വാക്കുകളിലെ വിസ്മയം; സാഹിത്യത്തിലെയും

എം.ടി / ലത്തീഫ് പറമ്പില്‍

താന്നിക്കുന്നിന്റെ നെറുകയില്‍നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍ പാലം കടക്കുന്നതു കാണാം. ഉച്ചതിരിയുമ്പോള്‍ കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണിയാവും. കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെയും കാത്ത് വൈകുന്നേരങ്ങളില്‍ തപാലാപ്പീസിന്റെ വരാന്തയില്‍ എന്നും ഒരു ബാലന്‍ ഉണ്ടാവും. കൂടല്ലൂരിലെ മാടത്തു തെക്കേപ്പാട്ട് വീട്ടില്‍ വാസു. ഓരോന്നു കുത്തിക്കുറിച്ച് അയയ്ക്കുന്നതൊക്കെയും തിരിച്ചുവരും. കവിത, ലേഖനം, കഥ എല്ലാം എഴുതിനോക്കി. ഒടുവില്‍ ഒരു ലേഖനം അച്ചടിച്ചുവന്നു. ഏട്ടത്തിയമ്മയെമാത്രമേ അത് കാണിച്ചുള്ളൂ. മറ്റുള്ളവര്‍ കണ്ടാല്‍ പറയും: ”കണ്ണില്‍ക്കണ്ട പെണ്ണുങ്ങടീം ആണുങ്ങടീം തോന്ന്യാസത്തരല്ലേ അവന്‍ എഴുത്ണ്…” ജീവിതം ധന്യമായി എന്നു തോന്നിയ നിമിഷമായിരുന്നു വാസുവിനത്.

കാലം ഒരുപാട് മുന്നോട്ടുപോയി. കഥാകാരന്‍, ചലച്ചിത്രകാരന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ മാത്രമല്ല, ‘തൊട്ടതെല്ലാം പൊന്നാക്കി’ക്കൊണ്ട് വാസു എന്ന അന്നത്തെ പയ്യന്‍ വളര്‍ന്നുവലുതായി. മഹോന്നത പുരസ്‌കാരമായ ജ്ഞാനപീഠമുള്‍പ്പെടെ നിരവധി ദേശീയ രാഷ്ട്രാന്തരീയ പുരസ്‌കാരങ്ങള്‍ എം.ടി.വാസുദേവന്‍ നായരെ തേടിയെത്തി. അങ്ങനെയങ്ങനെ എം.ടി. എന്ന രണ്ടക്ഷരം മലയാളികളുടെ മനസ്സില്‍ സൂര്യതേജസ്സായി. സംസാരത്തിനിടെ എം.ടി.തന്നെ പറഞ്ഞ വാക്കുകള്‍കൂടി അനുബന്ധമായി ചേര്‍ക്കട്ടെ: ”നമ്മളിങ്ങനെ എഴുതിക്കൊണ്ടിരിക്കുമ്പഴ് ഏതോ ഒരു ഘട്ടത്തില്‍ ഒരു അഞ്ച് സെക്കന്റ് അല്ലെങ്കില്‍ എ ഫ്യൂ സെക്കന്റ്‌സ് ഞാനിപ്പം എവിടെയാണ് എന്നുതോന്നും. ങ് ഹാ, ഈ മുറിയില്‍… കാരണം ബാക്കിയെല്ലാം നാം സ്വിച്ച്ഓഫ് ചെയ്തിട്ടുണ്ടാവും.” ഏറ്റവും നല്ല അവസ്ഥ എന്ന് കഥാകാരന്‍ വിശേഷിപ്പിച്ച ആ ഒരു മുഹൂര്‍ത്തത്തില്‍ മഹാകഥാകാരന്റെ മുന്നിലിരിക്കുമ്പോള്‍ ഞാനും എത്തിപ്പെട്ടുവെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു! തന്റെ സാഹിത്യജീവിതത്തെക്കുറിച്ചും എഴുത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ചും കഥാകാരന്‍ സംസാരിക്കുകയാണിവിടെ.

എഴുത്തിന്റെ ബാല്യം

MT Kudallur

സാഹിത്യത്തില്‍ എത്തിപ്പെട്ടത് യാദൃച്ഛികമാണ്. ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ഒരു കളിക്കൂട്ടുകാരന്‍ എന്നുപറയാന്‍ ഗ്രാമത്തില്‍ ആരുമുണ്ടായിരുന്നില്ല. ഞാനായിട്ട് കുറച്ചെങ്കിലും ഒരു ചങ്ങാത്തമൊക്കെ ഉണ്ടായിരുന്നത് എന്റെ നേരെ മൂത്ത ജ്യേഷ്ഠനുമായായിരുന്നു. ഞങ്ങള്‍ തമ്മില്‍ ചെറിയ പ്രായത്തിന്റെ വ്യത്യാസമൊക്കെയുണ്ട്. ബാല്യകാലത്ത് ഒറ്റയ്ക്ക് കളിക്കാവുന്ന കളി എന്ന നിലയിലാണ് ഈ വാക്കുകള്‍ ചേര്‍ത്തുവെച്ച് കവിതകളുടെ വരികള്‍ ഉണ്ടാക്കുക… അങ്ങനെ ചില വരികള്‍ ഉണ്ടായി. പുസ്തകം വായിച്ചുനോക്കി. അപ്പോഴൊന്നും വലിയ തൃപ്തിയൊന്നും തോന്നിയില്ല. എന്നാലും ആ വിനോദം തുടര്‍ന്നുകൊണ്ടേയിരുന്നു. കവിത വായിക്കുന്നത് അന്നും എനിക്ക് ഇഷ്ടമായിരുന്നു. ചില കവിതകള്‍ മനസ്സിലുണ്ട്. ഈ എഴുതിയുണ്ടാക്കുന്ന വരികളൊന്നും ശരിക്കും കവിതയൊന്നും ആകുന്നുണ്ടോ എന്ന് എനിക്കുതന്നെ തോന്നുന്നില്ല.

എങ്കിലും ചെറുപ്പകാലത്ത് ഒരു മാനസികവിനോദം എന്നുള്ള നിലയ്ക്ക് ഇതിനൊരു രസമുണ്ടായിരുന്നു. അങ്ങനെയങ്ങനെയാണ് എഴുതിത്തുടങ്ങിയത്. കവിതകള്‍ എഴുതിനോക്കി, കഥകള്‍ എഴുതിനോക്കി. ഇടക്കാലത്ത് ചില ലേഖനങ്ങള്‍ എഴുതിനോക്കി. ഇതില്‍ ചിലതൊക്കെ ഓരോന്നിലായി പ്രസിദ്ധീകരിച്ചൊക്കെ വന്നു. എന്റെ സാഹചര്യങ്ങള്‍ ഒക്കെ നോക്കുമ്പോള്‍ – വായിക്കാന്‍ പുസ്തകങ്ങളില്ല – ഒരുപാട് നടന്ന് കുന്നും മലയുമൊക്കെ കയറി കുമരനെല്ലൂരില്‍ അക്കിത്തത്തിന്റെ വീട്ടിലൊക്കെ പോയിട്ടാണ് പുസ്തകങ്ങള്‍ വായിക്കുന്നത്. അങ്ങനെ എഴുതിയെഴുതി വന്നപ്പം ചിലതൊക്കെ കുറേശ്ശെ പ്രസിദ്ധീകരിച്ചു.

കോളേജില്‍ എത്തിയപ്പോ (ഇടക്ക് ഫോണ്‍ റിങ് ചെയ്യുന്നു. എറണാകുളത്തുനിന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണെന്ന് സംസാരത്തിനിടെ മനസ്സിലായി.) ചില കഥകളൊക്കെ വന്നു. അന്നത്തെ ഒരു പ്രധാനപ്പെട്ട പ്രസിദ്ധീകരണമായിരുന്നു ജയകേരളം. മദ്രാസില്‍നിന്നിറങ്ങുന്നത്. അതില്‍ ബഷീറൊക്കെ അന്ന് സ്ഥിരം കോളമെഴുതിയിരുന്നതാണ്. നാഥനും പി.ഭാസ്‌കരനുമൊക്കെ എഡിറ്റര്‍ ആയിരുന്നു. അന്ന് കഥയൊക്കെ അയച്ച് മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം അങ്ങാടിയില്‍ നടക്കുമ്പോള്‍ ഒരു ജയകേരളം കിടക്കുന്നതു കണ്ടു. വെറുതെ മറിച്ചു നോക്കിയപ്പോള്‍ ഒരു കഥയുണ്ടായിരുന്നു. പിന്നെ അവര്‍ക്ക് സ്ഥിരം അയച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ കഥകള്‍ അതില്‍ വന്നു. അങ്ങനെ എഴുത്ത് എന്ന തൊഴിലില് എത്തിപ്പെട്ടു.

കോളേജ് ലൈബ്രറിയില്‍നിന്നുള്ള പുസ്തകങ്ങളും കൊണ്ടുവന്നു. കൂട്ടുകാര്‍ പലരും ലൈബ്രറിയില്‍നിന്ന് പുസ്തകങ്ങള്‍ ഒന്നും എടുത്തിരുന്നില്ല. അവരുടെ കാര്‍ഡുകളൊക്കെ ശേഖരിച്ച് ഒരു കെട്ട് പുസ്തകവുമായി വരും. അതൊക്കെ വായിക്കും. അന്ന് ചില അധ്യാപകരോടൊക്കെ ഒരു കടപ്പാടുണ്ട്. അവരൊക്കെ വായനയെക്കുറിച്ച് പറയും. ചിന്നിച്ചിതറി വായിക്കരുത്. എന്തെങ്കിലും ഒരു സിസ്റ്റംവെച്ച് വായിക്കണം. ഒന്നുകില്‍ ക്ലാസിക്‌സ് വെച്ചു തുടങ്ങുക എന്നൊക്കെ പറഞ്ഞ് ചില ഉപദേശങ്ങള്‍ തരും.

MT Kudallur

അന്നത്തെ ഗുരുനാഥന്മാര്‍ ആരെല്ലാമായിരുന്നു?

അന്ന് പ്രൊഫ. കെ.പി.നമ്പ്യാര്‍, പിന്നെ അദ്ദേഹം മരിച്ചുപോയി. കുശലന്‍ എന്നു പറഞ്ഞ ഒരു മലയാളം അധ്യാപകനുണ്ടായിരുന്നു. ഇവര്‍ക്കൊക്കെ വായനയിലുള്ള എന്റെ താല്‍പര്യത്തില്‍ സന്തോഷമായിരുന്നു. അന്ന് ഒരു ചിട്ടയില്‍ വായിക്കണം, ഒരു സിസ്റ്റത്തില്‍ വായിക്കണം എന്നൊക്കെ അവരോര്‍മിപ്പിക്കും. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുന്നത് ഒരു സിസ്റ്റത്തിലായിരിക്കണം-പത്തൊമ്പതാം നൂറ്റാണ്ടിലെ- ക്ലാസിക്‌സ് തുടങ്ങി പിന്നെ പതുക്കെ പതുക്കെ ഇതിലേക്ക് വരൂ എന്ന് പ്രൊഫ.നമ്പ്യാര്‍ പറഞ്ഞു. അതുപോലെ മലയാളത്തില്‍ വായിക്കേണ്ടതായ പുസ്തകങ്ങള്‍ എന്നുള്ള മട്ടില്‍ പലതും ഞാന്‍ വായിച്ചിരുന്നു. അതില്‍ കുശലന്‍മാഷൊക്കെ ഗൈഡ് ചെയ്തിരുന്നു. ചില കഥകളൊക്കെ വരികയും ചെയ്തു.

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് തോന്നിയത് ഇതിനെക്കൊണ്ടുമാത്രം ജീവിക്കാന്‍ പറ്റില്ല. ഏതെങ്കിലും ഒരു മാഷ്‌ടെ പണിയോ മറ്റോ കിട്ടണം. പക്ഷേ, എന്നെ സംബന്ധിച്ച് മാനസിക ജീവിതത്തിന്റെ പ്രധാനഭാഗം എഴുത്തുതന്നെയായിരിക്കും എന്നുള്ള ഒരു തീരുമാനം അന്നേ ഉണ്ടായിരുന്നു. പിന്നെ കോളേജ് വിട്ട് പല ജോലികള്‍ക്കും പോയി. ട്യൂട്ടോറിയലില് പഠിപ്പിച്ചു. ചെറിയ ചെറിയ ജോലികള്‍ ചെയ്തു ഹൈസ്‌കൂളില് ടെംപററി അധ്യാപകനായിട്ട് പട്ടാമ്പിയിലും ചാവക്കാട്ടുമൊക്കെ ജോലി ചെയ്തു. അതൊക്കെ കഴിഞ്ഞിട്ടാണ് പത്രപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. പക്ഷേ, അന്നും ഉള്ളിലുള്ളത് മുഖ്യമായിട്ടും എഴുത്തുതന്നെയായിരുന്നു. എന്റെ ഒരു കാര്യം എന്നുള്ള ഒരു തോന്നല് എഴുത്തിനെക്കുറിച്ചുണ്ടായിരുന്നു.

ആദ്യ പ്രസാധകര്‍ അവിടുന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് കോളേജില്‍തന്നെയാണ്. കുട്ടികള്‍ എല്ലാവരുംകൂടി ചേര്‍ന്നിട്ടാണ്. അവരൊക്കെ അതില്‍ ഉത്സാഹമെടുത്തിരുന്നു. അതുകഴിഞ്ഞ് ജയകേരളത്തില്‍ എഴുതിയ കഥകള്‍- അവര്‍ക്കുതന്നെ പബ്ലിഷിങ് കമ്പനി ഉണ്ടായിരുന്നു- അവര് പ്രസിദ്ധീകരിച്ചു. അങ്ങനെ കുറേശ്ശെ പുസ്തകങ്ങളൊക്കെ വന്നു. കഥകളൊക്കെ ആളുകള്‍ അവിടെയും ഇവിടെയും ശ്രദ്ധിക്കുന്നു എന്നുവന്നു. വീട്ടഡ്രസ്സില്‍ കത്തുകളയക്കാറുണ്ട്. അങ്ങനെ ക്രമത്തില്‍ ക്രമത്തില്‍ പുസ്തകങ്ങള്‍ക്കൊക്കെ ചില അംഗീകാരങ്ങള്‍ കിട്ടി. തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യംമുതല്‍ക്കേ എന്റെ ജീവിതം ഇതുതന്നെയായിരുന്നു. എന്നോട് എന്ത് ജോലിയില്‍ ഏര്‍പ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് അന്ന് ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ എഴുത്തുജോലി എന്നുപറയും. എഴുത്തുകൊണ്ട് ജീവിക്കാന്‍ പറ്റുമോ എന്നുള്ളത് അറിയാമായിരുന്നില്ല. പക്ഷേ, എഴുത്തുകൊണ്ടാണ് പൊറ്റക്കാടിനെപ്പോലെയുള്ള ആളുകള്‍ ജീവിച്ചിരുന്നത് എന്ന് അന്ന് എനിക്ക് ബോധ്യമുണ്ട്. എസ്.കെ. പൊറ്റക്കാടും ബഷീറുമൊക്കെ എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്നവരാണ് എന്ന് തോന്നിയിരുന്നു. തകഴിക്ക് ആദ്യകാലത്ത് വക്കീല്‍പ്പണി ഉണ്ടായിരുന്നു. എഴുത്തായിരിക്കണം നമ്മുടെ മുഖ്യമായ- ചിലപ്പോള്‍ അതുകൊണ്ടുമാത്രം പറ്റിയെന്നു വരില്ല- തൊഴിലെന്ന് നിശ്ചയിച്ചു. അപ്പോള്‍ അതിന് വലിയ ശല്യം വരാത്ത നിലയില് ഒരധ്യാപകന്റെ എന്തെങ്കിലും ഒരു ജോലി. അങ്ങനെ കഴിഞ്ഞുകൂടണമെന്നായിരുന്നു ആഗ്രഹം.

നോക്കുമ്പോള്‍ ആരോടൊക്കെയോ നന്ദി പറയണമെന്നുണ്ട്. അധ്യാപകരോട് മാത്രമല്ല, പലപ്പോഴായി എവിടെയൊക്കെയോ ഇരുന്ന് ഞാനറിയാതെ, ഞാനറിയാത്ത ആളുകള് എന്റെ കഥകളൊക്കെ വായിച്ച് എനിക്ക് നേരിട്ടും അല്ലാതെയും ഒരുതരം പ്രോത്സാഹനം നല്‍കിയിട്ടുള്ള ആളുകള്- ഇടയ്ക്ക് രണ്ടുവരി കത്ത് എവിടെനിന്നോ വരുന്നു. ഇന്ന് ഇതില് വന്ന ഇന്ന ഇത് വായിച്ചു. അപ്പോ അങ്ങനെ തിരിഞ്ഞുനോക്കുമ്പോ കുട്ടിക്കാലത്ത് എടുത്ത തീരുമാനത്തില്‍ ദുഃഖിക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ കുറേ അംഗീകാരങ്ങള്‍ കിട്ടി. അതുകൊണ്ട് എല്ലാം നേടി എന്നു വിശ്വസിക്കുന്നുണ്ടോ- ഇല്ല. ഈ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല കാലഘട്ടങ്ങളിലായി എഴുതിയിട്ടുള്ള പല മഹത്തായ ഗ്രന്ഥങ്ങളും വായിക്കാനുള്ള അവസരം കിട്ടി. അതൊക്കെ മുമ്പില്‍ കാണുമ്പോള്‍- അതൊക്കെ മഹാഗോപുരങ്ങളാണ്. നമ്മളൊക്കെ നമുക്ക് കഴിയുന്ന നിലയില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നു. പക്ഷേ, അവരൊക്കെയും ഉള്‍പ്പെടുന്ന ആ മഹാലോകത്തിലെ ഒരു ചെറിയ അംഗമാണല്ലോ, ആയിത്തീരാന്‍ സാധിച്ചുവല്ലോ എന്നുള്ള ഒരു സന്തോഷവുമുണ്ട്.

അക്കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരന്മാര്‍?

എല്ലാവരും പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു. ഇവരുടെയൊക്കെ കഥാസമാഹാരങ്ങള് മിനക്കെട്ടിരുന്ന് വായിച്ചിട്ടുണ്ട്. കാശൊന്നും ഇല്ലാത്ത കാലത്ത് ചെറിയ സ്‌കോളര്‍ഷിപ്പ് കിട്ടിയപ്പം അതൊക്കെ വീതിച്ച് ഞാനും ജ്യേഷ്ഠനുംകൂടി ഇരുന്ന് തകഴിയുടെ കഥകള്‍, പൊറ്റക്കാടിന്റെ കഥകള്‍, ബഷീറിന്റെ കഥകള്‍, കാരൂരിന്റെ കഥകള്‍, പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍- ഈ കഥകളെല്ലാം അക്കാലത്ത് വായിച്ചിരുന്നു. എല്ലാ കഥാകാരന്മാരോടും ഓരോ നിലയിലുള്ള ആദരവ് ഉണ്ടായിരുന്നു. പ്രത്യേകമായ ഓരോ നിലയ്ക്കുള്ളതാണ് ആ ആദരവ്. ചിലരുടെ ലാളിത്യംകൊണ്ട്, ചിലരുടെ തീക്ഷ്ണമായ ജീവിതാനുഭവംകൊണ്ട്. ബഷീറിന്റെ വിശപ്പൊക്കെ വായിക്കുമ്പം-അമ്മ ഒക്കെ – ഓ, ഈ മനുഷ്യന്‍ എന്തുമാത്രം ദുരിതക്കയങ്ങളിലൂടെ കടന്നുപോയി എന്നു തോന്നിയിട്ടുണ്ട്. ഒരു പ്രത്യേക ആള് എന്ന് എടുത്തുപറയാന്‍ പറ്റില്ല. കുറച്ചുകൂടി കഴിഞ്ഞപ്പോഴേക്ക് ഉറൂബിന്റെ കഥകള്‍, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥകള്‍ അങ്ങനെ ആ കാലഘട്ടത്തിലെ എല്ലാവരുടെ കഥാസമാഹാരങ്ങളും നോവലുകളുമൊക്കെ ഞാനും ഏട്ടനുംകൂടി മിനക്കെട്ടിരുന്നു വായിച്ചിരുന്നു. കൂട്ടത്തില്‍ കവിതകളും. ജി.യുടെ കവിതകള്‍, ചങ്ങമ്പുഴയുടെ കവിതകള്‍, വൈലോപ്പിള്ളിയുടെ കവിതകളും കവിതാസമാഹാരങ്ങളും മുഴുവന്‍ ശേഖരിച്ചിരുന്നു. ഇവരോടെല്ലാവരോടും ആരാധനയായിരുന്നു. അവരുടെയൊക്കെ ലോകത്തിന്റെ എവിടെയെങ്കിലും ഒരു സ്ഥാനത്തൊക്കെ എത്തിപ്പെടുക എന്നുള്ളത് മനസ്സിലെ ഒരാഗ്രഹമായിരുന്നു. ലാളിത്യമുള്ള ഭാഷ ഭാഷ എന്നുപറയുന്നത് പ്രമേയത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആദ്യകാലത്ത് അത് ശ്രദ്ധിക്കില്ല. എഴുതിത്തുടങ്ങുന്ന കാലത്ത് ഒരു വിനോദംപോലെയാണ് എഴുതുന്നത്.

ഞാനൊക്കെ ചെറുപ്പത്തില്‍ ആദ്യമൊക്കെ ദിവസം രണ്ടുവരി, മൂന്നുവരിയൊക്കെ എഴുതിയ കാലമുണ്ട്. കുറേ കഴിയുമ്പോഴേക്ക് ആണ് നമുക്കുതന്നെ ചിലത് വേണ്ട, ചിലത് ഉപേക്ഷിക്കണം, നല്ലതല്ല, ഒക്കെ നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നത്. അങ്ങനെ എഴുതി എഴുതി കുറേ കഴിയുമ്പോഴാണ് ഈ ഭാഷയുടെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കുക. ഭാഷ എന്നുള്ളത് ഒരന്യമായ വസ്തുവല്ല. ഒരു പുറമെയുള്ള ആവരണമല്ല. സാഹിത്യത്തെ ഒരു ശരീരമായി കാണാമെങ്കില്‍ അതിന്റെ ഭാഗംതന്നെയാണ് ഭാഷ; ചര്‍മ്മംപോലെത്തന്നെ. വിഷയത്തിനെ, പ്രമേയത്തിനെ ആശ്രയിച്ചിരിക്കുന്നു ഭാഷ. ചില കഥാപാത്രങ്ങളുടെ ചിന്താമണ്ഡലങ്ങള്‍- ഉദാഹരണത്തിന് ഗ്രാമത്തിലെ ഒരാളുടെ ചിന്താമണ്ഡലം- അത് വിവരിക്കുമ്പം ഉപയോഗിക്കുന്ന ഭാഷ സംസാരഭാഷ മാത്രമല്ല, അയാളുടെ ചിന്ത നമ്മള്‍ പകര്‍ത്തുമ്പോള്‍പോലും ഭാഷയില്‍ ചില്ലറ വ്യത്യാസങ്ങളുണ്ട്. പ്രമേയത്തിന് അനുകൂലമായ, അതിനോട് യോജിച്ചുപോകുന്ന, അറിയാതെതന്നെ അതിന്റെ ഭാഗമായിത്തീരുന്ന ഒരു ഭാഷ. അതാണ് രൂപപ്പെട്ടുവരുന്നത്. അത് ക്രമത്തില്‍ ക്രമത്തില്‍ വരുന്നതാണ്. ബോധപൂര്‍വ്വം ചെയ്യുന്നതല്ല. എന്നുവെച്ച് ഭാഷയെ കൃത്രിമമാക്കാന്‍ എനിക്കൊട്ടും താല്‍പര്യമില്ല. ഭാഷ എന്നുപറയുന്നത് അങ്ങോട്ട്, ആളുകളുടെ ഉള്ളിലേക്ക് കടന്നുചെല്ലണം. ഭാഷയിലൂടെ എല്ലാവരും ഉപയോഗിക്കുന്നത് വാക്കാണ്. വാക്കിനുമീതെ വാക്ക് വെച്ചിട്ടാണ് വാചകങ്ങള്‍ ഉണ്ടാവുന്നത്. മിക്കവാറും സാഹിത്യത്തിന് ഉപയോഗിക്കുന്ന വാക്കുകളൊക്കെ നിത്യജീവിതത്തില്‍ത്തന്നെയും ഉപയോഗിക്കുന്ന വാക്കുകളുടെ രൂപമായിരിക്കും. ഒരുതാളം ഇതിനുണ്ട് എന്നുതോന്നുന്നു. ഓരോ പ്രമേയത്തിനും അനുകൂലമായ രീതിയിലുള്ള ഭാഷ സ്വീകരിക്കേണ്ടിവരും. അസുരവിത്തിലൊക്കെയുള്ള കാലത്തിലെ ഭാഷയില്‍നിന്നും മാറിയിട്ടുള്ളൊരു ഭാഷയാണ് രണ്ടാമൂഴത്തില്‍ ഉപയോഗിച്ചത്. അതിലെ കഥാപാത്രങ്ങള് അങ്ങനത്തെ കഥാപാത്രങ്ങളാണ്. അതിലെ കാലഘട്ടം വൈദികകാലഘട്ടമാണ്. അതിന് അങ്ങനത്തെ കാളിദാസകൃതികളുടെ ഒക്കെ ഓരോര്‍മകളൊക്കെ ഉണ്ടാവുന്ന തരത്തിലുള്ള ഒരു ഭാഷ. അത് മിനക്കെട്ട് ഉണ്ടാക്കുന്നതല്ല. അതിന്റെ ഭാഗമായിട്ട് ഉരുത്തിരിഞ്ഞ് വരുന്നതാണ്. ഓരോ ഘട്ടം കഴിയുന്തോറും ഭാഷയിലും ചെറിയ മാറ്റങ്ങള്‍ വരും. അറിയാതെ വരുന്നതാണത്. മനഃപൂര്‍വ്വം ചെയ്യുന്നതല്ല. പക്ഷേ, ഇതെനിക്ക് നിര്‍ബന്ധമാണ്. ഭാഷ കഠിനമാവരുത്. ഒരു കട്ടിയുള്ള പുറന്തോട് ആകരുത്. അതിനെ പൊട്ടിച്ചുവേണം അകത്തേക്കു കയറാന്‍ എന്നുള്ള ഒരു അവസ്ഥ വരരുത്. ഞാനെഴുതിയത് ഒരാള്‍ക്ക് വായിച്ചുകഴിഞ്ഞാല്‍ പെട്ടെന്ന് എന്താണെന്നുള്ളത് മനസ്സിലാകണം. അതിന് വല്ല സാരസ്യവും ഉണ്ടെങ്കില്‍, കിട്ടിയാല്‍ നല്ലത്. പക്ഷേ, അവര്‍ക്കും എനിക്കുമിടയില്‍ വലിയൊരു ഭിത്തിയായിട്ട് ഭാഷ നില്‍ക്കരുത് എന്നും എനിക്ക് നിര്‍ബന്ധമുണ്ട്. എനിക്ക് കഠിനപദങ്ങളുപയോഗിച്ച് ഭാഷ ക്ലിഷ്ടമാക്കാന്‍ ഒരിക്കലും താല്‍പര്യമില്ല. പ്രമേയത്തിന് അനുയോജ്യമായ ഒരു ഭാഷ- അതാണ് പ്രധാനം. ആ പ്രമേയത്തിന്റെ ഭാഗമായിത്തീരുന്ന ഒരു ഭാഷ. അതുകൊണ്ടാണ് കഴിയുന്നതും ലാളിത്യമുള്ള ഭാഷ ഉപയോഗിക്കുന്നത്.
രണ്ടാമൂഴത്തിലെ ഭാഷ വ്യത്യസ്തമാണല്ലോ?

വ്യത്യസ്തമായ ഭാഷ രണ്ടാമൂഴത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് കഠിനമല്ല. തീരെ കാഠിന്യമുള്ള ഒന്നുമില്ല. അതിലും ചില ഇമേജറികള്‍ ഒക്കെ ഉണ്ട്. പഴയ ക്ലാസിക്കല്‍ ഇമേജറികള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ ഭാഷ അതില്‍ ക്ലിഷ്ടമാണ് എന്നൊന്നും പറയാന്‍ പറ്റില്ല. ഭാഷയില്‍ ചെറിയൊരു മാറ്റമുണ്ട്. പക്ഷേ, ഭാഷ കഠിനമല്ല. കുറച്ചുപേരുടെ മനസ്സിലേക്കിത് എത്തിക്കഴിയുമ്പോള്‍ ചിലപ്പോള്‍ കൂടുതലാവാം കുറച്ചാവാം – അവരുടെ മനസ്സില്‍ എത്തിക്കഴിയുമ്പോള്‍ മാത്രമാണ് നമ്മുടെയൊരു സര്‍ഗപ്രക്രിയ എന്നുപറയുന്നത് പൂര്‍ണമാവുന്നത്. നമ്മുടെ മനസ്സില്‍ എന്തോ രൂപംകൊള്ളുന്നു. നമ്മള്‍ ഇത് മനസ്സിലിട്ട് കൊണ്ടുനടന്നിട്ട് അതിന് ഏകദേശം ഒരു രൂപം കൊടുക്കുന്നു. അത് പിന്നെ കടലാസിലേക്ക് കൊണ്ടുവരുന്നു. ആ പ്രക്രിയ അവസാനിക്കുന്നത് ശരിക്ക് അതെവിടെയോ ചെന്ന് ചില ആളുകളുടെ മനസ്സില്‍ സെറ്റ് ചെയ്യുമ്പോള്‍ മാത്രമാണ്. ആ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് വായനക്കാര്‍ക്കും നമുക്കുമിടയില്‍ ഭാഷ ഒരു ഭിത്തിയാവരുത് അല്ലെങ്കില്‍ കട്ടിയുള്ള ഒരു പുറന്തോടാവരുത് എന്ന് പറയുന്നത്.

കുട്ട്യേടത്തി, നിന്റെ ഓര്‍മയ്ക്ക്, വളര്‍ത്തുമൃഗങ്ങള്‍ പോലുള്ള കഥകള്‍ ഇന്ന് വായിക്കുമ്പോള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെന്ന് തോന്നുമോ?

കുട്ട്യേടത്തിയില്‍ മാറ്റങ്ങളൊന്നും എനിക്ക് തോന്നിയിട്ടില്ല. കാരണം, അടുത്തകാലത്തുകൂടി കുട്ട്യേടത്തി ഞാനൊന്ന് മറിച്ചുനോക്കുകയുണ്ടായി. ഇംഗ്ലീഷില് ആരോ ട്രാന്‍സ്‌ലേറ്റ് ചെയ്ത് വന്നപ്പോള്‍ അവര്‍ ചില സംശയങ്ങള്‍ എനിക്കെഴുതി. ഇത് മുമ്പും ഇംഗ്ലീഷില്‍ വന്നതാണ്. അപ്പോ, ഞാന്‍ വീണ്ടും മറിച്ചുനോക്കി. അത് ഇപ്പൊ ഞാന്‍ എഴുതുകയാണെങ്കിലും വിശേഷിച്ച് മാറ്റമൊന്നും തോന്നുന്നില്ല. സര്‍ക്കസില്‍ ചില മാറ്റങ്ങള്‍ വന്നേക്കാം. വളര്‍ത്തുമൃഗങ്ങള്‍- ഞാന്‍ കോളേജില്‍ ബി.എസ്‌സി ഫൈനലിയര്‍ പഠിക്കുമ്പോള്‍ എഴുതിയിട്ടുള്ളതാണ്. അതിന് ചില മാറ്റങ്ങള്‍ വന്നേക്കാം. അത് ഞാന്‍ വീണ്ടും വായിച്ചു നോക്കിയപ്പോള്‍ അങ്ങനെയല്ല എഴുതേണ്ടിയിരുന്നത് അതില്‍ കുറച്ചുകൂടി സംഗതികള്‍ ആവാമായിരുന്നുവെന്ന് തോന്നുന്നു. നേരെ മറിച്ച് കുട്ട്യേടത്തി ആ രൂപത്തില് തന്നെയേ എഴുതാന്‍ പറ്റുകയുള്ളൂ എന്നാണ് എനിക്ക് തോന്നിയത്. ‘നിന്റെ ഓര്‍മയ്ക്കും’ അങ്ങനെത്തന്നെ. എഴുത്തിന്റെ മുഹൂര്‍ത്തം ഞാന്‍ പഴയകാലത്ത് എഴുതിയിരുന്നത് രാത്രിയിലായിരുന്നു. അന്നൊക്കെ പകല് ജോലിയുണ്ടായിരുന്നു. പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കാലത്തും ആപ്പീസിന്ന് വന്നുകഴിഞ്ഞാല്‍ രണ്ടു മണിക്കൂര്‍ ഞാന്‍ ട്യൂട്ടോറിയലില് പഠിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് എട്ടുമണിയൊക്കെ കഴിഞ്ഞിട്ടാണ് എഴുതാനുള്ള സമയം കിട്ടുന്നത്. ആ കാലത്തൊക്കെ രാത്രി എഴുതിയിരുന്നു. ഇപ്പം രാത്രി എഴുതാറില്ല. ഒന്ന് എന്റെ ആരോഗ്യസ്ഥിതിയനുസരിച്ച് ഉറക്കമൊഴിക്കാന്‍ പറ്റില്ല. ഇപ്പം ഞാന്‍ എല്ലാം മാനസികമായിട്ട് തയ്യാറെടുപ്പ് വന്നുകഴിഞ്ഞാല് ഒരു എട്ടുമണി മുതല്‍ ഒരുമണിവരെ രാവിലെ വര്‍ക്ക് ചെയ്യും. പിന്നെ ഉച്ചയ്ക്കുശേഷം ഒരു മൂന്നരമുതല്‍ ആറര വരെ. ഇതാണ് ഇപ്പോഴത്തെ ഒരു പാറ്റേണ്‍. രാത്രി ഉറക്കമൊഴിച്ചിരുന്ന് എഴുതാന്‍ ഇപ്പം സാധിക്കില്ല. നമ്മുടെ ടൈമും ആരോഗ്യസ്ഥിതിയും കൊണ്ടാണ്. സമയം ഏത് എന്നത് പ്രശ്‌നമല്ല. നമുക്ക് ഈ ഡിസ്റ്റര്‍ബന്‍സുകള്‍ പാടില്ല എന്നുള്ളതേയുള്ളൂ. നമുക്ക് തുടര്‍ച്ചയായിട്ടുള്ള കുറേസമയം കിട്ടിയാല്‍. വേറെ ശല്യങ്ങളൊന്നുമില്ലാത്ത ഒരു സമയം കിട്ടിയാല്‍ ഏതുസമയത്തും പ്രശ്‌നമല്ല. ഡയബറ്റിസുള്ള ആളുകള്‍ക്കൊക്കെ രാത്രിയായാല് എനര്‍ജിയൊക്കെ പോവും. ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് കുറച്ചുകാലമായിട്ട് രാത്രിയത്തെ എഴുത്തില്ല. വല്ലപ്പോഴും വല്ല ചെറിയ ഒരാര്‍ട്ടിക്കിള്‍ എഴുതേണ്ടിവരുന്നു. അതൊക്കെ ചെയ്യാം എന്നല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. സമയമിതിന് ബാധകമല്ല. ഏതുസമയമായാലും ശരി നമുക്ക് ഡിസ്റ്റര്‍ബന്‍സില്ലാതെ കിട്ടണം എന്നുള്ളത് മാത്രമേയുള്ളൂ.

കുടുംബജീവിതം എഴുത്തിനെ ബാധിക്കാറുണ്ടോ?

ഇല്ല. അതിപ്പം പ്രശ്‌നമല്ല. അവര്‍ക്കൊക്കെ – വീട്ടുകാര്‍ക്കൊക്കെ- മനസ്സിലായിട്ടുണ്ടല്ലോ. എനിക്കിന്നൊരു ചെറിയ പണിയുണ്ട് എന്നുപറഞ്ഞ് നമ്മള്‍ എഴുതാല്‍ തുടങ്ങിയാല് കഴിയുന്നതും ഈ ഫോണിന്റെ ശല്യത്തിന്നൊക്കെ- അത്യാവശ്യമുള്ളത് മാത്രം തരികയും മറ്റും – അവിടെയും ചെറിയൊരു ഐഡന്റിറ്റി ഉണ്ടാക്കുന്നുണ്ട്. അതെപ്പോഴും സാധിച്ചെന്നു വരില്ല. അതുകൊണ്ട് ചിലപ്പോ മാറിയിരുന്ന് എവിടെയെങ്കിലും സ്ഥലം കണ്ടെത്തുന്നു. ഒരീസം രണ്ടുദിവസം മൂന്നുദിവസം ഇരുന്ന് ചെയ്യാവുന്ന ഒരു പണിയാണെങ്കില്‍ വീട്ടിലിരുന്നിട്ടും ചെയ്യാം. പക്ഷേ, തുടര്‍ച്ചയായിട്ട് കുറേ ദിവസം വേണ്ടിവരുന്നതാണെങ്കില് വേറെയെവിടെയെങ്കിലും മാറിയിരിക്കാനുള്ള കാരണം അതാണ്. വീടാവുമ്പോ വീടിന്റേതായ ബാധ്യതകളുണ്ട്. വീടിന്റെ പ്രശ്‌നങ്ങളൊന്നും എന്റെയടുത്ത് കൊണ്ടുവരാറില്ല. അതൊന്നും എന്നെ അലോസരപ്പെടുത്താത്ത നിലയില് വീട്ടുകാര് മാനേജ് ചെയ്യും. എന്നാലും ചിലപ്പം വീട്ടിലിരിക്കുമ്പം അപ്രതീക്ഷിതമായിട്ട് ചില സന്ദര്‍ശകര്‍ വരും. കളവ് പറയാന്‍ പറ്റില്ല. ഒന്നിറങ്ങിവന്ന് അവരുടെ കൂടെ ഇത്തിരിനേരമിരുന്ന് നേരം കഴിക്കേണ്ടിവരും. വീടിന് അതിന്റേതായ ചില പരാധീനതകളുണ്ട്. പക്ഷേ, വീട് എനിക്കൊരു ഡിസ്റ്റര്‍ബന്‍സല്ല. ഞാന്‍ ചിലപ്പം മാറിപ്പോവുന്നത്, അതവര്‍ക്കുകൂടി സൗകര്യമാണ്. ഞാനുണ്ടെങ്കില് അവിടെ ആളുകള്‍ കൂടുതല്‍ വരുന്നു. ഞാന്‍ മാറിയിരുന്ന് കഴിഞ്ഞാ അവര്‍ക്കും സന്തോഷാ. എവിടെയായിരുന്നാലും രാത്രിയില് വിളിച്ചുകഴിഞ്ഞാല്‍ പണിയൊക്കെ നടക്കുന്നുണ്ടോ എന്നു ചോദിക്കും. ഓ ഉണ്ട്. പണി നടക്കുന്നുണ്ട്. അവിടെന്താ വിശേഷമൊന്നുമില്ലല്ലോ. ഇല്ല. വിശേഷമൊന്നുമില്ല. രണ്ടു ദിക്കിലും വിഷമമില്ല. സന്തോഷം. നമ്മുടെ ജോലിയും നടക്കും. കുടുംബാന്തരീക്ഷത്തിലും എഴുത്തുകാരന്‍ ഒരേകാന്തത കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് മുമ്പെവിടെയോ പറഞ്ഞത് ഓര്‍ക്കുന്നു. അവിടെയും നമ്മള് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നു. വായിക്കുക, എഴുതുക ഒക്കെ ചെയ്തുകൊണ്ടിരിക്കുമ്പം അവിടെയും നമ്മുടെ ചുറ്റും ഒരു ദ്വീപുണ്ടാകുന്നുണ്ട്. വീട്ടുകാര്‍ക്കതറിയില്ലെങ്കിലും കുറച്ച് കഴിയുമ്പം കുറേക്കാലം നമ്മുടെ കൂടെ ജീവിച്ച് കഴിയുമ്പം വീട്ടുകാര്‍ക്കും മനസ്സിലാവും ആ ഒരു ചെറിയ ദ്വീപിലാണ് ഇപ്പോ ഇരിക്കുന്നതെന്ന്. അവര്‍ നമ്മളെ അങ്ങനെ ശല്യപ്പെടുത്തില്ല. അതിനുള്ളിലും നമുക്കൊരു ഏകാന്തത, നമ്മളൊരു ചെറിയ വലയം നമുക്കു ചുറ്റും ഉണ്ടാക്കിയെടുക്കുന്നുണ്ട്. എന്നാല്‍, മാത്രമേ പറ്റൂ. മറ്റ് നമ്മുടെ ചെവി ഒരു വശത്തേക്ക് പോകും. അവിടെ നടക്കുന്ന സംഭാഷണങ്ങളിലേക്ക് പോകും. മറ്റ് ശബ്ദങ്ങളിലേക്കു പോവും. മുഴുവന്‍ അതില് തന്നെ ഉറച്ചിരിക്കണമെന്നുണ്ടെങ്കില്‍ – ഇതാണതിന്റെയൊരു അവസ്ഥ. ഏറ്റവും നല്ല അവസ്ഥ എന്നു പറയുന്നത് നമ്മളിങ്ങനെ എഴുതിക്കൊണ്ടിരിക്കുമ്പഴ് ഏതോ ഒരു ഘട്ടത്തില്‍ നമുക്ക് ഒരഞ്ച് സെക്കന്റ് എടുത്താല്‍ ഞാനിപ്പം എവിടെയാണ് എന്നു തോന്നും. ആ ഒരു നിലയിലേക്ക് ചിലപ്പം എത്തും. അപൂര്‍വ്വമായിട്ട് എത്താറുണ്ട്. എ ഫ്യൂ സെക്കന്റ്‌സ് – ഞാനിപ്പം എവിടെയാണ്. ഓ ഈ മുറീല്. കാരണം നാം ബാക്കിയെല്ലാം സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടാവും. അങ്ങനത്തെ ഒരവസ്ഥ വരും. ഉത്കണ്ഠകള്‍ നമ്മുടെ സഹിഷ്ണുത തീരെ മാറിയിരിക്കുന്നു. ചിലതൊക്കെ ഇഷ്ടമായി. ചിലതെതിര്‍ത്തു- എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു എങ്കിലും ഇന്നത്തെ മാതിരി ദുസ്സഹമായ അവസ്ഥയില്‍ അസഹിഷ്ണുത അന്നില്ല- എന്നുള്ളതാണ്. അന്നും അസഹിഷ്ണുതകള് ഉണ്ടായിരുന്നു. ഇന്നത്തെ മാതിരിയത്തെ ഒരസഹിഷ്ണുത അന്നുണ്ടായിരുന്നില്ല. ഇന്ന് എന്തിനെയും വേറെ ഒരു നിലയില് കാണുന്ന ഒരവസ്ഥയുണ്ടല്ലോ. കുറേക്കാലമായിട്ട് നമ്മുടെ അയല്‍ക്കാരനെ, അടുത്തിടപഴകിയിരുന്നയാളെ എത്രയോ കാലമായിട്ട് കുടുംബമായി കഴിഞ്ഞിരുന്ന ആളുകളെയൊക്കെ, അന്യരായി കാണണം എന്നുള്ള ഒരവസ്ഥ ഉണ്ടായിട്ടുണ്ട്. സഹിഷ്ണുത എന്നുപറയുന്നത് ക്രമത്തില്‍ ക്രമത്തില്‍ പരിഷ്‌കൃതരായ മലയാളികള്‍ക്ക് നഷ്‌പ്പെട്ടിരിക്കുകയാണ്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്ങനെ മാറ്റിയെടുക്കാം എന്നു ചോദിച്ചാല്‍ എനിക്ക് മറുപടിയൊന്നുമില്ല. ഞാനും അതില്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഞാനും അതില്‍ ദുഃഖിക്കുന്നുണ്ട്. ഇതാണല്ലോ അവസ്ഥ. ഇതിനൊന്നും പരിഹാരങ്ങള്‍ നമുക്ക് പറയാന്‍ പറ്റുന്നില്ല. പലപല ദുസ്സഹായാവസ്ഥകള്‍ ലോകത്തിന്റെതന്നെ കാര്യമെടുക്കാം. വളരെയധികം ‘മിസറി’ കഷ്ടപ്പാടുകള്‍, ദുരിതങ്ങള്‍ പലേടത്തും കാണുന്നു. ജീവിതംതന്നെ വലിയ ദുരിതത്തിന്റെ കയമായി മാറിയിരിക്കുന്നുവെന്നു തോന്നുന്നു. ആ കയത്തിന്റെ തീരത്ത് നില്‍ക്കുമ്പഴ് ഇതിനൊന്നും ഒരു പരിഹാരം കാണാന്‍ പറ്റുന്നില്ലല്ലോ എന്നുള്ള ഉത്കണ്ഠയാണ്. ഇതാണവസ്ഥ. ഈ ദുരിതത്തിന്റെ കയത്തിന്റെയുള്ളില്‍ ഒരുപാട് മനുഷ്യരുണ്ട്. ആ ഒരു ബോധം ഉറച്ചുകഴിഞ്ഞാല്‍ നല്ലത്. നോക്കൂ, ഇവിടെയിതാ മനുഷ്യദുരിതങ്ങളുടെ അനേകം കയങ്ങള്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും. അവരെ അറിയൂ. അത് മനസ്സിലാക്കൂ എന്ന് ദയനീയമായിട്ട് മനസ്സില്‍ നിലവിളിക്കാന്‍ മാത്രമേ സാധിക്കൂ. എഴുത്ത്, പ്രതിഫലം സാഹിത്യത്തെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ വലിയ പ്രയാസമാണ്. കേരളത്തില്, ഇന്ത്യയിലും എഴുത്തുകാര്‍ക്ക് ചിലര്‍ക്ക് പത്രപ്രവര്‍ത്തനത്തെ ആശ്രയിക്കേണ്ടി വരുന്നു. കോളമെഴുതേണ്ടിവരുന്നു. ഇന്ത്യയില്‍ത്തന്നെ സാഹിത്യത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന എഴുത്തുകാര്‍ വളരെ അപൂര്‍വമാണ്. ബംഗാളിലും ഇല്ല. ബംഗാളിലെത്തുമ്പോ ഗംഗോപാധ്യായക്കും ‘ആനന്ദ്ബസാര്‍’ പത്രികയുമായിട്ട് ഒരു ബന്ധമുണ്ട്. എഴുത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുക എന്നത് – ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല പുറമെയും ഇതുതന്നെയാണ് സ്ഥിതി – സാധ്യമല്ല. എഴുത്തുകാര്‍ക്ക് വേറെയെന്തെങ്കിലും ചെറിയ പണിയുണ്ടാവും. ഒരു സ്ഥിരവരുമാനത്തിനുവേണ്ടിയിട്ട് ചിലരൊക്കെ ഇപ്പം കവികളൊക്കെ ചെയ്യുന്നത് പലേടത്തും അവര് ലക്ചറ് നടത്തുന്നു. യൂണിവേഴ്‌സിറ്റികളിലൊക്കെ കവിതാ പുസ്തകങ്ങള്‍ വിറ്റിട്ടുള്ള വരുമാനം മാത്രമല്ല, ലക്ചര്‍ നടത്തുന്നു. അതിനവര്‍ക്ക് പ്രതിഫലം കിട്ടുന്നു. വേറെയെന്തെങ്കിലും ചെറിയ വരുമാനം. അപൂര്‍വം ചിലരുടെ പുസ്തകങ്ങള്‍ ബെസ്റ്റ്‌സെല്ലേഴ്‌സ് ആവുന്നു. പുസ്തകം വിറ്റുകഴിഞ്ഞാല്‍ അഞ്ചുകൊല്ലം ജീവിക്കാനുള്ള, പത്തുകൊല്ലം ജീവിക്കാനുള്ള സമ്പാദ്യം കിട്ടുന്നു. കേരളത്തില്‍ത്തന്നെയെടുക്കാം. പൊറ്റക്കാട് മാത്രമാണ് സാഹിത്യംകൊണ്ട് ജീവിച്ചിരുന്നത്. ബഷീറും പറയാം. തകഴി കൃഷിക്കാരനൊക്കെയായിരുന്നു. പിന്നെ വക്കീല്‍പ്പണിയില്‍നിന്നുള്ള വരുമാനവും ഉണ്ടായിരുന്നു. കവികളാണെങ്കില് അധ്യാപകരും മറ്റുമായിരുന്നു. കുറുപ്പ്മാഷ്, വൈലോപ്പിള്ളി, ഇടശ്ശേരിയാവട്ടെ വക്കീല്‍ ഗുമസ്തനായിരുന്നു. കുഞ്ഞിരാമന്‍ നായര്‍ പിന്നെ കവിതകൊണ്ടുമാത്രം ജീവിച്ചയാളാണെന്നു പറയാം. അതുകൊണ്ടു മാത്രം ജീവിക്കാം. പക്ഷേ, കഷ്ടപ്പാടുകള്‍ കാണും. മറ്റു ഭാഷകളിലൊക്കെതന്നെ – ഒറിയ – വലിയ വലിയ എഴുത്തുകാരുണ്ട്. എഴുത്തുകൊണ്ട് മാത്രം അവര്‍ക്ക് കഴിഞ്ഞുകൂടാന്‍ പറ്റില്ല. അവര്‍ക്കൊക്കെ വേറെ പല ഉദ്യോഗങ്ങളും ഉണ്ട്. കണ്ടുമുട്ടുമ്പോഴൊക്കെ അവരൊക്കെ അത് പറയാറുണ്ട്.

പ്രതിഫലം മറ്റ് മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ അര്‍ഹമായത് ലഭിക്കുന്നുണ്ടോ?

പ്രതിഫലം നോക്കുമ്പം, നമുക്ക് പിന്നെ സ്ഥിരമായി എഴുതേണ്ടിവരും. ഇഷ്ടമില്ലെങ്കിലും എഴുതേണ്ടിവരും. എഴുതാനുള്ള ഒരു മനസ്ഥിതി ഇല്ല. ഒരു മാനസിക കാലാവസ്ഥ ഇല്ലെങ്കില്‍പോലും നമ്മള് വയറ്റുപ്പിഴപ്പിന് വേണ്ടീട്ട് എഴുതിക്കൊണ്ടിരിക്കേണ്ടിവരും. ആ ഒരു പ്രശ്‌നം ഉണ്ട്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ബാലകൃഷ്ണന്‍ എന്ന ഒരു നാട്ടുമ്പുറത്തുകാരന്‍ കാണാന്‍ വന്നത് എഴുതിയിട്ടുണ്ട്.

ഇത്തരം അനുഭവങ്ങള്‍?

തീരെ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില് തീരെ പ്രതീക്ഷിക്കാത്ത ആളുകള്‍ വളരെ അടുപ്പം കാണിക്കുന്നു. അവര്‍ പറയുന്നു: ഞാന്‍ നിങ്ങളുടെ ഇന്ന കഥ വായിച്ചിട്ടുണ്ട്. നിങ്ങളെ അറിയാം. അങ്ങനെ തീരെ പ്രതീക്ഷിക്കാതെ സംഭവിക്കുന്നു. ബാലകൃഷ്ണന്റേത് ഒറ്റപ്പെട്ടൊരു വല്ലാത്ത സംഭവമായിരുന്നു.

ബാലകൃഷ്ണന്‍ ഇപ്പോഴും?

ഉണ്ട്. ഞാന്‍ കാണാറുണ്ട്. മകള്‍, മെഡിസിന്‍ കഴിഞ്ഞു. കുട്ടികളുടെ കല്യാണം കഴിഞ്ഞു. എപ്പോഴും കാണാറില്ലെന്നാലും വിവരങ്ങള്‍ എപ്പോഴും അറിയിച്ചുകൊണ്ടിരിക്കും. അത് ഞാന്‍ രോഗാവസ്ഥയില്‍ കിടക്കുമ്പോള്‍ സംഭവിച്ചതിനാലാണ് അതിനെക്കുറിച്ച് ഒന്ന് കുറിച്ചിടണമെന്ന് തോന്നിയത്. അതല്ലാതെ യാത്രക്കിടയിലും മറ്റു പലേടത്തും ഇങ്ങനെ ഓരോരുത്തര്‍ അടുത്തുവന്ന് സ്‌നേഹം പ്രകടിപ്പിക്കുകയും ചിലപ്പോ വലിയ തിക്കും തിരക്കും ഒക്കെയുള്ള സമയത്ത് ഏതെങ്കിലും ക്യൂവിലൊക്കെ നില്‍ക്കുമ്പോള്‍ അടുത്തുവന്ന് ഇന്നയാളല്ലേ ഞാന്‍ ക്യൂവില്‍ നിന്നോളാം എന്നൊക്കെ പറയുകയും ചെയ്യും. പ്രായമൊക്കെ പരിഗണിച്ചാവാം ചെറുപ്പക്കാര് നമ്മുടെ ടിക്കറ്റൊക്കെ എടുത്ത് കൊണ്ടുവന്നുതരികയും ചെയ്യും. വായനക്കാരന്‍ തിരിച്ചറിഞ്ഞ് ദൈവത്തിന്റെ രൂപത്തില്‍ സഹായവുമായി പ്രത്യക്ഷപ്പെട്ട ഒരു സംഭവം ഗള്‍ഫ് നാടുകളില്‍വെച്ച് തനിക്കുണ്ടായതായി ഗുരു നിത്യചൈതന്യയതി എഴുതിയിട്ടുണ്ട്.

അത്തരം വല്ല അനുഭവങ്ങളും?

യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് ബോംബെയില്‍ രാത്രി ഒരു മണിക്ക് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പം എന്റെ പെട്ടി കാണുന്നില്ല. ഞാന്‍ ആകെ പരിഭ്രമിച്ച് നില്‍ക്കുകയാണ്. അധികൃതരെ സമീപിച്ചപ്പോള്‍ ഒരുപാട് ആളുകളുടെ പെട്ടി നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിലാസം തന്നാല്‍ വീട്ടില്‍ എത്തിച്ചുതരുമെന്നും ഫോറം ഫില്ലപ്പ് ചെയ്തു കൊടുക്കണമെന്നും പറഞ്ഞു. അമേരിക്കയില്‍നിന്ന് വരുന്ന ഒരു ചെറുപ്പക്കാരന്‍ വന്നിട്ട് ഇന്നയാളല്ലേ എന്നു ചോദിച്ച്, ഞാന്‍ കഥയൊക്കെ വായിച്ചിട്ടുണ്ട് എന്നു പറഞ്ഞ് പരിചയപ്പെടുന്നു. ഫോറം ഫില്ലപ്പ് ചെയ്യാന്‍ ഒരു പാട് സമയം നില്‍ക്കേണ്ടിവരും. ഞാന്‍ പോയി നില്‍ക്കാം ഇവിടെ ഇരുന്നോളൂ എന്നുപറഞ്ഞ് ആ കുട്ടി ക്യൂവില്‍ പോയി നിന്നു. അപ്പോള്‍ ആരോ പറഞ്ഞു കുറച്ചു പെട്ടികള്‍ കൂടി വന്നിട്ടുണ്ട്. ചെറുപ്പക്കാരന്‍ എന്നെ പോകാന്‍ അനുവദിക്കാതെ അവിടെ പോയി പെട്ടി തിരഞ്ഞെടുത്ത് ഞാന്‍ തന്നോളാം എന്നു പറഞ്ഞു. അങ്ങനെയൊക്കെ നിത്യജീവിതത്തില്‍ ചില സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍ നമ്മള്‍ ചില മാര്‍ക്കറ്റുകളിലൊക്കെ പോകുമ്പം മലയാളികള്‍ അടുത്തുവരും. അതിലൊരു ചെറുപ്പക്കാരന്‍ അടുത്തുവന്നിട്ട് പറയുന്നു എനിക്ക് ഒന്നും തരാനില്ല കൈയില്‍. ഞാന്‍ പറഞ്ഞു: ഒന്നും വേണ്ട, കണ്ടു. സന്തോഷമായി. ”അല്ലേ എന്തെങ്കിലും എനിക്കൊന്ന്…” എന്നുപറഞ്ഞ് അയാള്‍ പോക്കറ്റില്‍നിന്ന് ഒരു നെയില്‍കട്ടര്‍ എടുത്തു നീട്ടുന്നു. ഞാന്‍ വേണ്ടാ എന്നു പറഞ്ഞിട്ടും അയാള്‍ വിടുന്ന ലക്ഷണമില്ല. ”ഇതേ എന്റെ കൈയിലുള്ളൂ. ഇതു വാങ്ങണം.” ഞാന്‍ അതു വാങ്ങി. എനിക്കാണെങ്കില്‍ ആ നെയില്‍കട്ടര്‍കൊണ്ട് വലിയ ഉപകാരമുണ്ടായി എന്നത് വേറെ കഥ. അങ്ങനെ പലേടത്തും വെച്ച് സ്‌നേഹം നമുക്ക് കിട്ടുന്നു. അത് ഈ എഴുത്തിന്റെ പേരിലുള്ളതാണ്. വേറെ നിലയ്‌ക്കൊന്നുമല്ല. അതു ചിലപ്പം തീവണ്ടിമുറിയില്‍ നിന്നാവാം. ചിലപ്പം എയര്‍പോര്‍ട്ടില്‍നിന്നാവാം. എവിടെയെങ്കിലും ഒരു അജ്ഞാതസ്ഥലത്ത് നമ്മള്‍ വെറുതെ ഒരു ടാക്‌സി കാത്തുനില്‍ക്കുമ്പോളാവാം.

സുരഭിലമായ പഴയ ആ കാലത്തെക്കുറിച്ച് ഓര്‍ക്കാമോ?

അക്കാലത്തൊക്കെ വൈകുന്നേരമായിക്കഴിഞ്ഞാല്‍ ഞങ്ങളെല്ലാവരും ഒത്തുകൂടിയിരുന്നു. എവിടെയെങ്കിലും ഒരു സ്ഥലത്ത് ഒരു ചായകുടി, കടപ്പുറത്തുകൂടെ ഒരു നടത്തം. കടപ്പുറത്തിരുന്ന് കുറേ സംസാരിക്കും. സാഹിത്യമൊന്നുമല്ല പറഞ്ഞിരുന്നത്. കൂട്ടത്തില്‍ ആരെങ്കിലും ഒരു പുതിയ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അതിനെപ്പറ്റി പറയും. പുസ്തകം കൈമാറും. തമാശ പറയും. ചീട്ടു കളിക്കും. പട്ടത്തുവിളയുടെ വീട്ടിലാണ് ശീട്ടുകളി സാധാരണ. അന്ന് വൈകുന്നേരങ്ങളില്‍ അങ്ങനെ കൂട്ടായ്മയുണ്ടായിരുന്നു. പിന്നെപ്പിന്നെ ആളുകളൊക്കെ തിരക്കുള്ളവരായി. ഞാനും എന്‍.പിയും ഒക്കെ തമ്മില് ഇപ്പോ അധികം കാണാറില്ല. ഫോണില്‍ ബന്ധപ്പെടും. ഇന്നാള്‍ അസുഖമാണെന്നറിഞ്ഞപ്പോഴേക്കും പോയിക്കണ്ടു. അങ്ങനെ കുറേ സുഹൃത്തുക്കളുണ്ട്. അവരെയൊക്കെ ദിവസവും കണ്ടില്ലെങ്കിലും അത്രയും ഹൃദയത്തിന്റെ ഭാഗമായിട്ടുള്ളവരാണ്. അന്ന് എഴുത്തുകാര്‍ അവരുടെ കൃതികളെക്കുറിച്ചൊന്നുമല്ല സംസാരിക്കുക. നാട്ടുവര്‍ത്തമാനം പറയും. വായിച്ച കാര്യങ്ങള്. തമാശകള് ഒക്കെ പറയും. വല്ലപ്പോഴും വി.കെ.എന്നും എത്തിയിരുന്നു. ഈ ഭാഗത്താണ് വി.കെ.എന്‍ ജോലി ചെയ്തിരുന്നത്. ഉറൂബിനെയും തിക്കോടിയനെയുംപോലെയുള്ള സീനിയേഴ്‌സുണ്ട്. ഏറ്റവും പ്രായം കുറഞ്ഞത് ഞാനാണ്. പുതിയ മാസികകളെപ്പറ്റി – പട്ടത്തുവിളക്കൊക്കെ- അമേരിക്കയില്‍നിന്ന് അന്ന് ന്യൂയോര്‍ക്കറും തിയറ്റര്‍ ആര്‍ട്‌സും ഒക്കെ വന്നിരുന്നു. അതൊക്കെ കൈമാറിയിരുന്നു. അങ്ങനെ ഒരു നല്ല കാലഘട്ടം ഉണ്ടായിരുന്നു. സാഹിത്യത്തിന്റെ ഒരാതിഥേയത്വം എന്നു പറയാവുന്ന കാലഘട്ടം. ഒരു ദിവസം എസ്.കെ.പൊറ്റക്കാട് എല്ലാവരെയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ച് ഊണ്‍ ഏര്‍പ്പാട് ചെയ്തു. രസമുള്ളതായിരുന്നു ആ കാലഘട്ടം. ഞങ്ങള് തമ്മില് കാണുമ്പം പുതിയ രചനകളെന്തെങ്കിലും കണ്ടാല് അതിനെപ്പറ്റി വളരെ പുകഴ്ത്തിപ്പറയാനല്ല. തന്റെ ആ സാധനം വായിച്ചൂട്ടോ, തരക്കേടില്ല. ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുന്നു. പക്ഷേ, അത് കേള്‍ക്കുന്നയാള്‍ക്കും- നമ്മുടെ കൂട്ടത്തിലുള്ള ആളുകള്‍ ശ്രദ്ധിച്ചു എന്നറിയുമ്പം അവര്‍ക്കും അതിലൊരു തൃപ്തിയുണ്ട്. ആളുകളെ പ്രശംസിക്കാനും ഒന്നുമല്ല. ഞാനതു കണ്ടൂട്ടോ. സാധനം നന്നായിരിക്കുന്നു എന്നൊക്കെയുള്ള ആ ഒരു സൗഹൃദം. പക്ഷേ, അത്രയും അടുപ്പത്തില്‍, സ്വന്തം ആളുകളാണ് എന്നുള്ള വല്ലാത്ത ഒരു സൗഹൃദഭാവമുണ്ടായിരുന്നു.

കുറച്ചുകാലം അധ്യാപകനായും ജോലിനോക്കിയല്ലോ.എം.ബി.കോളേജിലെ ആ കാലഘട്ടത്തെക്കുറിച്ച്?

എന്റെ ശിഷ്യന്മാരൊക്കെ മുതിര്‍ന്നവരായി. ചിലരെയൊക്കെ ഇപ്പഴും കാണാറുണ്ട്. ട്യൂട്ടോറിയല്‍ കോളേജിലൊക്കെ പഠിക്കുന്നവര് പല തവണ തോറ്റിട്ടൊക്കെ വരുന്നവരാണ്. അതുകൊണ്ട് ഞാനും വിദ്യാര്‍ഥികളും തമ്മില്‍ പ്രായത്തിന്റെ കാര്യത്തില് വലിയ വ്യത്യാസം കാണില്ല. പലേടത്തും കാണുമ്പം – ഈയിടെത്തന്നെ ഞാനൊരാളെ കണ്ടു. അയാള്‍ മദിരാശിയിലെ ഒരു ബിസ്‌നസുകാരനാണ്. കണക്കുകൂട്ടിയപ്പം ഞങ്ങള് തമ്മില് മൂന്നു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അധ്യാപക-ശിഷ്യ ബന്ധത്തിലുള്ള ഒന്ന് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശരി കാണുമ്പം വലിയൊരു ബന്ധമുണ്ട്. ഇപ്പഴും അവര് മാഷ്‌ന്നേ വിളിക്കൂ. വളരെ ചെറിയ കാലഘട്ടമായിരുന്നെങ്കിലും അവിടെ പഠിപ്പിച്ച പലേ ആളുകളേയും പിന്നെ പലേടത്തുംവെച്ച് കണ്ടപ്പം അവര്‍ക്ക് അതില്‍ വലിയൊരു സന്തോഷമുണ്ട്. കോളേജ് അധ്യാപകനാവാന്‍ മോഹിച്ച് എത്തിപ്പെട്ടത് സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍.

ഒരു നിയോഗംപോലെ എത്തിപ്പെട്ട ജോലിയെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?

പത്രപ്രവര്‍ത്തനം എനിക്ക് ഇഷ്ടപ്പെട്ട ജോലിയായിരുന്നു. പക്ഷേ, ആ കാലത്ത് ഏതു ജോലിയും സ്വീകരിക്കുമായിരുന്നു. കാരണം ഞാനന്ന് വെറും ഡിഗ്രി മാത്രമുള്ള ഒരാളാണ്. ട്രെയിനിങ് കഴിക്കാനുള്ള സൗകര്യമുണ്ടായിരുന്നെങ്കില്‍ ചിലപ്പോ അധ്യാപകനായിപ്പോയേനെ. അല്ലെങ്കില്‍ ഒരു മാസ്റ്റര്‍ ഡിഗ്രി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ ചിലപ്പോ കോളേജ് അധ്യാപകന്‍. കോളേജായിരുന്നു എന്റെ ഒരു ലക്ഷ്യം. രണ്ടുമാസം വെക്കേഷന്‍, ലൈബ്രറി ഇതൊക്കെയാണ് മനസ്സിലുണ്ടായിരുന്നത്. എത്തിയത് ജേര്‍ണലിസത്തിലാണ്. അതില്‍ വിഷമമൊന്നും ഇല്ല. നല്ലൊരു പിരീയഡായിരുന്നു. കോഴിക്കോട് വന്നു. ഇവിടുത്തെ എഴുത്തുകാരുമായി സൗഹൃദത്തിന്റെ ഭാഗമായി ചേരാന്‍ പറ്റി. പത്രപ്രവര്‍ത്തനം ഒരു ബുദ്ധിമുട്ടുപിടിച്ച പണിയാണ്. എന്നാലും നമ്മള് അതില് ലയിച്ചുചേര്‍ന്നു. കുറേ വര്‍ഷങ്ങള്‍. അതായിരിക്കും നമുക്ക് വിധിച്ചിട്ടുള്ളത്. അതില് എനിക്ക് ചെയ്യാന്‍ കഴിയുന്ന കുറേ കാര്യങ്ങള്‍ ചെയ്തു എന്നുള്ള ഒരു ‘സാറ്റിസ്ഫാക്ഷന്‍’ ഉണ്ട്.

പത്രപ്രവര്‍ത്തനം ജോലി എന്ന നിലയ്ക്കാണ് എടുത്തത്. താല്‍പര്യം കൊണ്ടല്ല?

അല്ല. അന്നത് അപ്ലൈ ചെയ്തു. കിട്ടി. അന്ന് പലതിനും അപ്ലൈ ചെയ്തിരുന്നു. അസിസ്റ്റന്റ് കെമിക്കല്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞിട്ട് ഒരു പോസ്റ്റിന്, ഞാനൊരു കെമിസ്ട്രി ഗ്രാജ്വേറ്റാണ്. ചിലപ്പം അന്ന് അത് കിട്ടിയിരുന്നെങ്കില്‍ അതിലെയായിരിക്കും പോവുക. മാതൃഭൂമിയില്‍ കിട്ടിയതിനുശേഷം വേറെ ഒന്നുരണ്ട് സാധ്യതകള്‍ വന്നു. ഒന്ന് ഓള്‍ ഇന്ത്യാ റേഡിയോവിലായിരുന്നു. അന്നത്തെ എന്റെ ബോസ് ആയിരുന്ന കെ.പി.കേശവമേനോന്‍ പറഞ്ഞു. വേണ്ട. ഇവിടത്തെ ശമ്പളം ഒക്കെ സാരല്ല. കുറച്ച് കഴിഞ്ഞ് അതൊക്കെ ശരിയാവും. പിന്നെ റബ്ബര്‍ ബോര്‍ഡില്‍ അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. അതിനും പോയില്ല. അന്ന് ഈ വേജ്‌ബോര്‍ഡൊന്നും വന്നിട്ടില്ല പത്രത്തില്. എന്നാലും അതിലങ്ങ് നിന്നുപോയി.

രചനയിലെ കാവ്യാത്മകത?

കവിത ഇപ്പോഴും ഞാന്‍ വായിക്കുന്നു. കവിതയോട് എനിക്ക് വലിയ ആരാധനയുണ്ട്. സൗകര്യം കിട്ടുമ്പോഴൊക്കെ കവിത വായിക്കാറുണ്ട്. നമ്മുടെ കവികളുടെ മാത്രമല്ല, പുറമെനിന്ന് യാത്രയൊക്കെ കഴിഞ്ഞ് വരുമ്പോഴും മറ്റു പുസ്തകങ്ങളുടെ കൂട്ടത്തില് കവിതയും വാങ്ങാറുണ്ട്. എഴുതിയാല്‍ ശരിയാവില്ല. പിന്നെ കഥയിലേക്ക് തിരിഞ്ഞു. കവിതയോട് ഇന്നും ആരാധനയാണ്. സംശയമൊന്നും ഇല്ല.

സംതൃപ്തി എഴുത്തുമാത്രം?

എഴുത്തുതന്നെയാണ് സംതൃപ്തി നല്‍കിയത്. കാരണം എഴുത്തില്‍ വേറെ ആരേയും ആശ്രയിക്കേണ്ടിവരില്ല. ചലച്ചിത്രം അങ്ങനെയല്ല. മറ്റു പലരെയും ആശ്രയിക്കണം. യന്ത്രങ്ങളെ ആശ്രയിക്കണം. ഒരുപാട് ആളുകളെ ഉള്‍ക്കൊള്ളണം. പത്രപ്രവര്‍ത്തനത്തില് എന്ത് നമ്മള് ചെയ്താലും ശരി. കുറ്റങ്ങള്‍ കേള്‍ക്കേണ്ടതായിവരും. പത്ത് കഥകള്‍ സ്വീകരിക്കുമ്പോള്‍ നൂറു കഥ ഉപേക്ഷിക്കേണ്ടതായി വന്നേക്കാം. അവര്‍ക്കൊക്കെ മനസ്സില് വൈരാഗ്യം തോന്നും. നമുക്ക് ഒരു മാനസികാവസ്ഥയുണ്ടെങ്കില്‍ ഇരുന്ന് എഴുതാം. എഴുതിക്കഴിഞ്ഞാല്‍ എത്ര കോപ്പി ചെലവാകും എന്നതും പ്രശ്‌നമല്ല. മനസ്സിനെ മഥിച്ചിരുന്ന ഒരു കാര്യം കടലാസിലാക്കുകയാണ് എഴുത്തില്‍ ചെയ്യുന്നത്. ഏകാന്തതയിലിരുന്ന് മറ്റാരെയും ആശ്രയിക്കാതെ ചെയ്യാവുന്ന തൊഴിലാണിത്. അത് ഗുണമോ ദോഷമോ എന്നതല്ല കാര്യം. എല്ലാ തെറ്റിനും നമ്മള്‍ തന്നെയാണ് ഉത്തരവാദി. എല്ലാ നന്മയ്ക്കും നമ്മള്‍തന്നെയാണ് ഉത്തരവാദി. അതുകൊണ്ട് എഴുത്ത് എന്നതിലാണ് പരിപൂര്‍ണമായിട്ടുള്ള സംതൃപ്തി എനിക്കു കിട്ടിയിട്ടുള്ളത്. കള്ളക്കര്‍ക്കിടകത്തിലെ വറുതിയെക്കുറിച്ചും തറവാട്ടിലെ കഷ്ടപ്പാടുകളെക്കുറിച്ചും ഏറെ എഴുതിയിട്ടുണ്ട്. ”ഇവനെയൊക്കെ വളര്‍ത്തി വലുതാക്കിയ നേരംകൊണ്ട് ഒരു തെങ്ങുവെച്ചാല്‍ കായ്ഫലം തരുമായിരുന്നു” എന്ന അച്ഛന്റെ ശകാരം കേട്ട് വീടുവിട്ടിറങ്ങിയ എം.ടി. ഇന്ന് സാഹിത്യത്തിലും ജീവിതത്തിലും ഏറെ സമ്പന്നനാണ്. എല്ലാ കഷ്ടതകള്‍ക്കും ഒരു മറുപുറമുണ്ടെന്ന് പഴമക്കാര്‍ പറയാറുണ്ട്.

തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?

ആ കാലഘട്ടത്തെപ്പറ്റി തിരിഞ്ഞുനോക്കുമ്പോ, അച്ഛനോടൊക്കെ വൈരാഗ്യം തോന്നിയിരുന്നു – എല്ലാവരുടെ മുന്നിലുംവെച്ച് എന്നെ ശകാരിക്കുമ്പം. ഞാനൊരു ഊണ് പകുതിയാക്കിയിട്ട് അവിടെനിന്നും പതുക്കെ എണീറ്റ് പോയി കിടന്ന് രാവിലെ എഴുന്നേറ്റ് കുന്ദംകുളം ബസ്സ്റ്റാന്റുവരെ നടന്ന് പാലക്കാട്ടെത്തി. അത് ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ, കുറേ കഴിഞ്ഞപ്പം എനിക്കു തോന്നി ഞാനങ്ങനെ ഒരു രോഷംവെച്ച് നടക്കേണ്ടതില്ല. അച്ഛന്‍ പിന്നീട് രോഗാവസ്ഥയിലായപ്പോ ഞാന്‍ ഇവിടെ കൊണ്ടുവരികയും മദ്രാസില്‍ കൊണ്ടുപോവുകയും ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കാദ്യം കിട്ടിയിട്ടുള്ള പ്രതിഫലം ‘നാലുകെട്ടി’ന് കിട്ടിയ സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്. അഞ്ഞൂറുറുപ്പിക. അക്കാലത്ത് അതൊരു സംഖ്യയാണ്. ഞാനത് തൃശ്ശൂരില്‍നിന്ന് കാഷ് ചെയ്തിട്ട് നേരെ വന്ന് അച്ഛന്റെയടുത്തുകൊണ്ടുപോയി കൊടുത്തു. അച്ഛനന്ന് വലിയ ഒരു കടത്തിന്റെ കെണിയില് നില്‍ക്കുന്ന സമയമാണ്. അത് അച്ഛന് വലിയ കാര്യായി. അത് ഞാനൊരു പകവീട്ടലായിട്ട് ചെയ്തതല്ല. ആരും അറിയാതെ ഞാന്‍ മുകളില്‍ പോയി. ഞാന്‍ പോവുകയാണ്. ഇത് സ്വീകരിക്കണം. എന്നു പറഞ്ഞു. നാനൂറുറുപ്പികയുടെ ഒരു പണയത്തിന്റെ കേസുണ്ട്. അത് തീര്‍ക്കാമെന്ന് അച്ഛന്‍ പറഞ്ഞു. അന്ന് വിഷമം തോന്നിയിരുന്നു. അച്ഛനങ്ങനെയൊക്കെ പറഞ്ഞതില്‍.

ചെറുപ്പത്തില്‍ ദാരിദ്ര്യം അനുഭവിച്ചിരുന്നു. പില്‍ക്കാലത്ത് എന്റെ ചെറിയമ്മക്കൊക്കെ അത് ‘അഡ്മിറ്റ്’ ചെയ്യാന്‍ തന്നെ മടിയായിരുന്നു. ഹേയ് അവന്‍ അത്രയൊന്നും കഷ്ടപ്പെട്ടിട്ടില്ല. അങ്ങനെയൊന്നും ഇല്ല എന്നൊക്കെ ഓരോ ആളുകളോടൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ട്. പക്ഷേ, ഇതൊക്കെ സത്യമാണ്. അങ്ങനെ പലതും. വളരെ സ്‌ട്രൈക്കിങ് ആയതുമാത്രമേ എഴുതിയിട്ടുള്ളൂ. പിന്നീട് ജീവിതത്തില് സൗകര്യമൊക്കെ ഉണ്ടായപ്പോ അതിലൊന്നും തോന്നാറില്ല. പഠിക്കുന്ന കാലത്ത് നല്ല കുപ്പായമൊക്കെ ഇട്ടുനടക്കണമെന്ന് തോന്നി. അന്ന് പറ്റിയില്ല. പിന്നീട് നല്ല കുപ്പായങ്ങളൊക്കെ വാങ്ങാന്ന് വന്നപ്പോ നമുക്കതിലെ കമ്പമൊക്കെ നഷ്ടപ്പെട്ടു. അതേപോലെ പഠിക്കുന്ന കാലത്ത് കുട്ടികളുടെ കൂടെപ്പോയി നല്ല ആഹാരം കഴിക്ക, ആരെങ്കിലും ഒരാള്‍ വിളിക്കും. അതിന് ബദലായി നമ്മളും ഒരിക്കല്‍ വിളിക്കണം. അതിനുള്ള പൈസയുണ്ടാവില്ല. അതുകൊണ്ട് പലപ്പോഴും അതില്‍നിന്ന് ഒഴിഞ്ഞുമാറും. പിന്നീട് നമുക്ക് നല്ല ആഹാരമൊക്കെ കഴിക്കാവുന്ന സൗകര്യം വന്നപ്പം ആഹാരത്തില് താല്‍പര്യമില്ലാതായി. അതൊക്കെ ജീവിതത്തിന്റെ ഗതിവിഗതികളുടെ ഭാഗമായിട്ട് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അന്ന് കോളേജിലൊക്കെ പഠിക്കുമ്പം മറ്റുള്ളവരെപ്പോലെ നല്ല വസ്ത്രമോ ഫാഷനോ ഒന്നും ഇല്ല. പക്ഷേ, അതിലൊന്നും ഒരപകര്‍ഷബോധം തോന്നിയിട്ടില്ല. എന്റെ വീട്ടിലൊക്കെ പരിമിതമായ സൗകര്യങ്ങളേയുള്ളൂ എന്നുള്ളത് എനിക്കറിയാം. ഞാനാരോടും അത് പ്രഖ്യാപിച്ചിട്ടുമില്ല. അതേസമയം മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടുമില്ല. അക്കാലത്തും എന്റെ വീട്ടിലൊക്കെ ചില കൂട്ടുകാരൊക്കെ വന്നിട്ടുണ്ട്. ഇത്രയൊക്കെയേയുള്ളൂ ഇവിടത്തെ സൗകര്യം. ഞാനിങ്ങനത്തെ ചുറ്റുപാടില്‍നിന്നാണ് വരുന്നത് എന്ന് അവര്‍ക്കും മനസ്സിലായിരുന്നു. ഞാനും അവരുടെയൊക്കെ വീടുകളില്‍പോയി താമസിച്ചിട്ടുണ്ട്. വലിയ സൗകര്യങ്ങളുള്ള. അവര്‍ക്ക് എന്നോട് വേറെ ഒരു ‘കോണ്ടിസെന്റിങ്- അതും തോന്നിയിട്ടില്ല. മൊത്തം തിരിഞ്ഞുനോക്കുമ്പം ഇതൊക്കെ ജീവിതത്തിന്റെ ചില ഗതിവിഗതികള്, ചില ഉയര്‍ച്ചയുണ്ടാവും, താഴ്ചകളുണ്ടാവും.

എന്റെ കുടുംബംതന്നെ പഴയ കാലത്ത് ഇങ്ങനെയല്ല എന്നാണ് കേട്ടിട്ടുള്ളത്. അത്ര വലിയ പ്രതാപികളായിരുന്നുവത്രെ. പൂമാന്തോട് മുതല്‍ക്ക് കൈതക്കാട് വരെയുള്ള സ്ഥലമൊക്കെ ഞങ്ങളുടെ പൂര്‍വികരുടേതായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പഴയ ആധാരം ജ്യേഷ്ഠന്റെയടുത്ത് ഇപ്പഴും കാണണം. മൂത്ത ജ്യേഷ്ഠന് ഇന്റര്‍മീഡിയറ്റ് എഴുതിയപ്പം പഠിപ്പുമുടങ്ങി. ഒക്കെ ഓരോരോ ഗതിവിഗതികള്‍. ഋതുഭേദങ്ങള്‍പോലെ ജീവിതത്തിലും പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. അനിവാര്യമാണ് ചിലതൊക്കെ എന്നു പറയാം. (എംടിയുടെ ലോകം എന്ന പുസ്തകത്തില്‍ നിന്ന്) പുസ്തകം വാങ്ങാം

You may also like...

Leave a Reply

Your email address will not be published. Required fields are marked *