കൂടല്ലൂര്‍ സ്‌കൂളില്‍ വര്‍ഷങ്ങളായി കുഞ്ഞുമുഹമ്മദിന് നൂറുശതമാനം ഹാജര്‍
ആനക്കര: നോമ്പായാലും ഞായറാഴ്ചയായാലും രാവിലെ മുതല്‍ സന്ധ്യയാകുംവരെ കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ കുഞ്ഞു മുഹമ്മദ് ഹാജരുണ്ട്. അധ്യാപകരും കുട്ടികളും അവധിയെടുക്കുമ്പോഴും മുടങ്ങാതെ സ്‌കൂളിലെത്തുന്ന കുഞ്ഞു മുഹമ്മദിന് സാന്നിധ്യം കൊണ്ടും ആത്മാര്‍ഥത കൊണ്ടും നൂറു ശതമാനം ഹാജരിടാമെന്നാണ് രക്ഷിതാകളുടെയും സ്‌കൂള്‍ അധികാരികളുടെയും പക്ഷം. നേരത്തെ സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റായിരുന്നു കുഞ്ഞുമുഹമ്മദ്.
പത്തുവര്‍ഷമായി ഗള്‍ഫിലായിരുന്ന ഇദ്ദേഹം 1998 മുതല്‍ വിദ്യാലയത്തില്‍ സജീവമായുണ്ട്. രാവിലെ ഗേറ്റു തുറക്കുന്ന നേരത്തു തന്നെ കുഞ്ഞു മുഹമ്മദ് വിദ്യാലയത്തിലെത്തും. ക്ലാസ്മുറികളിലെത്തി കുട്ടികളുമായി സൗഹൃദംപങ്കിടും. ഒപ്പം ക്ലാസ്മുറികളും സ്‌കൂളങ്കണവും വൃത്തിയാക്കുന്നതില്‍ കുട്ടികള്‍ക്കൊപ്പം കൂടും. തുടര്‍ന്ന് ഉച്ച ഭക്ഷണം തയ്യാറാക്കുന്നവരോട് ചേര്‍ന്ന് ഭക്ഷണകാര്യങ്ങളില്‍ ഇടപെടും. കുട്ടികളുടെ പരിക്കുകള്‍ ശുശ്രൂഷിക്കാനും വീട്ടിലേക്ക് വിവരമറിയിക്കാനും കുഞ്ഞുമുഹമ്മദുള്ളപ്പോള്‍ അധ്യാപകര്‍ക്ക് മറ്റൊരാളെ തിരയേണ്ടതില്ല.
അടുത്തിടെയാണ് കൂടല്ലൂര്‍ സ്‌കൂള്‍ ആര്‍.എം.എസ്.എ. വക ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്. ഇവിടെയുണ്ടായ അധ്യാപകക്ഷാമം പരിഹരിക്കാന്‍ നാട്ടുകാരെക്കൂട്ടി കുഞ്ഞുമുഹമ്മദ് മുന്നിലിറങ്ങി. എം.എല്‍.എ.യെയും എം.പി.യെയും ജില്ലാപഞ്ചായത്ത് ഭാരവാഹികളെയും നിരന്തരം സന്ദര്‍ശിച്ച് സ്‌കൂളിന്റെ ആവശ്യങ്ങള്‍ നേടാനും ഇദ്ദേഹമുണ്ട്. എം.എല്‍.എ. അനുവദിച്ച പുതിയ മൂന്നു നില കെട്ടിടത്തിന്റെ പണി തുടങ്ങിയതോടെ വിദ്യാലയത്തില്‍ മുഴുവന്‍ നേരവും കുഞ്ഞു മുഹമ്മദിന്റെ സാന്നിധ്യമുണ്ട്. ചുമര്‍ നനയ്ക്കാനും കല്ലുകേട്ടാനുമൊക്കെ കുഞ്ഞുമുഹമ്മദ് മുന്നിലുണ്ട്. ഭാര്യയും ആനക്കര പഞ്ചായത്തംഗവുമായ ഹബീബയ്ക്കും കുഞ്ഞുമുഹമ്മദിന്റെ സ്‌കൂള്‍സ്‌നേഹത്തോട് മതിപ്പാണ്. എന്തിനാണ് ഇങ്ങനെ സ്‌കൂളിനെ സ്‌നേഹിക്കുന്നത് – ചോദ്യം തീരും മുമ്പേ ഉത്തരമെത്തി ‘എന്റെ സന്തോഷമാണിത്, അത്രക്കിഷ്ടമാണ് ഈ സ്‌കൂള്‍’.
Recent Comments