ഉണ്ണിക്കിനാക്കളുടെ കാഥികന് കൂടല്ലൂരിന്റെ അശ്രുപൂജ
ആനക്കര: കുഞ്ഞുകിനാക്കളുടെ പൊട്ടും പൊടിയും കൊരുത്ത് ബാലകഥകളുടെ മഴവില്ലുതീര്‍ത്ത കൂടല്ലൂരിന്റെ ‘കഥമാമന്’ ദേശത്തിന്റെ അശ്രുപൂജ. മക്കയില്‍ കഴിഞ്ഞദിവസം അന്തരിച്ച ബാലസാഹിത്യകാരന്‍ വസീറലി കൂടല്ലൂരിനെയാണ് കഥകളുടെ പുഴയൊഴുകും ഗ്രാമം നമിച്ചത്.
വള്ളുവനാടിന്റെ ഹൃദയത്തില്‍ പതിഞ്ഞ മുത്തശ്ശിക്കഥകള്‍ പറഞ്ഞാണ് വസീറലി കഥകളുടെ ലോകത്തേക്ക് കടന്നുവരുന്നത്. പുഴ തന്ന കഥകളാണ് തന്റേതെന്ന് വിശ്വസിച്ച വസീറലി കൂടല്ലൂര്‍ പുഴയോരത്തെ പുരാവൃത്തങ്ങളെ ചന്തമുള്ള സ്വന്തം ഭാഷയില്‍ കഥകളാക്കി കുറിച്ചിട്ടു. കൂടല്ലൂര്‍ രാജകുമാരന്മാരും രാജകുമാരിമാരും മനം മയക്കുന്ന യക്ഷികളും മനം മറക്കുന്ന ഗന്ധര്‍വന്മാരും കേരളത്തിലെ കുട്ടികളുടെ മനം കവര്‍ന്നു.
വള്ളുവനാടിന്റെ നാട്ടുഭാഷയും മാപ്പിളമലയാളവും കലര്‍ത്തിയെടുത്ത ഭാഷയിലായിരുന്നു വസീറലിയുടെ എഴുത്ത്. എം.ടി. തന്റെ സാഹിത്യയാത്രയില്‍ വിളക്കുമരമായിരുന്നുവെന്ന് വസീറലി അഭിമുഖങ്ങളില്‍ പറയാറുണ്ടായിരുന്നു. മയില്‍പ്പീലി, മൃഗലോകം, മണിത്തത്ത, ചിങ്കനും കുങ്കനും, കണ്ടപ്പന്‍ കാള തുടങ്ങി അമ്പതോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
Recent Comments