പുലിമുട്ടുകളുടെ അഭാവം കുടല്ലൂരിലെ പ്രളയക്കെടുതികൾ രൂക്ഷമാക്കി
കൂട്ടക്കടവ് റെഗുലേറ്ററിനു വേണ്ടി പൊളിച്ചു മാറ്റിയ കൂപ്പുകളാണ് ഇപ്പോൾ ചർച്ചാവിഷയം. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇതേ കുറിച്ച് പല അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. പ്രളയ ജലത്തെ പിടിച്ചു നിർത്താൻ കൂപ്പുകൾക്കു ആവുമായിരുന്നില്ലെങ്കിലും കൂടല്ലൂരിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതങ്ങളുടെ വ്യാപ്തി ഇത്രമേൽ എത്തില്ലായിരുന്നു.
അതിശക്തമായ ഒഴുക്കിൽ കരഭൂമി പുഴയെടുക്കാതിരിക്കാനും മണ്ണൊലിപ്പ് തടയാനും ഒഴുക്കിന്റെ തീവ്രതയിൽ നിന്നും പുഴയുടെ തീരത്തെ സംരക്ഷിക്കാനും ശാസ്ത്രീയമായി നിർമ്മിച്ചവയാണ് ഈ കൂപ്പുകൾ. തൂതപ്പുഴയും ഭാരതപുഴയും സംഗമിക്കുന്ന കൂടല്ലൂരിലെ എട്ടു കരിങ്കൽ കൂപ്പുകളുടെ വിന്യാസം തന്നെ ഇവിടത്തെ ഭൂമിയുടെ ഘടനയനുസരിച്ചാണ് എന്നാണ് പറയപ്പെടുന്നത്.
കൂപ്പുകളുടെ ആവശ്യകത ചോദ്യം ചെയ്യുന്നവർക്കു ഉത്തരമായി ഗൂഗിളിൽ തിരഞ്ഞാൽ (Breakwater) കേരളത്തിൽ നിന്ന് തന്നെയുള്ള ആവശ്യത്തിലധികം ലിങ്കുകൾ ലഭ്യമാണ്. പലതും കാലക്രമേണ കൂപ്പുകൾക്കു സംഭവിച്ച നാശവും നിർമ്മാണത്തിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയുള്ളതാണ്. പുഴയിലെ ജലനിരപ്പുയരുന്നതിന്റെ അടിസ്ഥാനത്തിൽ ഒഴുക്കിനെ നിയന്ത്രിക്കുന്നതിനും മണ്ണിടിച്ചിൽ ഒഴിവാക്കാനുമാണ് കേരളത്തിലെ പല നദീതീരങ്ങളിലും ഇവ നിർമ്മിച്ചിട്ടുള്ളത്.
കൂട്ടക്കടവ് റെഗുലേറ്ററിന്റെ അപ്പ്രോച് റോഡിനു വേണ്ടിയാണ് ഇത് പൊളിച്ചു മാറ്റിയതെങ്കിലും പദ്ധതി പൂർത്തീകരണത്തിന് ശേഷം ഇവ പുനർനിർമിക്കാൻ കരാറുകാരന് തന്നെ വ്യവസ്ഥയുണ്ട്. അനധികൃത കയ്യേറ്റവും പുഴയിലെ മണലെടുപ്പും പുഴയുടെ തീരത്തെ മാറ്റിമറിച്ചിട്ടുണ്ട്. അതോടൊപ്പം തീരത്തിനു കാലക്രമേണ വന്ന മാറ്റങ്ങളും പഠിച്ചു ശാസ്ത്രീമായി തന്നെ ഇവ പുനർനിർമ്മിച്ചില്ലെങ്കിൽ അത് കൂടുതൽ അപകടങ്ങൾക്കു വഴി വെക്കും. പദ്ധതി പ്രകാരം അമ്പത് മീറ്ററോളം മാത്രമേ പാർശ്വഭിത്തി നിർമ്മാണവും നടക്കുകയുള്ളൂ. എന്നാൽ ഇപ്പോഴത്തെ അപ്പ്രോച് റോഡിൻറെ തുടക്കം മുതൽ സുരക്ഷാഭിത്തികൾ അനിവാര്യമാണ്.
സ്വപ്ന പദ്ധതിയായ റെഗുലേറ്ററിന്റെ പണി പുരോഗമിക്കുന്നതിനൊപ്പം അടുത്ത മഴക്കാലത്തിനു മുന്നേ ഇതിനു വേണ്ടി അധികാരികളിൽ ശ്രദ്ധ ചെലുത്തി നടപടികൾ എടുക്കേണ്ടതുണ്ട്. ഇപ്പോൾ ഉയർന്നു വരുന്ന പ്രതിഷേധങ്ങൾ പുനർനിർമ്മാണത്തിനുള്ള നാട്ടുകാരുടെ ഇടപെടൽ സജീവമാക്കുമെന്നു പ്രതീക്ഷിക്കാം.. !!
കല്ലെടുത്തും മണ്ണെടുത്തും കൂടല്ലൂരിലെ കുന്നുകൾ അപ്രത്യക്ഷാമാവുന്നതും ഇന്നാട്ടിലെ ജനങ്ങൾ അറിഞ്ഞിട്ടില്ല. അഥവാ അറിഞ്ഞിട്ടും അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചു മൗനം പാലിക്കുന്നവരാണ്. കൂടുതൽ ദുരന്തങ്ങൾ വരും മുമ്പേ നാട്ടുകാരുടെയും ജനപ്രധിനിധികളുടെയും ഇടപെടൽ ഇക്കാര്യത്തിലും അത്യാവശ്യമാണ്..!!
Recent Comments