കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു

ആനക്കര : ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമം. ആനക്കര കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു. നബാഡ് സഹായത്തോടെ 50കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്ററിന് ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ഇതിന്റെ നിര്‍മാണം എത്രയുംപെട്ടെന്ന് തുടങ്ങാനാവുമെന്നും ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വി.ടി. ബല്‍റാം എം.എല്‍.എ. അറിയിച്ചു.

50കോടിയുടെ ഭരണാനുമതി ലഭിച്ചിട്ട് മാസങ്ങളായെങ്കിലും പല കാരണങ്ങളാല്‍ സാങ്കേതികാനുമതി വൈകി. പൊന്നാനി ചമ്രവട്ടം റഗുലേറ്റര്‍ നിര്‍മാണത്തില്‍വന്ന അപാകത്തെത്തുടര്‍ന്ന്‌ റഗുലേറ്ററുകളുടെ ചില സാങ്കേതികവശങ്ങള്‍ പുനഃപരിശോധിക്കേണ്ടി വന്നതാണ് കാലതാമസത്തിനിടയാക്കിയത്. അതുകൊണ്ടുതന്നെ നേരത്തെയുള്ളതില്‍നിന്ന് ആവശ്യമായ ഭേദഗതി വരുത്തിയാണ് ജലവിഭവവകുപ്പിലെ ഐ.ഡി.ആര്‍.ബി. എന്ന ഡിസൈന്‍ ഗവേഷണവിഭാഗം കൂട്ടക്കടവിനായി പുതിയമാതൃക തയ്യാറാക്കിയിരിക്കുന്നത്.

ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിലാണ്‌ റഗുലേറ്റര്‍ വരുന്നത്. ഇതോടെ പാലക്കാട് ജില്ലയിലെ ആനക്കര, പട്ടിത്തറ, പരുതൂര്‍, തിരുവേഗപ്പുറ, മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം എന്നിങ്ങനെ നിരവധി പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കും.

നിരവധി കുടിവെള്ളപദ്ധതികളോടൊപ്പം 2000ത്തോളം ഹെക്ടര്‍ സ്ഥലത്ത് കൃഷിക്കായി വെള്ളമെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ടൂറിസംവികസനത്തിനും വന്‍ സാധ്യതകളാണ് തുറന്നുകിട്ടുന്നത്.

35.5 കോടിയുടെ സിവില്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും 14.5 കോടിയുടെ മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിയില്‍ ഉള്ളത്. ഈ മാസം 25വരെയാണ് ദര്‍ഘാസ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

ഉറവിടം

You may also like...