എഴുതാതെ, പാടാതെ ഗാനങ്ങള്‍ വിരിയിച്ച എം ടി

വി ടി മുരളി

എം ടി വാസുദേവന്‍നായര്‍ മലയാളിയുടെ എല്ലാമെല്ലാമായ കഥാകാരനാണ്. മലയാളിയുടെ മനസ്സില്‍ അദ്ദേഹം എന്നേ ഇടം നേടിക്കഴിഞ്ഞു. വാക്കുകളുടെ മേല്‍ ആധിപത്യം നേടിയ എഴുത്തുകാരനാണദ്ദേഹം. കഥയും നോവലും ചിന്തയും സിനിമയും എല്ലാം അദ്ദേഹത്തില്‍ ഒത്തുചേരുന്നു. ഏതു വിഷയത്തെക്കുറിച്ചും എം ടി എന്തു പറയുന്നു എന്ന് കേള്‍ക്കാന്‍ എപ്പോഴും ആളുകള്‍ കൂടുന്നു. പുതിയ പുതിയ ആശയങ്ങള്‍ നമുക്ക് കിട്ടുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെ. വിജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും തിളക്കം നമുക്കതില്‍ കാണാം. സിനിമകളിലൂടെ ചരിത്രത്തിനും, പുരാണത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നു അദ്ദേഹം. മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത മഹാവ്യക്തിത്വമാണ് എം ടി വാസുദേവന്‍നായര്‍ . ഒരുകാലത്ത് തിരക്കഥയ്ക്കുള്ള അവാര്‍ഡ് എന്നാല്‍ എം ടിക്ക് ശേഷമേ മറ്റുള്ളവരെക്കുറിച്ച് ആലോചിച്ചിരുന്നുള്ളു.

പ്രസിദ്ധ സംവിധായകനായ ജോണ്‍ അബ്രഹാം ചോദിച്ചിരുന്നത്രേ “ഈ വര്‍ഷത്തെ എം ടി വാസുദേവന്‍നായര്‍ക്കുള്ള അവാര്‍ഡ് ആര്‍ക്കാ”ണെന്ന്. സിനിമയെ സംബന്ധിച്ചിടത്തോളം തിരക്കഥ എന്നാല്‍ എം ടിയുടെ തിരക്കഥ എന്ന രീതിയില്‍ ആയിക്കഴിഞ്ഞിരുന്നു എന്നാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. തിരക്കഥ എന്നത് സാഹിത്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരു രൂപമാണെങ്കിലും അതിനെ സാഹിത്യവുമായി അടുപ്പിക്കാമെന്നും നാമറിഞ്ഞത് എം ടിയിലൂടെ തന്നെ. സിനിമയില്‍ തിരക്കഥ പ്രധാനപ്പെട്ട ഒരു കാര്യമല്ലെന്ന് വാദിച്ചവരും വാദിക്കുന്നവരും ഇവിടെയുണ്ടെങ്കിലും തിരക്കഥയുടെ പ്രാധാന്യം ആരും പൂര്‍ണമായി നിഷേധിക്കുമെന്ന് തോന്നുന്നില്ല. തിരക്കഥാ രചന ഇന്നയിന്ന രീതിയിലായിരിക്കണം എന്നൊരു വ്യാകരണം അതിനില്ല. ഓരോ സംവിധായകന്റെയും കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അത് വ്യത്യസ്തമായിരിക്കയും ചെയ്യും. നിയതമായ ഒരു രൂപം അതിന് നിര്‍വചിക്കപ്പെട്ടിട്ടില്ല. പക്ഷേ എം ടിയുടെ തിരക്കഥകള്‍ പിന്നീട് തിരക്കഥയുടെ വ്യാകരണമായി മാറുന്നത് നാം കണ്ടു. മലയാള സിനിമാഗാനങ്ങള്‍ ഇന്ന് പുനര്‍വായനകള്‍ക്കും സജീവമായ ആലോചനകള്‍ക്കും വിശദമായ പഠനങ്ങള്‍ക്കും വിഷയമായിട്ടുണ്ട്. വെറും ഒരു സിനിമാപ്പാട്ട് എന്ന രീതിയില്‍ അത് തള്ളിക്കളയുന്നില്ല. ഈ മേഖലയില്‍ പണ്ഡിതന്മാരായിട്ടുള്ള ആളുകള്‍തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നുണ്ട്. എന്നാലും സംഗീതജ്ഞര്‍ ഇപ്പോഴും ഇത് ഗൗരവമായി എടുത്തിട്ടില്ല.

പാട്ടുകളെക്കുറിച്ചുള്ള ആലോചനകളില്‍ പലപ്പോഴും പങ്കെടുത്തിട്ടുള്ള ഒരാളാണ് ഞാന്‍ . സംഗീത രചയിതാക്കളുടെ വഴിയിലേക്കല്ലാതെ പലപ്പോഴും സഞ്ചരിച്ചു നോക്കാറുണ്ട്. പാട്ടുകള്‍ ഗായകന്റേത് മാത്രമാണോ, അല്ലെങ്കില്‍ സംഗീത സംവിധായകന്റെയും ഗാനരചയിതാവിന്റേതും കൂടിയാണോ? ഇതുമല്ല സിനിമാ സംവിധായകനും, ആ കഥയില്‍ ഗാനസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയ തിരക്കഥാകൃത്തിനും ഇതില്‍ ഒട്ടും പങ്കില്ല എന്നുണ്ടോ? ഇങ്ങനെയും ചിന്തിക്കാമല്ലൊ. ഈ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരം ഇവരെല്ലാം ഇതില്‍ പങ്കാളികളാണ് എന്നാണ്. മലയാള സിനിമയിലെ കവിതകളുടെ സാന്നിധ്യം എന്ന വിഷയത്തില്‍ ഞാന്‍ ഒരു പരിപാടി നടത്തിയിരുന്നു. വലിയ കവികള്‍ നേരത്തെ എഴുതിയ കവിതകള്‍ സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചതും സിനിമയില്‍ തന്നെ കവിതാ സന്ദര്‍ഭങ്ങളുണ്ടാക്കി പുതിയ കവിതകള്‍ രചിച്ച് ചേര്‍ത്തതും ഒക്കെ പരിപാടിയുടെ വിഷയമായിരുന്നു ഈ അന്വേഷണത്തില്‍ ബോധ്യപ്പെട്ട ഒരു കാര്യം സിനിമയില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയതില്‍ സംവിധായകനും പങ്കുണ്ട് എന്നാണ്. എ വിന്‍സെന്റ്, കെ എസ് സേതുമാധവന്‍ തുടങ്ങിയ സംവിധായകര്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു.

പാട്ടുകള്‍ ഒരുകാലത്ത് എന്നല്ല ഈ കാലത്തും സിനിമയില്‍ നിര്‍ബന്ധമായിരിക്കയാണ്. മാത്രമല്ല നേരത്തെയുള്ളതിനേക്കാള്‍ നിര്‍ബന്ധം ഈ കാലത്താണെന്ന് തോന്നുന്നു. പാട്ടുകള്‍ വന്‍ വിപണിയായി മാറിക്കഴിഞ്ഞ ഈ കാലത്ത് അതങ്ങനെയല്ലേ വരൂ. വിപണി നോക്കാതെ കലയില്‍ മാത്രം കേന്ദ്രീകരിച്ചുണ്ടായ പാട്ടുകള്‍ പിന്നീട് വിപണിയെ കീഴടക്കിയതിന്റെ ചരിത്രവും നമുക്കറിയാം. ഇന്നതാണ് അനുവാചകന്റെ അഭിരുചി എന്ന് മുന്‍കൂട്ടി തീരുമാനിക്കുന്നതിന്റെ പിശക് വിപണി ധാരാളം അനുഭവിക്കുന്നുമുണ്ട്. കലാകാരനെ മാറ്റി പകരം എംബിഎ ക്കാരന്‍ ഇതൊക്കെ നിശ്ചയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ പോകുന്നില്ലേ എന്നത് ഇപ്പോള്‍ ഒരു സംശയമല്ല. ചിലപ്പോള്‍ നാം പറയും ലോകം അതിവേഗത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന്. പാട്ടുകള്‍ക്ക് വേഗം കുറഞ്ഞുപോയാല്‍ അത് കാലത്തെ പ്രതിനിധീകരിക്കുകയില്ല എന്നും അവര്‍ വാദിക്കുന്നു. ഇത് ശരിയല്ല എന്ന് തെളിയിക്കാന്‍ നൂറു പാട്ടുകളെ ഉദാഹരിക്കാന്‍ കഴിയും. കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജൂറിയില്‍ ഞാന്‍ അംഗമായിരുന്ന കൊല്ലം ശങ്കര്‍ മഹാദേവന്റെ വേഗം കൂടിയ ഒരു പാട്ടിന് ഞാന്‍ അവാര്‍ഡ് നിര്‍ദേശിച്ചു. അപ്പോള്‍ പലരും എന്റെ നേരെ കലഹിച്ചു. വേഗംകുറഞ്ഞതിനാണത്രെ അവാര്‍ഡ് കൊടുക്കേണ്ടത്. അവാര്‍ഡ്, കാലത്തെ പ്രതിനിധീകരിക്കാന്‍ പാടില്ല എന്നുണ്ടോ?

വേഗംകുറഞ്ഞ പാട്ടുകളെ അനുവാചകന്‍ സ്വീകരിക്കുന്നതിന്റെയും വേഗവും അതിവേഗവും ഉള്ള പാട്ടുകളെ പൂര്‍ണമായും നിരാകരിച്ചതിന്റെയും ഉദാഹരണങ്ങള്‍ നിരവധി. അവാര്‍ഡ് നിര്‍ദേശത്തിന് എനിക്ക് എന്റേതായ ന്യായങ്ങള്‍ ഉണ്ടായിരുന്നു. അതു വേഗത പ്രശ്നം മാത്രമായിരുന്നില്ല. അതവിടിരിക്കട്ടെ. സംഗീത സംവിധായകന്റെയും അപ്പുറത്ത് സിനിമയുടെ സ്രഷ്ടാക്കള്‍ ഗാനനിര്‍മിതിയില്‍ ചില പങ്കു വഹിക്കുന്നു എന്നാണ് പറഞ്ഞുവന്നത്. പാട്ടുകള്‍ എങ്ങനെയാണ് കഥാസന്ദര്‍ഭങ്ങളില്‍ ജനിക്കുന്നത്, ആ പാട്ടുകളുടെ ചിത്രീകരണം എങ്ങനെ സാധിക്കണം, അതിനനുസരിച്ച് ഒരു സംഗീതം ഉണ്ടാവണം. കഥയിലെ വൈകാരികത മാത്രമല്ല അവിടെ വിഷയമാവുന്നത്. കഥാപാത്രത്തിന്റെ സംസ്കാരവും വിഷയം തന്നെ. എം ടി സിനിമകള്‍ എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് എം ടി വാസുദേവന്‍ നായര്‍ തിരക്കഥാരചന നിര്‍വഹിച്ച് മറ്റുള്ളവര്‍ സംവിധാനം ചെയ്ത സിനിമകളും അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമകളുമാണ്. ഈ സിനിമകളിലെ ഗാനങ്ങളെ നേരത്തെ പറഞ്ഞ പശ്ചാത്തലങ്ങളില്‍ വിലയിരുത്തി നോക്കിയിട്ടുണ്ട്. സംഗീതം തന്റെ വിഷയമല്ല എന്ന് പറഞ്ഞ് പലപ്പോഴും അദ്ദേഹം ഒഴിഞ്ഞു കളയാറുണ്ടെന്ന് അനുഭവസ്ഥര്‍ പറഞ്ഞിട്ടുണ്ട്. സലില്‍ ചൗധരിയുടെ സംഗീതത്തിലെ നാടോടി അംശത്തെക്കുറിച്ച് വളരെക്കാലം മുമ്പ് “കിളിവാതിലിലൂടെ” എന്ന തന്റെ പംക്തിയില്‍ അദ്ദേഹം എഴുതിയത് പൂര്‍ണമായല്ലെങ്കിലും എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്. മലയാള സിനിമാഗാനങ്ങളുടെ സംസ്കാര രൂപീകരണത്തില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണെന്ന് പറയാന്‍ അശേഷം മടിയില്ല. വെറുതെ വിപണി നോക്കി ഒരുപാട്ടുണ്ടാക്കിയതല്ല. പാട്ടുകള്‍ ജനിക്കുകയാണ്. അദ്ദേഹത്തിന്റെ “പഴശ്ശിരാജ” വരെയുള്ള സിനിമകളിലെ പാട്ടുകളെല്ലാം തന്നെ എന്നുപറയാം മലയാളി ഹൃദയത്തോടു ചേര്‍ത്തുവെച്ചതാണ്. അതില്‍ പ്രണയഗാനങ്ങളുണ്ട്, ഭക്തിഗാനങ്ങളുണ്ട്, നാടോടിപ്പാട്ടുകളുണ്ട്, കവിതകളുണ്ട്, തത്വചിന്താപരമായ പാട്ടുകളുണ്ട്. മാപ്പിളപ്പാട്ടുകളുണ്ട്, ശാസ്ത്രീയ സംഗീതാടിത്തറയുള്ള പാട്ടുകളുണ്ട്. പാട്ടിനെ പശ്ചാത്തല സംഗീതമാക്കി ഉപയോഗപ്പെടുത്തിയതും കാണാം. അതായത് പ്രസ്തുത സിനിമയ്ക്കുവേണ്ടി രചിക്കപ്പെട്ടിട്ടുള്ള ഒരു പുതിയ പാട്ടല്ലാതെ വേറെ ഏതെങ്കിലും സിനിമയിലെ പ്രചാരമുള്ള ഒരു പാട്ട് ഉപയോഗപ്പെടുത്തി ഒരു ഭാവം സൃഷ്ടിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. “ഓപ്പോള്‍” എന്ന സിനിമയുടെ തിരക്കഥയില്‍ അദ്ദേഹം എഴുതിയത് ശ്രദ്ധിക്കുക. “വീടിന്റെ പുറം കോലായില്‍ സ്വന്തം ചിന്തകളില്‍ മുഴുകിയിരിക്കയാണ് മാളു. അയല്‍പക്കത്തെ കൊച്ചുവീട്ടില്‍നിന്ന് റേഡിയോവില്‍നിന്ന് പുരുഷസ്വരത്തിലുള്ള ഒരു ഗാനം. നഷ്ടസൗഭാഗ്യങ്ങളുടെ നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്ന, അനുരാഗികളുടെ നേര്‍ത്ത വിഷാദം അന്തര്‍ധാരയായി ഒഴുകുന്ന ഗാനം. ഇത് പ്രചാരത്തിലുള്ള ഒരു സിനിമാപ്പാട്ടിന്റെ വരിയാകാം. അപ്പോള്‍ അവളുടെ മനസ്സ് ഒരു പൂര്‍വകാല സ്മൃതി അയവിറക്കുന്നു. അഞ്ചുവര്‍ഷം മുമ്പുള്ള കുറെക്കൂടി ചൈതന്യവും കണ്ണുകളില്‍ തിക്കവുമുള്ള മാളു, വേലിക്കരികില്‍ നിന്ന് ഒരു ഗാനം കേള്‍ക്കുന്നു. അവള്‍ നടക്കുന്നു. ഗാനം അവളെ പിന്തുടരുന്നു. അവള്‍ക്കുവേണ്ടി ആരോ പാടുന്ന പ്രസാദാത്മകമായ ഗാനം. ആള്‍ അദൃശ്യനാണ്. അവളുടെ ദൃശ്യപഥത്തിലുണ്ടെങ്കിലും നാം പ്രേക്ഷകര്‍ കാണുന്നില്ല. ചെട്ടിപ്പൂക്കളുടെ തടത്തില്‍ , വേലിപ്പടര്‍പ്പിലെ പൂക്കളെ താലോലിച്ചു നില്‍ക്കുമ്പോള്‍ , മുല്ലത്തറയില്‍നിന്ന് പൂവിറുക്കുമ്പോള്‍ എല്ലാം അവളുടെ ഹൃദയത്തില്‍ മധുരമായ അസ്വാസ്ഥ്യം വിടര്‍ത്തുന്ന ആ ഗാനം പിന്തുടരുന്നു. അതിന്റെ അന്ത്യത്തില്‍ ഒരുതരം ആത്മനിര്‍വൃതിയോടെ അവള്‍ മന്ദഹസിക്കുന്നു”. ഇവിടെ ഒരു ഗാനം ജനിക്കുകയല്ലേ ചെയ്യുന്നത്? യഥാര്‍ഥ പാട്ടിലേക്ക് സിനിമ പോകുന്നത് ഏതോ ഒരു പാട്ടില്‍ നിന്നാണ്. അദ്ദേഹം തന്നെ പറയുന്നത് പ്രചാരത്തിലുള്ള ഒരു സിനിമാപ്പാട്ടിന്റെ ഭാഗമാകാം എന്നാണ്. പാട്ടുകള്‍ പാട്ടുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല ഇവിടെ. ഉണ്ടായതാണ്. ഇങ്ങനെയൊരു സന്ദര്‍ഭം ഉണ്ടാക്കിയതും സംഗീതത്തിന്റേതായ നിര്‍ദേശങ്ങള്‍ നല്‍കിയതും ഇവിടെ എം ടിയല്ലെ? അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ക്കും രചന നിര്‍വഹിച്ച സിനിമകള്‍ക്കുമായി നിരവധി സംഗീത സംവിധായകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ രാഘവന്‍ , ദേവരാജന്‍ , ചിദംബരനാഥ്, ബാബുരാജ്, എം ബി ശ്രീനിവാസന്‍ , പുകഴേന്തി, ഇളയരാജ, രവി ബോംബെ തുടങ്ങിയവരെല്ലാം എം ടി സിനിമകളുടെ സംഗീതം കൈകാര്യംചെയ്തിട്ടുണ്ട്. പല സിനിമകളിലെയും സംഗീത സംവിധാനത്തിന് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. തലമുറകളായി നാം പാടിവരുന്ന, കേട്ടുവരുന്ന പല പാട്ടുകളും എം ടി സിനിമയില്‍ ഇങ്ങനെ ആവിഷ്കരിക്കപ്പെടാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് നാം ഓര്‍ക്കാതെ പോകുന്നത് അത്തരത്തില്‍ ഒരന്വേഷണം നാം നടത്താത്തതു കൊണ്ടാണെന്ന് തോന്നുന്നു. വിഷയത്തിന്റെ അടിസ്ഥാനത്തില്‍ നടന്മാരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും മാറുന്നത് പോലെ സംഗീത സംവിധായകരും മാറിയിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായ “നിര്‍മാല്യ”ത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് കെ രാഘവന്‍ മാസ്റ്ററാണ്. “നിര്‍മാല്യ”ത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കേണ്ടത് രാഘവന്‍മാസ്റ്റര്‍ തന്നെയാണ്. ആ തെരഞ്ഞെടുപ്പ് പൂര്‍ണമായും ശരിയായിരുന്നെന്ന് മാസ്റ്റര്‍ തെളിയിച്ചിട്ടുമുണ്ട്. വള്ളുവനാടിന്റെ പശ്ചാത്തലത്തില്‍ ഒരു കഥ പറയുമ്പോള്‍ ആ സിനിമയുടെ അന്തരീക്ഷ സൃഷ്ടിക്കായി ഏത് തരത്തിലുള്ള സംഗീതം ഉപയോഗിക്കണം എന്നൊരു ഗവേഷണം ഇതില്‍ തീര്‍ച്ചയായും ഉണ്ട്. കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകള്‍ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍ . അവിടെ പുള്ളുവന്‍പാട്ടും ഇടശ്ശേരിക്കവിതയും ഒക്കെ സിനിമയില്‍ കലരുകയാണ്. കൂടാതെ “പനിമതിമുഖിബാലെ” എന്ന ആഹിരി രാഗത്തിലുള്ള സ്വാതി തിരുനാള്‍ പദവും ചേര്‍ത്തിരിക്കുന്നു. “ശ്രീമഹാദേവന്‍ തന്റെ, ശ്രീ പുള്ളോര്‍കുടം കൊണ്ട്” എന്ന ഗാനം നമ്മുടെ നാടന്‍പാട്ട് ശാഖയിലെ മികച്ച ഗാനമായി ഇന്നും നിലനില്‍ക്കുന്നു. വളരെ പരിമിതമായ ഉപകരണ പ്രയോഗങ്ങള്‍ മാത്രമേ ഈ ചിത്രത്തിലെ ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും പ്രയോഗിക്കപ്പെടുന്നുള്ളു. കേവലം ഒരു വെളിച്ചപ്പാടിന്റെ ജീവിതകഥ മാത്രമല്ല ഇത്. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സാധാരണക്കാരന്റെ നിത്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് “നിര്‍മാല്യം” നമ്മോട് പറയുന്നു. വരേണ്യ വിഭാഗത്തിന്റെ കലകളും അതോടനുബന്ധിച്ചുള്ള പുതുതലമുറയുടെ ചിന്തയും നിര്‍മാല്യത്തില്‍ പ്രതിഫലിക്കുന്നു. രാവുണ്ണിനായര്‍ പടിയിറങ്ങിപ്പോകുന്ന ചിത്രം ഒരിക്കലും മായാത്ത വിധത്തില്‍ എം ടി വരച്ചുവെച്ചിട്ടുണ്ട്. നാടോടി കലകളും ശാസ്ത്രീയ കലകളും എല്ലാം നിര്‍മാല്യത്തില്‍ മേളിക്കുന്നത് അര്‍ഥവത്തായിട്ടാണ്. ഇതിനെല്ലാം ചില സാമൂഹിക തലങ്ങളുണ്ട്. ഇക്കാലത്ത് നമ്മുടെ കലയിലും സംസ്കാരത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനകള്‍ നിര്‍മാല്യത്തിലുണ്ട്. പടിയിറങ്ങിപ്പോകുന്ന രാവുണ്ണിനായര്‍ ഒരു പ്രതീകമല്ലെ. പാട്ടുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എങ്കിലും പാട്ടുകള്‍ ഉപയോഗിച്ച രീതികളെക്കുറിച്ചു കൂടി ചിന്തിക്കാതെ വയ്യ. തിരക്കഥാകൃത്തും സംവിധായകനും ഒന്നിച്ച് വന്ന “നിര്‍മാല്യ”ത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു സിനിമകളിലെ പാട്ടുകളെക്കൂടി കാണുന്നതാവും ശരി. ഇടശ്ശേരിയുടെ “കാവിലെ പാട്ട്” എന്ന കവിതയിലെ ഏതാനും വരികള്‍ നിര്‍മാല്യത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവാരംഭത്തിന്റെ സൂചനയായി ഉത്സവക്കൊടികള്‍ അന്തരീക്ഷത്തിലുയരുന്നു. ഇവിടെയാണ് കവിത ഉപയോഗിച്ചിരിക്കുന്നത്. കവിത ഒരു നാടന്‍ ഈണത്തില്‍ തന്നെയാണിവിടെ പ്രയോഗിക്കുന്നത്. ചെണ്ട മുതലായ ഉപകരണങ്ങളുടെ പശ്ചാത്തലത്തില്‍ . പരുക്കന്‍ ജീവിതയാഥാര്‍ഥ്യങ്ങളെ മലയാള കവിതയില്‍ , – ആദ്യമായി എന്നുതന്നെ പറയാം-സന്നിവേശിപ്പിച്ച ഇടശ്ശേരിയുടെ ഈ കവിത തന്നെ അവിടെ തെരഞ്ഞെടുത്തതിനും കാരണങ്ങള്‍ ഉണ്ട്-ക്രൂരയായ, കുപിതയായ, ചോരകൊണ്ട് തെച്ചിമലര്‍മാലയിട്ട, ചൊകചൊകച്ചുകപ്പുടുത്ത, വെള്ളിയരഞ്ഞാണിട്ട, ദേവിയോടു ഭൂമിയിലേക്കിറങ്ങാന്‍ സമയമായി സമയമായി എന്നാണ്- എം ടി നിര്‍മാല്യത്തിന്റെ ഈ കഥാസന്ദര്‍ഭത്തില്‍ തെരഞ്ഞെടുത്തു ചേര്‍ക്കുമ്പോള്‍ ഈ കഥയും ഇടശ്ശേരിക്കവിതയുമായുള്ള ബന്ധം വാസ്തവത്തില്‍ നാം പഠിക്കേണ്ടതാണ്. “നിര്‍മാല്യം” ആ രീതിയില്‍ പഠിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്നു. “കാവിലെ പാട്ടി”ന്റെ ആമുഖത്തില്‍ ഇടശ്ശേരി ഇങ്ങനെ എഴുതുന്നു. “എന്തിനാണമ്മെ ചോമപ്പന്‍ തന്നത്താന്‍ വെട്ടുന്നത്? ഉറഞ്ഞുവരുന്ന വെളിച്ചപ്പാട് സ്വന്തം തല കീറി ചോരചാടിച്ച് തുള്ളുന്നത് കണ്ട് ഏത് കുട്ടിയാണ് ഇത് ചോദിക്കാതിരുന്നിട്ടുള്ളത്” സിനിമയുടെ അന്ത്യത്തിലേക്ക് നയിക്കുന്ന രംഗത്ത് ഈ കവിതതന്നെ ഉപയോഗിച്ചതിന്റെ ഔചിത്യം നമ്മുടെ സിനിമക്കാര്‍ പഠിക്കണം. ഒരുത്സവാന്തരീക്ഷം ഉണ്ടാകത്തക്ക വിധത്തില്‍ രാഘവന്‍ മാസ്റ്റര്‍ കവിതയ്ക്ക് ഈണവും നല്‍കിയിരിക്കുന്നു. “ഞങ്ങളും പോണേയ്” എന്ന നാടോടിപ്പാട്ട് വേണ്ടത്ര ആഘോഷിക്കപ്പെട്ടില്ലെങ്കിലും “നീലക്കുയിലി”ലെ “ജിഞ്ചക്കന്താരോ” എന്ന സംഘഗാനത്തിനുശേഷം മലയാളത്തിലുണ്ടായ ഏറ്റവും നല്ല സംഘഗാനങ്ങളിലൊന്നാണ് ഈ ഗാനം എന്ന്പറയാം. ഈ പാട്ടും ഉപയോഗിച്ചിരിക്കുന്നത് നാം മലയാള സിനിമയില്‍ കാണുന്ന പതിവു കാഴ്ചയായിട്ടല്ല. രാഘവന്‍ മാസ്റ്റര്‍ക്ക് ആ വര്‍ഷത്തെ നല്ല സംഗീത സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ പാട്ടുകളായി മാറി ഈ ചിത്രത്തിലെ പാട്ടുകള്‍ . പാടിയതൊന്നും വലിയ വിപണന സാധ്യതകളുള്ള ആളുകളല്ലാതിരുന്നിട്ടും മലയാളി മനസ്സില്‍നിന്നിതൊന്നും ഇനിയും മാഞ്ഞുപോയിട്ടില്ല. നാടോടിപ്പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതിന്റെ മറ്റൊരു ചിത്രമിതാ. എ വിന്‍സെന്റ് സംവിധാനം ചെയ്ത “അസുരവിത്തി”ലെ “കുന്നത്തൊരു കാവുണ്ട്” എന്ന ഗാനമാണത്. ഏത് തലമുറയ്ക്കാണീ ഗാനം നിരാകരിക്കാന്‍ കഴിയുക. വേറെ ഈണത്തിലും വേറെ പശ്ചാത്തല സംഗീതത്തിലുമൊക്കെ പലരും ഈ ഗാനത്തെ മാറ്റിനോക്കിയിട്ടുണ്ട്. രാഘവന്‍ മാസ്റ്റരുടെ ഈണത്തില്‍ ആന്റോ പാടിയ ഗാനത്തെ മാറ്റി പ്രതിഷ്ഠിക്കാന്‍ ഒരു തലമുറയ്ക്കും കഴിയില്ല എന്നതാണ് അതിന്റെ സത്യം. മാറ്റുന്നവര്‍ക്കൊന്നും ഈ ഗാനത്തിന്റെ സംസ്കാരത്തെക്കുറിച്ചറിയില്ല. ഈണം എന്നത് ഒരു സംസ്കാരമാണെന്ന അറിവ് ഇല്ലാത്തതുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്. മറ്റൊരാളുടെ സൃഷ്ടിയിലേക്കുള്ള അതിക്രമിച്ചു കടക്കല്‍ മലയാളത്തില്‍ വര്‍ധിച്ചു വരികയാണ്. സിനിമയിലും പാട്ടുകളിലും എല്ലാം. അസുരവിത്ത് എന്റെ യൗവനത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ചലച്ചിത്രമായിരുന്നു. അതിലെ കുഞ്ഞരക്കാരെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. “ഞാനിതാ തിരിച്ചെത്തി” എന്ന കവിത എന്നുതന്നെ ഞാന്‍ പറയും, വള്ളിപുള്ളി തെറ്റാതെ എന്റെ മനസ്സിലുണ്ട് രംഗമുള്‍പ്പെടെ. “ഞാനൊരു പരദേശി യായിട്ടീ സ്വര്‍ഗത്തിന്റെ കോണിലൊരരയാലിന്‍ ഛായയില്‍ ശയിച്ചോട്ടെ” പി ഭാസ്കരന്റെ ഈ വരികള്‍ ഒരു കോളേജ് വിദ്യാര്‍ഥിക്ക് അന്ന് മറക്കാന്‍ കഴിയില്ല. “അസുരവിത്തി”ല്‍ തന്നെ വളരെ പ്രശസ്തമായ ഒരു മാപ്പിളപ്പാട്ടുണ്ട്. തന്റെ കഥയുടെ പശ്ചാത്തലമായ ഗ്രാമത്തെ ഒരു കാളവണ്ടിയുടെ ചക്രത്തിനിടയിലൂടെയാണ് വിന്‍സെന്റ് നമുക്ക് കാണിച്ചുതരുന്നത്. കാളവണ്ടിക്കാരന്‍ മൂരിയെ തെളിച്ചുകൊണ്ട് പാടുന്ന ആ പാട്ട് മാപ്പിളപ്പാട്ടിന്റെ വേദികളില്‍ ഇന്നും സജീവമാണ്. “പകലവനിന്ന് മറയുമ്പോള്‍ അകിലു പുകച്ച മുറിക്കുള്ളില്‍ പനിമതിബിംബമുദിച്ചപോല്‍ പുതുമണവാട്ടി – ഏഴാം ബഹറിനകത്തൊരു ഹൂറിയാകും മണിമറിമാന്‍കുട്ടീ”. മാപ്പിളപ്പാട്ടുകള്‍ രചിക്കുമ്പോള്‍ ഭാസ്കരന്‍ മാസ്റ്റര്‍ പാലിക്കുന്ന താളഭംഗി എടുത്തുകാണിക്കാവുന്ന ഗാനമാണിത്. ഇന്ന് വളരെ സജീവമായ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിരിക്കുമ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു കാര്യം ഈ ഗാനം മാപ്പിളപ്പാട്ടിന്റെ തനത് ഇശലിന്റെ കൃത്യമായ ഉദാഹരണമാണ് എന്നതാണ്. മാപ്പിളപ്പാട്ടിന്റെ കാവ്യഭംഗിയ്ക്ക് ഉദാഹരണമായി തന്നെ ഈ ഗാനത്തെ അതിന്റെ വിദഗ്ധര്‍ ഉദാഹരിക്കുന്നു. “തടകിമണത്തേ സമയത്ത്” എന്ന ഇശലിന്റെ പ്രയോഗം. മാപ്പിളപ്പാട്ടിന്റെ ചരിത്രത്തില്‍ നാം മറക്കാന്‍ പാടില്ലാത്ത ഈ അപൂര്‍വ സൃഷ്ടിയുടെ അരങ്ങൊരുങ്ങിയതും എം ടി സിനിമയിലാണെന്ന് നാം ഓര്‍ക്കണം. തനി മാപ്പിളപ്പാട്ടിനെ ഉപയോഗപ്പെടുത്തിയതും അദ്ദേഹത്തിന്റെ സിനിമയില്‍തന്നെ. “ഓളവും തീരവും” എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും നല്ല സിനിമകളിലൊന്നാണ്. സിനിമ ഒരു ദൃശ്യകലയാണെങ്കില്‍ ഇത്രയും മനോഹരമായ ഒരു ദൃശ്യാവിഷ്കാരം നമുക്ക് മലയാള സിനിമയില്‍ കാണാന്‍ കഴിയുമോ എന്ന് സംശയമാണ്. സിനിമയുടെ ടൈറ്റില്‍ മുതല്‍ ഇത് ദൃശ്യത്തിന്റെയും സംഗീതത്തിന്റെയും പാട്ടിന്റെയും ഒക്കെ മനോഹരമായ മിശ്രിതമായി നമുക്കനുഭവപ്പെടും. “മണിമാരന്‍ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിന്‍ തോട്ടം” എന്ന ഗാനം ടൈറ്റില്‍ ഗാനമാണെങ്കിലും മലയാളി മനസ്സില്‍ മധുരമായ ഒരനുഭൂതിയാണിന്നും. പി ഭാസ്കരന്റെ രചനയ്ക്ക് ബാബുരാജിന്റെ സംഗീതം. യേശുദാസും മച്ചാട്ട് വാസന്തിയും പാടിയിരിക്കുന്നു. “ഓളവും തീരവും” എന്ന സിനിമയിലെ കടത്തുകാരന്‍ മമ്മത് പാടുന്ന പാട്ട്. “ഒയ്യെ എനിക്കുണ്ട് ഫയ്യല്‍ ഫിറായത്തില്‍ ഒത്തൊരുമിത്ത് കളിത്തുംകൊണ്ട് ഒരുവന്‍ ഉറ്റൊരു ബാക്ക് ഞാന്‍ തെറ്റിടാദെ” (ഇശല്‍ : കെട്ടി ഇമാം അലി) മോയിന്‍കുട്ടി വൈദ്യരുടെ “ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍” എന്ന പ്രണയകാവ്യത്തിലെ ഭാഗമാണിത്. ഇശലിന്റെ തനിമയോടെ യാതൊരുവിധ ഏച്ചുകൂട്ടലുമില്ലാതെയാണ് സി എ അബൂബക്കര്‍ ഈ ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിലെ നെബീസുവിന്റെ കഥയുമായി ഈ പാട്ടിനെ ഇണക്കിച്ചേര്‍ത്തിരിക്കുന്നു എം ടി. മനോഹരമായി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന പി എന്‍ മേനോന്‍ തീര്‍ച്ചയായും ഈ ഗാനത്തെ അത്രയേറെ മനസ്സിലാക്കാന്‍ വഴിയില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സയ്നുത്തുജ്ജാറിന്റെയും നജീമത്തിന്റെയും പ്രണയത്തില്‍ മിസ്വ്ര്‍ രാജാവ് കരിനിഴല്‍ വീഴ്ത്തുന്നതിനെക്കുറിച്ചാണീ പാട്ടെങ്കില്‍ നെബീസുവിന്റെയും ബാപ്പുട്ടിയുടെയും പ്രണയത്തെ എങ്ങനെയാണ് കുഞ്ഞാലി നശിപ്പിക്കുന്നത്? ഒരു പാട്ടുകൊണ്ട് അദ്ദേഹം ഇത് നാമറിയാതെ സാമ്യപ്പെടുത്തിയിരിക്കുന്നു. “കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടുതുടുപ്പ്” എന്ന ഒപ്പനപ്പാട്ടും നാം മറക്കാന്‍ വഴിയില്ല. “ഇടയ്ക്കൊന്നു ചിരിച്ചും ഇടയ്ക്കൊന്നു കരഞ്ഞും ഇടവപ്പാതിയുമോടിയെത്തി” എന്ന ഗാനം ബാപ്പുട്ടി എന്ന കഥാപാത്രത്തിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന നെബീസുവിന്റെ ദുഃഖമാണ്. “മനസ്സിന്റെ ശോകങ്ങള്‍ മറക്കുവാന്‍ കൂടിയൊന്നു പഠിപ്പിച്ചതില്ലല്ലോ പടച്ചവനെ” പാട്ടിന്റെ ഏത് ഭാഗത്തുനിന്നെടുത്തുദ്ധരിച്ചാലും കഥാപാത്രത്തിന്റെ, നെബീസുവിന്റെ വിങ്ങല്‍ നമുക്കനുഭവപ്പെടും. ബാബുരാജ് ഈ ഗാനത്തിനായി നെബീസുവായി മാറി എന്ന്തോന്നിപ്പോകും. പ്രസിദ്ധ ഗായിക എസ് ജാനകി ഒരു ടി വി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പാടിയപ്പോള്‍ കരഞ്ഞുപോയ ഒരു ഗാനമുണ്ട്. അവര്‍ തന്നെ ആ പാട്ടിനെ വിശദീകരിച്ചു. മലയാളിയല്ലാത്ത അവര്‍ പാട്ടിനെ എത്രത്തോളം മനസ്സിലാക്കിയാണ് പാടിയത് എന്നുകണ്ടപ്പോള്‍ പുതുതലമുറയിലെ ചില പാട്ടുകാരെയെങ്കിലും ഞാന്‍ ഓര്‍ത്തുപോയി. സ്വന്തം ഭാഷയോടവര്‍ കാണിക്കുന്ന നീതികേടെത്ര എന്ന്. പല സംഗീത ക്യാമ്പുകളിലും ഞാനീ കാര്യം പറയാറുണ്ട്. “ഇരുട്ടിന്റെ ആത്മാവി”ലെ “ഇരു കണ്ണീര്‍ തുള്ളികള്‍ ഒരു സുന്ദരിയുടെ കരിമിഴികളില്‍ വെച്ച് കണ്ടുമുട്ടി” എന്ന ഗാനം പാടിയപ്പോള്‍ അവര്‍ കരഞ്ഞുപോയി. രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഈ ചിത്രത്തിലെ നാലു പാട്ടുകളും പാടിയിരിക്കുന്നത് എസ് ജാനകിയാണ്. രണ്ടു കണ്ണുനീര്‍ തുള്ളികള്‍ തമ്മില്‍ കണ്ടുമുട്ടാന്‍ തീരുമാനിച്ചതും രണ്ടും ഒഴുകി താഴോട്ടെത്തിയപ്പോള്‍ “ഒരു നെടുവീര്‍പ്പിന്‍ കൊടുങ്കാറ്റില്‍ പിരിഞ്ഞു” പോയതും എല്ലാം ജാനകിയമ്മ അന്ന് വിവരിച്ചിരുന്നു. ഇത്രയും ഉദാത്തമായ ഭാവനകള്‍ ഉള്‍ക്കൊള്ളുന്ന പാട്ടുകള്‍ നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ ചിലര്‍ വാദിക്കുന്നത് ഭാഷ പ്രശ്നമല്ല എന്നാണ്. സംഗീതം മാത്രം മതിയെന്നാണ്. എന്ത് പറയാന്‍ . എം ടിയും ഭാസ്കരന്‍ മാസ്റ്റരും ഒക്കെക്കൂടി ബഹുദൂരം മുന്നോട്ട് കൊണ്ടുപോയതിനെ എത്ര സമര്‍ഥമായിട്ടാണ് പിന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കഴിവുകേടിനെ മറച്ചുവെക്കാന്‍ അതിനെ സിദ്ധാന്തവല്‍ക്കരിക്കുന്ന ഒരു പ്രവണതയല്ലെ ഇത്. “ഇരുട്ടിന്റെ ആത്മാവി”നെക്കുറിച്ച് പറയുമ്പോള്‍ മലയാളത്തിലെ ഏറ്റവും നല്ല കൃഷ്ണഭക്തി ഗാനങ്ങളില്‍ ഒന്ന് ആ സിനിമയിലേതാണെന്ന് പറയാതിരിക്കാന്‍ വയ്യ. ചിത്രം സംവിധാനം ചെയ്തത് പി ഭാസ്കരനാണ്. വാകച്ചാര്‍ത്ത് കഴിഞ്ഞുനില്‍ക്കുന്ന ശ്രീകൃഷ്ണനെ ആപാദചൂഡം വര്‍ണിച്ചശേഷം കഥാപാത്രത്തിന്റെ സങ്കടങ്ങള്‍ ആ സന്നിധിയില്‍ ഇറക്കിവെക്കുന്നു. “ദുരിതത്തില്‍ നീന്തുമെന്നെ സുകൃതത്തിന്‍ തീരം കാട്ടാന്‍ മുരഹരമുകുന്ദാ നീ ഓടിവായോ” “വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ” എന്ന ഗാനം മലയാളിയുടെ സന്ധ്യാ പ്രാര്‍ഥനകളില്‍ ഒന്നായി മാറി. സ്ത്രീകഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് നായര്‍ തറവാടുകളിലെ ഉള്ളറകളില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന അമ്മമാര്‍ക്ക്, കാരണവരുടെ മുഖത്തുപോലും നോക്കാന്‍ അനുവാദമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ദുഃഖങ്ങളുടെ ഭാരം ഇറക്കിവെക്കാന്‍ ഭഗവാന്‍ കൃഷ്ണന്റെ സന്നിധിയല്ലാതെ മറ്റെന്തുണ്ട്? അവര്‍ക്ക് പ്രണയിക്കാനോ, സ്നേഹിക്കാനോ, ജീവിതത്തിന്റെ സുഖസൗകര്യങ്ങള്‍ അനുഭവിക്കാനോ അവകാശമില്ല. അടുക്കളയില്‍ തളച്ചിട്ട ജീവിതങ്ങള്‍ , ദുരിതക്കടലില്‍ നിന്ന് സുകൃത തീരത്തണയാന്‍ കൊതിക്കുന്നവര്‍ . അത്തരം ജീവിതം എം ടി ആവിഷ്കരിച്ചപ്പോഴാണ് ഇത്തരം പാട്ടുകളും നമുക്ക് ലഭിച്ചത്. മലയാളത്തിലെ ഏറ്റവും നല്ല ഭക്തിഗാനങ്ങള്‍ എം ടി സിനിമയിലേതാണ്. ഇന്നും സംഗീത പരിപാടികള്‍ ആരംഭിക്കുന്നത് “കേശാദിപാദം തൊഴുന്നേന്‍” എന്ന പാട്ടോടെയല്ലെ. ബി എ ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ഈ രാഗമാലിക ഏത് മലയാളിയുടെയും ചുണ്ടിലും മനസ്സിലും ഉണ്ട്. ഏതോ ഒരു സാഹിത്യ ക്യാമ്പില്‍ വെച്ച് ഭാസ്കരന്‍ മാസ്റ്ററോട് ഒരു കുട്ടി ചോദിച്ചത്രെ പാദാദികേശം എന്നെഴുതിയാല്‍ എന്താണ് എന്ന്. ഭാസ്കരന്‍ മാസ്റ്റര്‍ ഉടനെ മറുപടി പറഞ്ഞതിങ്ങനെയാണ്: “അപ്പോള്‍ ഞാന്‍ കേശവാ എന്നെഴുതില്ല മാധവാ എന്നേ എഴുതൂ” എന്ന്. ആ ഗാനത്തിലുടനീളം പ്രാസപ്രയോഗങ്ങളാണ്. എല്ലാം വര്‍ണിച്ചുകഴിഞ്ഞ് ഒടുവില്‍ പറയുന്നു “അടിമുടി തൊഴുന്നേന്‍” എന്ന്. “പകല്‍ക്കിനാവി”ല്‍ തന്നെ “ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം” എന്ന ഗാനവും ശ്രദ്ധിക്കുക. കൃഷ്ണന്റെ “പാട്ടിന്റെ സ്വരം കേട്ട് പാര്‍വണ ചന്ദ്രികപോല്‍ പാല്‍ക്കടല്‍ മാതാവും വന്നിറങ്ങി” കൃഷ്ണന്റെ വേണുഗാനം ഉണ്ടാക്കുന്ന ലഹരിയാണ് ഇവിടെ ഗാനത്തിന്റെ വിഷയം. “ഗാനത്തിന്‍ ലഹരിയില്‍ ഭൂമിയും മനുഷ്യരും വാനിലേ താരങ്ങളും വീണുറങ്ങി”. ഇങ്ങനെ വ്യത്യസ്തങ്ങളായ, ബഹുമുഖങ്ങളായ ശ്രീകൃഷ്ണനെയാണ് അവതരിപ്പിക്കുന്നത്. “ഇരുട്ടിന്റെ ആത്മാവി”ലെ തന്നെ മറ്റു ഗാനങ്ങളെക്കൂടി ഓര്‍മിക്കാതിരിക്കാന്‍ വയ്യ. “ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഹേമന്തരാവിലെ വെണ്‍മുകിലെ” ബാബുരാജ് പരിപാടികളില്‍ ആരും മാറ്റിവെക്കാത്ത ഗാനമാണല്ലോ ഇത്. “വാടാത്ത പ്രതീക്ഷ തന്‍ വാസന്തിപൂമാല വാങ്ങുവാന്‍ ആരാരുമണയില്ലല്ലോ”. കഥാപാത്രത്തിന്റെ പ്രതീക്ഷകളും എന്നാല്‍ ആ പ്രതീക്ഷകള്‍ നിറവേറ്റുവാന്‍ ആരും എത്തുകയില്ല എന്ന നിരാശയും ഒക്കെ രണ്ടു വരികളില്‍ ഭാസ്കരന്‍ മാസ്റ്റര്‍ കുറിച്ചുവെച്ചിരിക്കുന്നത് എം ടിയുടെ അമ്മുവിനെ പൂര്‍ണമായി ആവാഹിച്ചശേഷമാണ്. കുട്ടികളുമായി കളിക്കുമ്പോള്‍ പാടുന്ന പാട്ടായി ഇതേ ചിത്രത്തില്‍ “അമ്പാടിക്കണ്ണന് മാമ്പഴം തോണ്ടും അണ്ണാരക്കണ്ണാ മുറിവാലാ” എന്ന പാട്ടും “പകല്‍ക്കിനാവി”ലെ “കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കാട്ടില്‍ മുഴുക്കെ പൊന്നോണം” എന്ന പാട്ടും. പാട്ട് സൃഷ്ടിക്കപ്പെട്ടത് രണ്ട് സന്ദര്‍ഭങ്ങളിലാണ്. പക്ഷേ ഈ സന്ദര്‍ഭം ലളിതഗാനത്തിന്റെ പുതിയ ഒരു രചനാരീതി തന്നെ തുറക്കുന്നു. കുട്ടികള്‍ക്കായി ഒരു പാട്ട് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ ഒരു പാട്ട്. ആ പാട്ടിനായി ഒരു രചന. ഒരു പുതു ലളിത സംഗീതശൈലി. എം ടി സിനിമയിലെ പ്രണയഗാനങ്ങള്‍ എല്ലാം നനുത്ത, മൃദുലമായ, നിഷ്കളങ്കമായ, അനാര്‍ഭാടമായ പ്രണയങ്ങളാണ് ആവിഷ്കരിക്കുന്നത്. അത് “ആരേയും ഭാവഗായകരാക്കുന്ന ആത്മസൗന്ദര്യമാണ്”. എല്ലാ കഥാപാത്രങ്ങള്‍ക്കും ഈ ആത്മസൗന്ദര്യമാണുള്ളത്. പി ഭാസ്കരന്‍ എഴുതിയാലും ഒ എന്‍ വി എഴുതിയാലും വയലാര്‍ എഴുതിയാലും യൂസഫലി എഴുതിയാലും ജയകുമാര്‍ എഴുതിയാലും അതെല്ലാം എം ടി തന്റെ തിരക്കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നത് പ്രണയത്തിന്റെ ഭാഷയില്‍ തന്നെയാണ്. “സ്വര്‍ഗപുത്രീ നവരാത്രി” എന്ന ഗാനത്തില്‍ വയലാര്‍ കഥാപാത്രത്തിന്റെ സംസ്കാരത്തിലുമപ്പുറം എഴുതിയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. “വടക്കന്‍ വീരഗാഥയിലെ” “ചന്ദന ലേപസുഗന്ധം” എന്ന ഗാനം ദേവരാജന്‍ ശൈലിയില്‍തന്നെയാണ് രവി ബോംബെ ചെയ്തത്. മോഹനരാഗത്തിന്റെ സഹായത്തോടെ രവി ബോംബെ സംഗീതം നിര്‍വഹിച്ച നിരവധി ഗാനങ്ങള്‍ എം ടി സിനിമകളില്‍ ഉണ്ട്. ഒരു വടക്കന്‍ പാട്ട് പാടുന്ന ലാളിത്യത്തോടെ തന്നെ “ചന്ദന ലേപസുഗന്ധം” രവി ആവിഷ്കരിച്ചിരിക്കുന്നു. എത്രയെളുപ്പമാണ് രവിയുടെ സംഗീതരചന മലയാളിയെ കീഴടക്കിയത്? നഖക്ഷതങ്ങളിലെ “ആരേയും ഭാവഗായകനാക്കും” എന്ന ഗാനമായാലും “മഞ്ഞള്‍പ്രസാദം” എന്ന ഗാനമായാലും എല്ലാം മോഹനരാഗത്തിന്റെ തഴുകലോടൊപ്പം രവിയുടെ കൈയില്‍ ഭദ്രം. ഒ എന്‍ വിയുടെ വരികളിലൂടെ കടന്നുപോയാല്‍ തന്നെ നമുക്ക് കഥാപാത്രസൃഷ്ടിയിലെ വൈവിധ്യം മനസ്സിലാകും. “ആത്മസൗന്ദര്യമാണ് നീ” എന്ന പ്രയോഗം മറ്റൊരു കഥാപാത്രത്തിന് ഒ എന്‍ വി നല്‍കില്ല. എന്നാല്‍ എം ടിയുടെ എല്ലാ കഥാപാത്രങ്ങള്‍ക്കും ആത്മസൗന്ദര്യം ഉണ്ടുതാനും. അപ്പോള്‍ കഥാപാത്രത്തിന്റെ ആവിഷ്കാരത്തില്‍ വരുന്ന മാറ്റങ്ങളാണ് പാട്ടുകളുടെ രചനയിലും നിഴലിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. “പകല്‍ക്കിനാവിന്‍ സുന്ദരമാകും” ( സിനിമ പകല്‍ക്കിനാവ്) എന്ന ഗാനം മലയാളി എന്നേ ഹൃദിസ്ഥമാക്കിയതാണ്? “എപ്പോഴെന്നറിയില്ല, എന്നാണെന്നറിയില്ല” എന്നും “രാഗമെനിക്കറിയില്ല, താളമെനിക്കറിയില്ല” എന്നും യേശുദാസ് പാടുമ്പോള്‍ നമ്മുടെ മനസ്സും പൂര്‍വകാലത്തെ ഏതോ പ്രണയത്തിന്റെ അറിയാത്ത രാഗത്തില്‍ അറിയാത്ത താളത്തില്‍ എപ്പോഴെന്നറിയാതെ മൂളിപ്പോകുന്നില്ലേ. “ആരാണെന്നറിയില്ല” എന്നുകൂടി നമുക്ക് കൂട്ടിച്ചേര്‍ക്കാം. അങ്ങനെയൊരു പ്രണയം. ഇതേ സിനിമയിലെ മറ്റൊരു ഗാനമാണ് “നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍ …” സ്വപ്നത്തിന്‍ കളിയോടം മെല്ലെ തുഴഞ്ഞു മറ്റാരും കാണാത്ത കരയില്‍ ചെന്നെത്തിയ അനുഭവമില്ലാത്ത ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ അറുപതുകളില്‍ ഉണ്ടാവുമോ? ഇന്നത്തെ യുവാക്കളുടെ സ്വപ്നങ്ങളില്‍ വ്യത്യാസമുള്ളത് കൊണ്ടാണ് ഞാന്‍ അറുപതുകളില്‍ എന്നെടുത്തു പറഞ്ഞത്. ഒരുപക്ഷേ എം ടിക്ക് തന്നെ പുതിയ കാലത്തെ സ്വപ്നത്തെ ചിത്രീകരിക്കുവാന്‍ കഴിഞ്ഞുവെന്ന് വരില്ല. പക്ഷേ കേരളീയ പ്രണയത്തിന്റെ യഥാര്‍ഥ അവസ്ഥ എം ടി ആവിഷ്കരിച്ചതല്ലേ എന്ന് തോന്നിപ്പോകും. പ്രണയഗാനങ്ങള്‍ ഇനിയും എത്രയോ. എന്റെ മനസ്സില്‍ പെട്ടെന്ന് കയറിവരുന്ന പാട്ടുകളെക്കുറിച്ച് മാത്രമാണിവിടെ പ്രതിപാദിക്കുന്നത്. കവിതകള്‍ കവിതകളായി തന്നെ ചിത്രീകരിക്കപ്പെട്ട സിനിമകള്‍ ഉണ്ട്. “ഞാനിതാ തിരിച്ചെത്തി”യെ ക്കുറിച്ച് ഞാന്‍ പറഞ്ഞു. “വിശ്വമഹാ ക്ഷേത്രസന്നിധിയില്‍” (ഇടവഴിയിലെ പൂച്ച) “വ്രീളാഭരിത” (നഖക്ഷതങ്ങള്‍) തുടങ്ങി എത്രയോ കവിതകള്‍ . പവിത്രന്റെ “ഉത്തരം” എന്ന ചിത്രത്തില്‍ ഒ എന്‍ വിയുടെ കവിതാ ശകലങ്ങള്‍ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. വിദ്യാധരന്‍ ആണ് സംഗീതസംവിധായകന്‍ . ഓരോ കവിതയും അതിന്റെ ആത്മാവ് മനസ്സിലാക്കിതന്നെ അദ്ദേഹം ചിട്ട ചെയ്തിട്ടുമുണ്ട്. പല പാട്ടുകളും കവിതകളുടെ നിലയിലേക്കുയരുന്നതാണെങ്കിലും കവിതയായി തന്നെ ഉപയോഗിക്കപ്പെട്ട സന്ദര്‍ഭങ്ങളെക്കുറിച്ചാണ് പറഞ്ഞത്. പാട്ടിനെക്കുറിച്ചും പാട്ടുകാരെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ചില കാഴ്ചപ്പാടുകള്‍ , ചില നിരീക്ഷണങ്ങള്‍ വളരെ കൗതുകകരമാണ്. പാട്ട്, ശബ്ദം,ഭാവം എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹത്തിന്റെ വരികളില്‍ നിന്ന് ഒരു പാട്ടുകാരനായ എനിക്ക് വായിച്ചെടുക്കാന്‍ കഴിയും. “ഓപ്പോള്‍” എന്ന ചിത്രത്തിലെ ഒരു സന്ദര്‍ഭമിതാ – ഗോവിന്ദന്‍കുട്ടി: നിനക്ക് പാടാനറിയോ? മാളു: ഇല്ല. ഗോവിന്ദന്‍കുട്ടി: പാടണ്ട. ഒരു പാട്ട് പറഞ്ഞാ മതി. നിന്റെ ശബ്ദത്തില് പറഞ്ഞാലും പാട്ടാവും. (താഴെ കാട്ടാറിന്റെ സംഗീതം, പ്രകൃതിയുടെ സംഗീതം). പറഞ്ഞാലും പാട്ടാവുന്നത് എങ്ങനെ എന്ന് നമുക്ക് ആലോചിക്കാം. മാളുവിനോടുള്ള കടുത്ത അഭിനിവേശം കൊണ്ട് പറഞ്ഞതാവാം. പക്ഷേ അതില്‍ ഒരു കാര്യമുണ്ടെന്നാണ് എന്റെ സംഗീത മനസ്സ് പറയുന്നത്. പാട്ടുണ്ടാക്കുന്ന ഭാവം. അതാണവിടുത്തെ പ്രശ്നം. സംഗീതത്തിന്റെ പ്രശ്നമല്ല. അവിടെ മാളുവിന്റെ ശബ്ദം സംഗീതംപോലെ മധുരമായി തീരുകയാണ്. അല്ലെങ്കില്‍ അത് സംഗീതമായിത്തീരുകയാണ്. കാട്ടാറിന്റെ സംഗീതം, പ്രകൃതിയുടെ സംഗീതം, നദിയുടെ സംഗീതം, ഭൂമി മാതാവിന്റെ സംഗീതം ഇങ്ങനെ പലയിടങ്ങളിലും അദ്ദേഹം സംഗീതം എന്ന് ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷ തന്നെ സംഗീതം പോലെ മധുരമാണെന്ന് നമുക്കറിയാം. പ്രകൃതിയില്‍ മുഴുവന്‍ അദ്ദേഹം സംഗീതമാണ് കേള്‍ക്കുന്നത്. ഓളവും തീരവും എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ നദി ഈ കഥയില്‍ ഒരു കഥാപാത്രമാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. നദിയുടെ സംഗീതം അദ്ദേഹം മനസ്സുകൊണ്ട് കേള്‍ക്കുന്നുണ്ട്. ഓപ്പോളിന്റെ തിരക്കഥ അവസാനിക്കുന്നത് തന്നെ ഈ സംഗീതത്തിന്റെ വിവിലയനത്തിലാണ്. “വിശാലമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ പൊന്തക്കാടുകള്‍ക്കിടയിലുള്ള പുല്‍മേടിലൂടെ പുരുഷന്‍ . പുരുഷന്റെ ചുമലില്‍ മയങ്ങുന്ന കുഞ്ഞ്, പിന്നില്‍ സ്ത്രീ. പ്രകൃതിയുടെ സംഗീതം ഭൂമാതാവിന്റെ സംഗീതം ഇവിടെയെല്ലാം സംഗീതജ്ഞര്‍ക്ക് വിശദമാക്കാന്‍ കഴിയാത്ത സംഗീതത്തില്‍ പുതിയൊരു സൃഷ്ടിയാവശ്യപ്പെടുന്ന മറ്റെന്തോ വികാരമാണ് അദ്ദേഹത്തിന് സംഗീതം. തന്റെ മനസ്സില്‍ അത് നിറഞ്ഞുനില്‍ക്കുന്നുണ്ട്്. സംഗീതം എന്ന് സാധാരണ അര്‍ഥത്തില്‍ ഉപയോഗിക്കുന്ന പദത്തിന്റെ മറ്റേതോ തലത്തിലാണ് അദ്ദേഹം. പുരുഷനും സ്ത്രീയും കുഞ്ഞും പ്രകൃതിയും ചേരുമ്പോള്‍ ഒരു വിലയനത്തിന്റെ പുതിയ സംഗീതം അദ്ദേഹത്തിന്റെ മനസ്സില്‍ അലയടിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കഥയുടെ മൊത്തം പരിസമാപ്തിയിലേക്ക് അനുവാചകനെ നയിക്കുന്ന എന്തോ ഒന്നാണത്. പാട്ടുപാടുന്നവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിനങ്ങനെ ചില അനുഭവങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ലോകത്തിലെ എല്ലാ പാട്ടുകാരെയും ബാധിച്ചിരിക്കുകയും എന്നാല്‍ അവര്‍ തിരിച്ചറിയാത്തതുമായ ഒരു സുഖക്കേടാണ് അദ്ദേഹം നിരീക്ഷിച്ചിരിക്കുന്നത്. “ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച”യിലെ സംഭാഷണശകലം ശ്രദ്ധിക്കുക. രാജ: താനൊന്ന് പാട് ഭാഗ്യനാഥന്‍ : തൊണ്ടയൊക്കെ പോയി രാജ: പാട്ടറിയുന്നവനൊക്കെ ഈ മേനി പറയും ആദ്യം. തൊണ്ട ശരീല്ല. പോടാ ഭാഗ്യനാഥന്‍ പാടുന്നതിനെ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്- “മടക്കിയ ഇടതു കൈ മുഷ്ടിയില്‍ വലതു കൈയിന്റെ വിരലുകള്‍ കൊണ്ട് താളം പിടിക്കുന്നു” (എത്ര സൂക്ഷ്മമായിട്ടാണ് പറയുന്നത് എന്ന് ശ്രദ്ധിക്കുക) അയാള്‍ പാടുന്നു. വളരെ നേര്‍ത്ത ദുഃഖഛായയുള്ള ഗാനം. ബാല്യത്തിന്റെ, ബാല്യത്തില്‍ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളുടെ ഓര്‍മകളുണര്‍ത്തുന്ന ഒരു ഗാനം. സോപാന സംഗീതത്തിന്റെ ശൈലി”. സോപാന സംഗീതം അദ്ദേഹത്തിലെവിടെയോ ഇത്തരം ഒരു വൈകാരികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടായിരിക്കണം. ഇവിടെ സോപാന സംഗീത രീതിയില്‍ ഒരു പാട്ടുണ്ടാക്കിയാല്‍ പോരല്ലോ. ആ സംഗീതം നേരത്തെ വിവരിച്ച വികാരങ്ങള്‍ ഉള്‍ക്കൊള്ളണം. ഒരു പുതിയ സൃഷ്ടി സോപാന സംഗീതത്തിന്റെ സഹായത്തോടെ ഉണ്ടാവണം. സംഗീത സംവിധായകര്‍ കുഴങ്ങിപ്പോകുന്ന സന്ദര്‍ഭങ്ങളാണിവയൊക്കെ. ശാസ്ത്രീയ സംഗീതാടിത്തറയുള്ള അതിന്റെതായ പ്രയോഗങ്ങള്‍ ഉള്ള പാട്ടുകളും ഈ സിനിമകളില്‍ ഉണ്ട്. ജയചന്ദ്രന് അവാര്‍ഡ് ലഭിച്ച “രാഗം ശ്രീരാഗം” എന്ന ഗാനത്തിന്റെ ശില്പികള്‍ ഒ എന്‍ വിയും എം ബി ശ്രീനിവാസനും ആണ്. പില്‍ക്കാലത്ത് എം ടിയുടെ ചിത്രങ്ങളില്‍ എം ബി എസ് ഒരുപാട് നല്ല ഗാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എം ബി എസുമായുള്ള അടുപ്പത്തിന്റെ ഒരു കാരണം എനിക്ക് തോന്നുന്നു പശ്ചാത്തല സംഗീതം ഒരുക്കുന്നതിലെ അദ്ദേഹത്തിന്റെ പാടവം തന്നെയാണ് എന്ന്. ശ്രീരാഗത്തിലും ഹംസധ്വനിയിലും മലയമാരുതത്തിലും ഒക്കെയായി അദ്ദേഹം തീര്‍ത്ത സംഗീതശില്പം മനസ്സില്‍ സംഗീതമുള്ള ഒരാളും മറക്കില്ല. “കല്യാണി അമൃത തരംഗിണി” എന്ന യൂസഫലിയുടെ പാട്ടിലും രാഗ പ്രയോഗങ്ങള്‍ സ്പഷ്ടമായി കാണാം. “ഇടവഴിയിലെ പൂച്ച”യിലെ എല്ലാ ഗാനങ്ങളും മനോഹരങ്ങളാണ്. “വിവാഹനാളില്‍” തുടങ്ങിയ പാട്ടുകള്‍ . “പരിണയ”ത്തിലെ വിഷയം ഒരു നമ്പൂതിരി പെണ്‍കുട്ടിയുടെ ജീവിത സംഘര്‍ഷങ്ങളാണ്. “പാര്‍വ്വണേന്ദുമുഖി പാര്‍വ്വതി” എന്ന തിരുവാതിരക്കളിപ്പാട്ടും രവി ചിട്ട ചെയ്തിരിക്കുന്നത് മോഹന സ്പര്‍ശത്തിലാണ്. “അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍ നിന്‍ ചിരി സായകമാക്കി ഏഴുസ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍ നിന്‍ മൊഴി സാധകമാക്കി” മലയാള ഗാനശാഖയിലെ തന്നെ മികച്ച ഒരു രചനയാണ്. പ്രകൃതിയിലെയും പുരാണങ്ങളിലെയും മുഴുവന്‍ സങ്കല്പങ്ങളെയും യാഥാര്‍ഥ്യങ്ങളെയും ആറ്റിക്കുറുക്കി പാട്ടാക്കിയിരിക്കയാണ് യൂസഫലി. ഒരു പെണ്ണിനെ ഇങ്ങനെയും വര്‍ണിക്കാമോ എന്നു തോന്നും. നമ്മുടെ പ്രണയഗാനങ്ങളില്‍ മികച്ചത് എന്ന് തന്നെ പറയാവുന്നതാണ് ഈ ഗാനത്തെ. അയത്നലളിതമായ രചനയും സംഗീതവും ആലാപനവും. “നഗരമേ നന്ദി”യിലെ പാട്ടുകളെ പരാമര്‍ശിക്കാതെ പോയാല്‍ ഈ കുറിപ്പ് പൂര്‍ണമാവില്ല. “നഗരമേ നന്ദി”യുടെ കഥയെ മുഴുവന്‍ പന്ത്രണ്ടു വരികളിലാക്കിയിരിക്കയാണ് ഭാസ്കരന്‍ മാസ്റ്റര്‍ “നഗരം നഗരം” എന്ന ഗാനത്തില്‍ . വളരെ തത്വചിന്താപരമായ ഒരു രചനയാണിത്. ഗാനരചനയെ വെല്ലുന്ന സംഗീതവും. നഗരമാകുന്ന മഹാസാഗരത്തില്‍ നുരകള്‍ തിങ്ങുന്ന തിരകളെപ്പോലെയാണ് മനുഷ്യരാശി അലയുന്നത് എന്നത് ഒരു തത്വചിന്തയല്ലെ. ഗ്രാമത്തില്‍നിന്ന് നഗരത്തില്‍ വന്നു സകല സ്വപ്നങ്ങളും നഷ്ടപ്പെട്ട കുടുംബത്തിന്റെ കഥയാണ് നഗരമേ നന്ദി. കുതിച്ചുപായുന്ന നഗരിയില്‍ അവരുടെ കൂര തകര്‍ന്നുതന്നെ പോകുന്നു. ഇവിടെയൊക്കെ പി ഭാസ്കരന്‍ എം ടിയുമായി മത്സരിച്ചു നോക്കുകയാണ്. കൊച്ചു പദങ്ങള്‍ കൊണ്ടെങ്ങനെ വലിയ കാര്യങ്ങള്‍ , വികാരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് കാണിച്ചുതരികയാണ്.

എം ടിയുടെ തിരക്കഥാ രചനയില്‍ അത്തരം ആലോചനകള്‍ക്കിടമുണ്ട് എന്നതാണ് ഇത്തരം മഹത്തായ ഗാനങ്ങള്‍ വാര്‍ന്നുവീഴാന്‍ കാരണമാവുന്നത്. പി ഭാസ്കരന്‍ മാസ്റ്റര്‍ മരിച്ച ദിവസം കോഴിക്കോട്ട് ഒരനുശോചന യോഗത്തില്‍ എം ടി വികാരഭരിതനായി സംസാരിച്ചത് ഞാനോര്‍ക്കുകയാണ്. തന്റെ സൗഹൃദങ്ങളില്‍ ഓരോരുത്തരായി ഇല്ലാതാവുന്നു എന്നത് അദ്ദേഹത്തെ വളരെയേറെ തളര്‍ത്തിയിരുന്നു. നഗരമേ നന്ദിയുടെ ഗാനങ്ങള്‍ ശബ്ദലേഖനം ചെയ്ത സമയത്തെ ചില അനുഭവങ്ങള്‍ അദ്ദേഹം അവിടെ വിവരിക്കുകയുണ്ടായി. ഭാസ്കരന്‍ മാസ്റ്റരോടു എം ടി ചോദിച്ചത്രെ എവിടെയാണ് ഈ താന്നിയൂരമ്പലമെന്ന്. മാസ്റ്റര്‍ പറഞ്ഞ മറുപടി “വാസൂ നിന്റെ വീട്ടിനടുത്തെവിടെയോ ആണീ അമ്പലം എന്ന് തോന്നുന്നില്ലെ” എന്നാണ.് അങ്ങനെ ഓരോ മലയാളിക്കും തന്റെ വീട്ടിനടുത്താണ് താന്നിയൂരമ്പലം എന്നു തോന്നുന്നു. മലയാളം മരിക്കുന്നു, കേരളീയത നഷ്ടപ്പെടുന്നു എന്നൊക്കെ നാം വിലപിക്കുന്ന ഈ കാലത്ത് ഒന്നുറപ്പിച്ചു പറയാന്‍ കഴിയും ഭാസ്കരന്‍ മാസ്റ്റരുടെ പാട്ടുകള്‍ ഇതൊക്കെ നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും-അദ്ദേഹം പറഞ്ഞു. “മഞ്ഞണിപ്പൂനിലാവ്” എന്ന ഗാനത്തെക്കുറിച്ച് തന്നെയാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കല്‍ രാഘവന്‍ മാസ്റ്റരുമായുള്ള ഒരഭിമുഖത്തില്‍ വി ആര്‍ സുധീഷ്, മാസ്റ്റരോട് ചോദിച്ചു. “മഞ്ഞണിപ്പൂനിലാവ്” എന്ന ഗാനം ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രത്യേകം അനുഭവം ഉണ്ടായിരുന്നോ എന്ന്. എം ടിയും പി ഭാസ്കരനും വിന്‍സെന്റും ചേരുമ്പോള്‍ എനിക്കെന്ത് അത്ഭുതങ്ങളാണ് കാണിച്ചുകൂടാത്തത് എന്നാണ് മാസ്റ്റര്‍ മറുപടി പറഞ്ഞത്. ഇവരെല്ലാം ചേര്‍ന്നപ്പോള്‍ പിറന്ന ഗാനം മലയാളത്തിലെ അത്യപൂര്‍വ ഗാനങ്ങളിലൊന്ന് തന്നെ തീര്‍ച്ച. മലയാളം എന്നൊരു വാക്കുണ്ടെങ്കില്‍ ഈ പാട്ടും അതോടൊപ്പം ഉണ്ടാവും. “ചോദ്യമില്ല മറുപടിയില്ല ജീവിതമെന്ന കടംകഥയില്‍” എന്ന യൂസഫലി കേച്ചേരിയുടെ ഗാനത്തിലും തത്വചിന്തയുണ്ട്. “പാതിരാവും പകല്‍ വെളിച്ചവും” എന്ന ചിത്രത്തിനുവേണ്ടി രാഘവന്‍ മാസ്റ്റര്‍ തന്നെയാണീ ഗാനവും ചിട്ട ചെയ്തത്. കരയുന്നോ പുഴ ചിരിക്കുന്നോ (മുറപ്പെണ്ണ് – പി ഭാസ്കരന്‍ – ചിദംബരനാഥ്) മരണദേവനൊരുവരം കൊടുത്താല്‍ (വിത്തുകള്‍ – പി ഭാസ്കരന്‍ – പുകഴേന്തി) തുടങ്ങി ഈ ഗണത്തില്‍ നിരവധി ഗാനങ്ങളുണ്ട്.

“യക്ഷഗാനം മുഴങ്ങി” (നിഴലാട്ടം – വയലാര്‍ , ദേവരാജന്‍) സുശീല പാടിയ ഈ ഗാനം വേണ്ടത്ര ആഘോഷിക്കപ്പെട്ടിട്ടില്ലെങ്കിലും ദേവരാജന്‍ മാസ്റ്റരുടെ സംഗീത രചനാപാടവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നായി ഞാന്‍ ഈ ഗാനം ചൂണ്ടിക്കാണിക്കും. താന്‍ വ്യാപരിച്ച മേഖലകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച എം ടി പ്രത്യക്ഷമായിതന്നെ ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. “വളര്‍ത്തു മൃഗങ്ങ”ളില്‍ എം ബി എസ് സംഗീതം നല്‍കിയ “ശുഭരാത്രി നിങ്ങള്‍ക്കു നേരുന്നു” എന്ന ഗാനം നല്ല സംഗീതാസ്വാദകര്‍ ഓര്‍ക്കാതിരിക്കുമോ? ഈ ചിത്രത്തിലെ തന്നെ ഒരു സംഘഗാനവും മികച്ചത് തന്നെ. മലയാളത്തിലെ പാട്ടുകളെക്കുറിച്ചുള്ള അന്വേഷണം ഈ വഴിക്കും നീങ്ങണം എന്ന് ഞാന്‍ കരുതുന്നു. ഓരോ ഗാനവും രൂപപ്പെട്ടു വരുന്നതിന്റെ പിന്നിലെ സര്‍ഗാത്മകമായ കൂട്ടായ്മകള്‍ . ഓരോരുത്തരും ഓരോരുത്തരുടെ ജോലി ചെയ്ത് അതെല്ലാംകൂടി യോജിപ്പിക്കുന്ന പണിയാണ് സംവിധായകന്‍ ചെയ്യുന്നത് എന്നല്ല, എല്ലാറ്റിലും കയറി ഇടപെട്ട് തന്റെ ഭാവനാ ദാരിദ്ര്യം എല്ലാറ്റിലും അടിച്ചേല്‍പ്പിക്കലുമല്ല. ഇതൊരു കൂട്ടായ്മയാണ്. കൂട്ടായ ചര്‍ച്ചകളും ഇടപെടലുകളും. പരസ്പര ബഹുമാനത്തോടെ. എല്ലാം നമ്മുടെ സൗന്ദര്യാത്മകതയുടെ വികാസത്തിനുവേണ്ടി മാത്രം. കച്ചവടത്തിനുവേണ്ടി മാത്രമുള്ള കൂട്ടായ്മകളെക്കുറിച്ചല്ല പറയുന്നത്.

പാട്ടുകള്‍ സിനിമയ്ക്ക് വേണ്ടിയാണ് ഉണ്ടാക്കപ്പെടുന്നതെങ്കിലും അത് പാട്ടു സാഹിത്യത്തേയും ലളിതഗാനശാഖയെയും മുന്നോട്ട് നയിക്കണം എന്ന കാഴ്ചപ്പാട് ഇതിന്റെ പിന്നിലുണ്ട്. പാട്ടുകള്‍ ഉണ്ടാവുന്നതിന്റെയും ഉണ്ടാക്കുന്നതിന്റെയും പ്രശ്നങ്ങള്‍ നാം പുതിയ കാലവും പഴയകാലവും വെച്ച് പഠിക്കേണ്ടതാണ്. സംഗീതത്തിലും സാഹിത്യത്തിലും കുളിച്ചു നില്‍ക്കുന്ന പഴയ പാട്ടുകളില്‍നിന്ന് മലയാളിയുടെ ഒരു തലമുറയ്ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. അതാണ് റിയാലിറ്റി. റിയാലിറ്റി ഷോ അല്ല. റിയാലിറ്റി. ഒരു സിനിമയുടെ ആദ്യപ്രവര്‍ത്തനമായ തിരക്കഥ മുതല്‍ അതിലെ ഗാനങ്ങള്‍ ഇവരെല്ലാം മനസ്സില്‍ പേറുന്നുണ്ട്. അത് റിക്കോര്‍ഡിങ് സ്റ്റുഡിയോവില്‍ പ്രസവിക്കുന്നു എന്ന് മാത്രം. എം ടി ഇക്കാര്യത്തില്‍ മഹത്തായ മാതൃക കാണിച്ച ആളാണ്, എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയെ സംഗീതമാണ്. അത് പാടിയില്ലെങ്കിലും പറഞ്ഞാലും മതി. തന്റെ മാന്ത്രികസ്പര്‍ശം കൊണ്ട് മലയാള സിനിമയെ ഉയരങ്ങളില്‍ എത്തിച്ച എം ടി തന്റെ സിനിമകളിലെ പാട്ടുകളില്‍ എല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ തന്റെ സംഗീത മനസ്സിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതൊരു തോന്നലല്ല എന്നുതന്നെയാണ് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നത്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *