ശ്രദ്ധ തിരിക്കൂ… താണിക്കുന്നിലേക്കും..!!
‘വടക്കേപാടത്ത് നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍തന്നെ താന്നിക്കുന്ന് തൊട്ട് പറക്കുളം മേച്ചില്‍പ്പുറം വരെ കണ്ണാന്തളിച്ചെടികള്‍ തഴച്ചുവളര്‍ന്നു കഴിയും’ – കണ്ണാന്തളിപ്പൂക്കളുടെ കാലം
കഥാകാരൻ കണ്ട കണ്ണാന്തളിപ്പൂക്കളുടെ കാലം മറഞ്ഞു പോയ്.. കാരണം ഈ കുന്നിൻ പ്രദേശമെല്ലാം മണ്ണെടുത്തു പോയി, പല വിസ്തൃതിയിലുള്ള ഗർത്തങ്ങൾ മാത്രമാണിന്ന്.. ചെങ്കൽ ക്വാറി മാഫിയക്കളെ തടഞ്ഞു നിർത്തിയില്ലെങ്കിൽ ഏറെ താമസിയാതെ താണിക്കുന്നും അപ്രത്യക്ഷമാവും…!!
കൂട്ടക്കടവ് റെഗുലേറ്റർ ഭാവിയിൽ ഉയർത്തിയേക്കാവുന്ന ഭീഷണികൾ ഇന്ന് സോഷ്യൽ മീഡിയക്കകത്തും പുറത്തും ചർച്ചാവിഷയമാണ്.. എന്നാൽ പുഴ വെള്ളം ഉയർന്നാൽ ആദ്യം അത്താണിയാവുന്ന താണിക്കുന്നിന്റെ അവസ്ഥയെക്കുറിച്ചു ഇവരാരും അറിഞ്ഞിട്ടില്ല.. അല്ല.. അറിഞ്ഞില്ലെന്നു മട്ടിലാണ്.. തലയ്ക്കു മുകളിൽ ഉയർന്നു വരുന്ന ഈ വിപത്തിനെ കണ്ടില്ലെന്നു നടിക്കുന്നതിന്റെ കാരണം പലതാണ്.. ഇതിൽ ക്വാറി ഉടമകളില്‍ നിന്ന് പല വിധ സഹായം പറ്റിയവരുടെ ഐക്യമില്ലായ്മയും ഒറ്റുമാണ് ഭയത്തിന് പ്രധാന കാരണമായി കാണുന്നത്…!!
കൂടല്ലൂരിലെ വികസന കാര്യങ്ങളിൽ വമ്പു പറയുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഈ വിഷയത്തിൽ ഇത് വരെ ഒരു പ്രത്യക്ഷ നിലപാട് പോലും സ്വീകരിച്ചിട്ടില്ല എന്നത് കൗതുകകരമാണ്…!! രാഷ്ട്രീയ പിന്തുണയില്ലാതെ ഇതൊന്നും മുന്നോട്ടു പോവില്ലെന്നും ഏവർക്കും അറിയാവുന്നതും ആണ്..
മൈനിങ് ആന്റ് ജിയോളജി വകുപ്പും, പൊലിസും ഈ മാഫിയകൾക്കു മുന്നിൽ നോക്കുകുത്തികൾ മാത്രമാണ്..!! പാറയ്ക്കും ചെങ്കല്ലിനും മറ്റും വേണ്ടി ഭൂമി കുഴിക്കുന്നതിന് ആഴപരിധി നിശ്ചയിക്കാതെയുള്ള സംസ്ഥാന ഖനന നിയമം ഇവർക്ക് കൂടുതൽ കരുത്ത് നൽകുന്നു…
കുടിവെള്ള ക്ഷാമം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ നാട്ടുകാര്‍ ഭയക്കുകയാണ്.. താണിക്കുന്നിന്റെ ഇന്നത്തെ അവസ്ഥ ഏറെ ഭീതിയുയർത്തുന്നതാണെന്നു കൂടല്ലൂർ സ്വദേശി കൂടിയായ ശിവദാസിന്റെ ഫേസ്ബുക് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്..
അൽ ഹിലാൽ സ്കൂളിന് നേരെ മുകളിൽ ചെങ്കല്ലെടുത്ത ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ട ദൃശ്യങ്ങൾ (ഫേസ്ബുക് വീഡിയോ : ഉണ്ണികൃഷ്ണൻ കൂടല്ലൂർ ) ഏറെ ആശങ്കാജനകമാണ്..
താണിക്കുന്നിന്റെ പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ചു മുന്നേറുന്ന ഈ മാഫിയകൾക്കെതിരെ ശബ്ദമുയർത്താൻ ഒരു അപകടം വരെ കാത്തു നിൽക്കണമോയെന്നു ചിന്തിക്കേണ്ടത് കൂടല്ലൂരിലെ ജനങ്ങളാണ്…!!
Update:
ഇതിന്റെ കൂടെ ഇന്നലെ മന്ത്രി എ.കെ ബാലന്റെ സന്ദർശനത്തിൽ നൽകിയ നിർദേശം താണിക്കുന്നു – മലമക്കാവിന്റെ അവസ്ഥ ഏറെ ഭീതിജനകമാണെന്നു തെളിയിക്കുന്നു..
തൃത്താല നിയോജക മണ്ഡലത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതായി കണക്കാക്കുന്ന തൃത്താല പഞ്ചായത്തിലെ മുടവന്നൂർ, ആനക്കര പഞ്ചായത്തിലെ മലമക്കാവ്, തിരുമിറ്റക്കോട് പഞ്ചായത്തിലെ രായമംഗലം എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധയും മുൻ കരുതലും എടുക്കണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ദുരിതാശ്വാസ ക്യാംപുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
Recent Comments