കൂടല്ലൂര്‍ ഹോമിയോ ഡിസ്പന്‍സറി കെട്ടിടം: എം.പി ഫണ്ട് പാഴ് വാക്കാകുന്നു

കൂറ്റനാട്: ആനക്കര പഞ്ചായത്തിന്റെ അനാസ്ഥ കൂടല്ലൂരില്‍ ഹോമിയോ ഡിസ്പന്‍സറി കെട്ടിടം നിര്‍മാണം അനിശ്ചിതത്വത്തില്‍. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിന്‍വശത്ത് പത്ത് സെന്റ് പാടം ലഭിച്ചിട്ടും ഇവിടെ കെട്ടിടം നിര്‍മിക്കാനുളള പെര്‍മിഷന്‍ പഞ്ചായത്തിന് വാങ്ങികൊടുക്കാനായില്ല. നേരത്തെ കൂടല്ലൂരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം സൗജന്യമായി ലഭിച്ചിട്ടും വേണ്ടെന്ന നിലപാടാണ് ഭരണ കക്ഷികൈകൊണ്ടത്. ഈ സ്ഥലം സി പി ഐ എം കാരനായ മെമ്പറാണ് നല്‍കിയത് ഇതാണ് സ്ഥലം വാങ്ങാന്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി തയ്യാറാകാതിരിക്കാന്‍ കാരണം.

ഇപ്പോള്‍ ലഭിച്ച സ്ഥലം പാടവുമാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചിരുന്നു. എന്നാല്‍ മാറി വന്ന പഞ്ചായത്ത് ഭരണ സമിതി സൗജന്യമായി സ്ഥലം ലഭിച്ചിട്ടും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ തയ്യാറായിരുനില്ല. വര്‍ഷങ്ങളായി കൂടല്ലൂരിലെ വാടക കെട്ടിടത്തിലാണ് ഹോമിയോ ഡിസ്പന്‍സറി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കെട്ടിടം ചോര്‍ന്നൊലിച്ച് രോഗികള്‍ക്ക് നില്‍ക്കാന്‍ പോലും കഴിയാത്തവസ്ഥയാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥകാരണം ഇപ്പോള്‍ എത്തുന്ന ജീവനക്കാര്‍ സ്ഥലം മാറി പോകുകയാണ്.ഇപ്പോള്‍ അറ്റന്റര്‍, ഫാര്‍മസിസ്റ്റ് എന്നീ ഔവുകളില്ല. ആളില്ലാത്തതിനാല്‍ ഡോക്ടര്‍തന്നെയാണ് മരുന്നെടുത്ത് കൊടുക്കുന്നത്.

ഓരോ വര്‍ഷവും പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് നീക്കി വെക്കുമെങ്കിലും ഇത് പിന്നീട് പാഴായി പോകുകയാണ് പതിവ്. ഇപ്പോള്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസാണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിന്‍വശത്ത് പത്ത് സെന്റ് സ്ഥലം വാങ്ങി നല്‍കിയിരിുന്നു. ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു എന്നാല്‍ കെട്ടിടം നിര്‍മ്മിക്കാനുളള പെര്‍മിഷന്‍ ലഭിക്കാത്തതിനാല്‍ പണി ആരംഭിക്കാതെ കിടക്കുകയാണ്. ഇപ്പോള്‍ അടിസ്ഥാന സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലെ ഇടുങ്ങിയ റൂമുകളിലാണ് ഹോമിയോ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.

ദിനംപ്രതി 200 മുതല്‍ 300 വരെ രോഗികള്‍ ആനക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ പഞ്ചായത്തായ പട്ടിത്തറയില്‍ നിന്നുമായി ഇവിടെ എത്തുന്നുണ്ട്. ഇവരെല്ലാം പുറത്ത് വെയിലും മഴയുമേറ്റാണ് നില്‍ക്കുന്നത്. കൂടല്ലൂരില്‍ സ്വന്തം കെട്ടിടത്തില്‍ ഹോമിയോ ഡിസ്പന്‍സറി വന്നാല്‍ അത് പഞ്ചായത്തിനും സമീപ പഞ്ചായത്തിലുള്ളവര്‍ക്കും ഏറെ പ്രയോജനം ചെയ്യും.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *