വസീറലി കൂടല്ലൂര്‍ – നന്മ നിറഞ്ഞ എഴുത്തുകാരന്
കുട്ടികളോട് കഥ പറഞ്ഞും കവിതചൊല്ലിയും ആയുസ്സിന്റെ പകുതിയിലേറെ ചിലവിട്ട വസീറലി കൂടല്ലൂര്‍ ഇനി ഓര്‍മ്മയാണ്. മനസ്സിലെ നന്മ കുട്ടിത്തമായി പ്രകടിപ്പിച്ച പച്ച മനുഷ്യനെയാണ് വസീറലിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യ ഭൂമികക്ക് നഷ്ടമായിരിക്കുന്നത്. കുട്ടിക്കവിതകളിലൂടെ വലിയ ചിന്തകളെ പ്രകടമാക്കിയ മനുഷ്യ സ്നേഹികൂടിയായിരുന്നു വസീറലി. എം ടി വാസുദേവന്‍ നായരിലൂടെ മലയാള മറഞ്ഞ കൂടല്ലൂര്‍ ഗ്രമത്തിന്റെ തനിമ പച്ചയായി പ്രകടമാക്കിയ ജീവിതത്തിനുടമയായിരുന്നു ഇദ്ദേഹം. ഗ്രാമത്തിന്റെ നിഷ്കളങ്കതയും പച്ചപ്പിന്റെ എളിമയും ഉള്‍കൊണ്ട സാഹിത്യ ലോകത്തെ വേറിട്ട മനുഷ്യനായിരുന്നു വസീറലി.
ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ബാലസാഹിത്യങ്ങളിലും പതിറ്റാണ്ടുകളായി സ്ഥിര സാന്നിദ്ധ്യമറിയിച്ച വസീറലി കൂടല്ലൂര്‍ രണ്ട് തലമുറ മുമ്പുളളവര്‍ക്കുവരെ സുപരിചിതനാണ്. നന്മയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥ പറഞ്ഞ് കുട്ടികളുടെ പ്രിയങ്കരവായ കഥ പറച്ചിലുക്കാരനായി മനസ്സിലിടം പിടിച്ച എഴുത്തുകാരന് കൂടിയായിരുന്നു ഇദ്ദേഹം.
അഞ്ചാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നെങ്കിലും അക്ഷരങ്ങളോടുളള ആത്മബന്ധമാണ് വസീറലിയെ എഴുത്തിന്റെ ലോകത്തേക്ക് നയിച്ചത്. മലയാളത്തിലിറങ്ങുന്ന നിരവധി ആനുകാലികങ്ങളില്‍ വസീറലിയുടെ കഥകളും കുട്ടിക്കവിതകളും സ്ഥിരം പംക്തിപോലെയായിരുന്നു. അഞ്ഞൂറിലേറെ കുട്ടിക്കവിതകളും ഇരുനൂറോളം കഥകളും നൂറിനടുത്ത് ചെറുകഥകളും വസീറലിയുടേതായുണ്ട്. ജീവതാനുഭവങ്ങളും ചുറ്റുപാടുകളിലുളള സംഭവങ്ങളുമാണ് ഒട്ടുമിക്ക കഥകളുടെയും പ്രമേയം. ഇവയെ ധാര്‍മ്മിക പക്ഷത്തുനിന്ന് കുട്ടിത്തം നിറഞ്ഞ ചിന്തയോടെ അവതരിപ്പിക്കുന്നതില്‍ വസീറലി വിജയിച്ചിരുന്നു. സ്വന്തം നാടും നാട്ടുകാരും സുഹൃത്തുകളും ബന്ധങ്ങളുമെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനിന്നു. ജീവിതത്തിന്റെ നേര് വഴി കാണിച്ചുതരുന്ന കവിതകളോരോന്നും ബാലമനസ്സുകളെ ചിരിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്തു. മുതിര്‍ന്നവര്‍ക്കും ഇഷ്ടം തോന്നുന്ന രചനാരീതിയാണ് വസീറലി സ്വീകരിച്ചത്. നിഷ്കളങ്കതയും കുസൃതിത്തരങ്ങളും നിറഞ്ഞു നില്ക്കുന്ന ജീവിതങ്ങളെ ലളിതലും സുന്ദരവുമായ ഭാഷയിലൂടെ ആവിഷ്ക്കരിച്ച് കുട്ടികളില്‍ പുതിയ ജീവിത പാഠങ്ങള്‍ നല്കുവാനും എഴുത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു.
കുറുങ്കവിതകള്ക്കാണ് വസീറലി പ്രാധാന്യം നല്‍കിയിരുന്നത്. മൂല്യങ്ങളുടെയും ധാര്‍മ്മികതയുടേയും പക്ഷത്തുനിന്നുകൊണ്ടുളള ചിന്തകളാണ് കവിതകള്‍ക്ക് വിഷയങ്ങളായത്. അഞ്ചാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി കണക്കാക്കിയിരുന്നു വസീറലി അക്ഷരങ്ങളേയും എഴുത്തിനേയും അതിയായി സ്നേഹിച്ചിരുന്നു. എഴുത്തിനോടുളള ഒടുങ്ങാത്ത പ്രണയമായിരുന്നു വസീറലിയുടെ രചനകളില്‍ ഓരോന്നിന്റെയും പിറവിക്ക് നിമിത്തമായത്. ഉപജീവനമായി കൃഷിയെ സ്വീകരിച്ച ഇദ്ദേഹം ഒഴിവ് സമയങ്ങളിലെ ചിന്തകള്‍ കഥകള്‍ക്കും കവിതകള്‍ക്കും വേണ്ടി മാറ്റിവെച്ചു. ചുറ്റുപാടുകളിലുണ്ടാകുന്ന ഓരോ നന്മകളും അദ്ദേഹത്തിന്റെ കഥകള്‍ക്ക് പ്രമേയമായി. നാട്ടുകാരേയും വീട്ടുകാരേയും കഥാപാത്രങ്ങളാക്കി കഥയെഴുതാന്‍ ഇദ്ദേഹത്തിന് പ്രചോദനമായത് വൈക്കം മുഹമ്മദ് ബഷീറുമായുളള സഹവാസമായിരുന്നു. കൂടല്ലൂരിലെ ആശാരിവാസുവും അയ്യപ്പനും ശങ്കരനും മാക്കുണ്ണിയും വസീറലിയുടെ മിക്ക കഥകളിലേയും കേന്ദ്ര കഥാപാത്രങ്ങളാണ്. വീട്ടിലെ ആശാരിപ്പണിക്കാരനായ വാസുവിന്റെ കഥകള്‍ അഞ്ചെണ്ണമുണ്ട്. ആശാരി കേശവനെന്നാണ് കഥയിലെ പേര്. തന്റെ നാട്ടിലെ സാധാരണക്കാരുടെ അനുഭവങ്ങള്‍ കഥയാക്കി മാറ്റുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി അവ താദാത്മ്യപ്പെടുന്നുവെന്ന് വസീറലി ഉറച്ചുവിശ്വസിച്ചിരുന്നു.
വൈക്കം മുഹമ്മദ് ബഷീറുമായുളള അടുപ്പം തന്നിലെ പച്ച മനുഷ്യനെ കൂടുതല്‍ രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കിയിരുന്നുവെന്ന് വസീറലി ഇടക്കിടെ പറയുമായിരുന്നു. മനുഷ്യനെന്ന നിസ്സഹായ ജന്മത്തെ തിരിച്ചറിയുന്നവര്‍ക്ക് അഹങ്കാരിയും പൊങ്ങച്ചക്കരനുമായി നെഞ്ച് വിരിച്ച് നടക്കാനാകില്ലെന്ന് വസീറലി വിശ്വസിച്ചു. പത്തോളം പുസ്തകങ്ങളുടെ ഉടമയായ ഇദ്ദേഹത്തിന് എഴുത്തുകാരനെന്ന തലക്കനം ഇല്ലാതെ പോയത് ഇത്തരമൊരു ചിന്ത മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാണെന്ന് അടുപ്പമുളളവര്‍ പറയുമായിരുന്നു. എഴുത്തിനോടുളള ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറിനോട് തുറന്നു പറഞ്ഞപ്പോള്‍ മുന്നില്‍ കാണുന്ന നന്മകളൊക്കെയും നിഷ്കളങ്കതയോടെ ചേര്‍ത്തുവെച്ചാല്‍ അത് വായിക്കാന്‍ ആസ്വാദ്യകരമായ കഥയാകുമെന്ന് വസീറലിക്ക് മറുപടി നല്കി. ഇത് പ്രയോഗവല്‍ക്കരിക്കാന്‍ തീരുമാനിച്ചിടത്താണ് വസീറലിയെന്ന കഥാകാരന് രൂപപ്പെട്ടത്.
കൂടല്ലൂര്‍ ഗ്രമത്തെ മനസ്സുനിറയെ സ്നേഹിച്ച വസീറലി ഈ ഗ്രാമത്തിന്റെ നന്മ ലോകം മാതൃകയാക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു. കൂടല്ലൂരിനെ കുറിച്ച് അദ്ദേഹം കോറിയിട്ട വരികള്‍ ഇതുപ്രകടമാക്കുന്നു.
”എത്ര മനോഹരമെന്റെ ഗ്രാമം
പച്ചയുടുപ്പിട്ട കൊച്ചു ഗ്രാമം
തെങ്ങു കവുങ്ങുകള്‍ നൃത്തമാടും
തെക്കേ കുന്നിന്റെ താഴ്വരകള്‍
താഴെ ചെരിവില്‍ പുളഞ്ഞൊഴുകും
കളകളം പാടും നിളാ നദി
ഗ്രാമത്തിന് നടുവിലായി കിടപ്പു.
തങ്കകതിരണിഞ്ഞ നെല്‍വയല്‍
നെല്‍വയലിന്റെ നെഞ്ചിലായി നീണ്ടു പോകും
പുക്കൈതക്കരവെച്ച നാട്ടുപാത
മുത്തുവിണയും കുന്നിലുയര്ന്നു നില്പ്പൂ
മസ്ജിദും ക്ഷേത്രവും തോളുരുമ്മി
ഗ്രമത്തിനുണ്ട് പ്രശ്സ്ത പുത്രന്
എം ടി യെന്ന മഹാ പ്രതിഭ
(എന്റെ ഗ്രാമം)
എം ടി വാസുദേവന്‍ നായരോട് സഹോദരതുല്ല്യമായ അടുപ്പം വെച്ചു പുലര്‍ത്തിയിരുന്ന വസീറലി തന്റെ രചനകള്‍ക്ക് കരുത്തും പ്രചോദനവും സാധ്യമാക്കാന്‍ ഈ അടുപ്പത്തെ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തിയിരുന്നു. എം ടി കൂടല്ലൂരിലെ തറവാട്ടിലെത്തുമ്പോഴൊക്കെ ആദ്യ സന്ദര്ശകന് വസീറലിയായിരുന്നു. ജ്ഞാനപീഠം ലഭിച്ച ശേഷം കൂടല്ലൂരിലെത്തിയ എം ടി യെ ആദ്യമായി അഭിനന്ദിക്കാനെത്തിയ വസീറലി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുതിയ കഥകളും കവിതകളുമൊക്കെ എം ടി യെ കാണിച്ച് പ്രസിദ്ധീകരണത്തിനായി നല്കുന്ന രീതി വളരെ മുമ്പ് മുതല്‍ വസീറലി തുടര്‍ന്നു വന്നിരുന്നു. വസീറലിയുടെ കുറുങ്കവിതകളോടുളള താല്‍പ്പര്യത്തെ തിരിച്ചറിഞ്ഞ എം ടി പലപ്പോഴും പ്രചോദനപരമായ സമീപനമാണ് സ്വീകരിച്ചത്. വസീറലിയുടെ മരണ വാര്‍ത്ത അറിയിച്ചപ്പോള്‍ എം ടി യുടെ പ്രതികരണം നന്മയുളള മനുഷ്യനായിരുന്നു അദ്ദേഹമെന്നായിരുന്നു. കൂടല്ലൂരിനേയും എം ടി യേയും സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്ന വസീറലിക്ക് മരണത്തിനുശേഷം ലഭിച്ച മികച്ച അംഗീകാരമായാണ് എം ടിയുടെ വാക്കുകള്‍ കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ മാസം പൊന്നാനിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങാണ് വസീറലി പങ്കെടുത്ത ഒടുവിലത്തെ പൊതു പരിപാടി. മുന്‍ മന്ത്രി ബിനോയ് വിശ്വം ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്ത ഈ പരിപാടിയില്‍ അദ്ദേഹം ആലപിച്ച കവിതകള്‍ സദസ്സിനെ പിടിച്ചിരുത്തുന്നതായിരുന്നു. കവിതാ സമാഹാരങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും മനുഷ്യ സ്നേഹത്തിന്റെ ധാര്‍മ്മിക പാഠങ്ങള്‍ പഠിപ്പിക്കപ്പെടുന്നവയായിരുന്നു. എല്ലാ മനുഷ്യരും എല്ലാം മറക്കുന്നില്ല, കണ്ണപ്പന്കാള, വില്ലചെല്ലന്, മണിത്തത്ത, മൃഗലോകം, മയില്‍പ്പീലി, പൊക്കന്റെ സ്നേഹം, ചിങ്കനും കുങ്കനും, കുട്ടികവിതകള്, ബഡായിരാമു തുടങ്ങിയ കൃതികളിലെല്ലാം ഇത് കാണാവുന്നതാണ്.
ഗ്രാമത്തിന്റെ സങ്കുചിതത്വങ്ങളില്‍ നിന്നുമാറി സാമൂഹ്യമായ വിശാലത പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം നവോത്ഥാന മനസ്സുകളോട് ഐക്യപ്പെടാന്‍ ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. പൗരോഹിത്യത്തിന്റെ ചങ്ങലക്കെട്ടുകളെ മനസ്സുകൊണ്ട് അകറ്റിനിറുത്തിയ വസീറലി പരിഷ്ക്കരണ മുന്നേറ്റങ്ങളോട് അടുപ്പം പാലിച്ചു. ഇസ്ലാമിക പ്രസിദ്ധീകരണാലയങ്ങളോടും മാധ്യമ സ്ഥാപനങ്ങളോടും അടുത്ത ബന്ധം കാത്തുസൂക്ഷിച്ച ഇദ്ദേഹം ഇവര്‍ക്കിടയില്‍ പ്രിയപ്പെട്ട എഴുത്തുകാരനെന്ന സാക്ഷ്യപത്രം ഏറ്റുവാങ്ങി. പുടവ, കുടുംബം, ആരാമം തുടങ്ങി ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്ന വസീറലി പതിനൊന്ന് പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. പുതിയൊരു പുസ്തകം അണിയറയില്‍ ഒരുങ്ങുന്നതിനിടക്കാണ് മക്കയില്‍ വെച്ച് ആകസ്മിക മരണം വസീറലിയെ തേടി എത്തിയത്.
പൊന്നാനിയോടും പൊന്നാനിക്കളരിയിലെ എഴുത്തുകാരോടും ഹൃദയ ബന്ധം പുലര്‍ത്തിയിരുന്ന വസീറലി കുറുങ്കവിതകളിലൂടെയും ചെറുകഥകളിലൂടെയും വലിയൊരു സന്ദേശം ബാക്കിവെച്ചാണ് ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. മൂല്യ ശോഷണത്തിന്റെ പുതിയ ലോക ക്രമത്തില്‍ ധാര്‍മ്മിക ചിന്തയുടെ വഴികളാണ് അദ്ദേഹം അവശേഷിപ്പിച്ചിരിക്കുന്നത്.
പൊന്നാനി സ്വദേശി എ പി എം അബൂഹാജിയുടെ മകള്‍ സൈനബയാണ് ഭാര്യ. മക്കള്‍: സജ്ന, റോഷന് അക്തര്‍, സെമീജ, അബ്ദുല്ല സാദിഖ് എന്നിവര്‍ മക്കളാണ്.
Recent Comments