നിന്റെ ഓര്‍മ്മയ്ക്ക്‌ – എം.ടി. വാസുദേവൻ നായർ

MT Vasudevan Nair - Kudallur

ഒരു കഥ എഴുതി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കരഞ്ഞിട്ടുള്ളത് , അതാണ്‌ ‘നിന്റെ ഓര്‍മ്മയ്ക്ക്‌ ‘- എം.ടി

ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി.
ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ. അവള്‍ എന്റെ സഹോദരിയാണ്‌!

ഈ വസ്‌തുത അറിയുന്ന വ്യക്തികള്‍ ലോകത്തില്‍ വളരെ കുറച്ചേ ഉള്ളൂ.
ലീലയെക്കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം പെട്ടിക്കടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ റബ്ബര്‍ മൂങ്ങയാണ്‌. റദ്ദുചെയ്‌ത ഷര്‍ട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കകത്ത്‌ ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട്‌ ആ പഴയ റബ്ബര്‍ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകര്‍ഷകത്വമില്ലാതായിട്ടുണ്ട്‌. സ്‌ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകള്‍ മാത്രം മങ്ങിയിട്ടില്ല.

ഒരു കാലത്ത്‌ അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥനായതില്‍ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്‌. അതു സഞ്ചിയില്‍ വച്ചുകൊണ്ട്‌ സ്‌കൂളില്‍ ചെന്നു കയറിയപ്പോള്‍ ഞാന്‍ സ്വയം ഒന്നുയര്‍ന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത്‌ വിലപിടിപ്പുള്ള ഒരു മുതലുണ്ട്‌. അപ്പുകുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാന്‍കുട്ടിയുടെ മൌത്ത്‌ ഓര്‍ഗനേക്കാളും മുന്തിയതാണ്‌ എന്റെ മൂങ്ങ. അതേയ്‌, കൊളമ്പില്‍നിന്നു കൊണ്ടുവന്നതാണ്‌!

റബ്ബര്‍ മൂങ്ങയ്‌ക്ക്‌ രണ്ടു വിശേഷതകളുണ്ട്‌. അടിഭാഗത്തെ കുറ്റി അമര്‍ത്തിയാല്‍ അതിന്റെ വയര്‍ തുറക്കും. വയറിന്നകത്ത്‌ പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളില്‍ കടും നീലനിറത്തിലുള്ള, ഒരു ചെറിയ കുപ്പി. അതില്‍ സെന്റായിരുന്നു! അടപ്പു തുറന്നാല്‍ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസ്സുമുഴുവന്‍ വ്യാപിക്കും. പെണ്‍കുട്ടികളിരിക്കുന്ന ബഞ്ചില്‍നിന്ന്‌ പിറുപിറുപ്പുകള്‍ കേള്‍ക്കാം.
“ആ കുട്ടീടെ കയ്യിലാ…!”
`ആ കുട്ടി’ ഞാനായതില്‍ എനിക്കഭിമാനമുണ്ടായിരുന്നു.
എന്നിട്ടും അത്‌ `മാപ്ലസെന്റാ’ണെന്ന്‌ പുച്ഛിച്ച ശങ്കുണ്ണിയുമായി ഇടിപ്പയറ്റു നടത്തിയതില്‍ എനിക്കിന്നും പശ്ചാത്താപമില്ല.

രണ്ടാമത്തെ പ്രത്യേകത: പിന്‍വശത്തെ കമ്പികളിളക്കിയാല്‍ മൂങ്ങ കണ്ണുരുട്ടും.
ഉച്ചസമയത്ത്‌ കുട്ടികളുടെ മുന്നില്‍ മൂങ്ങയെ പ്രദര്‍ശിപ്പിക്കുമ്പോള്‍ മായക്കുതിരയുടെ ഉടമസ്ഥനായ രാജകുമാരന്റെ കഥ മുത്തശ്ശി പറഞ്ഞത്‌ എന്റെ മനസ്സിലുണ്ടാകും. ആ മൂങ്ങ എന്റെ ജീവനായിരുന്നു. മറ്റൊരാളെ ഏല്‌പിക്കാന്‍ മനസ്സു വരില്ല. അതിന്റെ `മെക്കാനിസം’ അറിയുന്നത്‌ എനിക്കു മാത്രമല്ലേ?
ഞാന്‍ ആരംഭിച്ചത്‌……. ഓ, ലീലയെപ്പറ്റിയായിരുന്നു. ഒന്നു പറയാന്‍ വിട്ടുപോയി, റബ്ബര്‍ മൂങ്ങ എനിക്കു സമ്മാനിച്ചത്‌ ലീലയായിരുന്നു.
ജീവിതത്തില്‍നിന്ന്‌ ചീന്തിയെടുക്കുന്ന ഒരു പഴയ താളാണിത്‌.

കുടുക്കുകള്‍ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയില്‍ കുടുക്കി നിര്‍ത്തി നടക്കുന്ന കാലം. പത്തോ പതിനൊന്നോ വയസ്സ്‌ പ്രായം കാണും. അമ്മയുടെയും ജ്യേഷ്‌ഠന്മാരുടെയും അടി മുറയ്‌ക്ക്‌ വാങ്ങും. `അമ്മാളുഅമ്മയുടെ മകന്‍ വാസു വല്ലാത്ത വികൃതിയാണെന്നായിരുന്നു പൊതുജനാഭിപ്രായം. അതിനു പ്രചരണം നല്‍കിയത്‌ അയല്‍വക്കത്തെ പാറുവമ്മയാണ്‌. ഉച്ചയ്‌ക്ക്‌ അവര്‍ പതുക്കെ ഞങ്ങളുടെ നടപ്പുരയിലെത്തും. അമ്മയുടെ തലയില്‍ നിന്ന്‌ പേനെടുത്തുകൊണ്ട്‌ പാറുവമ്മ നാല്‌ ഞായം പറയും. അതു കേള്‍ക്കാന്‍ എനിക്കിഷ്‌ടമാണ്‌. ഇല്ലത്തെ മാളാത്തേലിനേപ്പറ്റിയോ തെരണ്ടിരിക്കുന്ന കുട്ടിയെപ്പറ്റിയോ ആയിരിക്കും പറയുന്നത്‌. എന്നാലും കേട്ടിരിക്കാന്‍ രസമുണ്ട്‌. അതിനിടയ്‌ക്ക്‌ പാറുവമ്മ പറയും:
“ന്റെ മോന്‍ ആ ചെല്ലൊന്ന്‌ എട്‌ത്ത്വൊണ്ടരൂ…”
അതാണ്‌ കുഴപ്പം. അതിന്‌ ഞാന്‍ കൂട്ടാക്കാത്തപ്പോള്‍ അമ്മ കല്‍പ്പിക്കും. അതനുസരിക്കില്ല. പിന്നെയും ശാസിച്ചു നോക്കും. ഞാനെന്തെങ്കിലും വികടം പറഞ്ഞെന്ന്‌ വരും. അപ്പോള്‍ വീഴും പുറത്തൊന്ന്‌.
ഒരു സാധാരണ രംഗമാണത്‌.

അയല്‍വക്കത്തെ സ്‌ത്രീകള്‍ക്കിടയില്‍ അമ്മ ബഹുമാനത്തിനു പാത്രമായിരുന്നു. കാരണം അമ്മയുടെ കൈയില്‍നിന്നു പണമോ അരിയോ വായ്‌പ കിട്ടും. സദ്യയ്‌ക്ക്‌ പോകാനുള്ള പണ്ടം കടം വാങ്ങാനും അമ്മയുടെ സേവ വേണം.
“മാസം മാസം അമ്മയ്‌ക്ക്‌ എത്ര പണാ വര്‌ണ്‌?”
“അയാള്‍ക്കേയ്‌, കൊളമ്പില്‌ എന്ത്‌ വാരലാത്രെ!”
അങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍…….
അച്ഛന്‍ വളരെ കാലമായി സിലോണിലാണ്‌. മാസംതോറും ധാരാളം പണം അയയ്‌ക്കും.
ഞങ്ങള്‍ നാലാണ്‍മക്കളാണ്‌. സഹോദരിമാര്‍ ആരുമില്ല. മറ്റുള്ളവരുടെ കണ്ണില്‍ അതൊരു നല്ല ഗുണമാണ്‌. പാറുവമ്മയുടെ അഭിപ്രായത്തില്‍ അതാണമ്മയുടെ ഏറ്റവും വലിയ സുകൃതം. അതിന്റെ കാരണം ഞാന്‍ വിചാരിക്കുന്നതു പാറുവമ്മയുടെ വീട്ടില്‍ പെരുകിവരുന്ന പെണ്‍പടയാണ്‌. ആയമ്മയ്‌ക്കു അഞ്ച്‌ അവര്‍ക്ക്‌ ഏഴും. പതിമൂന്നു പെണ്ണുങ്ങള്‍ നിറഞ്ഞ ഒരു കുടുംബമാണത്‌.

ഒരു പെണ്‍കുട്ടിയുണ്ടാവാന്‍ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാണ്‍മക്കള്‍ക്കുശേഷം അമ്മ ഗര്‍ഭിണിയായപ്പോള്‍ കണിയാര്‍ പറഞ്ഞു: “ഇത്‌ പെണ്‍കുട്ടിതന്നെ.”
എല്ലാവര്‍ക്കും സന്തോഷമായി. ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളുമില്ല.
പക്ഷേ പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട്‌ ഒരു ചാവാളിച്ചെറുക്കന്‍ ഭൂജാതനായി. വിനയപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ, ആ നിര്‍ഭാഗ്യവാന്‍ ഞാനാണ്‌.
എന്‍െറ സ്ഥാനത്ത്‌ ഒരു പെണ്‍കുഞ്ഞ്‌ പിറക്കായിരുന്നു… ദൈവത്തെ ഞാന്‍ ശപിച്ചത്‌ പിന്നീടാണ്‌.
കുടുക്കില്ലാത്ത മുഷിഞ്ഞ ട്രൌസര്‍ ഇട്ട്‌ വികൃതിയായി നടന്നിരുന്ന കാലത്ത്‌- അന്നെനിക്ക്‌ അച്ഛനെ ഓര്‍മ്മയില്ല. അച്ഛന്റെ പടം മുറിയില്‍ പലേടത്തും കണ്ടിട്ടുണ്ട്‌. എനിക്കു നാലു വയസ്സുള്ളപ്പോള്‍ സിലോണില്‍ പോയതാണ്‌. പിന്നെ വന്നിട്ടില്ല.

അതിനെപ്പറ്റി സൂചിപ്പിച്ചാല്‍ ഏട്ടന്‍മാര്‍ എന്നെ കളിയാക്കും. അവരുടെ മുമ്പില്‍ ഞാന്‍ ചൂളിപ്പോകും. അവര്‍ സിലോണില്‍ വളരെക്കാലം ജീവിച്ചിട്ടുണ്ട്‌. എന്നെക്കാളും അധികാരപൂര്‍വ്വം അച്ഛനെപ്പറ്റി സംസാരിക്കുന്നത്‌ അവരാണ്‌.

ഞാന്‍ അമ്മയുടെ ഗര്‍ഭത്തിലായിരിക്കുന്ന കാലത്താണ്‌ അമ്മയും മറ്റു സഹോദരന്‍മാരും നാട്ടിലേക്കു മടങ്ങിപ്പോന്നത്‌. അതില്‍പ്പിന്നെ കൊല്ലത്തില്‍ രണ്ടുമൂന്നുമാസം അവധിയില്‍ അച്ഛന്‍ നാട്ടില്‍വരും.
അമ്മയുടെ വക എനിക്കു ധാരളം അടി വന്നുചേരാറുണ്ട്‌. ഏട്ടന്മാരും ഇടയ്‌ക്കെല്ലാം ദ്രോഹിക്കും. തനിച്ചിരിക്കുമ്പോള്‍ എന്റെ ദുരവസ്ഥയെപ്പറ്റി ഞാനോര്‍ത്തുപോകും. ഒരു മകളുടെ സ്ഥാനത്ത്‌ വന്നു പിറന്നതുകൊണ്ടായിരിക്കാം.

എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കുമോ അച്ഛന്‍ നാട്ടില്‍ വരാത്തത്‌?
രാത്രിയില്‍ കിടക്കുമ്പോള്‍ പലതും ആലോചിക്കും. ഓര്‍ത്തോര്‍ത്ത്‌ അവസാനം അറിയാതെ ചോദിച്ചുപോവും:
“അമ്മേ, ഞാനൊരു പെങ്കുട്ടി ആയിച്ചാലോ?”
“മിണ്ടാതെ കിടക്കെടാ.”

ഉറക്കം പിടിച്ചു തുടങ്ങിയ അമ്മ ദേഷ്യംപിടിച്ച്‌ തുടയ്‌ക്കൊരു നുള്ളു പാസ്സാക്കും.
ഒരു പെണ്‍കുട്ടിയുണ്ടാവാത്തതില്‍ അമ്മയ്‌ക്കും അച്ഛനും വേദനയുണ്ട്‌. അതെനിക്കറിയുകയും ചെയ്യും.
ഒരു പെങ്ങളുണ്ടാവുക. നല്ലൊരു കാര്യമാണത്‌. എന്റെ ക്ലാസ്സിലെ കുട്ടികള്‍ക്കും ചേട്ടത്തിമാരും അനിയത്തിമാരുമുണ്ട്‌. ഗോപിയുടെ പുസ്‌തകങ്ങളെല്ലാം കലണ്ടര്‍ ഏടുകള്‍കൊണ്ട്‌ ഭംഗിയില്‍ പൊതിഞ്ഞു കൊടുക്കുന്നത്‌ ഭാനുചേച്ചിയാണത്രെ. അവന്റെ ഭാനുചേച്ചിയാണ്‌ പുസ്‌തകങ്ങളില്‍ പേരെഴുതി കൊടുക്കുന്നത്‌. എന്തുഭംഗിയുള്ള അക്ഷരങ്ങള്‍! കരുണാകരന്റെ മൂത്ത പെങ്ങള്‍ക്ക്‌ കല്യാണമുണ്ടായി. വലിയൊരു മീശയും ഇത്തിരിമാത്രം വലിപ്പമുള്ള ഒരു വാച്ചുമുള്ള ആളാണത്രെ അവന്റെ ചേച്ചിയെ കല്യാണം കഴിച്ചത്‌. അയാളും കൂട്ടുകാരും പന്തലില്‍ വന്നു കയറിയപ്പോള്‍ കാല്‍ കഴുകിച്ചത്‌ അവനാണുപോലും. കുരവയും നാദസ്വരവുമൊക്കെ അന്നു രാത്രിയില്‍ ഞാനും കേള്‍ക്കുകയുണ്ടായി.

അതെല്ലാം നല്ലതുതന്നെ. എന്നാലും കാല്‍ കഴുകിക്കുന്നതു എനിക്കത്ര പിടിച്ചില്ല.
“പിന്നേയ്‌” അവന്‍ സ്വകാര്യം പറയുകയാണ്‌. “ഞാന്‍ എന്താശ്ശണ്ടോ അയാളെ വിളിക്ക്യാ? അളിയാന്ന്‌”.
കരുണാകരനും ഗോപിയുമൊക്കെ ഭാഗ്യവാന്മാരാണെന്നു തോന്നി. വീട്ടില്‍ ഒരു കല്യാണമുണ്ടാകുന്നത്‌ നല്ലൊരു കാര്യമാണ്‌: അലങ്കരിച്ച പന്തലും പെട്രോമാക്‌സ്‌ വിളക്കുകളും ആള്‍ത്തിരക്കും അകത്തു നിറയെ പെണ്ണുങ്ങളും…… ഒന്നുവിട്ടുപോയി: ഗ്രാമഫോണ്‍ പാട്ടും.
എന്റെ വീട്ടില്‍ ഒരു കല്യാണമുണ്ടാവാന്‍ യാതൊരു വഴിയുമില്ല. എനിക്കൊരു പെങ്ങളില്ല-!
എന്റെ പുസ്‌തകങ്ങള്‍ക്ക്‌ ഭംഗിയുള്ള പൊതിച്ചിലില്ല. നല്ല അക്ഷരത്തില്‍ പേരെഴുതിയിട്ടില്ല. എനിക്ക്‌ ഒരളിയനുണ്ടാവില്ല…….

ഉണ്ടായിരുന്നെങ്കിലല്ലേ കരുണാകരന്റെ വീട്ടിലേക്കാളും ഗംഭീരമാക്കൂ. അപ്പോള്‍ കരുണാകരന്‍ എന്നെ കാണണം. അവന്റെ വീട്ടിലെ കല്യാണം അത്രയൊന്നും നന്നാവില്ല. അല്ലെങ്കിലും അവനെന്ത്‌ കുളൂസാ…!
എന്റെ പുസ്‌തകങ്ങള്‍ ഞാന്‍ തന്നെയാണ്‌ പൊതിയുന്നത്‌. വൃത്തിയാവില്ല. ഏട്ടന്മാരോടു പറഞ്ഞാല്‍ വല്ലതുമൊക്കെ പറയും. എതിരുപറഞ്ഞാല്‍ വികൃതിയാണെന്ന പൊതുജനാഭിപ്രായത്തെ മാനിച്ചുകൊണ്ട്‌ തലക്കൊരു മേട്ടമോ മറ്റോ സമ്മാനിക്കും.

അച്ഛന്റെ കത്തുകള്‍ മുറയ്‌ക്ക്‌ വരാറുണ്ട്‌: അമ്മ ശ്രദ്ധിച്ചു വായിക്കും. പത്താംക്ലാസ്സുകാരനായ മൂത്ത ഏട്ടന്‍ വായിക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി കേള്‍ക്കുകയും വേണം.

“…. കുട്ടികള്‍ക്കെല്ലാവര്‍ക്കും സുഖമെന്ന്‌ കരുതുന്നു. അവരുടെ വിവരങ്ങള്‍ക്ക്‌ പ്രത്യേകം എഴുതുമല്ലോ….’
അടങ്ങാത്ത ആവേശത്തോടെ ഞാനതെല്ലാം കേള്‍ക്കും. കുട്ടികള്‍ എന്നു പറയുന്നതില്‍ ഞാനും അടങ്ങിയിട്ടുണ്ടല്ലോ.
മുന്നൂറില്‍പ്പരം നാഴികക്കപ്പുറത്ത്‌ ജോലി ചെയ്യുന്ന അച്ഛനെപ്പറ്റി ഞാനോര്‍ക്കും. അദ്ദേഹം ഒരു കമ്പനിയിലാണത്രെ ജോലിചെയ്യുന്നത്‌. ഏട്ടന്മാരെല്ലാം അച്ഛന്റെ ഓഫീസില്‍ പോയിട്ടുണ്ട്‌.
സിലോണിനെപ്പറ്റി പറയുന്നതെന്തും ഞാന്‍ ശ്രദ്ധവച്ചു കേള്‍ക്കും. എവിടെവച്ചായാലും. അവിടത്തെ ആളുകള്‍ പറയുന്നത്‌ നമുക്ക്‌ തിരിയില്ലത്രെ. കാരണം അവര്‍ സംസാരിക്കുന്നത്‌ മറ്റേതോ ഭാഷയാണ്‌. അവിടുത്തെ ആളുകള്‍ ഭയങ്കരന്മാരാണ്‌. കുഞ്ഞുങ്ങളെ റോട്ടിലും മറ്റും കണ്ടാല്‍ അരയില്‍ നിന്ന്‌ കത്തിയൂരിയെടുത്ത്‌ കഴുത്തു മുറിച്ചുകളയുമെന്നാണ്‌ ബാലേട്ടന്‍ പറയുന്നത്‌. അത്തരമൊരു സംഭവം സ്വന്തം കണ്ണുകൊണ്ട്‌ കണ്ട ആളാണ്‌ വല്യേട്ടന്‍.

അതറിഞ്ഞപ്പോള്‍ ഭയം തോന്നി. ഈ ക്രൂരന്മാരുടെ ഇടയിലാണ്‌ അച്ഛന്‍ ജിവിക്കുന്നത്‌….. ഈശ്വരാ!
“കുട്ട്യോളെ മാത്രേ കൊല്ല്‌ള്ളൂ, അല്ലേ?”
“പണം കിട്ടാന്‍ ആരേം കൊല്ലും….”
ഇത്‌ കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു നടുക്കം. പുറത്ത്‌ കാട്ടില്ല. എന്റെ ഈശ്വരാ…. അച്ഛന്റെ കൈവശം ധാരാളം പണമുണ്ടെന്നാണ്‌ ആളുകള്‍ പറയുന്നത്‌.

ആയിടയ്‌ക്കാണ്‌ കമ്പികിട്ടിയത്‌. അച്ഛന്‍ നാട്ടിലേക്ക്‌ പുറപ്പെടുന്നു വെന്ന്‌…..!
എവിടെയൊക്കെയോ യുദ്ധം നടക്കുന്ന കാലമാണ്‌. അച്ഛന്‍ ജോലി ചെയ്യുന്ന സ്ഥലത്തും യുദ്ധം തുടങ്ങിയിരിക്കുന്നുവത്രെ. അതാണച്ഛന്‍ പെട്ടെന്ന്‌ പുറപ്പെടാന്‍ കാരണം. കടലാസു വായിക്കാറുള്ള വല്യേട്ടന്‌ യുദ്ധത്തിനെ സംബന്ധിച്ചെല്ലാം അറിയാം.
വീട്ടിലെ അന്തരീക്ഷത്തില്‍ അത്‌ ചലനങ്ങള്‍ നിര്‍മ്മിച്ചു. അച്ഛന്‍ വരുന്നു…! ആറുകൊല്ലത്തിനുശേഷം എനിക്കച്ഛനെ കാണാം….!

“ കൊളമ്പീന്ന്‌ ഇവടെത്താന്‍ എത്ര ദിവസം വേണം?”
ഞാന്‍ അന്വേഷിച്ചു. മൂന്നുമണിക്കൂര്‍ കപ്പലിലിരിക്കണം. രണ്ടുദിവസം വണ്ടിയിലും.
കപ്പല്‍ വെള്ളത്തില്‍ സഞ്ചരിക്കുന്ന വാഹനമാണെന്ന്‌ അഞ്ചാം പാഠത്തില്‍ പറഞ്ഞിട്ടുണ്ട്‌. വെള്ളത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെയെല്ലാം എനിക്കു ഭയമാണ്‌. ഭഗവതി ക്ഷേത്രത്തില്‍ തൊഴാന്‍ പോകുമ്പോള്‍ തോണിയിലിരിക്കാറുണ്ട്‌. പേടിച്ചു വിറച്ചായിരിക്കും ഞാന്‍ തോണി കടക്കുന്നത്‌. മറിയുമോ എന്ന ഭയം. തോണി പുഴയിലാണ്‌. കപ്പല്‍ കടലിലും. കടലില്‍ കൂറ്റന്‍ തിരമാലകളുണ്ടാവും. കപ്പലും മറിയാറുണ്ടോ?
അച്ഛന്‍ വേഗം വരണേ…!

അമ്മയുടെ കണക്കുപ്രകാരം തിങ്കളാഴ്‌ച അച്ഛന്‍ എത്തുമെന്നാണ്‌ വിശ്വസിക്കേണ്ടത്‌.
സ്‌കൂളുണ്ടായിരുന്നെങ്കിലും പോകുന്നില്ലെന്നു വച്ചു. ഏട്ടന്മാരും പോയില്ല. എല്ലാവര്‍ക്കും അമ്മ ലീവ്‌ സാങ്‌ഷനാക്കിയിട്ടുണ്ട്‌.

….ഉറക്കം വരുന്നതുവരെ പടിയ്‌ക്കലേക്ക്‌ നോക്കിയിരുന്നു. കാണുന്നില്ല.
അടുത്ത പ്രഭാതത്തില്‍ അച്ഛന്‍ വന്നുകയറി.
പത്തായപ്പുരയുടെ മുകളില്‍നിന്ന്‌ ബാലേട്ടനാണത്‌ കണ്ടത്‌. വയല്‍ വരമ്പിലൂടെ അച്ചന്‍ വരുന്നു. പിന്നില്‍ വലിയ പെട്ടികളും മറ്റും ചുമന്ന്‌ മൂന്നു കൂലിക്കാരും.
കോലായില്‍ കയറിയ ഉടനെ അച്ഛന്‍ എന്നെ വാരിയെടുത്തു.
ഒരു കാര്യം ഉറപ്പാണ്‌. ഏട്ടന്‍മാരുടെ മുമ്പില്‍ എപ്പോഴെങ്കിലും ഞാന്‍ ഉയര്‍ന്നതായി തോന്നിയിട്ടുണ്ടെങ്കില്‍ അപ്പോളാണ്‌……

അടുത്തത്‌ അവരുടെ ഊഴമായിരുന്നു. അച്ഛന്‍ ഓരോരുത്തരെയും തൊട്ടുതടവി. ട്രൌസര്‍ ഉരച്ചുകയറ്റിക്കൊണ്ട്‌ അല്‍പ്പം നാണിച്ച്‌ നില്‍ക്കുന്ന ഞാന്‍ അച്ഛനെ നല്ലപോലെ കണ്ടു.
ഫോട്ടാവില്‍ കാണുന്നതിലുമധികം കറുത്തിട്ടാണ്‌. തടിയും കൂടുതലുണ്ട്‌. അരുകിന്ന്‌ ചിത്രപ്പണിയുള്ള നീണ്ടസാല്‍വ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നു….. അതിലിടയ്‌ക്കാണ്‌ ഞാന്‍ മറ്റൊരത്ഭുതം കണ്ടത്‌. അച്ഛന്റെ പിറകില്‍ മറ്റൊരു പെണ്‍കുട്ടി!

വിളറിയ നിറത്തില്‍ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ത്തിയ ചുരുണ്ട ചെമ്പന്‍മുടിയുള്ള ഒരു പെണ്‍കുട്ടി. വെളുത്ത സില്‍ക്കില്‍ ചുവന്ന വലിയ പൂക്കള്‍ വളര്‍ത്തിയ ഒരു ഗൌണാണിട്ടിട്ടുള്ളത്‌. എന്നേക്കാളും ഉയരം കാണും.

അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തലകുലുക്കി. എന്നിട്ട്‌ പതുക്കെ ഉമ്മറക്കോലായിലേക്ക്‌ കയറി അമ്പരപ്പോടെ നിന്നു.
വാതിക്കലും ജനാലകളിലും ഉല്‍ക്കണ്‌ഠനിറഞ്ഞ കണ്ണുകള്‍ കാണാമായിരുന്നു.
ആറു വര്‍ഷത്തിനുശേഷം നാട്ടില്‍ വരുന്ന അച്ഛനെക്കാളുമധികം മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്‌ ആ പെണ്‍കുട്ടിയാണ്‌.

കൂലിക്കാര്‍ പെട്ടിയും സാധനങ്ങളും താഴെയിറക്കി. പടുകൂറ്റന്‍ പെട്ടികള്‍. കൂട്ടത്തില്‍ ഇളം നീലത്തുണികൊണ്ടുള്ള കുപ്പായമിട്ട ഒരു തോല്‍പ്പെട്ടിയും. അത്‌ നിലത്തുവച്ചപ്പോള്‍ ആ പെണ്‍കുട്ടി പതുക്കെ അതൊരരുകിലേക്ക്‌ മാറ്റിവച്ചു.
ഉമ്മറത്തേക്ക്‌ ചായയെത്തി. അകത്തുനിന്ന്‌ കൊക്കിക്കുരച്ചുകൊണ്ട്‌ മുത്തശ്ശി ഉമ്മറത്തുവന്നു.
“പെലച്ചവണ്ടിക്കേ വന്ന്‌?”
“അതെ, എന്ത്‌ തിരക്കാ….. സെക്കന്റ്‌ ക്ലാസ്സില്‌ ഇരിക്കാന്‍ കൂടി സ്ഥലംല്യാച്ചാലോ?”
കണ്ണുതിരുമ്മിക്കൊണ്ട്‌ അച്ഛന്‍ പറഞ്ഞു.
“വല്ലാത്ത കാലം. പണ്ടൊക്കെ ആളോള്‌ കാശിക്ക്‌ കൂടി നടന്നിട്ടാ പൂവ്വാ….”
“മുഴുവന്‍ സിലോണില്‍ നിന്ന്‌ വരുന്നവരാണ്‌…. അവിടെ ബോംബിട്ടപ്പോള്‍ ഒഴിച്ചുപോരുന്നോരാ.”
മുത്തശ്ശി ഇടയ്‌ക്കിടെ ചുമരും ചാരി നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ ഒന്നു നോക്കും. അവളാകട്ടെ, ഭൂഗര്‍ഭത്തില്‍ നിന്ന്‌ ആദ്യമായി പകല്‍വെളിച്ചത്തിലേക്ക്‌ കയറിവന്ന ഒരത്ഭുത ജീവിയെപ്പോലെ നില്‍ക്കുന്നു!
അമ്മ ഇനിയും ഉമ്മറത്തേക്ക്‌ വന്നിട്ടില്ല. അമ്മയെ വിളിച്ചാലോ എന്നു തോന്നി. ആറുകൊല്ലത്തിനുശേഷം അച്ഛന്‍ വന്നു കയറിയിരിക്കുകയാണ്‌. അപ്പോള്‍ ഒന്ന്‌ പുറത്തു വന്നു കൂടെ?

ഗൃഹാന്തരീക്ഷത്തില്‍ അര്‍ത്ഥഗര്‍ഭമായ ഒരു മൂകതയാണ്‌ തങ്ങിനില്‍ക്കുന്നത്‌. എനിക്കതിന്റെ കാരണം മനസ്സിലായി.
മുത്തശ്ശിയോടെന്നമട്ടില്‍, അച്ഛന്‍ ജോലിസ്ഥലത്ത്‌ ബോംബിട്ട വിവരവും മറ്റും എല്ലാവര്‍ക്കുമറിയാനായി വിവരിച്ചു. അച്ഛന്‍ താമസിക്കുന്ന തെരുവിന്റെ ഒരറ്റത്തും ബോംബുവീണുവത്രെ. ഒരു വലിയ തുണിച്ചരക്കു പീടിക മുഴുവന്‍ കത്തി നശിച്ചു. കെട്ടിടങ്ങള്‍ പലതും നിലംപറ്റി. പലരും മരിച്ചു. മരിച്ചവരുടെ കൂട്ടത്തില്‍ അച്ഛന്റെ ഒരു സ്‌നേഹിതനും പെട്ടിരുന്നു. അയാള്‍ സിംഹാളിയാണ്‌. അയാളുടെ മകളാണ്‌ അച്ഛന്റെ കൂടെയുള്ളത്‌. ലീല.
ലീലയ്‌ക്ക്‌ സ്വന്തമായി മറ്റാരുമില്ല. അമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. അച്ചന്‍ ബോംബുവീണപ്പോഴും. ഇനിയും അവിടെ ബോംബിട്ടേയ്‌ക്കാം. അപ്പോള്‍ അവളെ രക്ഷിക്കാന്‍, കൂടെ കൊണ്ടുവരികയേ നിവൃത്തിയുള്ളൂ.
ഞാന്‍ അച്ഛനും അമ്മയുമില്ലാത്ത ആ കുഞ്ഞിനെ നോക്കി. എനിക്കപ്പോള്‍ വേദന തോന്നി. പാവം.
അവളെ കാണാന്‍ ചന്തമുണ്ട്‌. എന്റെ ക്ലാസ്സിലെ പെണ്‍കുട്ടികളേക്കാളും ചന്തമുണ്ട്‌, തീര്‍ച്ച.
മുത്തശ്ശി അവളെ അകത്തേക്കു വിളിച്ചു. അവള്‍ക്കത്‌ കേട്ടഭാവമില്ല. അടുത്തുചെന്ന്‌ കൈപിടിച്ചപ്പോള്‍ അവള്‍ ഒരൊറ്റ ചീറ്റല്‍. തുടര്‍ന്നൊരു വിളിയും.
“ഡാഡീ…..”

അച്ഛന്റെ സമീപത്തുവന്ന്‌ മുത്തശ്ശിയുടെ നേരെ ചൂണ്ടിക്കൊണ്ട്‌ അവള്‍ കുലുകുലുവെന്ന്‌ എന്തൊക്കെയോ പറഞ്ഞു. അതെനിക്കു രസിച്ചില്ല. സംസാരമല്ല, അച്ഛനെ തൊട്ടുതൊട്ടുള്ള ആ നില്‌പ്‌.
അന്ന്‌ രാത്രിയില്‍ അച്ഛനും അമ്മയും തമ്മില്‍ മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദമായിരുന്നു… എന്തിനാണ്‌ അമ്മ അച്ഛനോട്‌ കയര്‍ക്കുന്നത്‌?

ഞാന്‍ പ്രതീക്ഷിച്ചതുപോലെ വീട്ടിനകത്തെ അന്തരീക്ഷം സുഖകരമാകുന്നില്ല. കുശുകുശുപ്പുകള്‍ അവിടവിടെ പൊങ്ങുന്നു…. അമ്മയെ കേള്‍പ്പിക്കരുതെന്നു അവര്‍ക്കെല്ലാമുണ്ട്‌. കുഴപ്പം മുഴുവന്‍, ഞാന്‍ മനസ്സിലാക്കിയിടത്തോളം ആ പെണ്‍കുട്ടിയെക്കൊണ്ടാണ്‌.

അയല്‍വക്കത്തെ പാറുഅമ്മയോട്‌ ചെറിയമ്മ പതിഞ്ഞ സ്വരത്തില്‍ പറയുകയാണ്‌:
“കണ്ടാലറിഞ്ഞൂടേ?”
“പിന്നില്ലാണ്ടോ?”
“ഏട്‌ത്തി കേക്കണ്ട, ഇതാത്രെ മൂത്ത മകള്‌…”
കാര്യം ഏറെക്കുറെ എനിക്കു മനസ്സിലായി. വീടിനകത്തെ പിറുപിറുപ്പുകളിലെല്ലാം അടങ്ങുന്ന വിഷയം ഒന്നാണ്‌. ലീല അച്ഛന്റെ മകളാണ്‌!
അച്ഛന്റെ മകള്‍! അപ്പോള്‍ എന്റെ പെങ്ങളുമാണ്‌. ഞാന്‍ ഇത്രനാളും വിചാരിച്ചത്‌ തെറ്റാണ്‌. എനിക്കും ഒരു പെങ്ങളുണ്ട്‌.
അതൊരു കാര്യമാണെന്നാണ്‌ എന്റെ വിശ്വാസം. എന്നിട്ടും ഇവരെല്ലാം മുറുമുറുക്കുന്നതെന്തിന്‌?
അവള്‍ പറയുന്നത്‌ എനിക്ക്‌ മനസ്സിലാവില്ല. പിന്നെ ആ തറയ്‌ക്കുന്ന നോട്ടം. എന്നാലും എനിക്കതില്‍ പ്രതിഷേധമില്ല. അവളെന്റെ പെങ്ങളല്ലേ?

അവള്‍ എന്റെ അനുജത്തിയോ, ജ്യേഷ്‌ഠത്തിയോ? പറയാന്‍ വിഷമമുണ്ട്‌. അച്ഛനോടു ചോദിച്ചാല്‍ അറിയാം. പക്ഷേ ചോദിക്കാന്‍ വയ്യ. അനിയത്തിയാവാനേ തരമുള്ളൂ എന്റെ ഭാഷ അവള്‍ക്ക്‌ മനസ്സിലാവാന്‍ തുടങ്ങിയാല്‍ ഞാന്‍ പിന്നെ `അനീത്തീ, എന്നേ വിളിക്കൂ.

അനിയത്തിയുമായി അടുക്കുവാന്‍ ശ്രമിച്ചുവെങ്കിലും അത്‌ ഫലിച്ചില്ല. അവള്‍ ഞങ്ങളില്‍നിന്നെല്ലാം അകന്ന്‌ നില്‍ക്കുകയാണ്‌. അച്ഛനോടു മാത്രമേ സംസാരിക്കുകയുള്ളൂ. എപ്പോഴും അവള്‍ക്ക്‌ `ഡാഡി’ മതി. `ഡാഡി’ എന്നാല്‍ `അച്ഛാ’ എന്നാണര്‍ത്ഥമെന്ന്‌ വല്യേട്ടന്‍ പറഞ്ഞു. വല്യേട്ടന്‌ ഇംഗ്ലീഷറിയാം.
പകല്‍ മുഴുവന്‍ അവള്‍ ആ തോല്‍പ്പെട്ടിയുടെ പുറത്തു കഴിച്ചുകൂട്ടും. താക്കോല്‍ക്കൂട്ടം എപ്പോഴും ചൂണ്ടാണി വിരലില്‍ ചുഴറ്റുന്നുണ്ടാവും. പെട്ടിയുടെ അടുത്തേക്ക്‌ ആരെങ്കിലും ചെന്നാല്‍ ഈറ്റുപാമ്പിനെപ്പോലെ അവള്‍ ചീറ്റി നില്‍ക്കും.

ആ പെട്ടി നിറയെ ഉടുപ്പുകളാണ്‌. ഭംഗിയുള്ള തുണികള്‍ കൊണ്ടുള്ള ഉടുപ്പുകള്‍. തുറന്നാല്‍ `കൂറഗുളിക’യുടെ മണമുണ്ടാകും. സുഖകരമായ മറ്റേതോ സുഗന്ധവും.
രണ്ടുദിവസത്തിന്നുശേഷമാണ്‌ ഞാന്‍ ആ റബ്ബര്‍ മൂങ്ങ കാണുന്നത്‌. അവള്‍ പെട്ടി തുറന്നപ്പോള്‍ ഞാന്‍ പിന്നില്‍ നിന്ന്‌ പതുക്കെ എത്തിനോക്കി. അപ്പോളാണ്‌ കണ്ടത്‌, ഉടുപ്പുകള്‍ക്കിടയില്‍ ഭംഗിയുള്ള ഒരു റബ്ബര്‍ മൂങ്ങ.
“ഹതെന്താ?”

ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല.
അവള്‍ കണ്ണുചുളിച്ച്‌ നിസ്സാരഭാവത്തില്‍ എന്നെ നോക്കി. ഞാന്‍ പറഞ്ഞത്‌ മനസ്സിലായിരിക്കയില്ല.
“അതേയ്‌… ആ…ആ കാണുന്നത്‌?”
ഞാന്‍ ചൂണ്ടിക്കാണിച്ചു.
അവള്‍ റബ്ബര്‍ മൂങ്ങ പുറത്തെടുത്തു. അതിന്റെ ഭംഗി സ്വയം ഒന്നാസ്വദിച്ചശേഷം അവള്‍ എന്നെ ഒന്നു നോക്കി. അവളുടെ നേര്‍ത്ത വിരലുകള്‍ അതിന്റെ പിന്നില്‍ ചലിച്ചു. മൂങ്ങയുടെ നീലക്കണ്ണുകളിളകുന്നു….!
“ഒന്നു നോക്കട്ടെ…!”

ഞാന്‍ ലജ്ജയോടെ പറഞ്ഞു. ആരെങ്കിലും കേട്ടാല്‍ കളിയാക്കുമോ എന്നു ഭയമുണ്ട്‌.
വീണ്ടും നിസ്സാരഭാവത്തില്‍ അവള്‍ എന്നെ ഒന്ന്‌ നോക്കി. എന്നിട്ട്‌ പതുക്കെ ഈ റബ്ബര്‍ മൂങ്ങ പെട്ടിക്കടിയില്‍വെച്ച്‌ ഭദ്രമായി പൂട്ടി. ഞാന്‍ ഇളിഭ്യനായി. എന്റെ അച്ഛന്റെ മകളാണെങ്കിലും അവള്‍ തണ്ടുകാരിയാണ്‌ തീര്‍ച്ച.
എനിക്കാ റബ്ബര്‍ മൂങ്ങയില്‍ കമ്പം പിടിച്ചിട്ടുണ്ടെന്ന്‌ അവള്‍ക്ക്‌ മനസ്സിലായിക്കാണണം.അല്ലെങ്കില്‍ ഇടക്കിടെ പെട്ടി തുറന്ന്‌ അത്‌ പുറത്ത്‌ കാണിച്ച്‌ എന്നെ കൊതി പിടിപ്പിക്കുന്നതെന്തിനാണ്‌?
അവളുടെ പത്രാസ്‌ എനിക്ക്‌ കേള്‍ക്കണ്ട. അച്ഛനോടു പറഞ്ഞാല്‍ എനിക്കും അതുപോലൊന്ന്‌ വാങ്ങിത്തരാതിരിക്കില്ല. ഒന്ന്‌ കിട്ടിയിരുന്നെങ്കില്‍ ക്ലാസ്സില്‍ കൊണ്ടുപോയി കൂട്ടുകാരുടെ മുമ്പില്‍വെച്ച്‌ കണ്ണുകളിളക്കാം. വയര്‍തുറക്കാം.

അച്ഛനോടു പറഞ്ഞാലോ?
അച്ഛന്‍െറ അടുത്തു പോകാന്‍ എനിക്കിത്തിരി വിഷമമുണ്ടായിരുന്നു. കാരണമൊന്നുമില്ല. അവളെപ്പോലെ `ഡാഡി’ എന്ന്‌ വിളിച്ച്‌ ഓടിച്ചെന്ന്‌ മടിയില്‍ക്കയറിയിരിക്കാന്‍ കരളുറപ്പില്ല.
അച്ഛന്‍ അധികം സംസാരിക്കാറില്ല. ദൂരെനിന്ന്‌, അച്ഛന്‍ ചാരുകസേരയില്‍ കിടക്കുമ്പോള്‍ ഞാന്‍ കണ്ണോടിക്കും തടിച്ച ഫ്രെയ്‌മുള്ള ആ കണ്ണട മുഖം തിരിക്കുമ്പോള്‍ പ്രകാശിക്കുന്നതു കാണാന്‍ രസമുണ്ട്‌.
ഒരിക്കല്‍ ധൈര്യമവലംബിച്ച്‌ ചോദിക്കാന്‍ തന്നെ തീരുമാനിച്ചു. ലീലയുടെ മുമ്പില്‍ മോശക്കാരനാവാന്‍ പാടില്ലല്ലൊ. അടുത്തുചെന്ന്‌ നിന്നപ്പോള്‍ അച്ഛന്‍ ചോദിച്ചു.
“ഉം?”
മുഖമുയര്‍ത്തിയപ്പോള്‍ ആ കണ്ണട പ്രകാശിച്ചു.
എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. എന്റെ കുറ്റിത്തല തടവിക്കൊണ്ട്‌ അച്ഛന്‍ ചോദിച്ചു.
“സ്‌കൂളില്‍ പോണില്യേ?”
“ഉം….”
പിന്നെയൊന്നും ചോദിച്ചില്ല. ഒന്നും പറയാന്‍ സാധിച്ചതുമില്ല.

റബ്ബര്‍ മൂങ്ങയില്ലെങ്കില്‍ പോട്ടെ, ക്ലാസ്സില്‍ കുട്ടികള്‍ വെറുതെ എന്നെ വിഷമിപ്പിക്കുന്നതെന്തിനാണ്‌?
അച്ഛന്‍ വന്നതും കൂടെ ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്നതും നാട്ടുകാര്‍ എത്ര വേഗമാണറിയുന്നത്‌! എന്‍െറ വീട്ടില്‍ ഒരു പെണ്‍കുട്ടി വന്നു കയറിയതുകൊണ്ട്‌ ഇരിക്കപ്പൊറുതിയില്ലാത്തതും ഞങ്ങളുടെ ക്ലാസ്സിലെ ജാനുവിനാണ്‌.

ഞാന്‍ കേള്‍ക്കെ അവള്‍ പറയുകയാണ്‌:
“ഈ കുട്ടീടെ അച്ഛന്‍ വന്നപ്പോള്‍ ഒരു പെണ്‍കുട്ടീനെ കൊണ്ടന്നിട്ടുണ്ട്‌.”
“എവിട്‌ന്ന്‌?”
കൂടെയുള്ള, വെളുത്തേടത്തെ നാണി ചോദിച്ചു.
“കൊളമ്പ്‌ന്ന്‌, പിന്നേയ്‌, അമ്മ പറയാ ഈ കുട്ടീടെ അച്ഛന്‌ അവടെ ചെട്ടിച്ചീം മക്കളുംണ്ടത്രെ….”
`പ്‌ഫ’ എന്നൊരാട്ടുകൊടുത്ത്‌, ആ കൊടിച്ചിപ്പെണ്ണിന്റെ ചെകിടത്തൊന്ന്‌ ചാര്‍ത്താനാണ്‌ തോന്നിയത്‌. പക്ഷേ ചെയ്‌തില്ല. അവളെനിയ്‌ക്ക്‌ അണ്ടിപ്പരിപ്പ്‌ തന്നിട്ടുണ്ട്‌.
എന്നാലും അവള്‍ പറഞ്ഞത്‌ അക്രമമാണ്‌. എന്റെ അച്ഛനെപ്പറ്റിയാണ്‌…. അച്ഛന്‌ കൊളമ്പില്‌ … ഛെ, അത്‌ നുണയാണ്‌! അവളുടെ അമ്മയ്‌ക്കാണല്ലോ കമ്പി! അവളുടെ അമ്മയും മുത്തശ്ശിയുമെല്ലാം ഒന്നാംതരം നുണച്ചികളാണ്‌…
അതെന്നെ വിഷമിപ്പിച്ചു. സംശയം തീര്‍ക്കാന്‍, വൈകുന്നേരം കുളത്തില്‍ നിന്നു പോരുമ്പോള്‍ ഞാന്‍ അമ്മയോടു ചോദിച്ചു:
“അമ്മേ, ഞങ്ങടെ ക്ലാസ്സിലെ ജാനു പറയാ….”
“ഉം?”
“അച്ഛനേയ്‌…. അച്ഛന്‌ കൊളമ്പില്‌ ചെട്ടിച്ചീം മക്കളുംണ്ടത്രെ…”
ജാനുവിനു സമ്മാനിക്കാന്‍ ഞാന്‍ കരുതിയ അടി എനിക്കാണു കൊണ്ടത്‌.
“ നിന്റെ തന്തോട്‌ തന്നെ ചോദിക്ക്‌….”

ഈ വക കാര്യങ്ങള്‍ ആരു പറഞ്ഞാലും ശ്രദ്ധിക്കുകയില്ലെന്നു നിശ്ചയിച്ചു. ആരോടും ഒന്നും ചോദിക്കുകയില്ല.
അച്ഛന്‍ വന്നതിന്റെ ആറാംദിവസം രാത്രിയിലാണ്‌ അത്‌ സംഭവിച്ചത്‌.
അച്ഛന്‍ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ്‌ ഞാന്‍ കിടക്കുക. ഊണുകഴിഞ്ഞ്‌ ഉറങ്ങാന്‍ ചെന്നപ്പോള്‍ അച്ഛന്റെ ശരീരത്തില്‍ ചേര്‍ന്നുകൊണ്ട്‌ ലീലയുണ്ട്‌ സംസാരിക്കുന്നു…. മുറിക്കകത്തുനിന്ന്‌ ചുരുട്ടിന്റെ രൂക്ഷമായ മണം പൊങ്ങുന്നുണ്ട്‌.

ഞാന്‍ അതു കാണുന്നില്ലെന്നു നടിച്ചു. അച്ഛന്റെ തൊട്ടടുത്തുനിന്ന്‌ ഒരിക്കലും ഞാനിങ്ങനെ സംസാരിച്ചിട്ടില്ല. എനിക്കസൂയ തോന്നി. ഞാന്‍ വളരെ മോശക്കാരനാണെന്നു എനിക്കു ബോധ്യമായി. വാസന പ്രസരിക്കുന്ന ഭംഗിയുള്ള ഉടുപ്പുകളും റബ്ബര്‍ മൂങ്ങയും, കാണാന്‍ ചന്തമുള്ള മുഖവും എനിക്കില്ല. എന്റെ കുടുക്കുകള്‍ പൊട്ടിയ ട്രൗസറില്‍ മിക്കപ്പോഴും ചേറും ചെളിയുമുണ്ടാകും. അതുകൊണ്ടാവുമോ അച്ഛന്‍ അടുത്തുനിര്‍ത്തി സംസാരിക്കാത്തത്‌.

എനിക്കു കരയാന്‍ തോന്നി. കോസറിയില്‍ മുഖമമര്‍ത്തിക്കൊണ്ട്‌ ഞാന്‍ അനങ്ങാതെ കിടന്നു….
“വാസൂ….”
അച്ഛന്‍ വിളിച്ചു.
“ഏ്‌….”
“വന്നാ ഇങ്ങോട്ടാ വന്നാ…”
ഞാന്‍ പതുക്കെ ആ മുറിയിലേക്കു കടന്നു ചെന്നു. അച്ഛന്റെ ചുമലില്‍ തിരുകിപ്പിടിച്ചുകൊണ്ടു നില്‍ക്കുന്ന ലീലയുടെ നേരെ നോക്കാന്‍ ധൈര്യപ്പെട്ടില്ല.
“വാ മോനേ…”
അച്ഛന്‍ എന്നെ ദേഹത്തോടടുപ്പിച്ചു. എന്റെ കുറ്റിത്തലയില്‍ തടവിക്കൊണ്ട്‌ അച്ഛന്‍ ലീലയോടെന്തോ പറഞ്ഞു.
ആ ഭാഷ എനിക്കിന്നും അജ്ഞാതമാണ്‌. പക്ഷേ അതിന്റെ അര്‍ത്ഥം ഇന്നെനിക്കറിയാം.
“ മോളേ ഇതു നിന്റെ സഹോദരനാണ്‌….”
വേദനയോടെയാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌.

അന്ന്‌ കുടുംബത്തിനകത്ത്‌ ഒരു ചുഴലിക്കാറ്റു വീശി. കഴിഞ്ഞ ആറുദിവസങ്ങളായി അത്‌ രൂപമെടുത്തു വരികയാണെന്നു അപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌. അച്ഛനും അമ്മയും തമ്മില്‍ വഴക്കാരംഭിച്ചു. വീട്ടുകാരാരും അതില്‍ ഇടപെട്ടില്ല. വാക്കുകളുടെ മൂര്‍ച്ചയും ക്ഷോഭവും പെരുകിവന്നു. അച്ഛന്‍ കഴിയുന്നിടത്തോളം ശാന്തനാകാന്‍ ശ്രമിച്ചു.

“ നീ വെറുതെ തെറ്റിദ്ധരിക്കുകയാണ്‌…”
“എനിക്കു കേള്‍ക്കണ്ട. എനിക്കെല്ലാം മനസ്സിലായി….”
“എന്ത്‌ മനസ്സിലാവ്‌ണ്‌?”
“എന്നെക്കൊണ്ട്‌ പറയിപ്പിക്കരുത്‌. മാധവന്‍ എനിക്കെല്ലാം എഴുതിയിട്ടുണ്ട്‌.”
മാധവന്‍ ആരാണെന്ന്‌ എനിക്കറിയാം. അച്ഛന്റെ ജോലിസ്ഥലത്തിനടുത്താണ്‌. മാധവമാമ്മ നില്‍ക്കുന്നത്‌. അമ്മയുടെ ആങ്ങളയാണ്‌.
പിന്നെ അച്ഛന്‍ വാദിച്ചില്ല. അമ്മ പറഞ്ഞു കയറി…… തീപ്പിടിച്ച വാക്കുകള്‍….
ഞാന്‍ മുഖമമര്‍ത്തിക്കിടന്നു. ഹൃദയം വിങ്ങുകയായിരുന്നു. ഞാന്‍ ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു.
“ഭഗോതീ ഒന്നൂണ്ടാവല്ലേ…”
മേശപ്പുറത്തെ കുപ്പിഗ്ലാസ്സുകള്‍ തകര്‍ന്നുടഞ്ഞു….
ഞാന്‍ ചെവിപൊത്തി.
തലയിണയിലേക്കു കണ്ണുനീര്‍തുള്ളികള്‍ ഉരുണ്ടുവീണു.
“ഈശ്വരാ…”
കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ കോണിയിറങ്ങിപ്പോകുന്നതും കണ്ടു. അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍…
അടുത്ത പ്രഭാതത്തില്‍ ഞാനുണര്‍ന്നപ്പോള്‍ കണ്ടത്‌ അച്ഛനും ലീലയും യാത്രയ്‌ക്കൊരുങ്ങി നില്‍ക്കുന്നതാണ്‌ …….. കോലായില്‍ പെട്ടി അടുക്കിവെച്ചിട്ടുണ്ട്‌.
“അച്ഛനെങ്ങോട്ടാ പോണ്‌?”
ഞാന്‍ ഏട്ടനോടു പതുക്കെ ചോദിച്ചു.
ഏട്ടന്‍ അരിശത്തോടെ പറഞ്ഞു:
“ആവോ!”
അപ്പോള്‍ വേദനയോടെ ഞാന്‍ വിചാരിച്ചു: ഇവിടെ ഉള്ളവര്‍ക്കൊക്കെ എന്താ?
അച്ഛന്‍ ആദ്യം മുത്തശ്ശിയോട്‌ യാത്ര പറഞ്ഞു. പിന്നെ ഞങ്ങളോടും.
ഏട്ടനും ബാലേട്ടനും കണ്ണുതുടച്ചു.
അച്ഛന്‍ അതു കണ്ടില്ലെന്നു തോന്നുന്നു. മുറ്റത്തിറങ്ങി, വലിയ കൊളമ്പുകുട കൈത്തണ്ടയിലിട്ട്‌ അച്ഛന്‍ വിളിച്ചു.
“ലീലാ…”
“ദാദീ….”

അവള്‍ യാത്രക്കൊരുങ്ങിയ നിലയില്‍ പുറത്തുവന്നു. വലിയ സൂര്യകാന്തിപ്പൂക്കള്‍ വരഞ്ഞ ഗൌണാണിട്ടിട്ടുള്ളത്‌. അരയില്‍ നീലിച്ച പട്ടുനാടകൊണ്ട്‌ ഒരു കെട്ടും. കൈയില്‍ ആ റബ്ബര്‍ മൂങ്ങയുമുണ്ട്‌.
കോലായില്‍ തൂണും ചാരിനില്‍ക്കുന്ന എന്നെ നോക്കി അവള്‍ മന്ദഹസിച്ചു. ഞാന്‍ ചിരിച്ചില്ല. എന്റെ അടുത്തുവന്ന്‌ ആ റബ്ബര്‍ മൂങ്ങ വെച്ചുതന്നപ്പോള്‍ ഞാന്‍ അത്ഭുതംകൊണ്ടു സ്‌തബ്‌ധനായി. ഒരിക്കല്‍കൂടി മന്ദഹസിച്ചുകൊണ്ട്‌, എന്തോ പതുക്കെ പിറുപിറുത്തു. അവള്‍ കൊച്ചു കുടയും കുലുക്കി മുറ്റത്തിറങ്ങി.
അച്ഛന്‍ മുന്നിലും ലീല പുറകിലുമായി പടിയിറങ്ങി…. നീണ്ടുപോകുന്ന ഇടവഴിയിലൂടെ, അവര്‍ നടന്നകലുകയാണ്‌. അവര്‍ പോവുകയാണോ?….

ദൂരെ ആ സൂര്യകാന്തിപ്പൂക്കളും നീലപ്പട്ടുനാടയും കാഴ്‌ചപ്പാടില്‍ നിന്നു മറഞ്ഞു.
പന്തീരാണ്ടിനുശേഷം ഞാനിന്ന്‌ ലീലയെക്കുറിച്ച്‌ ഓര്‍ത്തുപോയി.
പ്രിയപ്പെട്ട സഹോദരീ, നാഴികകള്‍ക്കപ്പുറത്തുനിന്ന്‌, ഞാന്‍ മംഗളം നേരുന്നു….
നിന്റെ ഓര്‍മ്മയ്‌ക്കു വേണ്ടി ഞാനിത്‌ കുറിക്കട്ടെ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *