എം.ടി – ജീവിതത്തിന്റെ എഡിറ്റര്‍

MT - The Editor - DC Booksമലയാളത്തിന്റെ സുകൃതമാണ് എം.ടി എന്ന എം.ടി വാസുദേവന്‍നായര്‍. തലമുറകളെ സ്വാധീനിച്ച എഴുത്തിന്റെ ചാലകശക്തി. പ്രതിഭയുടെ ആ സൂര്യവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പണിപ്പെട്ട എത്രയോ എഴുത്തുകാര്‍ പിന്നീട് മലയാളത്തില്‍ പ്രശസ്തരായി! അനന്തര തലമുറയെ അത്രമേല്‍ സ്വാധീനിച്ച ഈ എഴുത്തുകാരന്‍ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വകാര്യ അഹങ്കാരമാണ്.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്,സംവിധായകന്‍, നാടകകൃത്ത് എന്നീ മേഖലകളിലൊക്കെ പ്രശസ്തിയുടെ ഉന്നത സോപാനത്തില്‍ വിരാജിക്കുമ്പോഴും എം.ടി. എന്ന എഴുത്തുകാരനിലെ പത്രാധിപരെ മലയാളികള്‍ വേണ്ടത്ര അറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ആ കുറവ് പരിഹരിക്കാന്‍ പത്രാധിപര്‍ എന്ന നിലയില്‍ എം.ടിയെ തൊട്ടടുത്തറിയാന്‍ സാധിക്കുന്ന പുസ്തകമാണ് ജെ.ആര്‍ പ്രസാദ് എഡിറ്റ് ചെയ്ത ‘പത്രാധിപര്‍ എം.ടി’

പത്തുവര്‍ഷക്കാലം ജെ.ആര്‍ പ്രസാദ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എം.ടിയുടെ സഹപ്രവര്‍ത്തകനായിരുന്നു; ഒരു ചിത്രകാരനെന്ന നിലയില്‍. അതുകൊണ്ടു തന്നെ പ്രസാദിന് ഇങ്ങനെയൊരു പുസ്തകത്തിന്റെ ഉള്ളടക്കം എങ്ങനെ ആയിരിക്കണമെന്ന് നല്ല തിട്ടമുണ്ടായിരുന്നു.

ഒ.എന്‍.വി മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെയുള്ളവരുടെ അക്ഷരയാത്ര ഉള്‍ക്കൊള്ളിച്ച് ആറ് ഭാഗങ്ങളായി തിരിച്ചാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. മുതിര്‍ന്ന കവികളുടെ കാവ്യാലോചനയും കഥാകൃത്തുക്കളുടെ എം.ടിയന്‍ അനുഭവങ്ങളും സഹപ്രവര്‍ത്തകരുടെ എം.ടി കാഴ്ച്ചകളും ചരിത്ര മുഹൂര്‍ത്തങ്ങളുമെല്ലാം കോര്‍ത്തിണക്കിയ സമാഹാരമാണിത്.

‘കാവ്യാലോചന’ എന്ന ആദ്യ ഭാഗത്തില്‍ ഒ.എന്‍.വിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമാണ് എം.ടി എന്ന എഡിറ്ററെ അവതരിപ്പിക്കുന്നത്. ചങ്ങമ്പുഴയുടെ രമണനെപ്പറ്റി എം.ടി എഴുതിയ ലേഖനത്തിന്റെ ശീര്‍ഷകമായ ‘രമണീയം ഒരു കാവ്യം’ എന്നതിനെ ഓര്‍മ്മിച്ചുകൊണ്ടാണ് ഒ.എന്‍.വി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ‘ഉജ്ജയിനി’ എന്ന കാവ്യാഖ്യായികയിലെ ഒരദ്ധ്യായം തുഞ്ചന്‍ പറമ്പിലെ സദസില്‍ വായിച്ചതും അത് മാതൃഭൂമിക്ക് വേണമെന്ന് എം.ടി പറഞ്ഞതും ഒ.എന്‍.വി മധുരോദാരമായി ഓര്‍ക്കുന്നു.

‘ഭൂമിഗീതങ്ങള്‍ കിട്ടി. പുതുമഴപെയ്‌തൊലിക്കുമ്പോള്‍ ഋതുമതിയാകുന്ന ഭൂമിയെപ്പറ്റ് ആദ്യം എഴുതിയത് വിഷ്ണുവാണല്ലോ. ഉടന്‍ പ്രസിദ്ധം ചെയ്യുന്നു.’- എം.ടി എന്ന പത്രാധിപരുടെ അക്കാലത്തെ കത്ത് വിഷ്ണുനാരായണന്‍ നമ്പൂതിരി നിധിപോലെ ഇന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു.

രണ്ടാം ഭാഗം ‘കഥ പറയുന്നവര്‍’ എന്ന തലക്കെട്ടിലാണ്. പി.വത്സലയുടേതാണ് ആദ്യ ലേഖനം. തന്‍റെ രണ്ടാമത്തെ കഥയുടെ ശീര്‍ഷകം എം ടി മനോഹരമായി മാറ്റി കൊടുത്തതിനെ വത്സല ഓര്‍ക്കുന്നു. ‘വെള്ളക്കുപ്പായം’ എന്ന നോവലിന് ‘ചുവപ്പുനാട’ എന്ന പേര് നല്‍കി എം.ടി പ്രസിദ്ധീകരിച്ചത് ഇ.വാസു നന്ദിയോടെ എഴുതുന്നു.

എം.മുകുന്ദന്‍ എം.ടിയെ ജീവിതത്തിന്റെ എഡിറ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കഥകളുടെ ശീര്‍ഷകങ്ങള്‍ മാറ്റുന്നത് എം.ടിയുടെ പതിവ് ശീലമായിരുന്നു. ഫിക്ഷന്‍ എഡിറ്റിംഗിന്റെ സാദ്ധ്യതകള്‍ ഞാന്‍ മനസ്സിലാക്കിയത് എന്റെ ആദ്യകാല കഥകളില്‍ അദ്ദേഹം നടത്തിയ തൂലികാ സ്പര്‍ശത്തിലൂടെയായിരുന്നു. എഡിറ്റിംഗില്‍ പൊതുവെ ശ്രദ്ധവയ്ക്കാത്തവരാണ് നമ്മള്‍ മലയാളി എഴുത്തുകാര്‍. പാശ്ചാത്യനാടുകളിലെ നോവലിസ്റ്റുകളും കഥാകൃത്തുക്കളുമെല്ലാം നല്ല എഡിറ്റര്‍മാര്‍ കൂടിയത്രേ. അവര്‍ സ്വന്തം രചനകള്‍ എഡിറ്റ് ചെയ്യുക മാത്രമല്ല അതേക്കുറിച്ച് ക്ലാസെടുക്കുകപോലും ചെയ്യാറുണ്ട്. ഭാഷയുടെ ശുദ്ധീകരണവും കൃതിയുടെ ദുര്‍മ്മേദസ് നീക്കം ചെയ്യലും മാത്രമല്ല എഡിറ്റിംഗ് ജോലി എന്നുകൂടി തെളിയിച്ച പത്രാധിപരാണ് എം.ടി- മുകുന്ദന്‍ എം.ടിയെ ഇങ്ങനെയാണ് നോക്കിക്കാണുന്നത്.

ഒരത്ഭുത പ്രതിഭാസം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് എം.സുകുമാരന്‍ തന്റെ ‘തിത്തുണ്ണി’ എന്ന കഥ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച എം.ടിയെ ആദരിക്കുന്നത്. കഥയെക്കുറിച്ച് എം.ടി എഴുതി അയച്ചുകൊടുത്ത അനുമോദനക്കുറിപ്പ് എവിടെയോ നഷ്ടപ്പെട്ട വിഷാദമാണ് സുകുമാരന്‍ പങ്കുവയ്ക്കുന്നത്. സേതുവിന്റെ ലേഖനത്തിലാകട്ടെ എം.ടിയുടെ സ്ഥാനം ആദ്യം വരേണ്ടത് പത്രാധിപര്‍ എന്ന ശ്രേണിയിലാണെന്ന് അടിവരയിട്ടു സ്ഥാപിക്കുന്നു. ജന്മസിദ്ധമായ വാസനയാണ് പല തലമുറകളിലെ എഴുത്തുകാരെ ഒരു പോലെ പ്രചോദിപ്പിക്കുന്ന സാഹിത്യ പത്രാധിപരെന്ന അത്യപൂര്‍വ്വമായ സ്ഥാനം നിലനിര്‍ത്താന്‍ എം.ടിയെ സഹായിച്ചതെന്ന് സേതു എഴുതുന്നു. ‘ആധാരശില’ എന്ന ലേഖനത്തില്‍ സക്കറിയ ഇങ്ങിനെ എഴുതുന്നു: ‘എം.ടി എന്ന പത്രാധിപര്‍ എല്ലാ കരുത്തന്മാരായ പത്രാധിപരെയും പോലെ നിശബ്ദനായ ആശയപ്രചാരകനായിരുന്നു. അദ്ദേഹം ആധുനികതയെ വിവരിക്കാനോ ന്യായീകരിക്കാനോ തുനിഞ്ഞില്ല. തന്റെ പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട കൃതികളിലൂടെയാണ് അദ്ദേഹം ആധുനികതയെ അങ്ങനെയൊരു പേരുവിളിക്കാതെ തന്നെ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കിയത്.’

MT

‘അന്തസുള്ള പത്രാധിപര്‍’ എന്നാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള എം.ടിയെ വിശേഷിപ്പിക്കുന്നത്. എഴുത്തില്‍ മാത്രമല്ല എഡിറ്റിംഗ് എന്ന കലയിലും എം.ടി അഗ്രഗണ്യനാണെന്ന് സോദാഹരണം പുനത്തില്‍ വിവരിക്കുന്നുണ്ട്. കഥാകാരനായ എം.ടിയുടെ സംഭാവനകളെക്കാള്‍ മലയാള സാഹിത്യ ചരിത്രം നമിക്കുക,യാതൊരു കലവറയുമില്ലാതെ അദ്ദേഹം കഴിവുറ്റ ഒരു പിന്‍തലമുറയെ വളര്‍ത്തിയെടുത്തു എന്ന വസ്തുതയാണെന്ന് എസ്.വി വേണുഗോപന്‍ നായര്‍ പറയുന്നു. എം.ടി മാതൃഭൂമി പത്രാധിപരായിരുന്നപ്പോള്‍ ചെറുകഥയില്‍ ഒരു ക്വാളിറ്റി കണ്‍ട്രോള്‍ നിലനിന്നിരുന്നതായും വേണുഗോപന്‍ നായര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘നിരീക്ഷണം’ എന്ന ഭാഗത്തില്‍ എസ്.ഭാസുരചന്ദ്രന്‍ എഴുതിയ ‘ആ നീലപ്പെന്‍സില്‍ എംടിയുടേതാവുമ്പോള്‍’ എന്ന ലേഖനമാണ് ഈ സമാഹാരത്തിലെ ഒന്നാന്തരം സ്‌റ്റോറി; ഭാസുരചന്ദ്രന്‍ എന്ന എഡിറ്റര്‍ക്ക് എം.ടി എന്ന വലിയ എഡിറ്ററെ ഉള്‍ക്കൊള്ളാന്‍ പ്രയാസമില്ലല്ലോ. തൂലികത്തുമ്പിന്റെ ചെറിയ സ്പര്‍ശങ്ങള്‍ക്കൊണ്ട് പ്രൊഫഷണല്‍ എഡിറ്റര്‍ സാധിച്ചെടുക്കുന്ന പുതിയ വലിയ പ്രതീതികളുണ്ട്. എഡിറ്ററുടെ നീലപ്പെന്‍സില്‍ എന്നാണ് ഇതിനെ പറയുന്നത്. നീലപ്പെന്‍സിലിന്റെ ഇന്ദ്രജാലത്തെക്കുറിച്ച് വിലാസിനി എന്ന എം.കെ മേനോന്‍ എഴുതിയിട്ടുണ്ട്. ആ മാജിക് എം.ടിക്ക് വശമായിരുന്നുവെന്ന് ഭാസുരചന്ദ്രന്‍ നിരീക്ഷിക്കുന്നു. മലയാളം കണ്ട ഏറ്റവും വലിയ എഡിറ്റര്‍മാരിലൊരാളായി എന്നതാണ് പത്രപ്രവര്‍ത്തനത്തിലെ എം.ടി ടച്ച് എന്ന് ഭാസുരചന്ദ്രന്‍ അടിവരയിട്ട് പറയുന്നു.

അഞ്ചാം ഭാഗത്തിലെ ‘സഹപ്രവര്‍ത്തകര്‍’ എന്ന തലക്കെട്ടില്‍ എം.വി ദേവന്‍, നമ്പൂതിരി,ശത്രുഘ്‌നന്‍, സുഭാഷ് ചന്ദ്രന്‍. ഡോ.കെ. ശ്രീകുമാര്‍ എന്നിവരെഴുതിയ ലേഖനങ്ങളും ആത്മാര്‍ത്ഥതയുടെ കയ്യൊപ്പുള്ളതാണ്. കൂട്ടത്തില്‍ ജെ.ആര്‍ പ്രസാദ് എഴുതിയ ‘വെളിച്ചത്തിന്റെ ഉറവിടം’ ഹൃദയസ്പര്‍ശിയായി. ജി.എന്‍ പണിക്കര്‍, വൈശാഖന്‍,കെ.പി രാമനുണ്ണി, സി.വി ബാലകൃഷ്ണന്‍, ഇ.ഹരികുമാര്‍, അക്ബര്‍ കക്കട്ടില്‍, ജോസ് പനച്ചിപ്പുറം, കെ.എസ് രവികുമാര്‍, വി.രാജഗോപാല്‍, കിളിമാനൂര്‍ മധു, എന്‍.പി രാജേന്ദ്രന്‍, എം.ജി ശശിഭൂഷണ്‍ തുടങ്ങിയവരുടെ ലേഖനങ്ങളും പുസ്തകത്തിലുണ്ട്. എം.ടിയുടെ രേഖാ ചിത്രങ്ങളും പുസ്തകത്തിന് മാറ്റു കൂട്ടുന്നു.

ലിറ്റററി ജേര്‍ണലിസത്തില്‍ അഥവാ ക്രിയേറ്റീവ് ജേര്‍ണലിസത്തില്‍ ഒരു ലെജന്‍ഡായി മാറിയ എം.ടിയെക്കുറിച്ചുള്ള ഈ പുസ്തകം മലയാളത്തില്‍ വേറിട്ടൊരു മുദ്രയാണ്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *