കൂടല്ലൂര്‍ പഠനം – ഭാഗം രണ്ട്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി
കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍
ഇപ്പോള്‍ കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ പാലക്കാട്ടു ചുരത്തില്‍ എത്തിച്ചു നിര്‍ത്തുക – കുറെക്കൂടി ചുരുക്കി വാണിയംകുളത്തു നിര്‍ത്തുക. ഇവിടെ രേഖാചിത്രത്തില്‍ നോക്കിയാല്‍ ഒരുകാര്വം വ്യക്തമാകും. (ഏരിയല്‍ മാപ്പാണുദ്ദേശിക്കുന്നത്. അത് ചേര്‍ക്കാനാവുന്നില്ല) വാണിയംകുളം അങ്ങാടിയുടെ തട്ടകത്തിനല്‌പം പുറത്തായി പനമണ്ണ എന്ന ദേശം കാണാം. ഇത് വാണിയംകുളം കോതകുര്‍ശ്ശി റോഡുകടന്നു പോകുന്ന പാതയിലാണ്. 1552 അടി ഉയരമുള്ള അനങ്ങനടി മലകളുടെ തെക്കുവശത്ത് ഒറ്റപ്പാലത്തുനിന്ന് വടക്കോട്ട് വടക്കന്‍ വാടാനാംകുര്‍ശിയില്‍ ചെന്നു ചേരുന്ന ഒരു പാത, പനമണ്ണക്കു കിഴക്കുകൂടിയാണ് പോകുന്നത്. കിഴക്കും പടിഞ്ഞാറുമുള്ള രണ്ടുപാതകളും ചെര്‍പ്പ്ളശ്ശേരി, നെല്ലായ, വല്ലപ്പുഴ, പട്ടാമ്പി പാതയില്‍ ചെന്നു മുട്ടുന്നു. പട്ടാമ്പിയില്‍ നിന്നു ചെര്‍പ്പ്ളശ്ശേരി വഴി പനമണ്ണക്കു വടക്കുഭാഗത്തു കൂടി അനങ്ങനടി താഴ്‌വാരത്തു കൂടി കിഴക്കോട്ടു നീളുന്ന പാത, പാലക്കാട്ടു ചുരത്തിലേക്കാണ്. അത്, ഒറ്റപ്പാലത്തു നിന്ന് വടക്കോട്ട് ചുനങ്ങാട്ടുവഴി മംഗലാം കുന്നിലും, അവിടെ നിന്നു കടമ്പഴിപ്പുറം വഴി കിഴക്കോട്ട് ശ്രീകൃഷ്‌ണപുരം പരിസരത്തുകൂടി പാലക്കാടിഌ പോകുന്ന പാതയിലും ചെന്നെത്തുന്നു. കടമ്പഴിപ്പുറം, ശ്രീകൃഷ്‌ണപുരം ,വാണിയംകുളം തട്ടകം, വീരശൈവര്‍, മൂത്താര്‍മാര്‍, കവളപ്പാറ മൂത്താര്‍ എന്നിങ്ങനെ അനേകം പൈതൃകധാരകളുടെ വിശദാംശങ്ങള്‍ ഇവിടെ കണ്ണിയിണക്കി എടുക്കേണ്ടതുണ്ട്. ഇതിന്, വാണിയംകുളം വിജ്ഞാനീയത്തിലെ നാട്ടില്‍ നിന്നു സ്വരൂപത്തിലേക്ക് എന്ന പഠനഭാഗം സഹായകരമാണ് –
ഇവിടെ പ്രസ്‌തുത വിഷയത്തോട് പനമണ്ണയെ ബന്ധിപ്പിച്ചെടുത്തു എന്നുമാത്രം. ഒപ്പം ഒരുകാര്യം കൂടി ഓര്‍ക്കുക. അനങ്ങനടിക്ക് തെക്കുഭാഗത്തുള്ള പനമണ്ണയും, അതിഌകുറച്ചു കിഴക്കുള്ള ചുനങ്ങാടും അനങ്ങനടിക്ക് തെക്കുവശത്തു തെക്കുമാറി വാണിയംകുളം – ഒറ്റപ്പാലം പാതയില്‍ തൊട്ടടുത്തു കിടക്കുകയും, വാണിയംകുളം ഒറ്റപ്പാലം പാത പാലക്കാട്ടേക്ക് നീളുകയും ചെയ്യുന്നു. ഈ നാലു പാതകള്‍ക്ക് അകത്ത് ഉള്ള ഭൂപ്രദേശം ചുനങ്ങാട്, കണ്ണിയമ്പ്രം, കോട്ടക്കര, വാണിയംകുളം, പനമണ്ണ തുടങ്ങിയ കുറെ ദേശങ്ങളാണ്. കോതയൂരിന് കിഴക്ക്, ചുനങ്ങാടിഌ പടിഞ്ഞാറ്, അരിയൂര്‍ -വാണിയംകുളം പ്രദേശത്തിഌ വടക്ക് കോതകുര്‍ശ്ശി – ചെറുമുണ്ടശ്ശേരി – ചുനങ്ങനാടിഌ തെക്ക് ഒരു ഭൂമേഖല പാതകള്ക്കിടക്കു രൂപപ്പെടുന്നതു കാണുക. ഇതില്‍, വാണിയംകുളം ആര്യങ്കാവുതട്ട കത്തിന്റെ വടക്കന്‍ പകുതി ഉള്‍പ്പെടുന്നത് കാണാം. അതായത്, നാം കൂടല്ലൂരിലേക്ക് കണ്ണിയിണക്കുന്നത്, വാണിയംകുളം ആര്യങ്കാവുതട്ടകത്തിന്റെ വിഭവമേഖലയെയും വിഭവ നീക്ക സാദ്ധ്യതകളെയും അനങ്ങനടി മലയുടെ പൊതുസാദ്ധ്യതകളെയും വനവിഭവങ്ങളെയുമാണ്.
മൂത്താര്‍മാരുടെ നഗരം
ആര്യങ്കാവ്‌തട്ടകം നേരിട്ട് കടമ്പഴിപ്പുറം -ശ്രീകൃഷ്‌ണപുരം മൂത്താര്‍ വിഭാഗ കേന്ദ്രത്തിലേക്കു ബന്ധിപ്പിക്കപ്പെട്ടതാകയാല്‍ കച്ചവടവിഭാഗങ്ങളായ വീരശൈവമൂത്താര്‍ നകരങ്ങള്‍ ( ശ്രീകൃഷ്‌ണപുരത്തു മൂന്നാര്‍ വിഭാഗത്തിന് ധാരാളം നഗരങ്ങളുണ്ട്. പതിനൊന്നിലേറെ കച്ചവടത്തിലൂന്നിയ സ്ഥാനങ്ങള്‍ ഉണ്ടെന്നര്‍ത്ഥം) ചെര്‍പ്പ്ളശ്ശേരി വല്ലപ്പുഴ വഴി പട്ടാമ്പി, നൈതിരിമംഗലം കൊപ്പം (പട്ടാമ്പി കൊപ്പം) ഭാഗത്തേക്കു തൊട്ടടുത്തുകിടക്കുന്നു എന്നുപറയാം. കൊപ്പം പ്രദേശങ്ങളും പട്ടി സ്ഥാനങ്ങളും ഇവിടെ രണ്ടുകാര്യങ്ങളാണ് പറഞ്ഞത്. ഒന്ന് ആര്യങ്കാവു തട്ടകം പട്ടാമ്പി, കൊപ്പം വഴി പടിഞ്ഞാറന്‍ മേഖലകളിലേക്ക് ബന്ധിതമാകുന്നു. രണ്ട്, പ്രമുഖമായ അങ്ങാടി, വിഭവശേഖരണ കേന്ദ്രം, കവളപ്പാറ മൂത്താര്‍, ശ്രീകൃഷ്‌ണപുരം മൂത്താര്‍ എന്നീ ഘടകങ്ങള്‍ എല്ലാം പട്ടാമ്പി-കൊപ്പം വഴി പടിഞ്ഞാറേക്ക് ബന്ധിതമാകുന്നു. പടിഞ്ഞാറ്, പട്ടാമ്പി-പെരിന്തല്‍മണ്ണ റോഡിഌ കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന കൊപ്പം, അതിപ്രാചീനമായ ഒരങ്ങാടി കേന്ദ്രത്തെയാണു വ്യക്തമാക്കുന്നത്. കൊപ്പം എന്ന നാമം ആന്ധ്ര, തമിഴ്‌നാട്, കര്‍ണ്ണാടക ഭാഷകളില്‍ നിന്ന്, അങ്ങാടിക്കു പകരമായി ഇവിടെയെത്തുന്നു. ഇതിഌ പടിഞ്ഞാറുമാറി നിങ്ങള്‍ക്ക് രണ്ടു പട്ടിത്തറകള്‍ കാണാം. ഒന്ന് കൂടല്ലൂരിലെ അന്യം നിന്ന ഭട്ടിമന എന്ന നാമഘടകമാണ്. അതോടു ബന്ധപ്പെട്ടാ കൂടല്ലൂരില്‍ ഒരു പട്ടിക്കല്‍പ്പറമ്പും പട്ടിപ്പാറയുമുണ്ട്. പാലക്കാട്ടു കൊപ്പവും, ശ്രീകൃഷ്‌ണപുരം കൊപ്പവും, ചുനങ്ങാടും, പനമണ്ണയും പട്ടാമ്പി കൊപ്പവും ഒരു കച്ചവടകുടിയേറ്റ രേഖയാണ് – ജനപദ വളര്‍ച്ചയുടെ ചരിത്രരേഖ .ഇത് കൂടല്ലൂരില്‍ വന്ന് നില്‍ക്കുന്നു.
ഓലയിലെഴുതിയതും, കല്ലിലെഴുതിയതും, വീരക്കല്ലും മറ്റുകല്ലുകളുമൊക്കെ നമുക്കു ചരിത്ര സാമഗ്രിയാണ്. അവയെയും ചരിത്രരേഖ എന്നു വിളിക്കാഌം നിര്‍വചിക്കാഌമാണ് എന്റെ യുക്തി പറഞ്ഞുതരുന്നത്. അതായത്, ഇപ്പറഞ്ഞവ മാത്രമല്ല ചരിത്രത്തെളിവ്, നേരത്തെ പറഞ്ഞ ടോപ്പോണിമുകള്‍ (നാമപദ സൂക്ഷ്‌മ ഘടകം) ഒരു ചരിത്രരേഖ നിര്‍മ്മിക്കുന്നു. നിങ്ങള്‍ പാലക്കാട്ടു ചുരത്തില്‍ നിന്ന്, കച്ചവടനകര കൂട്ടായ്‌മകളുടെ കണ്ണിയിണക്കി (ശ്രീകൃഷ്‌ണപുരം) ചുനങ്ങാടും, പനമണ്ണയും (കവളപ്പാറ അങ്ങാടിസ്വരൂപവും തട്ടകവും) കണ്ണിയിണക്കി കൊപ്പവും ചേര്‍ത്ത് കൂടല്ലൂര്‍ മുനമ്പിലെ പട്ടിയിലെത്തുന്നു. അതിഌ കിഴക്കാണ് പട്ടിത്തറ ദേശം. പട്ടി, സുസ്ഥിര അധിവാസ സ്ഥാനമെന്ന അര്‍ത്ഥത്താല്‍ മുമ്പറഞ്ഞ കേരളത്തിഌ പുറത്തുള്ള പ്രദേശങ്ങളില്‍ സര്‍വത്ര ഉപയോഗി ക്കുന്നു – പഴക്കമാകട്ടെ, സംഘകൃതികളുടെ (തമിഴ്) കാലമായ ക്രിസ്‌തു വര്‍ഷാരംഭത്തോളമെത്തും.
പഴക്കം കൊണ്ട്, ഇപ്പറഞ്ഞ കച്ചവട ചരിത്രരേഖ ചെന്നെത്തുന്ന കൂടല്ലൂരിലെ ജനാധിവാസത്തിന് അത്രക്കും പിന്നിലേക്ക് പോകാന്‍ വിഷമിക്കേണ്ടതില്ല. ഭൂമിശാസ്‌ത്രവും, കാവുതട്ടകശാസ്‌ത്രവും ഇതിനെ ന്യായീകരിക്കും. ഈ പ്രദേശങ്ങളില്‍ സുലഭമായ ശവമാടത്തെളിവുകള്‍ കൂടി ചേര്‍ത്തുവായിക്കുക. ഇന്നും ഒട്ടും അന്വേഷിക്കാത്ത കാര്യങ്ങളാണ് ഈ ചരിത്രാതീത സ്‌മാരകങ്ങളുടെ സ്ഥാനങ്ങള്‍. അടുത്ത കാലത്ത് കൂടല്ലൂരിന് തൊട്ട് വടക്കേക്കരയിലെ പരുതൂരിലും മറ്റും ചില അന്വേഷണങ്ങള്‍ നടന്നുവത്ര. വ്യക്തമല്ല. തെളിവുകള്‍ ഈ ലേഖകന്‍ ഒട്ടേറെ കണ്ടിട്ടുണ്ട്. ടോപ്പോണമിക്കല്‍ സര്‍വവേയില്‍ പൊയിലന്‍ പഠനം, പോട്ടൂര്‍കാവ് പഠനം തുടങ്ങിയവ ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
ഇപ്പോള്‍ നാം എത്തിയത് കൂടല്ലൂരിലെ പട്ടി സ്ഥാനങ്ങളുള്ള ഊരിലാണ്. ഊര് ഇതേവിധം സുസ്ഥിര ജനവാസസ്ഥാനമെന്ന നിലക്ക് പട്ടിയോളം പഴക്കമുള്ള നാമാന്ത്യമാണ്. ഇനി, പുരാറരേഖകളും പുരാസ്ഥാനങ്ങളും പരതി, പാലക്കാടന്‍ ചുരം തുടങ്ങി വാണിയംകുളം തട്ടകം വഴി കൂടല്ലൂരിലെ പട്ടി ഊര്‍ എന്ന രണ്ടു തരം സുസ്ഥിര ജനവാസ സ്ഥാനങ്ങളെ ഉറപ്പിച്ചെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതിഌം തെളിവ് ശേഖരിക്കുന്ന വഴി വേറെയാണല്ലോ.
കൂടല്ലൂരിലെ പട്ടി ഊര്‍ എന്നീ സുസ്ഥിരസ്ഥാന സൂചകങ്ങളോടു ചേര്‍ത്തു പഠിക്കേണ്ട മൂന്നാമത്തെ ഘടകം കാവുകളാണ്. കുരുതിക്കളവും, കുരുതിപ്പറമ്പും താലപ്പോലിയും മറ്റും നിലനില്‍ക്കുന്ന ഈ അന്തരീക്ഷവും അതിരാളന്‍ കാവും ഇതരകാവുകളോട് ഈ ദേശത്തിഌള്ള ബന്ധവും പിന്നീടു ചര്‍ച്ച ചെയ്യാം. ഒപ്പം, ഹരിജനങ്ങള്‍ക്കുള്ള (പ്രാചീന ഗോത്രവര്‍ങ്ങങ്ങള്‍) കാവുകളുടെ പ്രസക്തിയും ആലോചിക്കേണ്ടതുണ്ട്. കൂടല്ലൂരിലെ കളങ്ങളും അതില്‍ തന്നെ മഞ്ഞപ്രക്കളത്തിന്റെ പ്രത്യേക പ്രസക്തിയും ആലോചിക്കാവുന്നതാണ്. പലസ്ഥലങ്ങളില്‍ നിന്നു കൂടല്ലൂരില്‍ കുടിയേറ്റം നടന്നിരിക്കുന്നു എന്നു സൂചനയുള്ളതിഌ പുറമേയാണ്, പാലക്കാട്ടുചുരത്തില്‍ ആലത്തൂര്‍ പ്രദേശത്തിനു സമീപത്തുള്ളവര്‍ കൂടല്ലൂരില്‍ ആസ്ഥാനമുറപ്പിച്ച് കളം നിലനിര്‍ത്തുന്നതെന്നു ശ്രദ്ധിക്കണം. വടക്കേക്കരയിലെ പരുതൂരിലും മറ്റുമായി കാണുന്ന പാണ്ട്യാല സ്ഥാനങ്ങളും, കുളമുക്കിലേക്കു നീളുന്ന അങ്ങാടി ശൃംഖലയും പഠിക്കപ്പെടമ്പോള്‍, നാം കൂടല്ലൂരില്‍ നിന്ന്, പാലക്കാട്ടു ചുരത്തിലേക്കും ശ്രീകൃഷ്‌ണപുരത്തേക്കും വാണിയങ്കുളത്തേക്കും മടങ്ങിപ്പോകേണ്ട സ്ഥിതി ഉണ്ടാവുന്നു. വരത്തുപോക്കിന്റെ ഒരടയാളം നമുക്ക് ഇങ്ങനേയും കാണാം.
Recent Comments