പ്രഥമ എം.സി. വര്‍ഗീസ്‌ മംഗളം അവാര്‍ഡ്‌ എം.ടി.ക്ക്‌

കോട്ടയം: മംഗളം സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ എം.സി. വര്‍ഗീസ്‌ മംഗളം അവാര്‍ഡ്‌ മലയാള സാഹിത്യലോകത്തെ അതികായനായ എം.ടി. വാസുദേവന്‍ നായര്‍ക്ക്‌.

എം.സി. വര്‍ഗീസിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. 1,000,01 രൂപയും പ്രശസ്‌തി പത്രവും ശില്‍പവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. മലയാള സാഹിത്യത്തെ രാജ്യാന്തര പ്രശസ്‌തിയിലേക്കുയര്‍ത്തിയ എം.ടിയുടെ സമഗ്ര സംഭാവന വിലയിരുത്തിയാണ്‌ അവാര്‍ഡ്‌ നല്‍കുന്നതെന്ന്‌ മംഗളം ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. വരും വര്‍ഷങ്ങളില്‍ എം.സി. വര്‍ഗീസിന്റെ ചരമ ദിനത്തോടനുബന്ധിച്ച്‌ അവാര്‍ഡ്‌ സമ്മാനിക്കും.

പത്രാധിപര്‍, നോവലിസ്‌റ്റ്‌, കഥാകൃത്ത്‌, സിനിമാ തിരക്കഥാകൃത്ത്‌, സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ സമാനതകളില്ലാത്ത വ്യക്‌തിമുദ്രയാണ്‌ എം.ടി. എന്ന ദ്വയാക്ഷരി. 83-ാം വയസിലും സാഹിത്യ-ചലച്ചിത്രമേഖലകളില്‍ നിറയൗവനമാണ്‌ അദ്ദേഹത്തിന്റെ പ്രതിഭ. 1995-ലെ ജ്‌ഞാനപീഠ പുരസ്‌കാര ജേതാവായ എം.ടിയെ 2005-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, ഫെല്ലോഷിപ്പ്‌, കേരള സാഹിത്യ അക്കാദമി, വയലാര്‍, ഓടക്കുഴല്‍, വള്ളത്തോള്‍, എഴുത്തച്‌ഛന്‍, തകഴി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ എണ്ണമറ്റ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഏറ്റവുമൊടുവില്‍ എ.ആര്‍. രാജരാജവര്‍മ സ്‌മാരക പ്രഥമപുരസ്‌ക്കാരവും ആ പ്രതിഭയ്‌ക്കു മകുടം ചാര്‍ത്തി. ദീര്‍ഘകാലമായി തുഞ്ചന്‍ സ്‌മാരക സമിതി അധ്യക്ഷനാണ്‌. ആദ്യമായി സംവിധാനം ചെയ്‌ത നിര്‍മാല്യം എന്ന സിനിമയ്‌ക്ക്‌ രാഷ്‌ട്രപതിയുടെ സ്വര്‍ണമെഡല്‍ ലഭിച്ചു. സിനിമാ തിരക്കഥയ്‌ക്ക്‌ നാലു തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്‌ അദ്ദേഹം.

മംഗളം എഡിറ്റര്‍ ഡോ. സജി വര്‍ഗീസ്‌, സി.ഇ.ഒ: ആര്‍. അജിത്‌ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. എം.സി. വര്‍ഗീസിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ മംഗളത്തിന്റെ വിവിധ യൂണിറ്റുകളിലും ഓഫീസുകളിലും അനുസ്‌മരണയോഗങ്ങള്‍ ചേര്‍ന്നു.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *