വെയിലത്ത് നില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന ഇളം കാറ്റാണ് ഡോ. പി.കെ വാര്യര്‍- എം.ടി

MT on Dr. PK Warrier
കോട്ടയ്ക്കല്‍: പൊരിവെയിലത്ത് നില്‍ക്കുന്ന നമുക്ക് ലഭിക്കുന്ന തണുപ്പും കുളിരും ഇളംകാറ്റുമാണ് ഡോ. പി.കെ. വാര്യരെന്ന് എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യരുടെ നവതി ആഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം കോട്ടയ്ക്കലില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു എം.ടി.

‘എന്റെ എഴുത്തും ചിന്തയുമൊക്കെ പോയെന്ന് കരുതിയാണ് ഞാന്‍ ഒരിക്കല്‍ ഡോ. വാര്യരുടെ അടുത്ത് എത്തിയത്’- തന്റെ അനുഭവത്തിലൂടെ എം.ടി സഞ്ചരിച്ചു. ‘സ്‌നേഹപൂര്‍വമായ ശാസന കലര്‍ന്ന ആ നോട്ടം എന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കും’ – എം.ടിയുടെ വാക്കുകള്‍ സാന്ദ്രമായി.

‘ഇത്രയധികം ശ്രദ്ധിക്കപ്പെടുക എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. ഡോ. വാര്യരെപ്പോലെ സ്വാധീനം ചെലുത്തുന്ന ആളുകള്‍ അധികമില്ല. വാത- പിത്ത- കഫ ബന്ധ രോഗങ്ങള്‍ മാത്രം ഡോ. വാര്യര്‍ ചികിത്സിച്ചാല്‍ പോര, സമൂഹത്തെക്കൂടി ചികിത്സിക്കണം. ഇദ്ദേഹത്തിന്റെ വാക്കുകളാകുന്ന മരുന്നുകള്‍ മതി സമൂഹത്തിലെ പലപ്രശ്‌നങ്ങള്‍ക്കും ശമനമാകാന്‍. ഒരു കലാപകാലത്ത് സമാധാനത്തിന്റെ തുരുത്തായി കോട്ടയ്ക്കല്‍ നിലനിന്നിരുന്നു. അതുകൂടിയാണ് കോട്ടയ്ക്കലിന്റെ നവോത്ഥാന മൂല്യം’- എം.ടി പറഞ്ഞു.

‘ആയുര്‍വേദത്തിന്റെ വികാസം സാംസ്‌കാരിക, സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമാണ്. ഓരോ സമൂഹത്തിലും ഇങ്ങനെ ചികിത്സാപദ്ധതികള്‍ ഉണ്ട്. അതില്‍ മന്ത്രമുണ്ടാവാം, മന്ത്രവാദമുണ്ടാവാം, മരുന്നുണ്ടാവാം. നമ്മുടേതായ ചികിത്സാപദ്ധതിയാണ് ആയുര്‍വേദം. ഒരു സമൂഹത്തിന്റെ തനതായ ചികിത്സാ സമ്പ്രദായത്തിന് ലോകത്തിന്റെ അംഗീകാരം കിട്ടുക എന്നുവെച്ചാല്‍ അത് നവോത്ഥാനത്തിന്റെ ഭാഗംകൂടിയാണ്.’

‘എന്റെ വീട് അന്വേഷിക്കുന്നവര്‍ക്ക് ഞാന്‍ ചില ‘ലാന്‍ഡ് മാര്‍ക്കു’കള്‍ പറഞ്ഞുകൊടുക്കും. കൂട്ടക്കടവ്, കുന്തിപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന്ന ഇടം, അതിനപ്പുറം വയല്‍, ഒരരികില്‍ മൂന്ന് വന്‍ മാവുകള്‍, അതിനപ്പുറത്തേക്ക് നേരെ നടന്നാല്‍ ഒരു പഴയ വീട്’- ഇങ്ങനെ. ഇപ്പോള്‍ ഇങ്ങനെ കൃത്യമായ സ്ഥലസൂചന കൊടുക്കാന്‍ പറ്റുന്നില്ല. മൂന്ന് മാവുകളും വെട്ടിക്കളഞ്ഞിരിക്കുന്നു. കൂട്ടക്കടവില്‍ ഒഴുകുന്ന പുഴയില്ല. അതുവേറെ കാര്യം. ഇതുപോലെ, ദൂരക്കാഴ്ചകള്‍ – പ്രകൃതി, കാലാവസ്ഥ ഇവയെ മനസ്സിലാക്കിയുള്ള ചികിത്സാരീതി ഇതൊക്കെയും വേണം. അത് ബോധ്യപ്പെടുത്തുന്ന സ്ഥാപനമാണ് ആര്യവൈദ്യശാല. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ വിജയപ്രാര്‍ഥനയുണ്ട്. അങ്ങനെ വളര്‍ന്ന് പന്തലിച്ചുനില്‍ക്കട്ടെ’ – എം.ടി ആശീര്‍വദിച്ചു.

ഓരോ ചലനത്തിലും ഒരര്‍ഥം കണ്ടെത്തണം എന്ന് വിചാരിക്കുകയാണെങ്കില്‍ താന്‍ അടുത്തകാലത്ത് നടത്തിയ ഏറ്റവും അര്‍ഥപൂര്‍ണമായ യാത്രയാണിതെന്ന് മുഖ്യാതിഥിയായ പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പ് പറഞ്ഞു.

‘ഇത്രേ ഉള്ളോ എന്ന് തോന്നുന്ന മരുന്നുകള്‍ക്കൊണ്ട് ഡോ. വാര്യര്‍ രോഗങ്ങള്‍ മാറ്റി. നാഡിമിടിപ്പ് നോക്കി രോഗനിര്‍ണയം നടത്തുന്ന അഭിമാനകരമായ വൈദ്യപാരമ്പര്യത്തിന്റെ ഇങ്ങേക്കണ്ണിയാണ് ഡോ. വാര്യര്‍’ – ഒ.എന്‍.വി പറഞ്ഞു.

‘വ്യക്തിയാവുമ്പോള്‍ത്തന്നെ അദ്ദേഹം ഒരു സ്ഥാപനത്തിന്റെ മകുടമാണ്. എല്ലാ കിരീടങ്ങളും ശിരസ്സിലണിയുമ്പോഴും ഡോ. വാര്യര്‍ അണിഞ്ഞ യഥാര്‍ഥ കിരീടം വിനയമാണ്. താരങ്ങളുടെ പരസ്യവാചകത്തോടെ എത്തുന്ന മരുന്നുകള്‍ക്കിടയില്‍ അതിന്റെ പരമ പവിത്രത സൂക്ഷിക്കാന്‍ ഇവിടെ കഴിയുന്നു. ‘ലോകത്തിന്റെ രോഗങ്ങള്‍ ഇല്ലാതാക്കുന്നവന്‍’ എന്നത് ഈശ്വരന്റെ വിശേഷണമാണ്. ഡോ. വാര്യര്‍ അതിന്റെ പ്രത്യക്ഷ രൂപമാണ്. ഞങ്ങളുടെ പ്രാര്‍ഥനയില്‍ എല്ലായ്‌പ്പോഴും അങ്ങ് ഉണ്ട്’ – ഒ.എന്‍.വി പറഞ്ഞു.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *