു തുരുത്തുകള്‍ക്കിടയിലൂടെയുള്ള ഏറെ നേരം നീണ്ട ആ സഞ്ചാരം എന്നെ ആഹ്ലാദിപ്പിച്ചു. നിളയുടെ പല മുഖങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഈ സ്ഥലത്തെ അതിന്റെ രൂപം എന്നെ വിസ്മയിപ്പിച്ചു. ശരിക്കും ആമസോണിലൊക്കെ കാണുന്നതു പോലുള്ള ഡെല്‍റ്റ. അത്രക്കു പച്ചപ്പും നീരൊഴുക്കും. തുരുത്തുകളില്‍ നിന്നു പുഴയിലേക്കു ചാഞ്ഞുനില്‍ക്കുന്ന ആറ്റുവഞ്ഞിപ്പൂക്കള്‍. തലയ്ക്കു മീതെ ശരചിത്രം തീര്‍ത്ത് പാഞ്ഞുപോവുന്ന ദേശാടനക്കൊക്കുകളുടെ നീണ്ട നിര. സൂര്യന്റെ വെളിച്ചത്തില്‍ തിളങ്ങുന്ന നിളയ്ക്ക് ഇവിടെ നിറയൗവനം. ഇതിലേ ഒരിക്കലെങ്കിലും വരാനിടയായാല്‍ ഏതൊരു യാത്രികനും നിളയെ പ്രണയിച്ചു പോകും.

ഒരു സ്വപ്‌ന യാത്ര അവസാനിക്കുകയാണ്. മറ്റൊരു സ്വപ്‌നത്തിനു തിരി കൊളുത്തിക്കൊണ്ട്. നിള പൈതൃക പദ്ധതി എന്ന സുന്ദരമായ സ്വപ്‌നത്തിന്. അറിയാം, അതൊരു വലിയ സ്വപ്‌നമാണ്. പ്രാവര്‍ത്തികമാക്കാന്‍ ഒറ്റക്ക് ആര്‍ക്കും കഴിയില്ല. ദീര്‍ഘകാലത്തെ പരിശ്രമവും വലിയ വിഭവശേഷിയും അതിന് ആവശ്യമായി വരും. പക്ഷെ എനിക്കുറപ്പുണ്ട്, നിളയെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്നിച്ചണി നിരന്നാല്‍ അതു വിജയിക്കുക തന്നെ ചെയ്യും.

യാത്രകള്‍ ഇഷ്ടപ്പെടുന്ന മലയാളികളോട് കേരളം മുഴുവന്‍ കണ്ടിട്ടുണ്ടോ എന്നു ഞാന്‍ ചോദിക്കില്ല. നിളാതടം കണ്ടിട്ടുണ്ടോ എന്നു ചോദിക്കും. കാരണം, കാഴ്ചകളുടെയും പുരാവൃത്തങ്ങളുടെയും നിലയ്ക്കാത്ത നീരൊഴുക്കാണ് അത്. തെളിമലയാളം പോലെ, തലമുറകളിലൂടെ ചാലിട്ടൊഴുകുന്ന സംസ്‌കൃതിയുടെ പ്രവാഹം. നിളയെ കാണുക. അറിയുക. നിങ്ങളെത്തന്നെ തിരിച്ചറിയുന്നതിന്റെ, നിങ്ങളുടെ വേരുകള്‍ കണ്ടെത്തുന്നതിന്റെ ആനന്ദം അപ്പോള്‍ അനുഭവിക്കാം.

Source Article with more Images

You may also like...

Leave a Reply

Your email address will not be published. Required fields are marked *