ഓര്‍മ്മകളുടെ നാലുകെട്ട്

ഈ യാത്ര എന്‍റെ ഗുരുവിന്‍റെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന, ഇപ്പോഴും ജീവിക്കുന്ന “കൂടല്ലൂരിന്റെ” പഴയ ഗ്രാമ നിറവിലേക്കാണ്‌. പ്രവാസം ക്ലാവ് പിടിച്ച മനസ്സില്‍ ഇന്നും തിളങ്ങുന്ന ചില നിമിഷങ്ങള്‍; അത് ഗുരുവിന്‍റെ കഥയും കഥാപാത്രങ്ങളും ഇന്നും നിറഞ്ഞു നില്‍ക്കുന്ന, കണ്ണാന്തളിയും മുക്കുറ്റിയും ചെമ്പരത്തിയും നിറഞ്ഞ വേലിപ്പടര്‍പ്പുകളും, മഞ്ചാടി നിറഞ്ഞ പഞ്ചാരമണല്‍പ്പുറങ്ങളും , ചെറുമനും ചേറു മണക്കുന്ന വയലുകളും , പിന്നെ പച്ചപ്പായ അന്തരീക്ഷത്തില്‍ നെറികേട് കലരാത്ത സ്നേഹമുള്ള ഹൃദയം സൂക്ഷിക്കുന്ന മനുഷ്യരെയും ഉള്‍കൊള്ളുന്ന ഒരു വലിയ ” നാലുകെട്ട്” – കൂടല്ലൂര്‍ !

കണ്ണാന്തളി പടര്‍ന്നു പന്തലിച്ച കുന്നിന്‍ ചെരുവിലെ വെട്ടുവഴിയില്‍ കൂടി കാവിന്‍റെ മുന്നിലെത്തി. കാലം കരി പുരട്ടിയ കത്തുന്ന ഒറ്റക്കല്‍വിളക്കിന്‍ പ്രഭയില്‍ ദേവീമുഖം ജ്വലിക്കുന്നു . ” പള്ളിവാളിന്‍റെയും കാല്‍ച്ചിലാമ്പിന്‍റെയും ” കലമ്പിച്ച കിലുക്കം കേട്ടു, അതെ, അദ്ദേഹം തന്നെ… കുടുംബ ബന്ധങ്ങള്‍ കാല്‍ ചുവട്ടിലെ മണ്ണ് പോലെ ഒഴുകി അകന്നിട്ടും, ഭയ ഭക്തി സ്നേഹത്തോടെ ദേവിയെ ഗാഡ൦ പുണര്‍ന്ന ‘വെളിച്ചപ്പാട്” ! ആ മുഖത്ത് ചിരി ഇപ്പോഴും കര്‍ക്കിടകത്തിലെ തെളിഞ്ഞ ആകാശം പോലെ അപൂര്‍വ്വം. എന്‍റെ ഗുരുവിനെ പോലെ !

നോക്കുമ്പോള്‍ , പള്ളിവാളിന്‍റെയും കാല്‍ചിലമ്പിന്‍റെയും കിലുക്കം അകലെ ഇരുട്ടില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു.ഇനി വെട്ടുകല്ലിന്റെ ഇടവഴിയാണ്. ഈ വഴിയില്‍ ആണ് ബാലനായ “അപ്പു” എണ്ണ വാങ്ങുവാനായി പോകുമ്പോള്‍ കൈതകൂട്ടത്തിനിടയില്‍ പാമ്പുണ്ടാകുമോ എന്ന്‍ പേടിച്ചു നിന്നത്.

ഒന്ന് പരുങ്ങി …. ശരിക്കും പാമ്പുണ്ടാകുമോ ?

അപ്പു ചെയ്തത് പോലെ, എണ്ണയില്‍ മൊരിയുന്ന ചുവന്നുള്ളി കഷണങ്ങളുടെ വാസന മനസിലോര്‍ത്തു മുന്നോട്ട് നടന്നു.

വേലിക്കരികില്‍ ആരോ രണ്ടു പേര്‍! പുരുഷ ശബ്ദം മനസിലായില്ല. സ്ത്രീ ശബ്ദം …..അതെ “കുട്ട്യേടത്തി” ! ഇങ്ങനെ സംസാരിച്ചു നിന്നതിനാണ് വല്യമ്മ വടി ഒടിയും വരെ അവരെ തല്ലിയത്‌.

“അയ്യോന്റ്റമ്മേ ……എന്നെ അഴിച്ചു വിടോയ് ….ഹൂയ് ”

അലര്‍ച്ചയോടൊപ്പം ചങ്ങല കിലുങ്ങുന്ന ശബ്ദം .ചായ്പ്പില്‍ നിന്നാണ്. വേലായുധേട്ടന്‍ !അമ്മുകുട്ടിയുടെ വേലായുധന്‍….. ഭ്രാന്തന്‍ വേലായുധന്‍ !

ഇപ്പോഴും ചങ്ങലയില്‍ ആണെന്ന് തോന്നുന്നു. വല്യ അമ്മാമയും മാധവന്‍ നായരും ഇപ്പോള്‍ തയ്യാറെടുക്കുകയായിരിക്കും. പാവം വേലായുധേട്ടന്‍ !

ഇനിയും രാത്രിയിലേക്ക്‌ പോകാന്‍ മടിച്ച്, വെളിച്ചം മടിപിടിച്ച് മേയുന്ന കുന്നിന്‍ ചെരുവില്‍ , മണ്ണിടിഞ്ഞുവീണുണ്ടായ ചെറിയ ഗുഹ പോലുള്ള ആ സ്ഥലം. സുമിത്ര ആടുകളെയും കൊണ്ട് കയറി നിന്ന ; സേതുവില്‍ നിന്നും ആദ്യ ചുംബനം വാങ്ങിയ ആ സ്ഥലം !

സേതു വളര്‍ന്നു സേതു മുതലാളി ആവുകയും സുമിത്ര ഭ്രാന്തിയായ സന്യാസിനി ആവുകയും ചെയ്തു പിന്നീട് ” കാല”ത്തില്‍ .

സുമിത്രയുടെ അവസാന വാക്ക് ഇപ്പോഴും ഈര്‍ച്ച വാളു പോലെ മനസിനെ ആഴത്തില്‍ മുറിവേല്പിക്കുന്നു ( ആസ്വാദകരുടെ )

” സേതൂനെന്നും സേതൂനോട് തന്ന്യേ സ്നേഹം തോന്നീട്ടുള്ളൂ … ! ”

അരയാല്‍ വീണു കിടക്കുന്ന വേലപ്പറമ്പും , പിന്നെ പഞ്ചാര മണല്‍പ്പരപ്പും താണ്ടി, കട്ട വിണ്ടു കിടക്കുന്ന പാടം കയറി കഴിഞ്ഞപ്പോള്‍ അകലെ, വെയില്‍ കായാന്‍ മുടിപരത്തിയിട്ടു ഒരമ്മൂമ്മ കൂനിയിരിക്കുന്ന പോലുള്ള ആ “നാലുകെട്ട്” കാണാം .വൈക്കോല്‍ മേഞ്ഞ മോന്തായവും, വെട്ടാവളിയന്‍ കൂടുകെട്ടിയ വിണ്ടു കീറിയ ഭിത്തികളോടും കൂടിയ, സ്നേഹത്തിന്‍റെ തറവാട്.

മുറ്റത്ത് വിളക്ക് വെക്കുന്ന കുഞ്ഞിക്കൈകള്‍ പത്മുവിന്‍റെ തന്നെ. ഒന്നരയും ഉടുത്ത്‌ ഇറയത്ത് തന്നെയുണ്ട് ചെറിയമ്മ. ഈ ഇറയത്താണല്ലോ ഒരു സിംഹള പെണ്‍കുട്ടി തീപ്പൊരി ചിതറിച്ച് അച്ഛനെയും കൊണ്ട് ഇറങ്ങി പോയത്.പുറകില്‍ എങ്ങോ തിരിച്ചാല്‍ കണ്ണുരുട്ടുന്ന ആ മൂങ്ങ എവിടെയാണോ ഇപ്പോള്‍ ?

അന്വേഷണത്തിന് കുറെ ദൂരത്തുനിന്നാണെന്ന് പറഞ്ഞു.അതെ കുറെ ദൂരത്തു നിന്നും വളരെ വളരെ അകലെ “വായനാദൂരത്ത്” നിന്നും !

ഗുരുനാഥന്റെ പേര് പറഞ്ഞപ്പോള്‍ ഇരിക്കുവാന്‍ ക്ഷണിച്ചു. അദ്ദേഹം അവിടെയില്ലെന്നും.

ഉപചാരപൂര്‍വ്വം കുപ്പക്കല്ലില്‍ കാല്‍ കഴുകി. കസേരയിലെക്കുള്ള ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു.ഇളംതണുപ്പുള്ള തിണ്ണമേലിരുന്നു. ഉറകുത്തിയ പൊടി അവിടവിടെ വീണുകിടക്കുന്നു.

അപരിചിതത്വത്തിന്റെ നിഴല്‍ നിറചിരിവെളിച്ചത്തില്‍ ഓടിയകന്നപ്പോള്‍ , കതകും ചാരിയിരുന്ന് അമ്മ പഴമ്പുരാണകഥക്കെട്ടു തുറന്നു. ഗുരുവിന്‍റെ നിധിശേഖരം !

“ഇനി വെരുമ്പോ ഒരണക്ക് ഇത്തിരി മൂക്കിപ്പൊടി കൊണ്ടരണം,, ചെന്നി കുത്തുമ്പോ അതാ നല്ലതേ ” ചെറിയമ്മയുടെ സ്വകാര്യത്തിന് കണ്ണുരുട്ടുന്ന അമ്മ. ഇന്ന് വഴക്ക് ഉറപ്പാണ്‌.ഇവിടെ ഒന്നും മാറിയിട്ടില.

നേന്ത്രപ്പഴം നുറുക്കിയതും പാലൊഴിക്കാത്ത ചായയും കഴിച്ച് അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ ഓര്‍ത്തു :

” എന്‍റെ ഗുരുനാഥാ, ഇത്രയും നന്മ നിറഞ്ഞ കളങ്കമില്ലാത്ത മനുഷ്യരെ ഗര്‍ഭത്തിലേറ്റുന്ന ഈ ഗ്രാമം അല്ലെങ്കില്‍ ഇത് പോലൊരു ഗ്രാമം സ്വപ്നത്തിലെങ്കിലും അനുഭവിക്കുവാന്‍

യോഗമുണ്ടാകുമോ പുതു തലമുറക്ക് ? ”

നിളയുടെ മുകളിലൂടെ ഇരുമ്പുചക്രങ്ങളുരച്ചു വിറപ്പിച്ച് ശബ്ദം മുഴക്കി തീവണ്ടി കൂകിയകന്നു.

ഇവിടെ ഞാന്‍ ഈ മരുഭൂമിയുടെ ദേശത്ത്, പ്രവാസ ജീവിതത്തിന്റെ മറ്റൊരു പ്രയാസ ദിവസത്തിലേക്ക്‌ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു . മനസ്സിലൊരു പെയ്യാമേഘമായി ഗുരുനാഥനും ഗ്രാമവും !

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *