എന്റെ കഥ
മാതൃഭൂമി 1954-ല്‍ സംഘടിപ്പിച്ച ലോക കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥയോടൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. എഴുതിയ ലേഖനമാണിത്. 54 വര്‍ഷം മുമ്പെഴുതിയ ഈ ലേഖനത്തില്‍ത്തന്നെ തന്റെ സാഹിത്യ-ജീവിത ദര്‍ശനം എം.ടി. വെളിപ്പെടുത്തുന്നു. എഴുത്തുകാരനെന്ന നിലയിലുള്ള എം.ടിയുടെ ആദ്യത്തെ പരസ്യപ്രസ്താവം.
ഇരുപത്തിയൊന്ന് വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ മാത്രമാണ് എന്റെ മുമ്പിലുള്ളത്.
പൊന്നാനി താലൂക്കില്‍പ്പെട്ട, തികച്ചും ഒരു കുഗ്രാമമെന്ന് പറയാവുന്ന, കൂടല്ലൂരിലാണ് ഞാന്‍ ജനിച്ചത് – പഴയ പ്രാഭവത്തിന്റെ സ്മരണ മങ്ങിനില്ക്കുന്ന ഒരിടത്തരം നായര്‍ തറവാട്ടില്‍. അച്ഛന്റേയും അമ്മയുടേയും നാലാണ്‍മക്കളില്‍ ഏറ്റവും ഇളയതാണ് ഞാന്‍. 1933 ജൂലായ് മാസത്തിലാണെന്ന് തോന്നുന്നു, പെണ്‍കുട്ടിയുണ്ടാവാന്‍ പ്രാര്‍ഥിച്ചിരുന്ന അമ്മയുടെ പ്രതീക്ഷകളെ അല്പം വേദനിപ്പിച്ചുകൊണ്ട് ഞാന്‍ പ്രപഞ്ചത്തിന്റെ വെളിച്ചം കണ്ടത്.
തെക്കേപ്പാട്ടെ അമ്മാളുവമ്മയെപ്പറ്റി പറയുമ്പോള്‍ നാട്ടുകാര്‍ പറയും അവര്‍ ഭാഗ്യവതിയാണെന്ന്. നാലാണ്മക്കള്‍ മാത്രമുള്ളതുകൊണ്ട് പ്രാരബ്ധമൊന്നുമില്ലല്ലോ! പക്ഷേ, മൂന്നാണ്മക്കള്‍ക്കുശേഷം ഒരു പെണ്‍കുട്ടിയായിരുന്നു എന്റെ സ്ഥാനത്ത് അമ്മയ്ക്കാവശ്യം.
എനിക്കോര്‍മ്മവെച്ച കാലത്ത് അച്ഛന്‍ സിലോണിലാണ്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങളിലധികം കാലമായി അദ്ദേഹം (ടി.എന്‍. നായര്‍, പുന്നയൂര്‍ക്കുളം) സിലോണിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കൊല്ലത്തിലൊരിക്കല്‍ നാട്ടില്‍വരും. രണ്ടു മൂന്നു മാസങ്ങള്‍ക്കുശേഷം തിരിച്ചുപോവും. എന്നെ പ്രസവിക്കുന്നതിനു മുമ്പ് അമ്മയും ജ്യേഷ്ഠന്മാരും കുറേക്കാലം സിലോണില്‍ത്തന്നെയായിരുന്നു. അധ്യാപകനായും തപാല്‍വകുപ്പിലും കമ്പിയാപ്പീസിലും ജോലിചെയ്തും വരുമാനംകൊണ്ടു തൃപ്തിപ്പെടാതെയാണ് അദ്ദേഹം സിലോണിനെ ആശ്രയിച്ചത്. സാമാന്യം നല്ല നിലയില്‍ ഞങ്ങളെ വളര്‍ത്താനും ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും സാധിച്ചത് അതുകൊണ്ടാണ്.
സിലോണിനോട് വിട ചോദിച്ച് അദ്ദേഹമിപ്പോള്‍ നാട്ടില്‍ വിശ്രമിക്കുകയാണ്. ഞാന്‍ ബി.എസ്‌സി. പരീക്ഷയ്ക്ക് വായിക്കുന്ന സമയത്താണ് അമ്മ നിര്യാതയായത്. അന്ത്യനിമിഷങ്ങളില്‍ അമ്മയുടെ സമീപത്ത് ഞാനൊഴിച്ച് മറ്റു മക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ പേടിസ്വപ്‌നമായിരുന്ന ‘ഓര്‍ഗാനിക് കെമിസ്ട്രി’യുമായി സമരം നടത്തുന്ന അവസരത്തിലാണ് അമ്മയുടെ മരണവാര്‍ത്ത എന്നെ സമീപിച്ചത്.
സാംസ്‌കാരികമായി വലിയ പാരമ്പര്യമൊന്നും ഞങ്ങളുടെ തറവാട്ടിനില്ല. മുത്തശ്ശിയുടെ ഭാഷയില്‍ ഒരു കാലത്ത് അത് കത്തിനിന്നിരുന്നുവെന്ന് മാത്രം. ആദ്യമായി വീട്ടില്‍ കലാശാലാബിരുദം നേടിയത് എന്റെ വലിയ ജ്യേഷ്ഠനാണ്. കലാലയത്തിന്റെ പടികയറാന്‍ ഞങ്ങള്‍ നാലുപേര്‍ക്കും അച്ഛന്‍ അവസരമുണ്ടാക്കിത്തന്നു.
വീട്ടിലെ ശല്യം കുറയ്ക്കാന്‍ സ്‌കൂളില്‍ കൊണ്ടുപോയിരുത്തിയ വാസു പഠിക്കാന്‍ ‘അത്ര മോശമല്ലെ’ന്ന് പിന്നീട് വീട്ടുകാര്‍ക്ക് തോന്നി. സൂത്രത്തില്‍ ഒരു ‘ഡബിള്‍ പ്രമോഷന്‍’ കിട്ടുക കാരണം 42ല്‍ കുമരനെല്ലൂരിലെ ബോര്‍ഡ് ഹൈസ്‌കൂളില്‍ ചേരാന്‍ കഴിഞ്ഞു.
1942നെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു സംഭവം ഓര്‍മയില്‍ വരുന്നു. ഇന്ന് ഒരു പത്രപ്രവര്‍ത്തകനും വിപ്ലവകാരിയുമായ ഒരു മാന്യദേഹം അന്ന് പത്താംക്ലാസിലുണ്ടായിരുന്നു. 1942 ലെ രാഷ്ട്രീയസമരങ്ങളുടെ അലകള്‍ ഹൈസ്‌കൂളിലേക്കും കടന്നുചെന്നു. മേല്പറഞ്ഞ വിദ്യാര്‍ഥിപ്രവര്‍ത്തകനെ ‘ഡിസ്മിസ്’ ചെയ്തു. നേതാക്കന്മാരെ ജയിലിലടച്ചതറിഞ്ഞ ദിവസം. സ്‌കൂളില്‍ ഹെഡ്മാസ്റ്ററുടെ പ്രതിഷേധം വകവെയ്ക്കാതെ കറുപ്പുകൊടി കുത്തലും ഇറങ്ങിപ്പോക്കും നടന്നു. മൂന്നാം ഫോറത്തില്‍ പഠിക്കുന്ന ജ്യേഷ്ഠന്‍ കറുപ്പുകൊടി കുത്തി ക്ലാസ് വിട്ടിറങ്ങുന്നതുകണ്ടു ഞാനും അതപ്പടി ആവര്‍ത്തിച്ചു. ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ എളുപ്പമായിരുന്നു: ‘ഏട്ടനും കറുപ്പുകൊടി കുത്തീട്ടുണ്ട്. ഏട്ടനും ക്ലാസ്ന്ന് പോയിട്ടുണ്ട്’.
വാടകയ്‌ക്കെടുത്ത ഒരു ഗൃഹത്തിലാണ് സ്‌കൂളിനടുത്ത് ഞാന്‍ താമസിച്ചിരുന്നത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന ജ്യേഷ്ഠനും ബി.എ. പാസ്സായി വിവാഹിതനായിരിക്കുന്ന മൂത്ത സഹോദരനും അമ്മയും കൂടെയുണ്ട്. വീട്ടില്‍ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് വരാറുണ്ട്. ആഴ്ചപ്പതിപ്പിലെ ചിത്രങ്ങളും പക്ഷിമൃഗാദികള്‍ കഥാപാത്രങ്ങളായി വരാറുള്ള കഥകളും എന്നെ ഏറ്റവും ആകര്‍ഷിച്ചു. ‘ദരികന്റെ ലോകയാത്രയും’ മറ്റും ഏറ്റവും ആവേശത്തിലാണ് ഞാന്‍ വായിച്ചിരുന്നത്. അത്രയും രസത്തോടെ ഞാന്‍ പിന്നീട് ഡ്യൂമായുടെ ‘മോണ്‍ടിക്രിസ്റ്റോ’യും മറ്റും മാത്രമേ വായിച്ചിട്ടുള്ളൂ.
ആഴ്ചപ്പതിപ്പിന്റെ താളുകള്‍ മറിച്ചുനോക്കുന്നതിനിടയ്ക്ക് ഒരിക്കല്‍ ഞാനമ്പരന്നുപോയി. ‘സമാധാനം ശാശ്വതമാകണമെങ്കില്‍’ എന്ന ഒരു ലേഖനം, അതിന്റെ ചുവട്ടില്‍ ‘എം.ടി.ജി. നായര്‍, ബിഎ’ എന്ന പേരും.
വല്യേട്ടന്റെ മേശപ്പുറത്ത് ഞാനത് കണ്ടിട്ടുണ്ട്. അതെങ്ങനെ ‘എങ്ങാണ്ട് നിന്നു വരുന്ന ആഴ്ചപ്പതിപ്പിലെത്തി?’ ഒന്നും മനസ്സിലായില്ലെങ്കില്‍ക്കൂടി ഞാനതു വായിച്ചുനോക്കി. കുറച്ചു ദിവസം കഴിഞ്ഞപ്പോളതാ ആഴ്ചപ്പതിപ്പില്‍ മറ്റൊരു ലേഖനം: സാമൂതിരി കോളേജില്‍ പഠിക്കുന്ന ബാലേട്ടന്റെ (എം.ടി.ബി. നായര്‍) വകയാണത്. ‘കുഴിയാന’യെപ്പറ്റിയായിരുന്നതുകൊണ്ട് ‘സമാധാനലേഖന’ത്തിനേക്കാളും അതെന്നെ രസിപ്പിച്ചു.
സഹോദരന്മാര്‍ക്കറിയുന്ന ഈ വിദ്യയെപ്പറ്റി ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
ഞാന്‍ ഒന്നാം ഫോറത്തില്‍ പഠിക്കുമ്പോള്‍ ഇന്നത്തെ പ്രസിദ്ധ കവിയായ അക്കിത്തം ഫോര്‍ത്തുഫോമില്‍ പഠിക്കുന്നുണ്ടായിരുന്നു. പത്രത്തില്‍ ‘ഒരൂട്ടം’ എഴുതുകയെന്ന വിദ്യ അക്കിത്തത്തിനും അറിയാമെന്ന് എനിക്ക് മനസ്സിലായത് ഞാന്‍ തേഡ്‌ഫോമിലായിരിക്കുമ്പോഴാണ്. ഒരിക്കല്‍ തുഞ്ചത്തെഴുത്തച്ഛനെപ്പറ്റി അക്കിത്തം സ്‌കൂള്‍ സാഹിത്യസമാജത്തില്‍ ഒരു കവിത വായിച്ചു. അത് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ‘യോഗക്ഷേമ’ത്തില്‍ അച്ചടിച്ചു കണ്ടു. കവിതകള്‍ സ്വന്തമായെഴുതുകയും അത് പത്രത്തില്‍ അച്ചടിപ്പിക്കുകയും ചെയ്യുന്ന ഈ അത്ഭുതമനുഷ്യന്‍ എന്റെ വര്‍ധിച്ച ബഹുമാനത്തിന് പാത്രമായി. പക്ഷേ, ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോവില്ല. ബഹുമാനം കലര്‍ന്ന ഒരു ഭയം. ഏട്ടനുമായി സംസാരിക്കുന്നത് ദൂരെനിന്ന് കേള്‍ക്കുമെന്നു മാത്രം.
എത്ര എളുപ്പത്തിലാണ് അക്കിത്തത്തിന് കവിത വരുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയ ഒരവസരമുണ്ട്.
അക്ഷരശ്ലോകം എനിക്കേറ്റവും ഇഷ്ടമായിരുന്നു. ധാരാളം ശ്ലോകങ്ങള്‍ പഠിച്ചുവെയ്ക്കുകയും ചെയ്തിരുന്നു. വാര്‍ഷികദിനത്തോടനുബന്ധിച്ചുള്ള അക്ഷരശ്ലോകമത്സരത്തിന് പേര്‍ കൊടുത്തിട്ടുണ്ട്. കടുപ്പം പിടിച്ച അക്ഷരങ്ങള്‍ മറന്നുപോവാതിരിക്കാന്‍ ഉരുവിട്ടുകൊണ്ട് സ്‌കൂള്‍ ഗെയ്റ്റിലെത്തിയപ്പോഴുണ്ട് അക്കിത്തം അവിടെ നില്ക്കുന്നു.
‘എന്താ എം.ടി?’
‘ഒന്നൂല്യ.’
‘അക്ഷരശ്ലോകം പൊടിപൊടിക്കണം.’
ഞാന്‍ മൂളി. അപ്പോള്‍ പെട്ടെന്ന് ഓര്‍മ്മവന്നു. ‘ണ’ എന്ന അക്ഷരം എനിക്കറിയില്ല. കവിതയെഴുതുന്ന ആള്‍ക്ക് ശ്ലോകങ്ങള്‍ ധാരാളം അറിയാതിരിക്കില്ല. ഞാന്‍ ലജ്ജിച്ചുകൊണ്ട് കാര്യം പറഞ്ഞു.
അക്കിത്തം ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് അടുത്ത ക്ലാസുമുറിയിലേക്ക് വിളിച്ചു: ‘വരൂ.’
അക്കിത്തം ഒരു ശ്ലോകം ചൊല്ലി. ഞാന്‍ എഴുതിയെടുത്തു.
‘ണാം, ണാം മുഴങ്ങീ മണി, മാടഭൂമി…’
ആ ശ്ലോകത്തിന്റെ ഒരു വരിയേ ഇപ്പോള്‍ തോന്നുന്നുള്ളൂ. അത് അക്കിത്തത്തിന്റെ സ്വന്തം സൃഷ്ടിയാണെന്ന് എനിക്കറിയാമായിരുന്നു.
ഒരു വിദ്യാര്‍ഥിയെന്ന നിലയ്ക്ക് ചെറിയ എം.ടി-ഞാന്‍- മിടുക്കനായിരുന്നു. എല്ലാ ക്ലാസുകളിലും ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ കിട്ടും. ക്ലാസ്സിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി എപ്പോഴും ഞാനായിരിക്കും. ഹൈസ്‌കൂളിലെ ആറു കൊല്ലവും ‘പ്രൊഫിഷ്യന്‍സി’ക്കും അക്ഷരശ്ലോകത്തിനും പ്രബന്ധമത്സരത്തിനും പ്രസംഗത്തിനും മറ്റുമായി വാര്‍ഷികദിനങ്ങളില്‍ സമ്മാനം കിട്ടുകയുണ്ടായി.
എസ്.എസ്.എല്‍.സി. ക്ലാസിലെത്തിയപ്പോഴേക്ക് ഞാന്‍ സ്‌കൂള്‍ സാഹിത്യസമാജത്തിന്റെ സഹകാര്യദര്‍ശിയായി. ‘വിദ്യാര്‍ഥിമിത്രം’ എന്ന കൈയെഴുത്തുമാസികയുടെ പത്രാധിപരുമായി. എന്റെ ആദ്യത്തെ ചെറുകഥ അതിലാണ് പുറത്തിറക്കിയത്. ‘വിദ്യാര്‍ഥി’ എന്ന ആ കഥയില്‍ ഒരു പാവപ്പെട്ട വിദ്യാര്‍ഥിയുടെ ജീവിതക്ലേശങ്ങളായിരുന്നു പ്രമേയം.
അന്നെല്ലാം എഴുതിത്തുടങ്ങുന്നതു കവിതയാണല്ലോ. അക്കിത്തത്തിന്റെ ശിക്ഷണത്തിന്‍ കീഴില്‍ എന്റെ സഹോദരന്‍ എം.ടി.എന്‍. കവിതയെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുതുടങ്ങിയിരുന്നു. എഴുതിത്തുടങ്ങണമെന്ന ഒരാശ എന്റെ ഹൃദയത്തിലും നിഗൂഢമായി ഒളിച്ചുവെച്ചിരുന്നു. പക്ഷേ, ഞാന്‍ എഴുതിത്തുടങ്ങിയത് – അല്ലെങ്കില്‍ എഴുതാന്‍ ശ്രമിച്ചത്-ചില ചെറുലേഖനങ്ങളും മറ്റുമായിരുന്നു. ഇംഗ്ലീഷില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍, ഇംഗ്ലീഷ് ലേഖനങ്ങളെ അവലംബിച്ചുള്ള ലേഖനങ്ങള്‍, കൂട്ടത്തില്‍ ചില കഥകളും-അങ്ങനെയായിരുന്നു തുടക്കം.
ചെറുപ്പം മുതല്‍ക്കേ ഞാന്‍ ധാരാളം വായിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ കവികളുടേയും കഥാകൃത്തുക്കളുടേയും പുസ്തകങ്ങള്‍ ഹൈസ്‌കൂള്‍ ക്ലാസില്‍ വെച്ചുതന്നെ ഞാന്‍ വായിക്കാനാരംഭിച്ചിരുന്നു.
1948 ലാണ് ആദ്യമായി പത്രത്തില്‍ ഒരു ലേഖനത്തിന്റെ താഴെ എന്റെ പേരച്ചടിച്ചുകാണാന്‍ ഭാഗ്യമുണ്ടായത്. വളരെ നാളുകളായി ആശിച്ചിരിക്കുകയായിരുന്നു. എഴുതിയുണ്ടാക്കിയ ‘വസ്തു’ ജ്യേഷ്ഠന്മാരുടെ അനുമതി ലഭിച്ചാല്‍ മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. ആ ബോധത്തോടെ കുറച്ചുകാലം കാത്തു. അനുമതി കിട്ടിയില്ലെങ്കിലും ആരും അറിയാതെ ഒന്നയച്ചുനോക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ പരീക്ഷണം ഫലപ്രദമായില്ല. രണ്ടാമത്തേതു പറ്റുക തന്നെ ചെയ്തു.
ഒരു വൈകുന്നേരം ഒരു പത്രവുമായി ബാലേട്ടന്‍ വന്നപ്പോഴാണ് ബോംബു പൊട്ടിയത്.
‘വാസൂന്റെ ലേഖനം വന്നിരിക്കുന്നു.’
കളിയാക്കുകയായിരിക്കും. തികച്ചും വിശ്വാസത്തോടെയല്ല മാസികയുടെ ഏടു മറിച്ചത്. നോക്കുമ്പോഴല്ലേ, മുഖലേഖനം എന്റേതാണ്!
ഗുരുവായൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കേരളക്ഷേമ’മായിരുന്നു ആ പത്രം. ‘സ്വതന്ത്ര’യില്‍ വന്ന ഒരിംഗ്ലീഷ് ലേഖനത്തെ ആസ്പദിച്ചെഴുതിയ ‘ഇന്ത്യയിലെ വൈര വ്യവസായം’ ആയിരുന്നു ആ ലേഖനം. അതേ ലക്കത്തില്‍ എന്റെ മൂത്ത സഹോദരന്‍ എം.ടി.ജിയുടെ ഒരു രാഷ്ട്രീയലേഖനവുമുണ്ടായിരുന്നു.
എന്റെ ലേഖനം അച്ചടിച്ചു വന്ന വിവരം ക്ലാസില്‍ ആരേയും ഞാന്‍ അറിയിച്ചില്ല. എന്തോ, എനിക്കങ്ങനെയാണ് തോന്നിയത്.
എസ്.എസ്.എല്‍.സി. കഴിഞ്ഞ് ഒരു കൊല്ലം നാട്ടില്‍ സ്വസ്ഥമായിരുന്നു. ആ കാലത്താണ് ഞാന്‍ ഇംഗ്ലീഷിലെ പ്രധാന ഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങിയത്. ദഹിക്കുമോ ഇല്ലയോ എന്ന സംശയത്തോടെയല്ല പുസ്തകങ്ങള്‍ കൈയിലെടുത്തിരുന്നത്. അക്കിത്തത്തിന്റെ ലൈബ്രറിയില്‍നിന്ന് പുസ്തകങ്ങള്‍ എടുത്തുകൊണ്ടുവരും. മനസ്സിലാവാത്തതു വീണ്ടും വായിച്ചു ദഹിപ്പിക്കാന്‍ ശ്രമിക്കും. കാറല്‍മാര്‍ക്‌സിന്റെ കൃതികളുടെ ഒന്നാം വാള്യവും ക്രിസ്റ്റഫര്‍ കോഡ്‌വെല്ലിന്റെ ‘ഇല്യൂഷന്‍ ആന്‍ഡ് റിയാലിറ്റി’യും എന്നെ ഏറ്റവും വിഷമിപ്പിച്ച രണ്ടു ഗ്രന്ഥങ്ങളാണ്. ഭൗതികവാദവും ഡയലെക്ടിക്‌സും സാമ്പത്തികശാസ്ത്രവുമെല്ലാം അടങ്ങുന്ന മാര്‍ക്‌സ് വായിക്കുമ്പോള്‍ എന്റെ സഹോദരന്മാരിലൊരാള്‍ പറഞ്ഞു: ‘പൊട്ടാത്തത് പിടിച്ചു കടിക്കുന്നതെന്തിനാണ്?’
അത് ശരിയാണെന്ന് എനിക്കനുഭവപ്പെട്ടത് പിന്നീടാണ്. അടുത്ത കാലത്ത് വീണ്ടും മാര്‍ക്‌സ് വായിച്ചപ്പോഴും അന്നെഴുതിയ ലേഖന (കാറല്‍ മാര്‍ക്‌സ്) ത്തില്‍ ഭൗതികവാദത്തെപ്പറ്റി പറഞ്ഞ ഭാഗങ്ങളിലൂടെ കണ്ണോടിച്ചപ്പോഴും എനിക്കെന്റെ അക്ഷമയെ ശപിക്കേണ്ടിവന്നു. ഗോര്‍ക്കിയുടെയും മോപ്പസാങ്ങിന്റെയും കഥകള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചു. പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നത് എന്റെ പതിവായിരുന്നു. ഏറ്റവും നല്ല വിദ്യാര്‍ത്ഥിയെന്ന നിലയ്ക്ക് ഹൈസ്‌കൂളില്‍നിന്നു മൂന്നു കൊല്ലം ലഭിച്ച സ്‌കോളര്‍ഷിപ്പിന്റെ ഒരു പ്രധാന ഭാഗം പുസ്തകങ്ങള്‍ വാങ്ങുന്നതിനാണ് ഉപയോഗിച്ചത്.
മാസത്തില്‍ രണ്ടുമൂന്നു തവണ അക്കിത്തത്തിന്റെ വസതിയില്‍ ചെന്നു വളരെ സമയം സംസാരിച്ചിരിക്കും. അക്കിത്തം പറയുന്നത് കേട്ടിരിക്കുമെന്നു പറയുന്നതാവും ശരി. കലയേയും സാഹിത്യത്തേയും പറ്റി അദ്ദേഹം പലതും പറഞ്ഞുതരും. ഞാന്‍ എഴുതിയുണ്ടാക്കിയ ലേഖനങ്ങളെപ്പറ്റിയും കഥകളെപ്പറ്റിയും അഭിപ്രായം പറയും. തിരുത്തലുകള്‍ നിര്‍ദേശിക്കും.
പത്രത്തില്‍ ചെറുലേഖനങ്ങള്‍ പിന്നെയും എഴുതി. ഒരു കഥ പ്രസിദ്ധീകരിച്ചുകാണാനുള്ള ആഗ്രഹം നിറവേറ്റിയതും 1948ലാണ്. ആദ്യത്തെ രണ്ടു കഥകള്‍ പത്രക്കാര്‍ തള്ളിക്കളഞ്ഞു. മൂന്നാമത്തേത് അയച്ചത് പുതുതായി തുടങ്ങിയ ഒരു മറുനാടന്‍ മലയാളി മാസികയ്ക്കായിരുന്നു അതാ വരുന്നു, പത്രാധിപരുടെ വക ഒരു കത്ത്. കഥ നന്നായിട്ടുണ്ട്, ഇനിയും എഴുതണം, നാട്ടില്‍ ഒരേജന്‍സി ഏര്‍പ്പെടുത്തണം. ഇതായിരുന്നു കാര്യം. ഏജന്‍സിക്കാര്യം ഏര്‍പ്പെടുത്തിയില്ലെങ്കിലും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നു മനസ്സിലുറപ്പിച്ചു. ദൗര്‍ഭാഗ്യത്തിന് ആ മാസിക അധികകാലം ജീവിച്ചില്ല. എങ്കിലും എന്റെ കഥയുള്ള ലക്കം പുറത്തു വന്നശേഷമേ അത് അന്ത്യശ്വാസം വലിച്ചുള്ളൂ.
<<ഞ03089ബ2652.ഷുഴ>> 1949ല്‍ ഞാന്‍ വിക്‌ടോറിയ കോളേജി (പാലക്കാട്) ല്‍ വിദ്യാര്‍ഥിയായിച്ചേര്‍ന്നു. പത്രങ്ങളില്‍ പലതിലും പ്രവേശനം ലഭിച്ചിരുന്നതുകൊണ്ട് എഴുത്തു തുടര്‍ന്നു. കോളേജു വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ്, വിശ്വസാഹിത്യത്തിലെ പല ഗ്രന്ഥങ്ങളും വായിക്കാന്‍ കഴിഞ്ഞത്.
ഇന്റര്‍മീഡിയറ്റ് ഒന്നാം ക്ലാസോടുകൂടി പാസായി. വെറുമൊരു കമ്പത്തിനാണ് കെമിസ്ട്രി ഐച്ഛികവിഷയമായെടുത്ത് അവിടെത്തന്നെ ബി.എസ്‌സിക്കു ചേര്‍ന്നത്. ഒരു വിധത്തിലും എനിക്കു പൊരുത്തപ്പെടാന്‍ കഴിയാത്ത ‘ഓര്‍ഗാനിക് കെമിസ്ട്രിയും’ ‘ബോട്ടണി’യുമായി മല്ലടിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ശപിച്ചിട്ടുണ്ട്.
കോളേജിനകത്ത് തികച്ചും ഉത്തരവാദിത്വബോധമില്ലാത്ത ഒരു വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഹൈസ്‌കൂളില്‍ അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്ന ഞാന്‍ കോളേജില്‍ അധ്യാപകരുടെ കണ്ണിലെ കരടായിരുന്നു. ലക്ചര്‍ ക്ലാസുകളില്‍ കിനാവു കാണുകയും നോട്ടെഴുതേണ്ടതിനു പകരം പുസ്തകത്തില്‍ തുരുതുരെ ഒപ്പിടുകയും ചെയ്ത് സമയം പോക്കിയിരുന്ന ഞാന്‍ പരീക്ഷകള്‍ ചാടിക്കടക്കുന്നത് പലര്‍ക്കും അത്ഭുതമുണ്ടാക്കിയിരുന്നു. പരീക്ഷയടുത്ത ദിവസങ്ങളിലെ മരണപ്പാച്ചില്‍കൊണ്ടാണ് ഞാന്‍ ആ ദുര്‍ദേവതയുടെ പിടിയില്‍നിന്നു രക്ഷപ്രാപിച്ചിരുന്നത്.
സീനിയര്‍ ബി.എസ്‌സി ക്ലാസിലെത്തിയപ്പോള്‍, വാശിപിടിച്ച ഒരു തിരഞ്ഞെടുപ്പിനുശേഷം കോളേജിലെ മലയാള സമാജത്തിന്റെ കാര്യദര്‍ശിയായി. 1952 ഒക്‌ടോബറില്‍ എന്റെ ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. എന്റെ യുവസുഹൃത്തുക്കളുടേതായിരുന്ന കലാരാധകസംഘമാണ് അതു പ്രസിദ്ധീകരിച്ചത്. ഓളപ്പാളികള്‍ക്കിടയിലൂടെ ഞാനാദ്യമിറക്കിയ കൊച്ചോടം കര പറ്റുമോ എന്ന് ആശങ്കയോടെ ഞാന്‍ നോക്കിനിന്നു. കേരളത്തിലെ നല്ല പത്രങ്ങളുടേയും മുന്തിയ ചില നിരൂപകന്മാരുടേയും ഭേദപ്പെട്ട അഭിപ്രായം അതിനു നേടാന്‍ കഴിഞ്ഞു. സാമ്പത്തികമായും ആ പുസ്തകം ഒരു വിജയമായിരുന്നു. ഒരു കൊല്ലത്തിനകം അതിന്റെ എഴുന്നൂറോളം പ്രതികള്‍ വിറ്റുതീര്‍ന്നു.
1953 മാര്‍ച്ചിലെ ബി.എസ്‌സി പരീക്ഷ ഞാന്‍ എങ്ങനെയോ പാസായി. ഒരു രണ്ടാം ക്ലാസും കിട്ടി. പരാജയത്തിന്റെ കയ്പ്പറിയാതെ അങ്ങനെ വിദ്യാര്‍ഥിജീവിതം അവസാനിച്ചു.
ഒരുദ്യോഗാര്‍ത്ഥിയായി മാറിയശേഷമാണ് ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ എനിക്കുണ്ടായത്. രണ്ടുമാസത്തോളം ഡിസ്ട്രിക്ട് ബോഡിനു കീഴിലെ പട്ടാമ്പി നാഷണല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. ഉദ്യോഗത്തിനു വേണ്ടിയുള്ള പാച്ചിലിനിടയ്ക്ക് ഒരു വിശ്രമം മാത്രമായിരുന്നു അത്.
നിരാശയും വേദനയും വഴിയുന്ന ഏടുകള്‍ ജീവിതത്തില്‍ അവിടവിടെയായി കിടപ്പുണ്ട്. പക്ഷേ, ഹൃദയത്തിന്റെ ഭാഷയിലൂടെ അവയെ വിവരിക്കാന്‍ കഴിയുമ്പോള്‍ വേദനയില്‍ ഒരാനന്ദം അനുഭവപ്പെടാറുണ്ട്. ഉദ്യോഗാര്‍ത്ഥം മദ്രാസില്‍ ഇന്റര്‍വ്യൂ കഴിഞ്ഞു തിരിച്ചെത്തി. ആ ശ്രമത്തില്‍ പരാജയപ്പെട്ടെന്നുള്ള വാര്‍ത്ത അറിഞ്ഞപ്പോള്‍ ഏറ്റവും നിരാശയനുഭവപ്പെട്ടു. പക്ഷേ, ‘മെറീനയിലെ ഒരു രാത്രി’ എഴുതിയപ്പോള്‍ ആ പരാജയത്തില്‍ എനിക്കൊരു നേരിയ തമാശ മാത്രമാണ് തോന്നിയത്. ഒട്ടാകെ അറുപതോളം കഥകള്‍ ഞാനെഴുതിയിട്ടുണ്ട്. അതില്‍ പകുതിയിലധികം നല്ല കഥകളാണെന്ന് എനിക്ക് വിശ്വാസമുണ്ട്. ആത്മനിഷ്ഠമായ പോറലുകളുള്ള കഥകളാണു ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
‘മണ്ണും മനുഷ്യരും’ എന്ന പേരില്‍ ഒരു നോവല്‍ ഞാനെഴുതുകയുണ്ടായി. തൃപ്തിയായില്ലെന്ന് എനിക്കുതന്നെ തോന്നിയതുകാരണം ഞാനത് ഇത്രയും കാലം വെറുതെവെച്ചു. ഇപ്പോള്‍ അതു തിരുത്തിഎഴുതുകയാണ്. എനിക്കു തൃപ്തികരമായി തോന്നിയവ മാത്രമേ ഞാന്‍ പുറത്തിറക്കാറുള്ളൂ.
ജനതാ പബ്ലിഷിങ് കമ്പനി (മദ്രാസ്) അടുത്തു പുറത്തിറക്കുന്ന ‘വെയിലും നിലാവും’ ആയിരിക്കും എന്റെ രണ്ടാമത്തെ കഥാസമാഹാരം. അതിലെ പകുതി കഥകള്‍ ലൈംഗികമായതുകൊണ്ടു ശകാരങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണു ഞാനതിനു മുതിര്‍ന്നിരിക്കുന്നത്.
കഴിഞ്ഞുപോയ ചില ഏടുകള്‍ മറിച്ചുനോക്കുമ്പോള്‍ ചില സംഭവങ്ങള്‍ ഓര്‍മ്മയില്‍ വരുന്നു. വിഷാദപൂര്‍വ്വം ഞാന്‍ മന്ദഹസിച്ച ചില സന്ദര്‍ഭങ്ങള്‍. ഇബ്‌സന്റെ ‘പൊതുജനശത്രു’ ഞാന്‍ ജ്യേഷ്ഠന്റെ സഹായത്തോടെ ഒരു മാസം മിനക്കെട്ടിരുന്നു പരിഭാഷപ്പെടുത്തി. അസ്സല്‍ പകര്‍ത്തിത്തുടങ്ങുമ്പോഴാണു ‘ജനദ്രോഹി’ ജയകേരളത്തില്‍ ഖണ്ഡശഃ വരാന്‍ തുടങ്ങുന്നത്!
ആദ്യത്തെ സമാഹാരത്തിലെ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന കഥയെ നിദാനമാക്കി പോലീസുകാര്‍ അന്വേഷണത്തിന്നു വന്നപ്പോഴും, പൊതുതിരഞ്ഞെടുപ്പു കാലത്ത് കമ്യൂണിസ്റ്റ് മുദ്ര കിട്ടിയപ്പോഴും, കോളേജില്‍ മലയാളസമാജം തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്. അനുഭാവിയാണെന്നു പ്രതിപക്ഷക്കാര്‍ പ്രചാരണം നടത്തിയപ്പോഴും, എന്റെ എതിര്‍സ്ഥാനാര്‍ത്ഥി ഒരു വിപ്ലവകക്ഷിയുടെ ആളായതുകൊണ്ടു ഞാന്‍ പിന്തിരിപ്പനാണെന്നു പരോക്ഷമായി പ്രഖ്യാപിക്കുന്ന ഒരു റിപ്പോര്‍ട്ട് ഒരു പാര്‍ട്ടിദിനപ്പത്രത്തില്‍ വന്നപ്പോഴും എനിക്കു വെറുതെയൊന്നു മന്ദഹസിക്കാനേ കഴിഞ്ഞുള്ളൂ.
1954 ജനവരി 1നു കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ ജൂബിലിക്കു വരുന്ന സാഹിത്യകാരന്മാരെ സ്വീകരിപ്പാന്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ചെന്നപ്പോഴാണു പത്രത്തില്‍നിന്നു ‘വളര്‍ത്തുമൃഗങ്ങള്‍’ക്കു സമ്മാനം ലഭിച്ച വിവരമറിഞ്ഞത്.
‘വളര്‍ത്തുമൃഗങ്ങള്‍’ മത്സരത്തിനയയ്ക്കണമെന്നുവെച്ചല്ല എഴുതിയത്. ’53 ഏപ്രിലില്‍ അതെഴുതി. എന്റെ അലസതയെ പഴിച്ചുകൊണ്ടും കഥയയയ്ക്കണമെന്നു നിര്‍ബന്ധിച്ചുകൊണ്ടും എനിക്കൊരു സാഹിത്യസുഹൃത്ത് എഴുതി. ‘താങ്കളെ സംബന്ധിച്ചേടത്തോളം അതൊരു പാഴ്‌വേലയാവില്ലെ’ന്നായിരുന്നു അദ്ദേഹത്തിന്റെ വാചകം. ഒരു വിശേഷാല്‍ പ്രതിക്കുവേണ്ടി ഒരു കോപ്പി പകര്‍ത്തിവെച്ചിരുന്ന ‘വളര്‍ത്തുമൃഗങ്ങളു’ടെ രണ്ടുകോപ്പി കൂടി എഴുതി.
സര്‍ക്കസുകാരുടെ ജീവിതമാണു ‘വളര്‍ത്തുമൃഗങ്ങളി’ലെ പ്രതിപാദ്യം. പാലക്കാട്ടുനിന്ന് ഒരു സര്‍ക്കസ് പ്രദര്‍ശനം പലവട്ടം കാണുവാനും സര്‍ക്കസുകാരുടെ ജീവിതത്തെ ഏറ്റവും അടുത്തുനിന്നു നിരീക്ഷിക്കുവാനും എനിക്കവസരം ലഭിച്ചിരുന്നു. അന്നത്തെ നിരീക്ഷണത്തില്‍ നിന്നു ലഭിച്ച അറിവു മനസ്സില്‍ വെച്ചുകൊണ്ടാണ് ‘വളര്‍ത്തുമൃഗങ്ങള്‍’ എഴുതിയത്.
എന്റെ വിജയത്തില്‍ അനുമോദിച്ചുകൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ള പലരും എനിക്കെഴുതുകയുണ്ടായി. അവരോടു കൃതജ്ഞത രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ടു ഞാന്‍ മാറിനില്ക്കട്ടെ.
– മാതൃഭൂമി ആഴ്ചപ്പതിപ്പ്(1954 ഡിസംബര്‍ 26)
Recent Comments