ഭാഷാഭ്രാന്ത് വേണ്ട; സ്‌നേഹം മതി – എം.ടി
തിരൂര്‍: മലയാളഭാഷയോട് ഭ്രാന്തമായ ആവേശംവേണ്ട, സ്‌നേഹം മാത്രംമതി. ചിലപ്പോള്‍ സ്‌നേഹം ഭ്രാന്തായി മാറാറുണ്ട് – എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കേരള കണ്‍വെന്‍ഷന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ നാട്ടുഭാഷയായി ഇംഗ്ലീഷിനെ ഉപയോഗിക്കുന്നതോടൊപ്പം അവരുടെ വീടുകളില്‍ സ്വന്തം ഭാഷയാണ് ഉപയോഗിച്ചുവരുന്നത് – എം.ടി പറഞ്ഞു.
ഭാഷയുടെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. നമ്മള്‍ മറ്റുഭാഷകള്‍ക്ക് എതിരല്ല. നമ്മുടെ ഭാഷയെ സ്‌നേഹിക്കുകയും വന്ദിക്കുകയും ചെയ്താല്‍മതി – എം.ടി പറഞ്ഞു.
യോഗത്തില്‍ പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, മലയാള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍, സക്കറിയ, അക്ബര്‍ കക്കട്ടില്‍, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, ആര്‍. ഗോപാലകൃഷ്ണന്‍, പി.ടി. നരേന്ദ്ര മേനോന്‍, പി.എസ്. നായര്‍, ജോസ് ഓച്ചാലില്‍, എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, അബ്ദുള്‍ പുന്നയൂര്‍കുളം, സ്റ്റാന്‍ലി ലൂക്കോസ്, ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ‘മലയാള സാഹിത്യം-രചനയുടെ പാഠഭേദങ്ങള്‍’ എന്ന സാഹിത്യസെമിനാര്‍ നടത്തി. ജോണ്‍മാത്യു മോഡറേറ്ററായിരുന്നു. സി. രാധാകൃഷ്ണന്‍, സക്കറിയ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ‘മലയാളിയുടെ മാഹാത്മ്യങ്ങള്‍’ എന്ന സെമിനാറില്‍ പി.കെ. പാറക്കടവ് മോഡറേറ്ററായിരുന്നു. തുടര്‍ന്ന് ‘മലയാളത്തിന്റെ ലോക വിനിമയങ്ങള്‍’ എന്ന സെമിനാറില്‍ പ്രൊഫ. മാത്യു പ്രാല്‍ മോഡറേറ്ററായി.
കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളിലായാണ് ‘ലാന’യുടെ കേരള കണ്‍വെന്‍ഷന്‍ നടന്നത്.
Recent Comments