തൊഴിലുറപ്പില്‍ വെട്ടിനശിപ്പിക്കുന്നത് ആയുര്‍വേദ പച്ചപ്പിനെ: ഡോ. ഹുറൈര്‍ കുട്ടി
മനാമ: ഹുറൈര്‍ കുട്ടി വൈദ്യര്‍ക്ക് ഊണിലും ഉറക്കിലുമെല്ലാം ചികിത്സ തന്നെ ചിന്ത. വൈദ്യം പഠിച്ച് പുറത്തിറങ്ങുന്നത് രോഗികളെ ചികിത്സിക്കാനല്ല, ചൂഷണം ചെയ്യാനാണെന്ന ധാരണയോടെ പ്രവര്‍ത്തിക്കുന്ന യുവതലമുറക്ക് മാതൃകയാക്കാനിതാ ചികിത്സ ജീവിതമാക്കിയ ഡോ. ഹുറൈര്‍ കുട്ടി. പാരമ്പര്യ വൈദ്യവും ശാസ്ത്രീയ ചികിത്സയും സമന്വയിപ്പിച്ച് ആയുര്‍വേദത്തിന്‍െറ സത്ത നിലനിര്‍ത്താന്‍ പാടുപെടുന്ന പാലക്കാട് കൂടല്ലൂര്‍കാരനായ ഡോക്ടര്‍ ബഹ്റൈനിലെത്തിയത് മകള്‍ നിഷിദയെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ്. എം.ടി. വാസുദേവന്‍ നായരുടെ അയല്‍വാസി കൂടിയായ ഡോക്ടര്‍ക്ക് ബഹ്റൈനിലെത്തിയിട്ടും വിശ്രമമില്ല. (എം.ടിയുടെ ‘അസുരവിത്തി’ല്‍ ഡോക്ടറുടെ ഉപ്പയുടെ വല്ല്യുപ്പ കുഞ്ഞുമരക്കാര്‍ മുതലാളി കഥാപാത്രമാണ്). മെഡിക്കല്‍ ഓഫീസറായി സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം തിരക്ക് കൂടിയെന്ന് പറയാം. വീടിനോടനുബന്ധിച്ച് നടത്തുന്ന ആശുപത്രിയില്‍ രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന ചികിത്സ ചിലപ്പോള്‍ പിറ്റെ ദിവസം പുലര്‍ച്ച വരെ നീളും.
സ്വാതന്ത്ര്യ സമര സേനാനി പി.കെ. അബ്ദുല്ലക്കുട്ടിയുടെയും തിത്തിമ്മു ഉമ്മയുടെയും മകനായി ജനിച്ച ഹുറൈര്‍ കുട്ടിക്ക് സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വൈദ്യം സിദ്ധിച്ച് തുടങ്ങിയിരുന്നു. മറ്റാരില്‍നിന്നുമല്ല, തിത്തിമ്മു ഉമ്മയില്‍നിന്നുതന്നെ. തനിക്ക് പാരമ്പര്യമായി കിട്ടിയ വൈദ്യ സിദ്ധി അവര്‍ മകനും പകര്‍ന്നുനല്‍കി. കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍നിന്ന് ബിരുദമെടുത്ത് ആധുനിക വൈദ്യശാസ്ത്രത്തിലും അവഗാഹം നേടി ’84ലാണ് ഹുറൈര്‍കുട്ടി സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ജോലി ചെയ്ത ശേഷം 2010 മാര്‍ച്ചില്‍ വിരമിച്ചു. ഇപ്പോള്‍ വീടിനോട് ചേര്‍ന്ന് ഉമ്മയുടെ പേരില്‍ തത്തിമ്മു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ നടത്തുകയാണ് അദ്ദേഹം. ഇരട്ടകുട്ടികളായ ഡോ. ഷിയാസും ഡോ. നിയാസും സഹായത്തിനുണ്ട്. ഇരുവരും കോയമ്പത്തൂര്‍ ആയുര്‍വേദ കോളജില്‍നിന്ന് പഠിച്ചിറങ്ങിയവരാണ്.
പച്ചമരുന്ന് കിട്ടാക്കനിയാകുന്നത് ആയുര്‍വേദം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് ഡോക്ടര്‍ പറയുന്നു. ഇപ്പോള്‍ പല വൈദ്യന്മാരും കമ്പനികളും ഒറിജിനല്‍ മരുന്ന് കിട്ടാതിരിക്കുമ്പോള്‍, പകരം ചേര്‍ക്കുന്ന മരുന്നാണ് ഉപയോഗിക്കുന്നത്. ഇത് ആയുര്‍വേദത്തിന്‍െറ നാശത്തിന് കാരണമാകും. തൊഴിലുറപ്പ് പദ്ധതി നടത്തി ചെടികള്‍ മുഴുവന്‍ വെട്ടിമാറ്റുന്നതിന് പകരം ഔധച്ചെടികള്‍ നിലനിര്‍ത്താനും വനവത്കരണത്തിലൂടെ കൂടുതല്‍ വെച്ചുപിടിപ്പിക്കാനും അടിയന്തര നടപടികള്‍ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തുകള്‍ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ ഔധച്ചെടികള്‍ പോലും വെട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ‘ആവണക്ക്’ പോലുള്ള ചെടികള്‍ നമ്മുടെ റോഡരികില്‍ സര്‍വസാധാരണമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആവണക്കും എരിക്കും മുരിക്കുമെല്ലാം അന്യം നില്‍ക്കുകയാണ്.
രോഗം വരാതിരിക്കാനും രോഗ കാരണത്തിനുമാണ് ആയുര്‍വേദ ചികിത്സ. രോഗങ്ങള്‍ വരാതിരിക്കുന്നതിന് ജീവിത ചര്യയാണ് പ്രധാനം. രോഗങ്ങള്‍ തടയാന്‍ ദിനചര്യ വിദ്യാഭ്യാസത്തിന്‍െറ ഭാഗമാക്കുകയും കുട്ടികളെ ചെറുപ്രായത്തില്‍തന്നെ ഇക്കാര്യം പഠിപ്പിക്കുകയും വേണം. മരണത്തെ ഭയക്കുന്നതാണ് ആധുനിക സമൂഹത്തിന്‍െറ ഏറ്റവും വലിയ രോഗം. ജലദോഷം വരുമ്പോഴേക്കും ഒരുപാട് മരുന്ന് വാങ്ങി കഴിക്കുന്നു.
ഇത് ചൂഷണം ചെയ്യാന്‍ മെഡിക്കല്‍ മേഖലയിലും ചിലരുണ്ട്. അവര്‍ പരസ്യങ്ങളിലൂടെ വിപണിയില്‍ പിടിമുറുക്കുന്നു. ആയുര്‍വേദം മസാജ് ചികിത്സയാക്കുന്നതും തടയപ്പെടേണ്ടതാണ്. പഞ്ചകര്‍മ ചികിത്സക്ക് സമയവും കാലവുമൊക്കെയുണ്ട്. ആയുര്‍വേദത്തില്‍ താല്‍പര്യമുള്ളവര്‍ക്കുവേണ്ടി മാത്രമായി എന്‍ട്രന്‍സ് ടെസ്റ്റ് പരിമിതപ്പെടുത്തിയാല്‍ മാത്രമേ ആത്മാര്‍ഥതയുള്ള ഡോക്ടര്‍മാരെ ഈ മേഖലയില്‍ വാര്‍ത്തെടുക്കാനാകൂ. ഇപ്പോള്‍ എം.ഡി കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് പോലും ആയുര്‍വേദത്തിന്‍െറ ശാസ്ത്രീയ നാമങ്ങള്‍ അറിയില്ലെന്ന് ഡോ. ഹുറൈര്‍കുട്ടി വിശദീകരിച്ചു.
Recent Comments