കൂട്ടക്കടവ് റെഗുലേറ്റർ – ആശങ്കകളുയരുന്നു..

രണ്ടാമതും കൂടല്ലൂരിൽ വെള്ളമുയർന്നതോടെ കൂട്ടക്കടവ് റെഗുലേറ്റർ ജനങ്ങളിൽ ഏറെ ആശങ്ക പരത്തുന്നു. കൂടല്ലൂരിലെ കൂട്ടക്കടവ് അങ്ങാടി, വടക്കുമുറി, യാറം ഭാഗം, കൂമൻതോട് ഭാഗം തുടങ്ങീ പുഴയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശവാസികളും തുടർച്ചയായ രണ്ടാം വർഷവും ഏറെ പ്രളയ ദുരിതങ്ങൾ അനുഭവിച്ചവരാണ്. പ്രതീക്ഷകൾക്കപ്പുറം എത്തിയ വെള്ളം ഭാവിയിലേക്കും ഏറെ ആശങ്കകളാണ് ഇവരുടെ മനസ്സിൽ ബാക്കി വെക്കുന്നത്. ഇന്നത്തെ പരിതസ്ഥിതിയിൽ കൂടല്ലൂർ റെഗുലേറ്ററിന്റെ പൂർത്തീകരണത്തോടു കൂടി ഈ ആശങ്കകൾ വാനോളമുയരും..! മുന്നേ പുഴ വെള്ളം ഗതി തിരിച്ചു വിട്ടിരുന്ന കൂപ്പുകളുടെ അഭാവം, റെഗുലേറ്ററിന്റെ പ്രവർത്തനങ്ങളിൽ തൃത്താലയിൽ സംഭവിച്ച വീഴ്ചകൾ, പുഴകൾ കൂടിച്ചേരുന്ന പ്രദേശത്തിന്റെ ഘടന.. ഇങ്ങനെ ഏറെ വിഷയങ്ങൾ ഇവരെ ചിന്താകുലരാകുന്നു.. സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നു വരുന്ന ചോദ്യങ്ങൾ ഏറെ പ്രസക്തമാണ്..!


തടയണയുടെ അല്ലെങ്കിൽ റെഗുലേറ്ററിന്റെ ആശയം രൂപപ്പെട്ടതെങ്ങനെ ?

കാലാകാലങ്ങളായി ഒരു പദ്ധതികളും എത്തിപ്പെടാതെ, കൂടല്ലൂരിലെ വികസന ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതെ നിന്നിരുന്ന രാഷ്ട്രീയ പാർട്ടികൾ ഏറെ നാളെടുത്തു രൂപപ്പെടുത്തിയ സംഭാവനയാണ് കൂടല്ലൂർ തടയണ / റെഗുലേറ്റർ. തൂതപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന്നിടത്തു മണൽ ചാക്കുകൾ കൊണ്ട് താത്കാലിക തടയണകൾ ജലസേചന ആവശ്യത്തിനായി എല്ലാ വർഷവും നിർമ്മിച്ചു വരുന്നുണ്ടായിരുന്നു. ഇതിനു ഒരു ശ്വാശത പരിഹാരമായാണ് തടയണ ജനങ്ങൾക്ക് മുന്നിലെത്തിയത്..

വേനൽ കാലമെത്തുമ്പോഴേക്കും കിണറുകൾ വറ്റി വരളാൻ തുടങ്ങിയതും ഭൂഗർഭജലത്തിന്റെ അളവ് താഴ്ന്ന് കൊണ്ടിരുന്നതിനാലും പ്രദേശത്തെ ജനങ്ങൾക്കു ഇത് ഏറെ പ്രതീക്ഷ നൽകിത്തുടങ്ങി. വെള്ളിയാങ്കല്ല് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് വന്നതോടെ ഭാരതപ്പുഴയുടെ താഴേക്ക് വെള്ളമെത്തുന്നില്ലെന്നു കർഷകരുടെ പരാതിയും ഉയർന്നു തുടങ്ങി.

കൂടല്ലൂരിലെ തടയണ / റെഗുലേറ്റർ പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നതെന്തു?

  • നിലവില്‍ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് വന്നതോടെ ഭാരതപ്പുഴയുടെ താഴേ പ്രദേശങ്ങളിൽ വെള്ളമെത്തുന്നില്ല. വേനല്‍ക്കാലത്ത് വെള്ളിയാങ്കല്ലിലെ ഷട്ടറുകള്‍ താഴ്ത്തിയാല്‍ താഴെപ്രദേശത്തെ കര്‍ഷകരുടെ കൃഷി അവതാളത്തിലാവുകയാണ്. കൂട്ടക്കടവില്‍ റെഗുലേറ്റര്‍ വരുന്നതോടെ പാലക്കാടു ജില്ലയിലെ പട്ടിത്തറ, ആനക്കര, പരുതൂര്‍, കപ്പൂര്‍ തുടങ്ങി പഞ്ചായത്തുകളിലെയും മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം തുടങ്ങിയ പഞ്ചായത്തുകളിലെയും കര്‍ഷകര്‍ക്ക് ആശ്വാസമാകും. പാലക്കാട്-മലപ്പുറം ജില്ലകളിലെ 2,000 ഏക്കര്‍ കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കൂട്ടക്കടവില്‍ റെഗുലേറ്റര്‍ നിര്‍മ്മിക്കാൻ പദ്ധതിയായത്.
  • വരൾച്ചയിൽ നിന്നും മോചനം
  • പരിചിതമില്ലാത്ത രീതിയിൽ പ്രദേശത്തെ കിണറുകൾ വറ്റിത്തുടങ്ങിയത് കുടിവെള്ള ക്ഷാമവും ഉയർത്തിയിരുന്നു. ഭൂഗർഭജല നിരക്ക് താഴ്ന്ന പ്രദേശങ്ങൾക്ക് പദ്ധതി ആശ്വാസമാവും എന്നാണു കണക്കുകൂട്ടൽ .
  • പ്രദേശത്തെ ടൂറിസം വികസനത്തെയും മുന്നിൽ കണ്ടു.

കൂടല്ലൂരിൽ തടയണക്കു പകരം റെഗുലേറ്ററിന്റെ ആവശ്യകതയുണ്ടോ ?

പ്രളയാനന്ദര കൂടല്ലൂരിലെ നിലവിലെ സാഹചര്യത്തിൽ ഏറെ പ്രസക്തമായ ചോദ്യമാണിത്. തടയണയിൽ നിന്നും റെഗുലേറ്ററായി രൂപാന്തരപ്പെട്ട ശേഷം എം. എൽ.എ വി.ടി ബൽറാമിന്റെ ആദ്യ വിശദീകരണമാണ്‌ താഴെ കാണുന്നത്. ഇതിൽ എം.എൽ.എ പരാമർശിക്കുന്ന ആധികാരികമായ പഠനം നടത്തിയ റിപ്പോർട്ട് ഇപ്പോൾ വളരെ പ്രധാനപ്പെട്ടതാണ്. കൂടല്ലൂരിലെ ജനങ്ങളുടെ അവകാശമാണ് അതറിയേണ്ടതും. കാരണം തടയണയുടെ പ്രായോഗികത തീർത്തും ഇല്ലാതാക്കിയ ഈ പഠനം പുതിയ സാഹചര്യത്തിൽ പുറത്തു വരേണ്ടതുണ്ട്. പഠനം നടത്തിയ ഏജൻസിയും അവ്യക്തമാണ്.

VT Balram clears on Kudallur Regulator

എം എൽ എക്ക്‌ പറഞ്ഞത്‌ വിഴുങ്ങേണ്ട ഒരാവശ്യവുമില്ല. കാള പെറ്റെന്ന് കേട്ട്‌ കയറെടുത്ത നിബിലും സുധീറുമൊക്കെ ഇളിഭ്യരായതിനു ഞാനുത്തരവാദിയല്ല. ഞാനന്ന് കൃത്യമായി പറഞ്ഞത്‌ “കൂട്ടക്കടവ്‌ തടയണ” എന്ന പദ്ധതി അപ്രായോഗികമാണെന്നാണു. കാരണം കൂട്ടക്കടവ്‌ തടയണ പദ്ധതിയുടെ പിതൃത്ത്വത്തേക്കുറിച്ച്‌ ചർച്ച പോയപ്പോഴാണു അങ്ങനെ ആരും അവകാശവാദവും പറഞ്ഞ്‌ വരേണ്ടതില്ല എന്ന് പറഞ്ഞത്‌. കഴിഞ്ഞ ഗവ. കാലം വരെ കൂട്ടക്കടവിൽ ഉദ്ദേശിക്കപ്പെട്ടിരുന്നത്‌ കേവലം ഒരു തടയണ മാത്രമായിരുന്നു. എന്നാൽ നിർദ്ദേശത്തിനപ്പുറം അതിന്റെ പ്രായോഗികതയേക്കുറിച്ച്‌ ഒരു പഠനമോ തുടർന്നടപടികളോ ഉണ്ടായില്ല. ഞാൻ എം എൽ എ ആയി വന്നതിനു ശേഷമാണു ഇക്കാര്യത്തേക്കുറിച്ച്‌ ആധികാരികമായ പഠനം നടത്തിയതും അവിടെ ഒരു തടയണ എന്നത്‌ പ്രായോഗികമേ അല്ല എന്ന് കണ്ടെത്തിയതും. അതിനുശേഷമാണു അവിടെ നിർമ്മിക്കുന്നുണ്ടെങ്കിൽ ഒരു റഗുലേറ്റർ തന്നെ വേണ്ടി വരും എന്ന് തീരുമാനിച്ചത്‌. അതായത്‌ നാലോ അഞ്ചോ കോടി രൂപ മതിയാകുമായിരുന്ന സ്ഥാനത്ത്‌ അമ്പത്‌ കോടി വേണ്ടിവരുമെന്നർത്ഥം. അതിനു വേണ്ട ശ്രമത്തിലായിരുന്നു ഇതുവരെ. സന്തോഷപൂർവ്വം പറയട്ടെ ഈ വലിയ തുക നബാർഡ്‌ സഹായത്തോടെ സർക്കാരിൽ നിന്ന് അനുവദിപ്പിക്കുന്ന കാര്യം വിജയത്തോടടുക്കുകയാണു. ഔദ്യോഗിക തീരുമാനം അധികം വൈകാതെ പ്രതീക്ഷിക്കുന്നു. ചുരുക്കത്തിൽ കൂട്ടക്കടവ്‌ തടയണ അപ്രായോഗികമാണു, കൂട്ടക്കടവ്‌ റഗുലേറ്റർ എന്ന പദ്ധതിയാണു വരാൻ പോകുന്നത്‌. ഈ സർക്കാരിന്റെ കാലത്ത്‌ മാത്രം വിഭാവനം ചെയ്ത പദ്ധതിയാണിത്‌. ഇതിന്റെ ഫണ്ട്‌ അനുവദിക്കുന്നതും പണി തുടങ്ങുന്നതും ഈ സർക്കാരിന്റെ കാലത്ത്‌ തന്നെ ഉണ്ടാകും. ഇനി അതിന്റെ പിതൃത്ത്വം ഏറ്റെടുക്കാൻ ആരും കഷ്ടപ്പെടേണ്ടതില്ല.

– തൃത്താലപ്പെരുമയിൽ നിന്നും

പഠനത്തിൽ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എത്രത്തോളം കണക്കിലെടുത്തിട്ടുണ്ട് എന്നത് മനസ്സിലാക്കേണ്ടതുണ്ട്. തൂതപ്പുഴയിൽ നിന്നും ഭാരതപ്പുഴയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ചേരുന്നതിന്റെ തൊട്ടു താഴെയാണ് ഇപ്പോഴത്തെ റെഗുലേറ്റർ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. മങ്കേരിക്കുന്നിന്റെ വശം ഉയർന്നുനിൽക്കുന്നതിനാൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടഞ്ഞു നിർത്തുന്നതോടു കൂടി താരതമ്യേന താഴ്ന്ന പ്രദേശവും ജനങ്ങൾ തിങ്ങി പാർക്കുന്നതുമായ വടക്കുമുറി ഭാഗത്തു മാത്രമേ വെള്ളം ഉയരൂ. ഇവിടെയുണ്ടായിരുന്ന പുലിമുട്ടുകളുടെയും അത് പോലെ സംരക്ഷണ ഭിത്തിയുടെയും കാര്യത്തിൽ പഠനം നടത്തിയ സ്ഥാപനം അവലംബിച്ച ശാസ്ത്രീയതയും കൂടി അറിഞ്ഞാൽ മാത്രമേ ജനങ്ങളുടെ ആശങ്ക അകലൂ. പ്രളയാനന്തര സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് പുതിയ വിദഗ്ധ പഠനവും ആവശ്യമാണ്.

പ്രളയ ജലം പുതിയ വഴികൾ തേടി കൂടല്ലൂരിലെ പല ഭാഗങ്ങളിലൂടെ ഒഴുകിയ കാഴ്ച്ചക്കു തുടർച്ചയായ രണ്ടാം വർഷവും ജനങ്ങൾ സാക്ഷിയായി. താണിക്കുന്നു റോഡിലൂടെ പുഴ പുതിയ പാത കണ്ടു പിടിച്ചതും മണ്ണിയംപെരുമ്പലത്തെ പ്രദേശങ്ങളെ ആകെ വെള്ളത്തിൽ മുക്കുന്നതുമായ പ്രളയക്കാഴ്ചകളും നാം ഏറെ ഭീതിയോടെയാണ് കണ്ടത്. തൃത്താലയിൽ നിലവിലുള്ള വെള്ളിയാങ്കല്ലു റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്താൻ കഴിയാതെ പോയത് ദുരിതത്തിലാഴ്ത്തിയത് അനേകം ജനങ്ങളെയാണ്. ഇതോടെ പട്ടിത്തറ മുതൽ മണ്ണിയം പെരുമ്പലം വരെയുള്ള പുഴയോര പ്രദേശങ്ങളുടെ ഭാവി കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ അനിശ്ചിതത്തിലാക്കിക്കഴിഞ്ഞു എന്ന് തന്നെ പറയാം.

പുലിമുട്ടുകളുടെ ആവശ്യകത ?

കഴിഞ്ഞ പ്രളയം മുതൽ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ് കൂട്ടക്കടവ് റെഗുലേറ്ററിനു വേണ്ടി പൊളിച്ചു മാറ്റിയ പുലിമുട്ടുകൾ. പുലിമുട്ടുകളെക്കുറിച്ചു മുൻപെഴുതിയ ചില കാര്യങ്ങൾ താഴെ ചേർക്കുന്നു.

പ്രളയ ജലത്തെ പിടിച്ചു നിർത്താൻ കൂപ്പുകൾക്കു ആവുമായിരുന്നില്ലെങ്കിലും കൂടല്ലൂരിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതങ്ങളുടെ വ്യാപ്തി ഇത്രമേൽ എത്തില്ലായിരുന്നു.

അതിശക്തമായ ഒഴുക്കിൽ കരഭൂമി പുഴയെടുക്കാതിരിക്കാനും മണ്ണൊലിപ്പ് തടയാനും ഒഴുക്കിന്റെ തീവ്രതയിൽ നിന്നും പുഴയുടെ തീരത്തെ സംരക്ഷിക്കാനും ശാസ്ത്രീയമായി നിർമ്മിച്ചവയാണ് ഈ കൂപ്പുകൾ. തൂതപ്പുഴയും ഭാരതപുഴയും സംഗമിക്കുന്ന കൂടല്ലൂരിലെ എട്ടു കരിങ്കൽ കൂപ്പുകളുടെ വിന്യാസം തന്നെ ഇവിടത്തെ ഭൂമിയുടെ ഘടനയനുസരിച്ചാണ് എന്നാണ് പറയപ്പെടുന്നത്.

കൂട്ടക്കടവ് റെഗുലേറ്ററിന്റെ അപ്പ്രോച് റോഡിനു വേണ്ടിയാണ് ഇത് പൊളിച്ചു മാറ്റിയതെങ്കിലും പദ്ധതി പൂർത്തീകരണത്തിന് ശേഷം ഇവ പുനർനിർമിക്കാൻ കരാറുകാരന് തന്നെ വ്യവസ്ഥയുണ്ട്. അനധികൃത കയ്യേറ്റവും പുഴയിലെ മണലെടുപ്പും പുഴയുടെ തീരത്തെ മാറ്റിമറിച്ചിട്ടുണ്ട്. അതോടൊപ്പം തീരത്തിനു കാലക്രമേണ വന്ന മാറ്റങ്ങളും പഠിച്ചു ശാസ്ത്രീമായി തന്നെ ഇവ പുനർനിർമ്മിച്ചില്ലെങ്കിൽ അത് കൂടുതൽ അപകടങ്ങൾക്കു വഴി വെക്കും. പദ്ധതി പ്രകാരം അമ്പത് മീറ്ററോളം മാത്രമേ പാർശ്വഭിത്തി നിർമ്മാണവും നടക്കുകയുള്ളൂ. എന്നാൽ ഇപ്പോഴത്തെ അപ്പ്രോച് റോഡിൻറെ തുടക്കം മുതൽ സുരക്ഷാഭിത്തികൾ അനിവാര്യമാണ്.

പദ്ധതിയുടെ ഭാവി ?

പദ്ധതിയുടെ അവസാന ഘട്ടത്തോട് അടുക്കുന്ന ഈ സാഹചര്യത്തിൽ ഇനി വേണ്ടത് പ്രദേശത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ജനങ്ങളുടെ ഇടപെടലുകളാണ്. അല്ലാതെ പ്രയോഗികതയിൽ തിരിഞ്ഞു കളിച്ചും രാഷ്ട്രീയ വൈര്യം തീർത്തും പദ്ധതിക്കു തടസ്സം നിൽക്കുകയല്ല. രാഷ്ട്രീയം മറന്നുള്ള പ്രവർത്തനം മാത്രമേ അതിനു ശക്തി പകരൂ.. പദ്ധതിയുടെ മുന്നോട്ടുള പ്രവർത്തനത്തിനായി സോഷ്യൽ മീഡിയകളിലും മറ്റും ഉയർന്നു വന്ന പ്രധാന നിർദേശങ്ങൾ താഴെ പങ്കു വെക്കുന്നു..

  • റെഗുലേറ്റർ കമ്മീഷൻ ചെയ്യുന്നതിന് മുന്നേ തന്നെ പുലിമുട്ടുകൾ പുനഃസ്ഥാപിക്കണം.
  • റെഗുലേറ്റർ നിർമ്മാണം അതിവേഗം പൂർത്തീകരിക്കേണ്ടതുണ്ട്. രണ്ടാം തവണയും അപ്പ്രോച് റോഡ് തകർന്നത് വെല്ലുവിളിയാണെങ്കിലും അടുത്ത മഴക്കാലം എത്തുന്നതിനു മുന്നേ ഏറെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
  • കൂമാൻത്തോട്‌ വരെയെങ്കിലും സംരക്ഷണ ഭിത്തി ഉറപ്പു വരുത്തേണ്ടതുണ്ട്. ജലനിരപ്പിനേക്കാൾ ഉയർന്ന ഉയരത്തിൽ അപ്പ്രോച്ച് റോഡ് വേണ്ടതുണ്ട്. പരിപാലനത്തിനായോ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനോ ആവശ്യമായ ഗതാഗത സൗകര്യം കാണേണ്ടത് അത്യന്താപേക്ഷിതമാണ്.
  • ഉദ്യോഗസ്ഥരും ,ജനപ്രതിനിധികളും, പ്രദേശവാസികളും ഉൾപ്പെടുന്ന ഒരു കമ്മിറ്റീ രൂപീകരിച്ചു അതിന്റെ കീഴിൽ റെഗുലേറ്ററിന്റെ നിയന്ത്രണവും പരിപാലനവും കൊണ്ട് വരേണ്ടതുണ്ട്. മഴക്കാലത്തിനു മുന്നേ തന്നെ ഈ കമ്മിറ്റിയുടെ കീഴിൽ അവലോകനങ്ങളും തയ്യാറെടുപ്പുകളും നടത്തണം. അറ്റകുറ്റ പണികൾക്കായുള്ള ഫണ്ട് ഉറപ്പു വരുത്തുന്നതിൽ ജനപ്രതിനിധികളുടെ പങ്കും പ്രധാനമാണ്.
  • എം.എൽ.എ നടത്തി എന്ന് പറയുന്ന പഠന റിപ്പോർട്ട് പുറത്തു കൊണ്ട് വരിക. പ്രളയത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ പഠനം നടത്തി അതിനനുസൃതമായ നടപടികൾ സ്വീകരിച്ചു തീരദേശത്തെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുക.
  • പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് തിരിച്ചു വിടുന്ന രീതിയിലുള്ള ഉയർന്ന മൺതിട്ടകളും മറ്റും നീക്കം ചെയ്യുക.

അത് പോലെ തന്നെ ഇ.ശ്രീധരന്റെ നേതൃത്തത്തിലുള്ള ഫ്രണ്ട് ഓഫ് ഭാരതപ്പുഴയുടെ കീഴിൽ വെള്ളിയാങ്കല്ലിനു വേണ്ടി ഉയർന്നു വന്ന നിർദേശങ്ങൾ ഭാവിയിൽ കൂടല്ലൂർ റെഗുലേറ്ററിനും ബാധകമാണ്.

കൂട്ടക്കടവ് തടയണയെക്കുറിച്ചുള്ള മുൻ വാർത്തകൾ വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക..

പുലിമുട്ടുകളുടെ അഭാവം കുടല്ലൂരിലെ പ്രളയക്കെടുതികൾ രൂക്ഷമാക്കി

You may also like...

Leave a Reply

Your email address will not be published. Required fields are marked *