കൂടല്ലൂര്‍ പഠനം – ഭാഗം ഒന്ന്

നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി

നിങ്ങള്‍ വയ്യാവിനാട്‌ എന്നു കേട്ടിട്ടുണ്ടോ ? അത്രയധികം പേര്‍ക്ക്‌ ഈ നാട്‌ പരിചയമുണ്ടാവാന്‍ വഴിയില്ല. കാരണം കോലത്തുനാട്‌, കോഴിക്കോട്‌, വേണാട്‌, കൊച്ചി എന്നൊക്കെ ഉരുവിട്ടുരുവിട്ട്‌ നാം നമ്മുടെ ഗ്രാമങ്ങളെയൊക്കെ മറന്നേപോയിരിക്കുന്നു. നമുക്ക്‌ ഗ്രാമങ്ങളിലേക്ക്‌ മടങ്ങേണ്ടതുണ്ട്‌. അതാണ്‌ ചരിത്ര പഠനങ്ങള്‍ നിറവേറ്റേണ്ട ദൗത്യം. ചരിത്രാന്വേഷണത്തിന്റെ മലയാള പ്രസക്തിയും അതാണ്‌; അതാവണം.

map_kudallur_kudallur_com

എങ്കില്‍ കേട്ടോളൂ. അത്ര എളുപ്പപ്പണിയല്ല ഈ അന്വേഷണം. ചരിത്രാന്വേഷണ യാത്രകള്‍ എന്നു പറഞ്ഞു കുട്ടികളെ മേയാന്‍ വിടുന്നതും, അവര്‍ കാട്ടുപടലുകള്‍ പറിച്ചുകൂട്ടുന്നതും കൊണ്ട്‌ ഇക്കാര്യം അങ്ങ്‌ സാധിക്കാം എന്ന്‌ ഒരുതോന്നല്‍ നമ്മുടെ ഔദ്യോഗിക – അക്കാദമിക അന്വേഷണ മേഖലയില്‍ നിന്നു വ്യാപിക്കുന്നുണ്ട്‌. ഒരു പറമ്പിന്റെയോ, ഒരു ആചാരത്തിന്റെയോ, ഒരു കുടുംത്തിന്റെയോ ചരിത്രം അന്വേഷിച്ചു നോക്കൂ .. അതില്‍ മാത്രം ഏകാഗ്രതവന്നാലും നിങ്ങള്‍ക്കു ചുറ്റും അടിഞ്ഞു കൂടുന്ന വെവിധ്യമാര്‍ന്ന പ്രാഥമികവും ദ്വിതീയവും തൃതീയവുമൊക്കെയായ തെളിഞ്ഞ ശേഖരം അതിവിപുലമായിരിക്കും. അവ കൂട്ടിയിണക്കി ജനപദങ്ങളുടെ ചരിത്രത്തിലേക്ക്‌ കടന്നു ചെല്ലുക സുഖകരമല്ല. തെളിവുശേഖരിക്കുന്നത്‌ മുന്‍കൂര്‍ തയ്യാറാക്കിയ ചട്ടക്കൂടിന്റെ ഒരു പശ്ചാത്തല ബോധത്തിലുറച്ചല്ലാത്തതിനാല്‍ അവിടെ സിദ്ധാന്തങ്ങളും പൊതുവെ അപ്രസക്തമാവും. ഏതെങ്കിലും ഒരു മുഖ്യ മര്‍മ്മത്തെ ഊന്നിത്തുടങ്ങാനാവും. ഉദാഹരണത്തിന്‌ അന്വേഷണം കൊടിക്കുന്നമ്പലത്തെപ്പറ്റിയാവാം; വയ്യാവിനാടിനെപ്പറ്റിയാവാം; തൃക്കണ്ടിയൂര്‍ കളരിയെപ്പറ്റിയാവാം .അതുമല്ലെങ്കില്‍ കുളമുക്ക്‌ അങ്ങാടിയെപ്പറ്റിയും ആവാം. പക്ഷെ ഒട്ടേറെ തരത്തിലും വിധത്തിലുമുള്ള സാമഗ്രികള്‍ കടന്നുവരുമ്പോള്‍, നമ്മുടെ ചിന്താമേഖലകള്‍ വികസിക്കും. വിജ്ഞാന മേഖലകളുടെ സമന്വയമെന്ന അനിവാര്യതയേറും.

വിജ്ഞാനകൂ ട്ടായ്‌മയിലൂടെ ശിക്ഷിതരും അശിക്ഷിതരുമായ ഒട്ടേറെ ആള്‍ക്കാരുടെ ഒത്തിരുന്നുള്ള ചിന്തകള്‍ പിറന്നു വളരും. ഒപ്പം സ്‌തൂപികാരൂപത്തിലോ ഏക കേന്ദ്രിത വൃത്തങ്ങളുടെ ക്രമത്തിലോ ചരിത്ര-സംസ്‌ക്കാര നിരീക്ഷണങ്ങള്‍ കേന്ദ്രനിരീക്ഷണ ബിന്ദുവിനെ ചുറ്റി വളര്‍ന്നു പടരും. ഇങ്ങനെയൊക്കെ സംഭവിക്കാന്‍ ഒരു പ്രത്യേക തരത്തിലുള്ള ചരിത്ര സങ്കല്‍പം വളര്‍ത്തിയെടുത്തും, ഇന്നോളമുള്ള ചരിത്രാവബോധവും പഠനവിഷയമായ ജനപഥത്തിന്റെ സമഗ്രധാരണയും പ്രയോഗിച്ചപഗ്രഥിച്ചും ശീലിക്കേണ്ടതുണ്ട്‌. മുഴക്കോലുകൊണ്ടളന്നാല്‍ കാര്യം ശരിയാകയുമില്ല. ഓരോ തരിമണ്ണിലും ചരിത്രത്തിഌ പാഠാന്തരങ്ങളും അര്‍ത്ഥാന്തരങ്ങളും ഉണ്ടാകും; അതൊക്കെ യായി ഇടപഴകുന്ന രീതിയിലൂടെയാണ്‌ ജനപദചരിത്രം തുറക്കപ്പെടുന്നത്‌. അതൊരു ശാസ്‌ത്രമൊക്കെയാവുന്നത്‌ നമുക്ക്‌ കേവല പരിതസ്ഥിതിയില്‍ ഒട്ടേറെ കാലത്തിനുമാപ്പുരം നടക്കുന്ന ഒരു കാര്യവുമായിരിക്കും. അതിനൊരു രീതിപദ്ധതി രൂപപ്പെടുന്നത്‌, ജനപദങ്ങളെപ്പറ്റിയുള്ള അനേകവിധ അസംസ്‌കൃത വസ്‌തുത്തെളിവുകള്‍ (സൂക്ഷ്‌മത്തെളിവു സാമഗ്രി) താരതമ്യാത്മക ചര്‍ച്ചകള്‍ക്കു വിധേയമാക്കി ഒരു സത്ത കണ്ടെത്തുന്നതിലൂടെയായിരിക്കും. അതിഌ നാം ക്ഷമാപൂര്‍വ്വം പരസ്‌പരാശ്രിതമായ ചര്‍ച്ചകളും പഠനങ്ങളും നടത്തി മുന്നേറേണ്ടതുണ്ട്‌. അന്വേഷകര്‍ ഗവേഷണത്തില്‍ പരസ്‌പരം മാന്യത പുലര്‍ത്തേണ്ടതുമുണ്ട്‌.

ഇങ്ങനൊരാമുഖം പറയുന്നത്‌, വയ്യാവി നാട്ടിലെ കൂടല്ലൂര്‍ എന്ന മുനമ്പു ദേശത്തെപ്പറ്റി പഠിക്കാനിറങ്ങുമ്പോള്‍, നമ്മുടെ കയ്യിലൊതുങ്ങാത്തത്ര സാഹചര്യ ത്തെളിവുകള്‍ കുമിഞ്ഞു കൂടിയ അഌഭവം ഉണ്ടായതിനാലാണ്‌. ഒരു കൊച്ചു ലേഖനത്തിലൊതുങ്ങാത്തത്ര ആഴവും പരപ്പും കൂടല്ലൂര്‍ അന്വേഷണത്തിഌണ്ട്‌. അത്‌ രാഷ്‌ട്രീയാധിഷ്‌ഠിതം, സാമ്പത്തിക ക്രമാധിഷ്‌ഠിതം, വൈകാരികാധിഷ്‌ഠി തം, പ്രദേശാധിഷ്‌ഠിതം, കാവ്‌-ക്ഷേത്ര തട്ടക സങ്കല്‌പാധിഷ്‌ഠിതം എന്നൊക്കെ അടിവേരുകളുള്ള ഒരു പ്രമുഖ വിഷയമാണ്‌. നേരത്തെ തന്നെ വാണിയംകുളം അങ്ങാടിയും ആര്യങ്കാവുതട്ടകവും, കടപ്പറമ്പത്തുകാവ്‌ തട്ടകവും, പൊയിലത്തങ്ങാടിയും തിരുമിറ്റക്കോടു മേഖലകളും പോട്ടൂര്‍കാവും തിരുനാവായും അന്വേഷണ വിധേയമാക്കിയതിനാല്‍, ചില വിശേഷ തലങ്ങളെ പരസ്‌പരമിണക്കിയെടുത്ത്‌ ഒരു പ്രദേശ ചരിത്രത്തിലേക്ക്‌ കടന്നു ചെല്ലാന്‍ (ദേശചരിത്രത്തിന്റെ കൂട്ടായ്‌മയായ റിജനല്‍ ഹിസ്റ്ററി) വഴി തുറന്നുകിട്ടുകയാണ്‌.

ഇവിടെ കൂടല്ലൂര്‍ ഒരു ദേശമാണ്‌; ബ്രിട്ടീഷ്‌ അധികാരികള്‍ റവന്യൂ അതിര്‍ത്തി നിര്‍ണ്ണയിച്ച ദേശം എന്നാണ്‌ നാട്ടുനടപ്പിലെ അറിവ്‌. കൂടല്ലൂര്‍ ദേശക്കാരന്‍ എന്നതിന്‌ കൂടല്ലൂര്‍ റവന്യൂ അംശം ദേശം എന്നാണ്‌ പൊതുധാരണ.

ഇതാണ്‌ ഭരണ രാഷ്‌ട്രീയത്തിന്റെ കലര്‍പ്പ് . ഇത്‌ ഉറച്ചും പോയി. എന്നാല്‍ ഈ ദേശത്തിന്റെ പഠനത്തിലേക്ക്‌, വാണിയംകുളം ആര്യങ്കാവുതട്ടകത്തിലേക്കും കവളപ്പാറ സ്വരൂപത്തിലേക്കും ലിങ്കുകള്‍ (ഇതൊരു ദേശചരിത്രപഠന സാങ്കേതികപദമായി ഉപയോഗിച്ചു തുടങ്ങുകയാണ്‌) വഴി ബന്ധമുണ്ടാക്കാനാവും. അതായത്‌ കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ കൂടല്ലൂരില്‍ ക്ലിക്‌ ചെയ്‌താല്‍ വാണിയംകുളം അങ്ങാടിയും ആര്യങ്കാവും തെളിഞ്ഞുവരും. പോരാ, അതിന്റെ സബ്‌ലിങ്കുകളായി പാലക്കാട്ടുചുരവും, ആലത്തൂര്‍ അങ്ങാടിയും തെളിഞ്ഞുവരും. കവളപ്പാറ സ്വരൂപത്തിന്റെ അനേകവിധ വൃത്തികളും മറ്റും ഉയര്‍ന്നു തെളിയും.

കൂടല്ലൂര്‍ പഠനം – ഭാഗം രണ്ട്

You may also like...

Leave a Reply

Your email address will not be published. Required fields are marked *