അമരന്മാരുടെ ഗ്രാമത്തില്‍

Alankode Leela Krishnan - Kudallur

ആലങ്കോട്‌ ലീലാകൃഷ്‌ണന്‍

എം.ടി. വാസുദേവന്‍നായര്‍ തന്നെയാണ്‌ ഒരിക്കല്‍ തന്റെ ജന്മഗ്രാമമായ കൂടല്ലൂരിനെ അമരന്മാരുടെ നാട്‌ എന്നു വിശേഷിപ്പിച്ചത്‌. എം.ടിക്ക്‌ വയലാര്‍ അവാര്‍ഡ്‌ ലഭിച്ച സമയത്ത്‌ കൂടല്ലൂരില്‍ നാട്ടുകാരൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു അത്‌. കുട്ടിക്കാലത്ത്‌ താന്‍കണ്ട ആളുകള്‍ മിക്കവരും തനിക്ക്‌ അമ്പതു വയസ്സ് കഴി ഞ്ഞിട്ടും ഗ്രാമത്തില്‍ അതേപടി ജീവിച്ചിരിക്കുന്നതിനെപ്പറ്റി അദ്ദേഹം വിസ്‌മയപ്പെട്ടു. എന്നുമാത്രമല്ല, എന്തെങ്കിലും സംസാരിക്കുന്നതിനിടയ്‌ക്ക്‌ ഈ ഗ്രാമീണ കഥാപാത്രങ്ങള്‍ “വാസുബടെ നിക്ക്‌, ഞാനൊന്നു കൂട്ടുവഴി വരെ പോയിട്ടുവരാം” എന്നുപറഞ്ഞിട്ടു പോവുകയും മൂന്നു നാഴിക അകലെയുള്ള കൂട്ടുവഴിയോളം പോയിട്ട്‌ ദാ ന്ന്‌ തിരിച്ചു വരികയും ചെയ്യുന്നു!.

പിന്നെയും രണ്ടു പതിറ്റാണ്ടു കൂടിക്കഴിഞ്ഞെങ്കിലും കൂടല്ലൂരിന്‌ ഇന്നും പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. എം. ടിയുടെ കഥാപാത്രങ്ങള്‍ പലരും ഇപ്പോഴുംകുടല്ലൂരില്‍ ജീവിച്ചിരിക്കുന്നു. പ്രായാധിക്യത്താല്‍ മരിച്ചു പോയവരെയാകട്ടെ, എം.ടി കൃതികളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പുതുവായനകള്‍ അക്ഷരാര്‍ത്ഥത്തില്‍ അമരന്‍മാരാക്കിത്തീര്‍ക്കുകയും ചെയ്‌തിരിക്കുന്നു. വ്യാസന്റെ കാലത്ത്‌ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരാണോ എന്നു നമുക്കു നിശ്ചചയമില്ലാത്ത യുധിഷ്‌ഠിരഌം ഭീമസേനഌം അര്‍ജ്ജുനഌമൊക്കെ ഇന്നും നമുക്കു സമകാലീനരായിരിക്കുന്നതു പോലെ, നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അന്നത്തെ കാലത്തെ സാഹിത്യ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കു സമകാലീനരായ അപ്പുണ്ണിയുടെയും വേലായുധന്റെയും കോന്തുണ്ണി നായരുടെയും ഗോവിന്ദന്‍ കുട്ടിയുടെയും കുട്ട്യേടത്തിയുടെയും ആദിരൂപങ്ങളെത്തേടി കൂടല്ലൂരില്‍ വരാതിരിക്കില്ല. മൗലിക പ്രതിഭയമുള്ള ഒരെഴുത്തുകാരന്‍ പരഹൃദയസാരം മോഷ്‌ടിച്ചെടുത്ത്‌ അവരെ അമരണ്മരാക്കിത്തീര്‍ക്കുന്നതിന്റെ സര്‍ഗ്ഗ കലാരഹസ്യമാണത്‌. അതറിയാത്ത വരാണ്‌ എം.ടി സാഹിത്യത്തില്‍ വിദേശ പ്രതങ്ങളെ തിരഞ്ഞ്‌ ചുരമാന്തുന്നത്‌.

സര്‍ഗ്ഗ വിത്ത്‌

എം.ടി എന്ന എഴുത്തുകാരന്‌ കൂടല്ലൂര്‍ കേവലം ഒരു സ്‌ഥലമല്ല. തന്റെ ജൈവസത്തയുടെ പരിസ്ഥിതിയും ആവാസവ്യവസ്ഥയുമാണ്‌.

എം.ടി. വാസുദേവന്‍ നായര്‍ ന്യൂയോര്‍ക്കിലും നൈനിറ്റാളിലും വാരാണാസിയിലും ഇതിഹാസ കാലത്തെ ഹസ്‌തിനപുരിയിലുമൊക്കെ മുളപ്പിച്ചത്‌ കൂടല്ലൂരില്‍ത്തന്നെ വിളഞ്ഞ സര്‍ഗ്ഗവിത്താണ്‌ എന്നറിയാന്‍ സഹജോപല്‌ധമായ സാംസ്‌കാരിക വിവേകം മാത്രം മതി. സ്വന്തം മണ്ണിന്റെ ദേശത്ത നിമയില്‍ മുളച്ച ഈ വിത്തുകള്‍ അസുരവിത്തുകളായാല്‍പ്പോലും നമുക്കു ദുഖിക്കേണ്ടതില്ല. കാരണം അവ ഒരിക്കലും ആഗോളവത്‌കൃതമായ സാംസ്‌ക്കാരി കാധിപത്യങ്ങളുടെ അന്ത കവിത്തു കളാവില്ല.

എം.ടി എന്ന എഴുത്തുകാരന്‌ കൂടല്ലൂര്‍ കേവലം ഒരു സ്‌ഥലമല്ല. തന്റെ ജൈവസത്തയുടെ പരിസ്ഥിതിയും ആവാസ വ്യവസ്ഥയുമാണ്‌. അദ്ദേഹത്തിന്റെ സ്വന്തം പുഴയും താന്നിക്കുന്നും മുത്തുവിളയും കുന്നും പൂമാന്‍തോടും തെക്കേപ്പാട്ടു തറവാടും കൊടിക്കുന്നത്തമ്മയുമൊക്കെ ഇവിടെയാണ്‌. ഇവിടെ നിന്നാണ്‌ അദ്ദേഹത്തിന്റെ സര്‍ഗ്ഗസ്വത്വ ത്തിന്റെ ഉണര്‍ച്ചകളും പ്രതീക്ഷകളും പ്രണയങ്ങളും നിലാവുകളും വര്‍ഷങ്ങളും ചിരിയും കണ്ണീരുമെല്ലാം പിറവി കൊള്ളുന്നത്‌. ജീവിതായോധനങ്ങളില്‍ തളരുമ്പോഴൊക്കെ സ്വന്തം മണ്ണില്‍ പറ്റിച്ചേര്‍ന്നുകിടന്ന്‌ ശക്തി വീണ്ടെടുക്കുന്ന ട്രാജന്‍ പടയാളിയെപ്പോലെ എം.ടി. എന്നും തിരിച്ചുവരുന്നത്‌ ഈ നദീതീര ഗ്രാമത്തിലേക്കാണ്‌. എം.ടി തന്നെ ഒരിക്കല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു : എന്റെ സാഹിത്യജീവിതത്തില്‍ മറ്റെന്തിനോടൂമുള്ളതിലധികം ഞാന്‍ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്‌. വേലായുധേട്ടന്റെയും ഗോവിന്ദന്‍ കുടിയുടെയും പകിട കളിക്കാരന്‍ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേട്ടത്തിയുടെയും നാടായ കൂടല്ലൂരിനോട്‌. അച്ഛന്‍, അമ്മ, ജ്യേഷ്‌ഠന്മാര്‍, ബന്ധുക്കള്‍, പരിചയക്കാര്‍, അയല്‍ക്കാര്‍ ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്‌. എന്റെ ചെറിയ അഌഭവ മണ്‌ഡലത്തില്‍പ്പെട്ട സ്‌ത്രീപുരുഷന്മാരുടെ കഥകളാണ്‌ എന്റെ സാഹിത്യത്തില്‍ ഭൂരിഭാഗവും. മറ്റൊരു നിലയ്‌ക്കു പറഞ്ഞാല്‍, എന്റെ തന്നെ കഥകള്‍. ഒരു തമാശയെന്ന നിലയ്‌ക്ക്‌ ഞാനിടയ്‌ക്ക്‌ ഓര്‍ത്തുപോവാറുണ്ട്‌ : അമ്മ ജീവിചിരിപ്പുണ്ടായിരുന്നെങ്കില്‍, അച്ഛന്റെ വീട്ടില്‍നിന്നു വന്ന ശങ്കുണ്ണിയേട്ടനെ സല്‍ക്കരിക്കാന്‍ എന്നെ പട്ടിണികിടത്തിയ കഥ വായിച്ചാല്‍ എന്തു തോന്നുമായിരുന്നു?

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥാപാത്രം, ഒരുസംഭവം, ഒരന്തരീക്ഷം പൊടുന്നനെ മനസ്സിലേക് കയറി വരുമ്പോള്‍, മറ്റൊരീറ്റു നോവിന്റെ ആരംഭമാണീ നിമിഷമെന്നു കണ്ടെത്തുമ്പോള്‍ – ആ വേളയില്‍ വിവരിക്കാനാവാത്തൊരു നിര്‍വൃതിയുണ്ട്‌. ആ നിര്‍വൃതിക്കു വേണ്ടി നിതാന്തമായ അസ്വാസ്ഥ്യം പേറി നടക്കേണ്ടി വരുമ്പോഴും എഴുത്തുകാരന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

തീവണ്ടിയെഞ്ചിഌകളുടെ കോലാഹലത്തില്‍ കിടിലം കൊള്ളുന്ന ഒരു പഴയ മാളിക വരാന്തയിലിരിക്കെ, ഭ്രാന്തന്‍ വേലായുധേട്ടന്‍ ചെറുപ്പത്തില്‍ വീട്ടില്‍ കയറി വന്ന രംഗം പൊടുന്നനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ തോന്നിയ ആഹ്ലാദം ഞാനിപ്പോഴും അയവിറക്കുന്നു. വടക്കേ വീട്ടില്‍നിന്നു രക്ഷപ്പെട്ടെന്നു വന്നു മാള്വേടത്തീ, എനിക്കിത്തിരി ചോറുതരൂ എന്നമ്മയോടു പറഞ്ഞു നിലവിളക്കിന്റെ വെളിച്ചത്തിലേക്ക്‌, കോലായിലേക്ക്‌ കയറി വന്ന രംഗം.

എന്റെ കഥകളേക്കാള്‍ പ്രിയപ്പെട്ടതാണെനിക്ക്‌ എന്റെ കഥകളുടെ കഥകള്‍.

ഈ കഥകളുടെ കഥകളിലൂടെ, കൂടല്ലൂരിന്റെ അന്ത:സ്ഥലികളില്‍ പലതവണ തീര്‍ത്ഥാടനം നടത്തുവാഌള്ള ഭാഗ്യം എങ്ങനെയോ എനിക്കു കൈവരാനിട വന്നു. ബോധപൂര്‍വ്വം നിശ്ചയിച്ചുറപ്പിച്ച യാത്രകളായിരുന്നില്ല അവയൊന്നും. പലപ്പോഴും ചില അബോധ പ്രരണകളും നിയോഗങ്ങളും എന്നെ കൂടല്ലൂരിലെത്തിക്കുകയായിരുന്നു.

കുന്നിനപ്പുറം

ഞാന്‍ അക്ഷരം പഠിച്ച ആലങ്കോട്‌ സ്‌ക്കൂളിന്റെ മേല്‍ഭാഗത്ത്‌, അട്ടേക്കുന്നിന്റെ നെറുകയില്‍ നിന്നു നോക്കിയാല്‍ ദൂരെ നരിവാളന്‍കുന്നു കാണാം. നരിവാളന്‍ കുന്നിനപ്പുരതാണ് എം.ടി വാസുദേവന്‍ നായരുടെ കൂടല്ലൂര്‍ എന്നാദ്യമെനിക്കു പറഞ്ഞുതന്നത്‌ ഞങ്ങളുടെ ഹെഡ്‌മാഷായിരുന്ന എം.ടി കുട്ടിക്കൃഷ്‌ണമേനോന്‍ മാഷാണ്‌.അദ്ദേഹത്തിന്റെ പ്രരണയാല്‍ എം.ടിയുടെ കഥകള്‍ വായിച്ചു തുടങ്ങിയ കാലത്തായിരുന്നു അത്‌. പിന്നീട്‌ പല തവണ ഞാന്‍ അട്ടേക്കുന്നിന്റെ നെറുകയില്‍നിന്ന്‌ കൂടല്ലൂരിന്റെ കാണാക്കാഴ്‌ചകളിലേക്ക്‌ ആരാധനാപൂര്‍വ്വം നോക്കിയിട്ടുണ്ട്‌. അന്നൊക്കെ എം.ടിയാവാനായിരുന്നു ആഗ്രഹം.(ഞങ്ങളുടെ കഥകളൊക്കെ അദ്ദേഹം എഴുതിക്കഴിഞ്ഞിരിക്കുന്നു എന്നറിയാന്‍ പക്ഷേ, വൈകി.)

Alankode Leela Krishnan about Kudallur

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ എം.ടിയുടെ ജ്യേഷ്‌ഠന്മാരുടെ മക്കള്‍ പലരും എന്റെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും പക്ഷെ, കൂടല്ലൂരില്‍ പോകാന്‍ എനിക്കവസരമുണ്ടായില്ല. ആതമസുഹൃത്തായ കഥാകൃത്ത്‌ പി. സുരേന്ദ്രന്‍ കൂടല്ലൂരില്‍ ഒരു വിദ്യാലയത്തില്‍ അദ്ധയാപകനായിച്ചേര്‍ന്ന കാലത്തായിരുന്നു എന്റെ ആദ്യത്തെ കൂടല്ലൂര്‍ യാത്ര. അന്നു ഞങ്ങള്‍ മുത്തുവിളയും കുന്നത്തും കൂട്ടക്കടവിലുമൊക്കെ കാറ്റിന്റെയും പുഴയുടെയും പ്രാചീന രഹസ്യങ്ങ ളില്‍ പകലന്തിയോളം തെണ്ടി നടന്നു. മുത്തുവിളയും കുന്നത്തു നിന്നാല്‍ ഉമ്മത്തൂര്‍ വളവുതൊട്ട്‌ തൃത്താല തിരിയുവോളം നിളയുടെ ഗതികാണാം. ഇതിനേക്കാളേറെ ദൂരം പുഴകാണാവുന്ന ഒരു നോട്ടത്തറ പിന്നെ അക്കരെ മങ്കേരിക്കുന്നു മാത്രമേയുള്ളൂ. അക്കാലത്താണ്‌ എം.ടിയുടെ ചെറിയമ്മയുടെ മകനായ എം.ടി. രവീന്ദ്രനെ പരിചയപ്പെടുന്നത്‌. താന്നിക്കുന്നിന്റെ ചരിവില്‍, പിന്നെ കഥാകാരന്‍ കൂടിയായ രവിയേട്ടന്റെ സ്‌നേഹം എന്നും ഒരുവഴിയമ്പലമായി. പിന്നെ, ചിത്രകാരനായ അച്യുതന്‍ കൂടല്ലൂര്‍, അച്ചുവേട്ടന്റെ അളിയന്‍ രവിയേട്ടന്‍, പഴയ സഹപാഠി രാമരാജന്‍ തുടങ്ങി സൗഹൃദങ്ങളുടെ വഴിവെളിച്ചങ്ങള്‍ ധാരാളം. അച്ചുവേട്ടന്റെ വീട്ടില്‍ കലാ ചര്‍ച്ചയുമായിക്കൂടി നേരം വൈകി രാത്രി മലമക്കാവു വഴി പറക്കുളം കുന്നത്തേക്കു കയറി സുരേന്ദ്രനും കണ്ണന്‍സൂരജുമൊത്ത്‌ നിറഞ്ഞ നിലാവു നനഞ്ഞു നടന്നുപോന്ന കാലത്തിന്റെ സൌന്ദര്യ വിസ്‌താരങ്ങള്‍ മറക്കാവതല്ല. പൂമാന്‍തോടുതൊട്ടു കൈതക്കാടുവരെയും താന്നിക്കുന്നു തൊട്ടു വടക്കേപുഴവരെയുമുള്ള ഭൂവിസതൃതികള്‍ മന:പാഠമായതങ്ങനെയാണ്‌.

കിഴക്കുമ്മുറിയും തെക്കുമ്മുറിയും പടിഞ്ഞാറ്റുമ്മുറിയും വടക്കുമ്മുറിയുമായി വിഭജിക്കപ്പെട്ട കൂടല്ലൂരിന്റെ അയല്‍പ്പക്കങ്ങളില്‍ പന്നിയുര്‍ മഹാക്ഷേത്രവും തൃത്താല ശിവക്ഷേത്രവും മേഴത്തൂരും യജ്ഞേശ്വരവും ആരിയമ്പാടവും ചമ്മിണിക്കാവും. അക്കരെ കൊടിക്കുന്നത് ക്ഷേത്രവും മുത്തശ്ശിയാര്‍ക്കാവും. കൊടിക്കുന്നത്തു കാവിലമ്മ കൂടല്ലൂര്‍ക്കാരുടെ പരദേവതയാണ്‌.

നിത്യവും കൊടിക്കുന്നത്തമ്മയുടെ നിവേദ്യം മാത്രം കഴിച്ചു ജീവിച്ച ഒരു മുത്തശ്ശിയുണ്ടായിരുന്നുവത്ര തെക്കേപ്പാട്ട്. ഒരു പ്രളയകാലത്ത്‌ മുത്തശ്ശിക്ക്‌ പുഴകടന്നു പോകാന്‍ പറ്റാതായപ്പോള്‍ കൊടിക്കുന്നത്തമ്മതന്നെ നിവേദ്യം തെക്കേപ്പാട്ടെത്തിച്ചു എന്നാണ്‌ മാടത്തു തെക്കേപ്പാട് തറവാടിന്റെ സുകൃതപുരാവൃത്തം. ഈ സങ്കല്‌പത്തെ ആഴത്തിലറിഞ്ഞതുകൊ ണ്ടാവണം, യുക്തിവാദികളുടെ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ലോകത്തിലെ എല്ലാ ദൈവങ്ങളും ഇല്ലാ എന്നു സമ്മതിച്ചാലും എന്റെ നാട്ടിലെ കൊടിക്കുന്നത്തു കാവിലമ്മ ഇല്ല എന്നുപറയാന്‍ പറ്റില്ല എന്ന ചരിത്രപ്രസിദ്ധമായ പ്രസ്‌താവം എം.ടി. നടത്താനിട വന്നത്‌. തന്റെ ജീവന്റെ ഭാഗമായി നില്‍ക്കുന്ന ഒരാവാസ വ്യവസ്ഥയുടെ ജൈവരക്ഷക ബിംബമാണ്‌ ഇവിടെ കൊടിക്കുന്നുഭഗവതി. മണ്ണിന്റെ ഉര്‍വ്വരശക്തിയുടെ ഭാഗമാണത്‌.

നാടോടി മിത്തുകള്‍

കൊടിക്കുന്നത്തുകാവിലമ്മയുടെ കഥകള്‍ കൂടല്ലൂര്‍ക്കരയുടെ നാടോടിമിത്തുകളാണ്‌.

കൊടിക്കുന്നത്തമ്മയും അഌജത്തിമാരും കൂടി മുത്തശ്ശിയാരെ (മുത്തശ്ശിയാര്‍ കാവിലമ്മ) കാണാന്‍ പോവുകയായിരുന്നു. വഴിക്ക്‌ ചെറുമക്കളുടെ കളികണ്ടു. ഒരു ഭഗവതി അവിടെ കളികണ്ടു രസിച്ചുനിന്നു. ബാക്കിയുള്ളവര്‍ മുമ്പേനടന്നു. ഏട്ട ത്തിമാര്‍ പോകുന്നതു കണ്ട്‌ അഌജത്തി പിന്നാലെ ഓടിയെത്തിയപ്പോള്‍ മൂത്ത ഭഗവതി പറഞ്ഞു. ചെരുമക്കളി കണ്ടുനിന്ന നിന്നെ കൂട്ടത്തില്‍കൂട്ടില്ല. നീ അവരുടെ കൂടെപ്പോയ്കോ”.

ഈ കഥയെ അഌസരിച്ച്‌ കൊടിക്കുന്നത്തമ്മയുടെ അഌജത്തി ഇപ്പോഴും അക്കരെ ഇരുമ്പിളിയത്ത്‌ ചെറുമക്കളുടെ അമ്മയായി കണക്കര്‍ക്കാവിലിരിക്കുന്നു!.

കണക്കര്‍കാവിലമ്മ കന്നുകാലികളെ കാത്തുസംരക്ഷിക്കുന്ന അമ്മയാണ്‌ എന്നാണ്‌ വിശ്വാസം. അതുകൊണ്ടുതന്നെ കണക്കര്‍ക്കാവിലെ കാളവേലയ്‌ക്ക്‌ ഇന്നും കൂടല്ലൂരിലെ സവര്‍ണ്ണ ഭവനങ്ങളില്‍ നിന്നെല്ലാം കാള വഴിപാടുണ്ട്‌. വേനലില്‍,വേലയ്‌ക്ക്‌ പുഴ കടന്നെത്തുന്ന ചെറുതും വലുതുമായ കാളകെട്ടു വരവുകള്‍ ഈ പുഴയോര ഗ്രാമത്തിന്റെ നാട്ടുചന്തങ്ങളിലൊന്നാണ്‌.

കണക്കര്‍ക്കാവിലെ ചെറുമക്കളി പ്രസിദ്ധമാണ്‌. മൂന്നും നാലും രാപ്പകല്‍ നീളുന്ന അടിയാള ജനതയുടെ ഈ കലാകായിക വിനോദം വെളുത്ത ദൈവങ്ങളെപ്പോലും മോഹിപ്പിക്കുന്ന കറുത്ത സൌന്ദര്യമാണ്.

അസുരവിത്തിലും ഒടിയനിലുമൊക്കെ ഈ കറുത്ത കരുത്തിന്റെ കഥകള്‍ പലതും എം.ടി. കഥാഖ്യാനത്തോടു ചേര്‍ത്തു ചാലിച്ചെഴുതി വച്ചിട്ടുണ്ട്‌.

വാസ്വേട്ടന്‍ എന്നുവിളിക്കാവുന്ന വിധം സ്‌നേഹവും അടുപ്പവും ഉണ്ടായിക്കഴിഞ്ഞതിഌശേഷം ഈ വിധത്തിലുള്ള നാടോടിത്തത്തിന്റെ അഌഭവ ബലങ്ങളെ കുറിചെന്തോ സംസാരിക്കുന്നതിനിടയില്‍ എം.ടി. എന്നോടു ചോദിച്ചു: നിങ്ങള്‍ടവിടെ ആ കുന്നിന്‍ പുറത്തൊരു വലിയ കുടക്കല്ലുണ്ടായിരുന്നത്‌ ഇപ്പോളവിടെയു ണ്ടോ? പെട്ടന്ന്‌ ആശ്ചര്യകരമായ ഒരു നിമിത്തം എന്റെ ഹൃദയത്തെ സ്‌പര്‍ശിച്ചു.

കുട്ടിക്കാലത്ത്‌, വളരെ അടുത്തായിരുന്നിട്ടും അകലെയായി ത്തോന്നിച്ച കൂടല്ലൂര്‍ എന്ന മിത്തിനെ നോക്കി ഞാന്‍ നിന്ന ആ കുന്നിന്‍പുറത്തുതന്നെയായിരുന്നു ചരിത്രാതീത സ്‌മാരകമായ ആ കുടക്കല്ല്‌. ആ കുടക്കല്ലിനെ വാസ്വേട്ടനറിയാമെന്നോ!

കുടക്കല്ലുകാണാനിടവന്ന ബാല്യത്തിലെ ചില യാത്രകളെക്കുറിച്ചോര്‍ത്തപ്പോള്‍ എം.ടി. ഒരു കുട്ടിയായിമാറിയതു പോലെ തോന്നി, അപ്പോള്‍ പറഞ്ഞത്‌ മറ്റൊരു കഥ !.

പുന്നയൂര്‍ക്കുളത്തുള്ള അച്ഛന്റെ വീട്ടിലേക്കായിരുന്നു ആഴ്‌ചയിലൊരിക്കലുള്ള ആ യാത്രകള്‍. ജ്യേഷ്‌ഠന്മാരുടെ കൂടെ കുട്ടിയായ വാസു ആനക്കരപ്പാടവും കുറ്റിപ്പാലപ്പാടവും കടന്ന്‌ ആലങ്കോട്ടുകുന്ന്‌ കയറി മറിഞ്ഞ്‌ മൂക്കോല വഴി നരണിപ്പുഴകടത്തും കടന്ന്‌, നാഴികകള്‍ നടന്ന്‌ പുന്നയൂര്‍ക്കുളത്തേക്കു പോകും. ആലങ്കോട്ടുകുന്നത്ത്‌ തലയുയര്‍ത്തി നിന്നിരുന്ന വലിയ കുടക്കല്ലും ചങ്ങരംകുളത്തങ്ങാടിയില്‍ ഉമ്മമാര്‍ പത്തിരിയുണ്ടാക്കി വച്ചു വിറ്റിരുന്ന തെരുവും ആ യാത്രയിലെ മരിക്കാത്ത ഓര്‍മ്മകളാണ്‌.

ഈ കാഴ്‌ചകളൊന്നുമായിരുന്നില്ല ആ യാത്രകളുടെ പ്രലോഭനം. തിരിച്ചുപോരുമ്പോള്‍ അച്ഛന്‍ ഒരു സമ്മാനം തരും. ചുളിവീഴാത്ത ഒരഞ്ചുരൂപ. അതായിരുന്നു ക്ലേശകരമായ ആ യാത്രകള്‍ക്കു പ്രരണ.

അതുപറയുമ്പോള്‍ വാസ്വേട്ടന്‍ എന്റെ മനസിന്റെ വളരെ അടുത്തായിരുന്നു. പിന്നേയും ചിലപ്പോള്‍ എന്റെതെന്നു തോന്നിച്ച ചില ഒര്‍മ്മകളുടെ അഌഭവ നിമിഷങ്ങളില്‍, അദ്ദേഹം എനിക്കില്ലാതെ പോയ ഒരുസ്വന്തം ജ്യേഷ്‌ഠനെപ്പോലെ, എന്റെ സമീപത്തു വന്നതായി എനിക്കുതോന്നിയിട്ടുണ്ട്‌.

ഗ്രാമത്തിന്റെ ഓര്‍മ്മകളിലേക്ക്‌ വരുമ്പോഴെല്ലാം ഇങ്ങനെ എം.ടി. എന്ന മഌഷ്യന്‍ നമുക്കു വളരെ അടുത്താണ്‌. ഇതെല്ലാം എന്റെ സ്വന്തം ജീവിതത്തിന്റെ അഌഭവങ്ങളും ഓര്‍മ്മകളുമാണല്ലോ എന്നാശ്‌ചര്യപ്പെടെത്തിക്കൊണ്ട്‌, നെഞ്ചും കനം കെട്ടിച്ചുകൊണ്ട്‌ ,കണ്ണു നിറയിച്ചുകൊണ്ട്‌, നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും അരികത്ത്‌ ഇങ്ങനെ ഒരു എം. ടി. എപ്പോഴുമുണ്ട്‌. ഗ്രാമത്തിലേക്ക്‌ നിരന്തരം മടങ്ങിവരാന്‍ കൊതിക്കുന്ന എം.ടി യാണത്‌.

മറ്റുചിലപ്പോള്‍, ഞാന്‍ ബാല്യത്തില്‍ കണ്ട കൂടല്ലൂര്‍ പോലെ, അടുത്തായിരുന്നാലും ഒരു മിസ്റ്റിക്ക്‌ കാവ്യാഌഭവം പോലെ എം.ടി. വളരെ അകലെയാണ്‌. പലപ്പോഴും തനിക്കുതന്നെ അന്യനായിത്തീര്‍ന്ന്‌ പ്രച്ഛന്നവേഷം കെട്ടി പകര്‍ന്നാടി മറയുന്ന നാഗരികനായ എം.ടി.യുടെ അപരസ്വത്വമാണത്‌.

ഈ വിധത്തില്‍ ഗ്രാമത്തിലേക്കു തിരിച്ചുവരുന്ന യാത്രകളായും ഗ്രാമത്തില്‍നിന്നകന്നുപോകുന്ന യാത്രകളായും ഓര്‍മ്മകള്‍ എം.ടിയുടെ സാംസ്‌കാരിക സ്വത്വത്തിലന്തര്‍ഭവിച്ചു കിടക്കുന്നു. എവിടെപ്പോകുമ്പോഴും ഈ ഓര്‍മ്മകള്‍ നക്ഷത്രങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരാകാശച്ചെ രിവുപോലെ എം.ടിയോടൊപ്പമുണ്ട്‌. ഓര്‍മ്മകളുടെ ഈ ആരോഹണാവരോഹണ ക്രമം എം.ടിയെന്ന വ്യക്തിയുടെ ആന്തരികലോകത്തെ ബാഹ്യലോകവുമായി ബന്ധപ്പെട്ത്തുന്നതിന്റെ താളക്രമ മാണ്‌. ഈ രചനാതന്ത്രത്തെക്കുറിച്ച്‌ കെ.പി. അപ്പന്‍ ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്നു:

മനസ്സിനെ ഒരു രംഗവേദിയാക്കി മാറ്റിക്കൊണ്ട്‌ എം.ടി കഥാപാത്രത്തെ ഒരേസമയം നടഌം കാണിയുമായി മാറ്റുന്നു. അപ്പോള്‍ ഹിപ്പോക്രസി മഌഷ്യജീവിതത്തിലെ അഗാധമായ ഒരുപിളര്‍പ്പാണെന്ന്‌ നമുക്കു തോന്നില്ല. അത്‌ ആധുനിക മഌഷ്യനില്‍ നിന്ന്‌ വേര്‍പ്പെട്ത്താനാവാത്ത ഭാവമാണെന്ന അഌഭവമാണ്‌ ഉണ്ടാക്കുന്നത്‌. ഹിപ്പോക്രസി ഉള്‍പ്പെടെയുള്ള മഌഷ്യസഹജമായ വികാരങ്ങള്‍ എന്ന്‌ കമ്യു പറഞ്ഞത്‌ ഒരു യഥാര്‍ത്ഥത്തിന്റെ ആലാപനമായി എം.ടി കൃതികളില്‍ നാം കേള്‍ക്കുന്നു. അതിന്റെ നാടകങ്ങള്‍ എം.ടി കൃതികളില്‍ നാം കാണുന്നു. ഇത്‌ കഥയിലെ തത്വ്വശാസ്‌ത്രപരമായ അറിവല്ല. വായനയുടെ സര്‍ങ്ങാളഹക നിമിഷങ്ങളില്‍ നമുക്കുകിട്ടുന്ന വൈകാരികമായ ജ്ഞാനോദയമാണ്‌. കാവ്യളഹകമായ ജ്ഞാനമാണ്‌.

തിരിച്ചറിയല്‍

ഇവിടെ സ്വയം തിരിച്ചറിയലും തന്നില്‍ നിന്നു തന്നെ വേറിട്ടു പോകലുമുണ്ട്‌. പുറത്താക്കപ്പെട്ട എം. ടിയും തിരിച്ചുവരുന്ന എം.ടിയുമുണ്ട്‌. തിരിച്ചുവരാന്‍വേണ്ടി യാത്ര പോവുകയും വ്യവസ്ഥയെ പുനര്‍നിര്‍മിക്കാന്‍ വേണ്ടി വ്യവസ്ഥക്കു പുറത്തുകടക്കുകയും ചെയ്യുന്ന പുരോഗമനേച്ഛുവായ കലാകാരഌണ്ട്‌. അതുകൊണ്ടുതന്നെ നാട്ടിന്‍പുറം നΣകളാല്‍ സമൃദ്ധം മാത്രമല്ല എം.ടിക്ക്‌, കേവലമായ ഗൃഹാതുരതയും നഷ്‌ടമൂല്യ വിചാരങ്ങളുടെ കാല്‌പനിക വിഷാദവുമല്ല. ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവില്‍ നാം പലപ്പോഴും കാണുന്നത്‌ നിഷ്‌കാസിതനായ മഌഷ്യന്‍, നിഷ്‌കാസിതമായ അഌഭവം, നിഷ്‌കാസിതമായ ധര്‍മ്മം, ഒക്കെ തിരിച്ചു വരുന്നതും ആധിപത്യം സ്ഥാപിക്കുന്നതും പഴയ ആധിപത്യത്തെ ചവിട്ടിയാഴ്തുന്നതുമാണ്. നാലുകെട്ടിലെ അപ്പുണ്ണി ഈ അഌഭവമാണ്‌.

അപ്പുണ്ണിയില്‍ എം.ടിയുടെ ആതമാംശം തീരെ കുറവാണെന്ന്‌ പറയാന്‍ പറ്റില്ല. എം.ടി തീരെച്ചെറിയകുട്ടിയായിരുന്ന കാലത്ത്‌ തറവാട്ടിലെ പൊറുതികേടും കിടമത്സരങ്ങളും മൂലം തറവാടു വിട്ടു പോരേണ്ടിവരികയും ചെട്ടിപ്പുര എന്നുവിളിക്കപ്പെട്ടിരുന്ന ഒരു വീട്ടില്‍ വളരെ കഷ്‌ടത നിറഞ്ഞ സാഹചര്യത്തില്‍ കഴിയേണ്ടിവരുകയുമുണ്ടായിട്ടുണ്ട്‌. പിന്നീട്‌ വളരെ വൈകാതെ തന്നെ തറവാട്‌ തിരി ച്ചു പിടിക്കാന്‍ സാധിച്ചു. ഈയൊരഌഭവം പശ്ചാത്തലമായി നിന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ത്തന്നെയും ആ കാലഘട്ടത്തില്‍ കൂടല്ലൂര്‍പോലുള്ള ഒരു ഉള്‍നാട്ടില്‍, മരുമക്കത്തായ – കാര്‍ഷിക -കൂട്ടുകുടുംബവ്യവസ്‌ഥയില്‍ ജീവിച്ച ഏതൊരു കുട്ടിയുടേയും ആത്മകഥയായും നാലുകെട്ട്‌ വായിക്കാം. മരുമക്കത്തായ കൂട്ടു കുടുംബവ്യവസഥയുടെ തകര്‍ച്ച അത്രമാത്രം ക്രൂരവും മഌഷ്യത്വരഹിതവുമായ ജീവിതാവസ്ഥകള്‍ സൃഷ്‌ടിച്ചിരുന്നു. അജ്ഞതയും ദാരിദ്യ്രവും സ്വാര്‍ത്ഥതയും കൂടിചേരുമ്പോള്‍ ഉണ്ടാകുന്ന സാംസ്‌കാരികാധ:പതനത്തിന്റെ ചിത്രം അന്നത്തെ ഗ്രാമ ജീവിത വ്യവസ്ഥയി ല്നിന്നാണ്‌ എം.ടി പിടിച്ചെടുക്കുന്നത്‌.

സ്വത്തിഌവേണ്ടി മരുമകള്‍ ചതിച്ചുകൊന്ന ചാത്തുമ്മാന്‍ കഥയല്ല . തെക്കേപ്പാട്ടു തറവാട്ടിലെ ഒരു പഴയ കേട്ടറിവു ചരിത്രമാണ്‌. രാത്രിയില്‍ മരുമകളുണ്ടാക്കിക്കൊടുത്ത കോഴിയിറച്ചി കഴിച്ച്‌ പടിപ്പുരയില്‍ കിടന്ന്‌ വെള്ളത്തിഌ വേണ്ടി നിലവിളിച്ചുകൊണ്ടു മരിച്ചു. ഇറച്ചിയില്‍ പാഷാണമായിരുന്നു. നിലവിളി കേട്ട്‌ ആരുംപോയില്ല.

മറ്റൊരു കാരണവരായ താശ്ശമ്മാന്‍ മഹാസ്വാര്‍ത്ഥിയായിരുന്നു. നെല്‍ക്കച്ചവടം ചെയ്‌തു ധാരാളം കാശുണ്ടാക്കി . സമ്പാദ്യം ആരും കെക്കലാക്കാതിരിക്കാന്‍ പൊന്നുറുപ്പികളും ആമാടക്കൂട്ടുകളും കുടത്തിലാക്കി കുഴിച്ചിട്ടു. നിധികാക്കുംപോലെ സമ്പാദ്യം കാത്തുകാത്തുകഴിഞ്ഞ്‌ താശ്ശമ്മാനു ഭ്രാന്തായി. ചെപ്പുകുടം കുഴിച്ചിട്ടത്‌ എവിടെയാണെന്നു ഓര്‍മ്മയില്ലാതായി.പിന്നെ കന്മഴു ചുമലില്‍ വച്ച്‌ നിലം മുഴുവന്‍ കൊത്തിയും കിളച്ചും നടന്നു നടന്നു മരി ച്ചു.

പടിപ്പുരയില്‍ നിന്നും പാതിരാക്ക്‌ ദാഹം സഹിക്കാതെ, മരണവേദനയോടെ ചാത്തുമ്മാന്‍ നിലവിളിക്കുന്നതും രാത്രിയില്‍ താശ്ശമ്മാന്റെ കണ്മഴു വലിയ ശബ്‌ദത്തോടെ നിലത്തുവീണുകൊണ്ടിരിക്കുന്നതും കേട്ട്‌ ഉറങ്ങാതെ കിടക്കേണ്ടിവരുന്ന ബാല്യം പീഡിപ്പിക്കുന്ന ഒരോര്‍മ്മയാണ്‌.

ജീര്‍ണ്ണിച്ചു കഴിഞ്ഞ ഒരു വ്യവസ്ഥയുടെ പൂര്‍വ്വ പാപപ്രതീകങ്ങളായ ഈ പ്രതാളഹാക്കള്‍ക്കു പുറമെ അന്ധവിശ്വാസങ്ങളുടെയും ഗോത്രാചാരങ്ങളുടേയും ശേഷിപ്പുകലായ ആഭിചാര നിഷ്‌ഠമായ കുറെ കറുത്ത സൌന്ദര്യങ്ങളും ഗ്രാമസ്‌മൃതികളില്‍ ബാക്കിയായിരുന്നു. കുട്ടിയായിരുന്ന എം. ടിക്ക്‌ ആ സൗന്ദര്യങ്ങളത്രയും ഭയപ്പെടുത്തുന്ന തമസ്സിന്റെ ക്രൂരശക്തികളായിരുന്നു.

ഒടിമന്ത്രം പഠിച്ചുകഴിഞ്ഞാല്‍ ഒടിയന്‍ രാത്രി വീടിഌപുറത്തുവന്നു നില്‍ക്കുന്നു. അവന്‍ ജപിക്കാന്‍ തുടങ്ങിയാല്‍ അകത്തെ കടിഞ്ഞൂല്‍ ഗര്‍ഭമുള്ള സ്‌ത്രീ തനിയെ എഴുന്നേറ്റു വാതില്‍ തുറന്നുപുറത്തുപോ കും.ഒച്ചയുണ്ടാ ക്കാതെ വയര്‍കീറി ഗര്‍ഭത്തിലെ കുഞ്ഞിനെ പറയന്‍ പുറത്തെടുക്കും. വയര്‍ തുന്നിക്കെട്ടും. സ്‌ത്രീ അറിയില്ല. അവള്‍ പഴയതുപോലെ ഒച്ചയുണ്ടാക്കാതെ അകത്തു വന്നുകിടക്കും രാവിലെ നോക്കുമ്പോള്‍ സ്‌ത്രീ മരിച്ചുകിടക്കുന്നുണ്ടാകും. ആര്‍ക്കും കാരണം അറിയില്ല. എല്ലുറക്കാത്ത കുഞ്ഞിനെ കൊണ്ടാണ്‌ മരുന്നുണ്ടാക്കുന്നത്‌ . (കഥ -ഒടിയന്‍).

ഗ്രാമത്തില്‍ പറയന്‍ കണ്ടങ്കാളിയും പാണന്‍ ഉണ്ണിപ്പെരേഌം ഒടിയന്‍മാരായിരുന്നു. പാണന്‍ ഉണ്ണിപ്പെരേനെ അവന്റെ ഒടിവിദ്യ സഹിക്കവയ്യാതായപ്പോള്‍ ആളുകള്‍ ചേര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ കുന്നിന്‍പുറത്തിട്ടു തല്ലിക്കൊന്നു കുഴിച്ചിട്ടു എന്നാണു കഥ. അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ പാണനേയും പറയനേയും ചെറുമനേയും പുലയനേയുമൊന്നും സവര്‍ണ്ണര്‍ തല്ലിയാലും കൊന്നാലും ചോദ്യമില്ല, തേര്‍ച്ചയില്ല, ശിക്ഷയുമില്ല. അതിനെതിരെ അതിജീവനശക്തിയായി അവര്‍കൊണ്ടുനടന്ന ഒരേയൊരു ഗോത്രബലമായിരുന്നു ഒടിവിദ്യയെക്കുറിച്ച് പ്രചരിച്ചിരുന്ന ഭയപ്പെടുത്തുന്ന കറുത്ത കഥകള്‍.

ഒടിയന്റെ കഥ

ഒടിയന്‍ എന്ന കഥയുടെ അവസാനത്തില്‍ മുഷിഞ്ഞു കീറിയ തുണിപുതച്ച്‌ ചുകന്ന പല്ലുകാണിച്ച്‌ ചിരിച്ചുകൊണ്ട്‌ വളഞ്ഞു കുത്തി നില്‍ക്കുന്ന കണ്ടങ്കാളി എന്ന ഒടിയന്റെ ദയനീയമായ മഌഷ്യ ചിത്രമുണ്ട്‌.

“വല്ല്യമ്പിരാട്ടീന്റെ കൊയമ്പ്‌ ഒരു തുള്ളി കണ്ടങ്കാളിക്ക്‌ നാളെ കൊണ്ടന്ന്വേരണം . ഇന്നലെന്ത്യേ കണ്ട ങ്കാള്യേ കൊട്ടാത്തത്‌ ? മേന്യനക്കാന്‍ വയ്യാണ്ട്‌ കെടക്കേര്‌ന്ന്‌…… ചെറ്യമ്പിരാ, അട്യേന്റെ തെറ്റന്ന്യാ വല്യമ്പിരാന്‍ മ്മിണി തച്ചു….”

ഒടിയനമാരെപ്പറ്റി കൂടല്ലൂരില്‍ ഒരുപാട്‌ കഥകളുണ്ട്‌. ഈ കഥകളളെല്ലാം ഗ്രാമീണര്‍ ചരിത്ര യാഥാര്‍ത്ഥ്യമായിത്തന്നെ കൊണ്ടുനടന്നിരുന്നതാണ്‌.

പലരൂപത്തിലും വരാനറിയാം ഒടിയനമാര്‍ക്ക്‌. തോട്ടുങ്ങല്‍ ശങ്കരന്‍നായരെ ഒടീച്ചു കൊന്നത്‌ കാളയായിട്ടാണ്‌. ശങ്കരന്‍നായര്‍ രാത്രി പീടികപൂട്ടി പോവുകയായിരുന്നു. നല്ല നിലാവ്‌. വരമ്പത്ത്‌ നല്ല ഒരുകാളയുണ്ട്‌ നില്‍ക്കുന്നു. അടുത്തുചെന്നിട്ടും അതന ങ്ങിയില്ല. അപ്പോഴാണ്‌ കാര്യം മനസ്സിലായത്‌. മൂന്നു കാലേയുള്ളൂ കാളക്ക്‌(ഒടിയന്‍ വേഷംപകര്‍ന്നാല്‍ ഏതെങ്കിലും ഒരംഗം കുറവാവും എന്നാണ്‌ വിശ്വാസം. ശങ്കരന്‍ നായര്‍ നിലവിളിച്ചു താഴെവീണു. പിന്നെ ഒന്നും ഓര്‍മ്മയില്ല. വീട്ടിലെത്തിക്കാണാത്തതുകൊണ്ട്‌ മരുമക്കള്‍ തിരഞ്ഞുവന്നപ്പോള്‍ വരമ്പത്തുകിടക്കുകയാണ്‌. കരുവാളിച്ച്‌…. മൂക്കില്‍നിന്ന്‌ ചോരയൊഴുകി….

നല്ല ധൈര്യമുള്ളവര്‍ക്ക്‌ ഒടിയനെ ഭയപ്പാടൊനില്ലെന്നും ഒടിയന്‍ ശത്രുക്കളെ മാത്രമേ ഒടിക്കൂ എന്നുമുണ്ട്‌ കഥ.

പടിക്കപ്പറമ്പില്‍ അച്യുതന്‍ നായര്‍ ഒടിയനെ കണ്ടതാണ്‌. അയാള്‍ തനിച്ചായിരുന്നു. ആരിയമ്പാടത്തെ കൂത്തുകണ്ടു വരികയായിരുന്നു.വഴിക്ക്‌ കൈതപ്പോന്തയുടെ അടുത്തായി ഒരുകൂറ്റന്‍ നില്‍ക്കുന്നു. കൂറ്റന്‌ വാലില്ല. അച്യുതന്‍നായര്‍ക്ക്‌ നല്ല ധൈര്യമുണ്ടായിരുന്നു. ഒരൊറ്റച്ചോദ്യം: ഉണ്ണിപ്പെരനോ കണ്ടങ്കാള്യോ ?. കൂറ്റന്‍ അനങ്ങിയില്ല. സത്യമുള്ള കരുവാണെങ്കില്‍ വഴി മാറട്ടെ എന്നുപറഞ്ഞ്‌ അച്യുതന്‍നായര്‍ ഒരടി മുന്നോട്ടുവച്ചതും കൂറ്റന്‍ മുക്രയിട്ട്‌ ഒരോട്ടം.അയാള്‍ തിരിഞ്ഞുനോക്കിയില്ല.(തിരിഞ്ഞുനോക്കിയാല്‍ അതോടെ കഥകഴിഞ്ഞു എന്നാണ്‌ കഥ )

എരോമന്‍ നായര്‍ ഗ്രാമത്തിലെ കേള്‍വികേട്ട മന്ത്രവാദിയായിരുന്നു. ഒരുനിറകൊണ്ട പാതിരയ്‌ക്ക്‌ അയാള്‍ ഒരു വെലിക്കളയലും കഴിഞ്ഞുവരുമ്പോള്‍ വഴിയില്‍ പശുക്കുട്ടിയോളം പോന്ന ഒരു നായ നില്‍ക്കുന്നു. എരോമന്‍ നായര്‍ക്ക്‌ ഉടനെ കാര്യം മനസ്സിലായി. തന്റെ ശത്രുക്കളയായ മന്ത്രവാദികളാരോ ഒടിയനെ അയച്ചതാണ്‌.

ആ ജന്തു എരോമന്‍ നായരെ നോക്കി ക്രൂരമായി മുരണ്ടു. മന്ത്രവാദി എഴുത്താണിയെടുത്ത്‌ കൈയില്‍േ ചക്രം വരച്ചു. ജപിച്ചു. ഒന്നുമറിയാത്തതു പോലെ നടന്നു. നായ പിന്നാലെ വാലാട്ടി വന്നു. ചുട്ടകോഴിയെ പറപ്പിച്ച മന്ത്രവാദിയായിരുന്നു എരോമന്‍നായര്‍.

വീട്ടിലെത്തി നായയെ തൂണില്‍ പിടിച്ചു കെട്ടിയിട്ട്‌ രാവിലെ ആളുകളെ വിളിച്ചുവരുത്തി, എല്ലാവരും കാണ്‍കെ നായയെ വെള്ളത്തില്‍ മുക്കി. ചെവി മുങ്ങിയപ്പോള്‍ നായയുടെ സ്ഥാനത്ത്‌ പറയന്‍ നില്‍ക്കുന്നു! അവനെ ചട്ടുകം പഴുപ്പിച്ച്‌ ചൂടുവച്ചു.മേലില്‍ ഒടിക്കില്ലെന്നു സത്യംചെയ്യിച്ചുവിട്ടു.

ചെവിയിലാണ്‌ ഒടി മറിയാഌള്ള മരുന്നുവെയ്‌ക്കുക. അതു നനഞ്ഞാല്‍ പൂര്‍വ്വരൂപം തിരിച്ചുവരും എന്നകഥയിലാണ്‌ ചെവിമുങ്ങിയപ്പോള്‍ പറയന്റെ പഴയ രൂപം കിട്ടിയതിന്റെ രഹസ്യമിരിക്കുന്നത്‌.

ഈ കഥകള്‍ കേട്ട്‌ ഉറക്കം വരാതെ കിടന്ന പാതിരാവുകളി ല്ത്തന്നെയാണ്‌ ഇരുള്‍മൂടിയ കോണിച്ചുവട്ടില്‍ പറഞ്ഞറിയിക്കാനാവാത്ത മധുര നൊമ്പരമായി കുപ്പിവളകള്‍ ചിരിച്ചുടഞ്ഞത്‌. അമ്മിണിയേട്ടത്തിയുടെ ചോരപൊടിഞ്ഞ പ്രണയക്കിനാവുകള്‍! , സുമിത്രയുടെ നിശ്വാസങ്ങള്‍! , തങ്കമണിയുടെ നേര്‍ത്ത മന്ദഹാസം!

പേരുകള്‍ പലതാണെങ്കിലും പാപചിന്ത തീണ്ടാത്ത ആ ഏകാന്ത പ്രണയങ്ങളുടെ വികാരങ്ങള്‍ ലോകത്ത്‌ കൗമാരപ്രായക്കാര്‍ ബാക്കിയാവുന്ന കാലംവരെ നിലനില്‍ക്കുന്നവയാണ്‌.

മുറ്റത്തുനിന്നും അടിച്ചുകയറിയ കാറ്റില്‍ ചിമ്മിനി കെട്ടു. ഇരുട്ടില്‍ സേതു നീങ്ങിയിരുന്നു. തൊട്ടടുത്ത്‌ സുമിത്ര. കുപ്പിവളയിട്ട കൈത്തണ്ടയില്‍ തൊടണമെന്നു തോന്നി. വാരസോപ്പിട്ടുതിരുമ്പിയ ഞ്ഞൗസിന്റെയും മുണ്ടിന്റെയും നേര്‍ത്തമണം. സുമിത്ര സംസാരിച്ചിരുന്നു. സേതു കേട്ടില്ല. അസ്വസ്ഥനായി ഭയപ്പാടോടെ ഇരിക്കുമ്പോള്‍ അഗ്ഗുതം തോന്നി. സുമിത്ര എത്ര അകലെയാണ്‌!.

അവസാനം ധൈര്യം ഒഴുകിയെത്തിയ ഒരു നിമിഷത്തില്‍ സുമിത്രയുടെ വിരലുകള്‍ പിടിച്ചു.അവള്‍ കൈകുടഞ്ഞു ശകാരിച്ച്‌ എഴുന്നേറ്റുപോകുമെന്നു ഭയന്നിരിക്കെ സുമിത്ര ചിരിച്ചു. മോതിരം ഇരുമ്പിന്റ്യാണു കുട്ട്യേ, ചെട്ടിച്ചിവന്നപ്പോ വാങ്ങീതാ

വിരലുകള്‍ വിടാതെ സേതു ചിരിക്കാന്‍ ശ്രമിച്ചു.

മറ്റൊരു രംഗത്തില്‍ അവിടെ അച്ഛന്റെ വീട്ടില്‍ വിരുന്നു വന്ന പുഷ്‌പോത്തെ തങ്കമണിയാണ്‌. ലോകം മുഴുവന്‍ എതിര്‍ത്താലും തങ്കമണിയെ പുഷ്‌പോത്തെ വീട്ടില്‍നിന്നു പിടിച്ചിറക്കിക്കൊണ്ടുവരും എന്നുതോന്നിയ നിമിഷ ങ്ങള്‍.

ഇതെന്റെ ദേവാലയമാണ്‌. ഇവിടെ ആരാധകന്‍ മാത്രമാണു ഞാന്‍. ചന്ദന സോപ്പിന്റെ മണമുള്ള അവളുടെ കവിളിലും കഴുത്തിലും മൃദുവായി ചുണ്ടുകളമര്‍ത്തി. പേടിയില്ലേ?. എന്തിന്‌? അമ്മയെണീയ്‌ക്കില്ലേ?. ഉം…,ഉം….. ., അവള്‍ മന്ദഹസിക്കുന്നത്‌ ആ മങ്ങിയ ഇരുട്ടിലും കാണാമായിരുന്നു.

സുമിത്ര ഗ്രാമത്തില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്‌. കുറച്ചുദൂരെ ഒരു നഗരത്തില്‍ തങ്കമണിയും. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഈ നിഷ്‌ക്കളങ്ക ഗ്രാമീണ പ്രണയങ്ങളുടെ ജീവിത സായാന്‌ഹത്തിലേക്ക്‌ ഇനി പഴയ കഥകള്‍ തിരഞ്ഞുചെല്ലുന്നതില്‍ ഔചിത്യമില്ല. കഥാകാരന്‍ തന്നെ ഇങ്ങനെ ഏറ്റു പറഞ്ഞുകൊണ്ട്‌ ആ പ്രണയപുസ്‌തകങ്ങള്‍ അടച്ചുവെച്ചിരിക്കുന്നു.

സുമിത്രയെ ഒരു നിഴലായി വിദൂര കൗമാരത്തിലെവിടെയോ കാണാം. അവരൊക്കെ ജീവിച്ചിരിക്കുന്നത്‌ കൊണ്ട്‌ വിസ്‌തരിക്കാന്‍ പ്രയാസം.

പകിടകളി

പകിട കളിക്കാരന്‍ കോന്തുണ്ണിനായര്‍ എം.ടിയുടെ സ്വന്തം അമ്മാമനായിരുന്നു. കേള്‍വികേട്ട പകിട കളിക്കാര്‍ കൂടല്ലൂരില്‍ പലരുമുണ്ടായിരുന്നെങ്കിലും പകിടകളിക്കാരുടെ രാജ എന്നുപറയാന്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ. അത്‌ കോന്തുണ്ണി നായരായിരുന്നു . കോന്തുണ്ണിനായരുടെ നേതൃത്വത്തില്‍ കൂടല്ലൂര്‍ക്കാര്‍ പൊന്നാനിയിലും ചമ്രവട്ടത്തും പട്ടാമ്പിയിലും തൃത്താലയിലും ഷൊര്‍ണ്ണൂരും കവളപ്പാറയിലുമൊക്കെ പോയി പകിട കളിച്ചു ജയിച്ചുവന്നിട്ടുണ്ട്‌. പകിടയില്‍ തോറ്റ ചരിത്രമില്ലാത്ത ആളായിരുന്നു കോന്തുണ്ണിനായര്‍. കൂടല്ലൂരില്‍ ഇപ്പോഴും പകിടകളിക്കാരുണ്ട്‌.

ഒരിക്കല്‍ കൂടല്ലൂരില്‍ പുഴക്കരെ വാശിയേറിയ ഒരു മത്സരം നടക്കുന്നു. കൂടല്ലൂര്‍ക്കാരെ അവിടെച്ചെന്നു തോല്‍പിക്കും എന്നു വാശി പറഞ്ഞു വന്നിരിക്കുകയാണ്‌ അക്കരെക്കാര്‍. വാതുപിടിച്ചും വാശികയറ്റിയും കളിക്ക മ്പക്കാരനവധി ചുറ്റും നിരന്നിട്ടുണ്ട്‌. അക്കരെക്കാരും ഇക്കരെക്കാരുമായ നാട്ടുകാര്‍ വാശിമൂത്ത്‌ ഏതാണ്ടൊരു സംഘര്‍ഷത്തിന്റെവക്കിലാണ്‌. നിര്‍ണ്ണായക ഘട്ടമാണ്‌. ഒരീരാറു പന്ത്രണ്ടു വീണാല്‍ കൂടല്ലൂര്‍ക്കാര്‍ ജയിക്കും.അല്ലാത്തപക്ഷം നാടിന്റെ മാനം പോയതുതന്നെ. കോന്തുണ്ണിനായരാണ്‌ പകിടയെറിയുന്നത്‌. പകിടതിരുമ്മി എഴുന്നേറ്റ്‌ നാലഞ്ചടി പിന്നോട്ട്‌ നടന്ന്‌ ധ്യാനിച്ച്‌ തിരിച്ചുവന്ന വേഗത്തില്‍ ഒരൊറ്റ ഏറാണ്‌ പകിട. രണ്ടും രൂപം തിരിയാത്ത വേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിന്നു.ശ്വാസമടക്കി എല്ലാവരും നോക്കിനില്‍ക്കെ ആദ്യത്തെകരു തിരിഞ്ഞ്‌ എണ്ണംമൂന്നായി നിന്നു. അതോടെ അക്കരെക്കാര്‍ കൂവിയാര്‍ത്തുതുടങ്ങി. ഇതില്‍ കേന്തുണ്ണിനായര്‍ക്കുപിഴച്ചല്ലോ എന്ന്‌. കൂടല്ലൂര്‍ക്കാര്‍ അപമാനവും വേദനയും കൊണ്ട്‌ താഴ്‌ന്ന ശിരസ്സോടെ ആത്മഗതം ചെയ്‌തു. രണ്ടാമത്തെ പകിട അപ്പോഴും തിരിഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ കോന്തുണ്ണിനായര്‍ എഴുന്നേറ്റ്‌ അക്കരെ  കൊടിക്കുന്നത്ത്‌ കാവിന്റെ നടയ്‌ക്കുനേരെ നോക്കി നെഞ്ചത്തൊരൊറ്റ അടിയടിച്ചു.

“ഓ ന്റെ ഒരുമ്പട്ടോളെ നീയെന്നെ ചതിച്ചോ” കൊടിക്കുന്നത്തമ്മയോടായിരുന്നു നെഞ്ചുപൊട്ടിയ ആ ചോദ്യം. അടുത്തനിമിഷം തരിഞ്ഞു കൊണ്ടിരുന്ന പകിട ഒന്നു ദിശമാറിത്തിരിഞ്ഞ്‌ മറ്റേപകിടമേല്‍ ചെന്നുമുട്ടി അതിനെ മറിച്ചിട്ടു. അപ്പോള്‍ ആ കരുവിന്റെ എണ്ണം ആറായി . പിന്നെ മറ്റേ പകിടയും ആറില്‍തന്നെ ചെന്നുനിന്നു.

ഈരാറുപന്ത്രണ്ട്‌ എന്നാര്‍പ്പ് വിളിച്ച്‌ കൂടല്ലൂര്‍ക്കാര്‍ പുഴക്കരെ നൃത്തം വച്ചു. അക്കരെക്കാര്‍ക്ക്‌ തലതാഴ്‌ത്തി പുഴകടക്കേണ്ടി വന്നു.

ഈ പരാജയത്തിഌ പകരം വീട്ടാന്‍ പിന്നീടൊരിക്കല്‍ കൊടിക്കുന്നത്തുകാര്‍ കൂടല്ലൂര്‍ക്കാരെ അങ്ങോട്ടു കളിക്കു ക്ഷണിച്ചു കൊടിക്കുന്നത്തു നടയ്‌ക്കലാണു കളി. ആ നടയ്‌ക്കല്‍ കൊടിക്കുന്നത്തുകാരും കൂടല്ലൂര്‍കാരും തമ്മില്‍ കളിച്ചാല്‍ കൊടിക്കുന്നത്തമ്മ കൂടല്ലൂര്‍ക്കാരുടെ കൂടെ നില്‍ക്കില്ല എന്ന വിശ്വാസമായിരുന്നു അക്കരെക്കാരുടെ ധൈര്യം.

കോന്തുണ്ണി നായര്‍ക്കും  അക്കാര്യം ബോദ്ധ്യമുണ്ടായിരുന്നു. എങ്കിലും അവിടെച്ചെന്ന്‌ തോറ്റുപോരാന്‍ അഭിമാനിയായ അയാളുടെ മനഌവദിച്ചില്ല. ആരുമറിയാതെ കോന്തുണ്ണിനായര്‍ ഒരു സൂത്രവഴി ആലോചിച്ചു.

കോട്ടപ്പുറം  തങ്ങളെച്ചെന്നുകണ്ട്‌ കോന്തുണ്ണി നായര്‍ വിവരങ്ങളൊക്കെ പറ ഞ്ഞു. കൊടിക്കുന്നത്ത്‌ ചെന്ന്‌ നാണംകെട്ടു പോരാതിരിക്കാന്‍ ഒരു രക്ഷ ചെയ്‌തുതരണം എന്നപേക്ഷിച്ചു. എല്ലാം കേട്ട്‌ കോട്ടപ്പുറം തങ്ങള്‍ചിരിച്ചുകൊണ്ട്‌ പറഞ്ഞു: ആ മൂപ്പത്തി ഇരിയ്‌ക്കണോടത്ത്‌ ഞമ്മടെ ഒരു രക്ഷയ്‌ക്കും വെലല്യ നായരേ. ചെന്ന്‌ മൂപ്പത്ത്യാര്‌ തര്‌ ണതെന്താച്ചാ മേങ്ങിപോന്നോളീ.

അതോടെ കോന്തുണ്ണിനായര്‍ ആ കളിയ്‌ക്കേ പോവേണ്ടന്നു വച്ചു എന്നാണു കഥ. കോന്തുണ്ണി നായരെ കച്ചവടത്തില്‍ പങ്കുകാരനായിരുന്ന സെയ്‌താലിക്കുട്ടി പങ്കുലാഭം മോഹിച്ച്‌ ചതിച്ചു കൊന്നു എന്നാണ്‌ നാലുകെട്ടിലെ കഥ.

എന്നാല്‍ നാട്ടുകാര്‍ പറയുന്ന കഥ മറ്റൊന്നാണ്‌, കോന്തുണ്ണി നായര്‍ക്ക്‌ സ്‌ത്രീ വിഷയത്തില്‍ ചില ദുര്‍ നടപ്പുകളുണ്ടായിരുന്നു. സെയ്‌താലിക്കുട്ടിയുടെ കുടുംബക്കാരായ മുതലാളിമാരുടെ ആരുടേയോവീട്ടില്‍ അത്തരത്തിലൊരു ബന്ധം കോന്തുണ്ണി നായര്‍ വച്ചുപുലര്‍ത്തിയിരുന്നു. അതു പുറത്തറിയാതിരിക്കാനാണത്ര മുതലാളിമാരുടെ ഒത്താശയോടുകൂടി സെയ്‌താലിക്കുട്ടി വിരുന്നു സല്‍ക്കാരത്തിനിടയില്‍ ഭക്ഷണത്തി ല്‍ വിഷം ചേര്‍ത്തു കൊടുത്ത്‌ കോന്തുണ്ണിനായരെ കൊന്നത്‌. കുറേക്കാലം പോലീസ്‌ കേസും അന്വേഷണവുമൊക്കെ നടന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. പക്ഷേ, കുറ്റം തെളിയിക്കപ്പെട്ടില്ല.

അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയും എം.ടിയുടെ ഒരമ്മാമന്‍ തന്നെയായിരുന്നു. ഗോവിന്ദന്‍ കുട്ടി എന്ന പേരില്‍ തന്നെയായിരുന്നു ജീവിച്ചിരുന്നതെങ്കിലും അയാള്‍ അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയെപ്പോലെ വിധി ഇട്ടു തട്ടിക്കളിച്ച നിസ്സാഹായനായ നല്ല മഌഷ്യനായിരുന്നില്ല. കളവും തെമ്മാടിത്തരവുമായി തന്നിഷ്‌ടം പോലെ ജീവിച്ച ആളായിരുന്നു. അയാള്‍ മതം മാറി ഇസ്ലാമായി. പിന്നീട്‌ ഹിന്ദുവായി തിരിച്ചു വന്നു. കിഴക്കുമുറിയുടെ ജീവിത്തി ല്‍ ചില ഞെട്ടലുകള്‍ മാത്രം സൃഷ്‌ടിച്ചു കടന്നുപോയ ആ ജീവി തത്തെ അസാധാരണമായ ഒരു ചരിത്ര ചാലക സമസ്യയാക്കിത്തീര്‍ത്ത്‌ അതിഌള്ളില്‍ അസാമാന്യമായ കൈയൊതുക്കത്തോടെ മാനവികതയുടെ ഒരു മഹാപാഠം സന്നിവേശിപ്പിച്ചിരി ക്കുകയാണ്‌. അസുരവിത്തില്‍ എം.ടി. ഇപ്പോള്‍ വായിക്കുമ്പോഴും വ്യക്തികളുടെയും സമൂഹത്തിന്റെയും ഇന്നത്തെ ജീവിതസങ്കീര്‍ണതകളില്‍ അനേകതലങ്ങളില്‍ പ്രസക്തമായ കൃതിയാണത്‌.

ഗോവിന്ദന്‍ കുട്ടിയായിരുന്ന കാലത്ത്‌ അവനെ പിതാവിഌ തുല്യം സ്‌നേഹിക്കുകയും അവഌ നീതി കിട്ടാന്‍വേണ്ടി സ്വജീവന്‍ തൃണവല്‍ഗണിച്ചു പോരാടുകയും അതിന്റെ പേരില്‍ സ്വസമുദായത്തില്‍ ഒറ്റപ്പെടുകയും ചെയ്‌ത കുഞ്ഞരക്കാര്‍ അവന്‍ മതംമാറി അബ്‌ദുള്ളയായി വന്നപ്പോള്‍ പറയുന്നതുകേള്‍ക്കുക:

ഇപ്പോവന്നേന്‌ ഒന്നും പറേണ്‌ല്ല. നാളേന്നല്ല ഒരിയ്‌ക്കലും ബരണ്ടിനി .കേക്ക്‌ണ്‌ണ്ടോ, ഞമ്മടെ പടിയ്‌ക്ക കത്ത്‌ചവുട്ട്യാ കുഞ്ഞരയ്‌ക്കാരടെ കളി മാറും.

മതത്തിഌവേണ്ടി ആയുധമെടുക്കാഌം തല്ലാഌം കൊല്ലാഌം പോവാതെ ഏതുമതക്കാരനായാലും നീതി നിഷേധിക്കപ്പെടെുന്നവഌ വേണ്ടി പോരാടാന്‍ ശീലിച്ച ഒരുതനിനാടന്‍ മുസല്‍മാനാണ്‌ കുഞ്ഞരക്കാര്‍ ഇപ്പഹേര്‌ തല്ലുംവക്കാണും തുടങ്ങട്ടെ. മൊതലാളിക്ക്‌ കായിണ്ട്‌. ശേഖരന്‍നായര്‍ക്കും കായിണ്ട്‌. കേസും കൂട്ടൂം നടത്ത്‌ണ്‌ ഓലക്ക്‌ പതിനഞ്ച്വായീം പുലീം കളിയ്‌ക്കണ ശേലേള്ള്‌ . ചങ്കും പൊങ്കും ല്ല്യാത്ത കൊറേ…ഇസ്ലാമീങ്ങളുണ്ട്‌. തല്ലാന്‍ കൊറേ ഹിന്തുക്കളും ത്‌ഫൂ…. . കുഞ്ഞരയ്‌ക്കാര്‍ ഇങ്ങനെ കാര്‍ക്കിച്ചുതുപ്പ്ന്നത്‌ നമ്മുടെ മുഖത്തേയ്‌ക്കു തന്നെയാണ്‌. ഇന്നും മാറാടുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍  ലജ്ജിക്കാന്‍ പോലും മറന്നുപോയ സമൂഹ മനസാക്ഷിയുടെ വികൃത മുഖത്തേയ്‌ക്ക്‌.കുഞ്ഞരയ്‌ക്കാര്‍ ഓര്‍ക്കുന്നുണ്ട്‌:

ലഹളക്കാലത്ത്‌ ഒരു വാക്കേറ്റം കൂടി നടക്കാത്ത സ്ഥലമായിരുന്നു ഇത്‌. അന്ന്‌ മക്കത്തുപോയ വലിയ മുതലാളി വയസ്സ്  ചെന്നു കിടപ്പിലായിരുന്നു. ലഹളയുടെ വിവരങ്ങള്‍ അടുത്തടുത്തു കേട്ടുതുടങ്ങി. ഹിന്ദുക്കള്‍ പലരും ഒഴിഞ്ഞുപോണോ എന്നു സംശയിച്ചു നില്‍ക്കുമ്പോള്‍ മുതലാളി പറഞ്ഞു: ആരും പോണ്ട.ഞമ്മള്‌ പടച്ചോന്റെ വേണ്ട്‌കണ്ടായിട്ട്‌ കണ്ണടയ്‌ക്കാണ്ട്‌ ഇരിയ്‌ക്ക്‌ണ്‌ണ്ടെങ്കി ഒറ്റ മാപ്ലീം ഒരു ഹിന്ദൂനെ തൊടൂല . മൂപ്പര്‌ ഒരാണേര്‌ന്ന്‌.

ഈ വലിയമുതലാളിയുടെ ചിത്രത്തില്‍ കൂടല്ലൂരിലെ ദേശീയമുസ്ലിങ്ങലായിരുന്ന കൂടല്ലൂര്‍ കുഞ്ഞഹമ്മദ്‌ സാഹിബിന്റെയും പള്ളിമഞാലില്‍ കുഞ്ഞരക്കാര്‍ മുതലാളിയുടേയും പള്ളിമഞ്ഞാലില്‍ അബ്‌ദുള്ളക്കുട്ടി യുമൊക്കെ മായാത്ത ചിത്രങ്ങള്‍ എം.ടി. പതിപ്പിച്ചു വെച്ചിട്ടുണ്ട്‌. ഒടുവില്‍ കോളറ എന്ന മഹാമാരിയില്‍ ജാതിയും മതവും വര്‍ണ്ണവും വര്‍ങ്ങവും ലിംഗവും ഭേദമില്ലാതെ മരണം സമത്വം വിതച്ചപ്പോള്‍ അസുരവിത്തായ ഗോവിന്ദന്‍ കുട്ടി യഥാര്‍ത്ഥ മഌഷ്യവിത്തായി മാറുകയാണ്‌. ശവങ്ങള്‍ക്ക്‌ അവന്റെ സേവനം ആവശ്യമുണ്ടായിരുന്നു.

മഌഷ്യനെ പലപല കണ്ണീര്‍പ്പാടങ്ങളില്‍കൂടി, മഹായുദ്ധങ്ങളില്‍കൂടി, ദുരന്തങ്ങളില്‍ക്കൂടി ദാരിദ്യ്രത്തില്‍ ക്കൂടി, ആശ്വസിപ്പിച്ചും ശുദ്ധീകരിച്ചും കൊണ്ടു പോകുന്ന ഈ സവിശേഷ കലാവിദ്യ എം.ടി സാഹിത്യത്തിലെ യഥാര്‍ത്ഥ ചരിത്ര സൌന്ദര്യമാണ്. മഌഷ്യന്റെ ഏതു സങ്കീര്‍ണ്ണതയെയും ഏതു വൈരൂപ്യത്തേയും ഈ ജീവകല സൌന്ദര്യമാകി തീര്‍ക്കുന്നു .

കൂടല്ലൂരിന്റെ ജൈവപരിതസ്ഥിതിയുടെ ഓരോ രോമ കൂപത്തേയും എം.ടി യുടെ രചനകള്‍ സ്‌പര്‍ശിച്ചിട്ടുണ്ട്‌. ഇവിടുത്തെ പുഴ, കുളങ്ങള്‍, തോടുകള്‍, കൃഷിനിലങ്ങള്‍, വിത്തുകള്‍, കൃഷിരീതികള്‍, നാടന്‍ തേക്കു സമ്പ്രദായങ്ങള്‍ തുടങ്ങിയവയെപ്പറ്റിയൊക്കെ ഒരു ഗ്രാമീണ കൃഷിക്കാരനോ കൃഷിശാസ്‌ത്രജ്ഞനോ പറയാന്‍ പറ്റുന്നതിനേക്കാള്‍ വിശദമായി അസുരവിത്തിലും മറ്റും എം.ടി വര്‍ണ്ണിച്ചിരിക്കുന്നതു കാണാം. പാലത്തറച്ചന്തയും കൊളമുക്ക്‌ താപ്പും പോലുള്ള പഴക്കമുള്ള ഗ്രാമച്ചന്തകളിലെ വാണിജ്യ വിനിമയ ജ്ഞാനങ്ങളും കഥകളോടൊപ്പം  വായിക്കാം. കാര്‍ഷികജീവിതം, വാണിജ്യവികാസം, നാടോടി വിജഞാനം, സാംകാരിക നരവംശശാസ്‌ ത്രം, ആചാരങ്ങള്‍, അഌഷ്‌ഠാനങ്ങള്‍, ജന്മിത്തം, നമ്പൂതിരി ജീവിതം, ക്ലാസിക്കല്‍ കലകള്‍, ക്ഷേത്രങ്ങള്‍, നായര്‍തറവാടുകളിലെ മരുമക്കത്തായ കൂട്ടു കുടുംബവ്യവസ്ഥകള്‍, നാട്ടറിവുകള്‍, അടിയാള ജീവിതത്തിന്റെ നാനാവിധങ്ങളായ തനിമകള്‍, കാവുകള്‍, വേലപൂരങ്ങള്‍, നാടോടിക്കലകള്‍, മാപ്പിള ജീവിതത്തിന്റെ തനിമകള്‍,നേര്‍ച്ച കള്‍, ജാറങ്ങള്‍,സമൂഹവിജ്ഞാനം, ദേശ ചരിത്രം തുടങ്ങിയ ഒരു ഗ്രാമത്തെ സ്‌പര്‍ശിച്ചു പോവുന്ന കാലബദ്ധമായ ജ്ഞാനപ്രവാഹങ്ങളെ മുഴുവന്‍ എം.ടി തന്റെ രചനകളുടെ അന്തര്‍ബലമാകി മാറ്റിയിട്ടുണ്ട്‌. ഇവയൊന്നും എം.ടി സാഹിത്യത്തില്‍ വേവാതെ കിടക്കുന്ന കേവല ജ്ഞാന പ്രകടനമല്ല.രചനയുടെ ജൈവസ്വരൂപത്തിലുള്‍ച്ചേര്‍ന്നു കിടക്കുന്ന സമഗ്രഭാവ സൌന്ദര്യമാണ്. ചുറ്റുപാടുകളെ ഇത്രമാത്രം ആഴത്തില്‍ സൂക്ഷമനിരീക്ഷണംനടത്തുന്ന എഴുത്തുകാര്‍ എം.ടിയെപ്പോലെ നമുക്കു വേറെ ഇല്ല എന്നു തന്നെ പറയാം. നിരീക്ഷിച്ചറിഞ്ഞ ഈ യാഥര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ സങ്കല്‌പങ്ങളിലേക്ക്  സഞ്ചരിക്കുകയും സങ്കല്‌പങ്ങളി ല്‍നിന്ന്‌ പുതു യാഥാര്‍ത്ഥ്യങ്ങളെ സൃഷ്‌ടിക്കു കയും ചെയ്യുന്ന ഒരു തരം വൈരുദ്ധ്യാളഹക ബലതന്ത്രം എം.ടി സാഹിത്യത്തിലുണ്ട്‌. ലോകത്തെയും മഌഷ്യനെയും തമ്മില്‍ബന്ധിപ്പിക്കുകയും അപാരതയെയും ആകാശത്തേയും തമ്മിലിണക്കുകയും ചെയ്യുന്ന സ്ഥലരാശിയാണ്‌ എഴുത്തുകാരന്‌ തന്റെ ദേശം. ഈ സ്ഥലത്തില്‍ ഏതുകാലത്തേയും എഴുത്തുകാരന്‌ അധ്യാരോപം ചെയ്യാം. സ്വന്തം ഭാവനകളേയും ഇച്ഛകളേയും സങ്കല്‌പങ്ങളേയും അതീത കാലസ്‌മരണകളേയും പ്രക്ഷേപിയ്‌ക്കാവുന്ന ഒരു ജൈവോപകരണമാണത്‌.

ഗ്രാമത്തിന്റെ കഥകള്‍ മുഴുവന്‍ എം.ടി പറഞ്ഞുകഴിഞ്ഞിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍, സ്വയം പര്യാപ്‌തതയോടെ ജീവിച്ചുമരിച്ച അച്യുതന്‍നായര്‍ എന്ന കര്‍ഷകന്റെ ജീവിതകഥ എഴുതണം എന്നു എം.ടി പലപ്പോഴും പറയാറുണ്ടായിരുന്നു. അച്യുതന്‍നായര്‍ ഒറ്റക്കാണ്‌ കൃഷിപ്പണി ചെയ്‌തിരുന്നത്‌. ഒറ്റയ്‌ക്കു കിണറു കുത്തുകയും കുളം കുഴിക്കുകയും പരസഹായമില്ലാതെ ഒരു വീടുനിര്‍മ്മിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആഗോളവല്‍കൃത നാഗരികത ഗ്രാമങ്ങളെ വിഴുങ്ങി വളരുന്ന പുതിയ പാരതന്ത്യ്രത്തിന്റെ കാലങ്ങളില്‍ ആവര്‍ത്തിച്ചു പറയേണ്ട സ്വാതന്ത്യ്ര ബോധത്തിന്റെ ഗ്രാമീണ കഥയാണ്‌ അച്യുതന്‍ നായരുടേത്‌. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അമ്മയെപ്പോലെ, ഒരിക്കലും പറഞ്ഞു തീരാത്ത കഥകളുമായി കൂടല്ലൂര്‍ ഗ്രാമം ഇപ്പോഴും എം.ടിയെ കാത്തിരിക്കുന്നു. നാഗരികതയ്‌ക്കു വഴങ്ങാന്‍ കൂട്ടാക്കാതെ.

അതെ. ഗ്രാമം അമ്മ തന്നെയാണ്‌. കരിം കര്‍ക്കിടകത്തില്‍ അത്താഴപ്പട്ടിണി കിടത്തിയപ്പോഴും തെക്കോട്ടുപോയ വണ്ടിയില്‍ നിന്ന്‌ കൈയിലൊരു വെള്ളിയുറുപ്പിക വച്ചുതന്നു യാത്രയാ ക്കിയപ്പോഴും കരയിച്ച അമ്മ, ഗ്രാമം പോലെ തന്നെ സ്‌നേഹവും സഹനവും കാത്തിരിപ്പും പ്രതീക്ഷയും അമരത്വമാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *