എം.ടിക്ക് എഴുത്തച്ഛന് പുരസ്കാരം
കോഴിക്കോട്: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം ജ്ഞാനപീഠം ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എം.ടി വാസുദേവന്‍ നായര്‍ക്ക്. ഒരു ഒരു ലക്ഷത്തിഅമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫാണ് കോഴിക്കോട് വെച്ച് പുരസ്കാരം പ്രഖ്യാപിച്ചത്. ഡോ.എം.ലീലാവതി അധ്യക്ഷയായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്
വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നുനല്‍കിയ എം.ടി മലയാളികള്‍ക്ക് എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരനാണ്. കഥ, നോവല്‍, തിരക്കഥ, സിനിമാസംവിധാനം എന്നീ മേഖലകളില്‍ തന്റെതായ ഇടം തീര്‍ത്ത എം.ടി 1933 ജൂലൈ 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് ജനിച്ചത്. 1954-ല്‍ മാതൃഭൂമി നടത്തിയ ലോകകഥാമല്‍സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന ചെറുകഥയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചതോടെയാണ് മലയാളസാഹിത്യത്തില്‍ എം.ടി തന്റെ സാന്നിദ്ധ്യം അറിയിക്കുന്നത്. 1957-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ്ബ് എഡിറ്ററായി. 1993 വരെ മാതൃഭൂമി പിരിയോഡിക്കല്‍സ് എഡിറ്ററായിരുന്നു.
‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടു. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ ആദ്യനോവലായ നാലുകെട്ടിന് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. രക്തം പുരണ്ട മണ് തരികള്‍ ആണ് പ്രസിദ്ധീകൃതമായ ആദ്യകഥാസമാഹാരം. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയത്), രണ്ടാമൂഴം, വാരാണസി എന്നിവയാണ് എംടിയുടെ നോവലുകള്‍. ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം, രക്തം പുരണ്ട മണ് തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്, നിന്റെ ഓര്‍മ്മയ്ക്ക് എന്നിവയാണ് കഥാസമാഹാരങ്ങള്‍.
തിരക്കഥയെഴുതി സംവിധാനം ചെയ്ത നിര്‍മാല്യം എന്ന സിനിമയ്ക്ക് 1973-ലെ ദേശീയ പുരസ്കാരം ലഭിച്ചു. ഓളവും തീരവും, മുറപ്പെണ്ണ്, നഗരമേ നന്ദി, അസുരവിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്, താഴ്വാരം, സുകൃതം, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം,പഴശ്ശിരാജ തുടങ്ങീ അമ്പതിലേറെ സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്ക്ക് ദേശീയപുരസ്കാരം നാല് തവണയും സംസ്ഥാനപുരസ്കാരം രണ്ട് തവണയും എംടിയെ തേടിയെത്തിയിട്ടുണ്ട്. നിര്‍മാല്യം, ബന്ധനം, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
മൂന്ന് തവണ കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം തുടങ്ങിയ ഒട്ടെറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള എംടിക്ക് 1995-ല്‍ പരമോന്നതസാഹിത്യപുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചു.2005-ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരകത്തിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചുവരികയാണ്.
എം.ടിയുടെ വീടായ സിതാരയിലെത്തി കെ.സി.ജോസഫ് എംടിയെ അവാര്‍ഡ് വിവരം അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പുരസ്കാരത്തുക തുഞ്ചന്‍ പറമ്പില്‍ തുടങ്ങാനിരിക്കുന്ന കുട്ടികളുടെ ഗ്രന്ഥശാലയ്ക്ക് വേണ്ടി നീക്കിവെക്കുമെന്നും എംടി പ്രതികരിച്ചു.
Recent Comments