ബുക്ക് റിവ്യൂ – പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്
അശ്വതി കൂടല്ലൂർ
പുഴയുടെ ഒന്നാം അതിരിലെ കടവിലൂടെ ഞാനൊരു യാത്ര തുടങ്ങി..
സ്വാതന്ത്ര്യത്തിന്റെ മഹത്വം പറയാതെ പറയുന്ന കുഞ്ഞിപ്പാക്കയിലൂടെ, ഭാരതപ്പുഴയുടെ തീരത്തുള്ള കഴുവേറ്റി പറമ്പിലൂടെ, മനുഷ്യായൈക്യം നിലനിർത്തിയിരുന്ന ആർത്തലച്ചു പെയ്തിരുന്ന മഴയും കൊണ്ട് നടന്ന് നടന്നങ്ങനെ…
കൂടല്ലൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വക്താവായ കുഞ്ഞാനിക്കയിലൂടെ, ഓർമ്മകളുടെ മരണക്കയത്തിലൂടെ നടന്നു നീങ്ങുമ്പോഴാണ് അതിരിൽ സൗഹൃദം വിരിയിച്ചിരുന്ന പുളിമരത്തിലേക്കും പ്ലാവിലേക്കും എത്തിപ്പെട്ടത്. പിന്നെ രുചിയുള്ള പച്ചപുളി കുരുമുളകു ചമന്തിയും നുണഞ്ഞങ്ങനെ….
ഒടുവിൽ ഓട്ട കീശയുമായി ഊരുതെണ്ടാതെ വഴിപിഴയ്ക്കാതെ കോഴിക്കട ബിസിനസ്സിലേക്ക്. പിന്നീട് വേളി കുളത്തുകാരുടേയും കൂടല്ലൂർ കാരുടേയും പരസ്പര സഹവർത്തിത്വത്തിന്റെ മഹത്വവും പേറി സഞ്ചരിച്ചങ്ങനെ ഗൾഫിലേക്ക്, വേർപാടിന്റെ പ്രവാസത്തിലേക്ക്. പിന്നീടൊരു അവധിക്കാലത്ത് നാട്ടിലേക്ക് വന്നപ്പോഴാണ് കൂടല്ലൂരിലെ പുതിയ സഹവാസികളായ നാടോടി കുട്ടികളെ കണ്ടതും സ്നേഹത്തിന്റെ ബിരിയാണി പൊതി നൽകാനിടയായതും..
ഇന്നും വിതുമ്പി കൊണ്ടിരിക്കുന്ന കയത്തെ നോക്കിക്കണ്ട്, കൂട്ടുകാരന്റെ ദുഖത്തിൽ നീറി കൊണ്ട്, അന്ത വിശ്വാസത്തിന്റെ കൂടോത്ര മുട്ട വായയിലേക്ക് കമഴ്ത്തിയ ഒരു ദിവസത്തെ ഓർത്തുകൊണ്ട്, ഭ്രാന്തെന്ന അനുഭൂതിയിൽ ആറാടി കൊണ്ട് ദിവസങ്ങൾ തള്ളി നീക്കുന്ന സഹപാഠിയിലൂടെ, മകന്റെ കുരുത്തകേടുകൊണ്ട് മകനെ ശപിക്കേണ്ടി വന്ന അമ്മയിലൂടെ, പൂക്കളെയും ചെടികളെയും ജീവനു തുല്യം സ്നേഹിക്കുന്ന സഹോദരിയിലൂടെ, ഞാവൽ പഴത്തിന്റെ രുചിയറിയിച്ച മങ്കേരിക്കുന്നിലൂടെ, വിശപ്പിന്റെ രാഷ്ട്രീയ മറിയിച്ച ഒരു പെരുന്നാൾ ദിനത്തിലൂടെ…
ആ യാത്ര തുടർന്നുകൊണ്ടിരിക്കുന്നു.കാലം തള്ളിമാറ്റിയ നല്ല ദിനങ്ങളിലെ മിന്നിമായുന്ന ഓർമകളെ ചികഞ്ഞെടുത്ത് ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ച ഒരു ഓർമ്മ പുസ്തകം. തന്റെ ബാല്യ, യൗവനകാല ഓർമാനുഭവങ്ങളുടെ തുറന്നു പറച്ചിലിലൂടെ നമ്മുടെ ദേശത്തിന്റെ ഒരു കാലത്തെ സാംസ്കാരികമായ മനോഹാരിതയും സാമൂഹികമായ സഹവർത്തിത്വവും കാട്ടി തരുന്ന ഒരു പുസ്തകം.
കൂടല്ലൂരിന്റെ എഴുത്തു പാരമ്പര്യത്തിലേക്ക് കണ്ണി ച്ചേർക്കപ്പെടുകയാണ് ഈ കൃതിയും കഥാകാരനും.
‘പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്’
Recent Comments