നിളാഗ്രാമങ്ങളില് പകിടയുടെ ആരവം
തീര്‍ഥം തളിച്ചെത്തുന്ന നിളയുടെ തണുത്ത കാറ്റില്‍ നാഴികകള്‍ക്കകലെ കേള്‍ക്കാം പകിട കളിയുടെ മേളം. ചരിത്രവും വര്‍ത്തമാനവും ഐതിഹ്യങ്ങളും കെട്ടു പിണയുന്ന കുരുതിപ്പറമ്പിന്റെ ചാരത്താണ് പണ്ടു പകിട കളിയുടെ മാമാങ്കം നടന്നിരുന്നത്. ഇപ്പോള്‍ ആരവം ഉയരുന്നത് പുറമതില്ശേരി ഗ്രാമത്തില്‍ നിന്നാണ്.
വളരെ പണ്ട് ഒരു ചിങ്ങമാസത്തിലാണ് കൂടല്ലൂര്‍ ഒന്നടങ്കം പെരുവിരലില്‍ എഴുന്നേറ്റുനിന്ന് കോന്തുണ്ണി നായരെ നോക്കി പറഞ്ഞത്: ‘ഓനാ ആങ്കുട്ടി.’ പെരുമ്പലവും കൂടല്ലൂരും തമ്മിലാണ് മത്സരം. പകിടയുടെ പക സിരയില്‍ കെടാതെ കാക്കുന്ന കരക്കാരായിരുന്നു ഇരുവരും. കൂടല്ലൂരിനു നേര് കൊമ്പുകെട്ടാന് മുപ്പത്തിരണ്ടെണ്ണം കളിക്കണം. വീഴുന്നതോ ആര്‍ക്കും വേണ്ടാത്ത രണ്ടും മൂന്നുമൊക്കെ. സഹികെട്ട് പകിടക്കരുവെടുത്ത് അച്ചുമ്മാന് ചോദിച്ചു. ”ണ്ടോ, ആങ്കുട്ട്യോളാരെങ്കിലും?” മറുപടി വന്നു. ”കരുങ്ങോട്ട് തന്നാട്ടെ കാര്‍ന്നോരേ..” നോക്കുമ്പോള്‍ കോന്തുണ്ണ്യാര്! പെരുമ്പലത്തിനുവേണ്ടി കളിക്കുന്ന മാരാര്‍ മണ്ണില്‍ കമിഴ്ന്നുകിടന്ന് നിലത്തടിച്ച് പഴം വീഴാതിരിക്കാന്‍ നേരാത്ത വഴിപാടില്ല. ”ആ ഒരുമ്പെട്ടോളെ ഞാനെന്തിനാ സേവിക്ക്ണ്?” കോന്തുണ്യാര് നെഞ്ചത്തടിച്ച് നാലു ചീത്ത. ആരെ? ഭഗവതിനെ. കണ്ണടച്ചുനിന്ന് ഒരു നാഴിക ജപിച്ചുകൊണ്ടൊരേറ്. പളുങ്ക് പളുങ്ക് പോലൊരു പന്ത്രണ്ട്. രണ്ടാമതും എറിഞ്ഞു, പന്ത്രണ്ടുതന്നെ! പിന്നെക്കളിച്ചു, ‘ഇരുമൂന്നാറ് കെട്ടിക്കോളിന്‍ കൊമ്പെ’ന്നും പറഞ്ഞ് ഒരേറും കൊടുത്ത് മൂപ്പര് നടന്നു. ഇതാണ് പകിട.
ഇപ്പോള്‍ പകിടകളിയുടെ മറ്റൊരു ആവേശത്തിലാണ് നിളയുടെ ഗ്രാമം. ആനക്കര പഞ്ചായത്തിലെ കുമ്പിടി പുറമതില്ശേരിയിലാണ് പഴയകാലത്തെ അനുഭൂതി വിളിച്ചോതുന്ന പകിടകളി നടന്നുകൊണ്ടിരിക്കുന്നത്. ചാണകം മെഴുകിയ തറയില്‍ വൃത്തിയായി വരച്ചുണ്ടാക്കിയ പകിടക്കളം. പകിട പകിട പന്ത്രണ്ടെന്ന് ആര്‍ത്തിരമ്പുന്ന കളിക്കാര്‍. കളി മുറുകിവരുമ്പോള്‍ ചുറ്റം കാണികള്‍ കൂടിക്കൂടിവരും. മെല്ലെ മെല്ലെ ഒരു ഗ്രാമം മുഴുവന്‍ കളികളത്തിനു ചുറ്റുമെത്തും. പണ്ടൊക്കെ ഓണനാളിലാണ് ആവേശമേറിയ പകിടകളി അരങ്ങേറിയിരുന്നത്. അത് ഏറെയും നടന്നിരുന്നത് എം.ടിയുടെ കൂടല്ലൂരിലും. കൂടല്ലൂര്‍, കുമ്പിടി, അമേറ്റിക്കര, മൂക്കുതല എന്നീ ഗ്രാമങ്ങളെല്ലാം പകിടകളിയുടെ കേന്ദ്രങ്ങളാണ്.
തിരുവോണ നാളുകളിലാണ് ദേശക്കാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നത്. ഇപ്പോള്‍ അതു മാറിയിരിക്കുന്നു. വള്ളുവനാട്ടിലെ ഗ്രാമങ്ങളില്‍ ചെറുതും വലുതുമായ പകിടകളി സംഘങ്ങള്‍ നിരവധിയാണ്. ഒരു വര കളി എന്നുപറഞ്ഞാല്‍ 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍വരെ നീളും. കളി മുറുകുന്നതിനനുസരിച്ച്കളിക്കാര് മാറിമാറിയിരിക്കും. കളി നിര്‍ത്താതെ തുടര്‍ന്നുകൊണ്ടിരിക്കും.
പകിടകളിയുടെ കമ്പം മൂത്ത് ഭക്ഷണം പോലും കഴിക്കാതെ ദിവസങ്ങളോളം കളിക്കളത്തിലിരിക്കുന്നവരും ഗ്രാമങ്ങളിലുണ്ട്. ദേശങ്ങള്‍ തമ്മിലുള്ള കളികള്‍ നാലോ അഞ്ചോ ദിവസം വരെ നീണ്ട ചരിത്രമുണ്ട്. നാലു വരക്കളി എന്നു പറഞ്ഞുതുടങ്ങിയാല്‍ രാവും പകലുമില്ലാതെ നാലു വര തീരുന്നതുവരെ കളിക്കും. നാലു കൊമ്പുകളില്‍ 96 കള്ളികളാണ് ഉണ്ടാവുക. രണ്ടു ടീമുകള്‍ക്കുമായി 16 ചൂതുകളുമുണ്ട്. വാഴയിലയുടെ തണ്ടാണ് ചൂതിനായി വെട്ടിയെടുക്കുക. എട്ടു ചൂതുകള്‍ കൊമ്പു ചുറ്റി പഴം വീണാല്‍ കളി ജയിക്കും. ഓടില്‍ വാര്‍ത്തതാണ് പകിടകുരു. ഒന്ന്, മൂന്ന്, നാല്, ആറ് എന്നിങ്ങനെ പകിടകളില്‍ കുത്തുകളുണ്ടാകും. വാശി കൂടുന്തോറും കളിയും നീളും. ഒരിക്കല്‍പ്പോലും പകിടകളി സ്ഥലത്ത് വഴക്കുണ്ടാക്കാറില്ല. പകിടകളിയില്ലാത്ത നിളാഗ്രാമങ്ങള് ഓര്‍ക്കാന്‍കൂടി കഴിയില്ല. പകിടകളിയുടെ ഗുരുക്കന്മാര് പലരും മണ്‍മറഞ്ഞുപോയെങ്കിലും അവരില്‍നിന്നു കളിയുടെ ബാലപാഠങ്ങള്‍ പഠിച്ച് ദേശത്തിന്റെ മാനം കാക്കാന്‍ ശ്രമിക്കുകയാണ് പുറമതില്ശേരി ഗ്രാമത്തിലെ ചെറുപ്പക്കാര്‍.
സി.കെ. ശശി പച്ചാട്ടിരി
Recent Comments