സ്‌നേഹത്തിന്റെ ദേശം തേടി ഒരാള്‍ – എം.ടിയുമായുള്ള അഭിമുഖം

എം.ടിയുടെ എഴുത്തിനു പിന്നില്‍ ഏറെ വികാരനിര്‍ഭരമായ ഒരു ജീവിതം മറഞ്ഞിരിപ്പുണ്ട്. ജീവിതത്തില്‍ സൗന്ദര്യം നിറച്ച ആ വഴികളിലൂടെ…

MT Kudallur

ഇന്നലെ വീണ്ടും വര്‍ഷങ്ങള്‍ക്കുശേഷം എം.ടി.യുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥ വായിച്ചു. ഇക്കഥയില്‍ മാത്രമല്ല, ഓര്‍മയുടെ ലോകം എം.ടി. കൃതികളിലാകെ ലയിച്ചു കിടപ്പുണ്ട്. തന്റെ തന്നെ ഓര്‍മകളാവാം, അനുഭവിച്ച കാലത്തിന്റെ ഓര്‍മകളാവാം; കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും പോകുന്ന ഓര്‍മകള്‍. ഓര്‍മകളിലൂടെ ഏറെ സഞ്ചരിച്ച് മറ്റാര്‍ക്കും കഴിയാത്തവിധം മനോഹരമായി വാങ്മയങ്ങള്‍ സൃഷ്ടിച്ച എം.ടി. എന്നും സൗന്ദര്യാരാധകനായിരുന്നു. ലോകം എന്ന അത്ഭുതം എത്തിനോക്കുന്ന കുട്ടിയുടെ കണ്ണുകള്‍.

കോലായില്‍ തൂണും ചാരിനില്‍ക്കുന്ന എന്നെ നോക്കി അവള്‍ മന്ദഹസിച്ചു. ഞാന്‍ ചിരിച്ചില്ല. എന്റെ അടുത്തുവന്നു കൈകളില്‍ ആ റബ്ബര്‍ മൂങ്ങ വച്ചുതന്നപ്പോള്‍ ഞാന്‍ അത്ഭുതംകൊണ്ട് സ്തബ്ധനായി. ഒരിക്കല്‍കൂടി മന്ദഹസിച്ചുകൊണ്ട്, എന്തോ പതുക്കെ പിറുപിറുത്ത് അവള്‍ കൊച്ചുകുടയും കുലുക്കി മുറ്റത്തിറങ്ങി…-നിന്റെ ഓര്‍മയ്ക്ക്

വാസു എന്നുതന്നെയായിരുന്നു കുട്ടിയുടെ പേര്. വാസുവിന്റെ കണ്ണിലൂടെ അവതരിപ്പിക്കുന്ന വേറെയും എം.ടി. കഥകളുണ്ട്.
പുറത്ത് മഴ പെയ്യുമ്പോള്‍, മനുഷ്യര്‍ക്ക് അകത്ത് സംസാരിച്ചിരിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്. കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’ എന്ന എം.ടി.യുടെ വീട്. സ്‌നേഹത്തില്‍ നിന്നുറവെടുക്കുന്നതുപോലെ എം.ടി. സംസാരിച്ചുതുടങ്ങി. സ്‌നേഹവര്‍ത്തമാനങ്ങളുടെ ഇത്തിരിനേരം.

എം.ടി. സംസാരിക്കുന്നത് കാണുന്നതും കേള്‍ക്കുന്നതും ഒരു അനുഭവമാണ്, എഴുത്തുപോലെതന്നെ. ചിലപ്പോള്‍ ചില മൗനങ്ങളും വന്നുചേരുന്നു. ആലോചനകള്‍, മനസ്സ് കണ്ടെത്തുന്ന തീര്‍പ്പുകള്‍. ജീവിതം ഇപ്പോള്‍ മാത്രം അറിയാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയെപ്പോലെ, ഒരു സസ്യം കാറ്റിലാടുന്നതുപോലെ…

ആ കഥയിലെ പെണ്‍കുട്ടി, സിലോണില്‍ നിന്ന് അച്ഛന്റെ കൈപിടിച്ച് വീട്ടിലേക്ക് കയറിവന്ന പെണ്‍കുട്ടി, ആരായിരുന്നു?
അവള്‍ അച്ഛന്റെ മകളാണെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. കാരണം അവളെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. പലതും കേട്ടിരുന്നു, അതേക്കുറിച്ച്.

പിന്നീട് പല അന്വേഷണങ്ങളും നടത്തി.ഞാന്‍ പോയിരുന്നു, സിലോണില്‍. ലോകത്തിന്റെ പല ഭാഗത്തും പോയി. സിലോണ്‍ ഇവിടടുത്തല്ലേ, എപ്പോ വേണമെങ്കിലും പോവാമെന്ന് വിചാരിച്ചിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞു. അവിടെ ചെന്നപ്പോ പഴയ മലയാളികളെയൊക്കെ സംഘടിപ്പിച്ചു. ചുരുക്കം ചിലരേ അവശേഷിച്ചിരുന്നുള്ളൂ. പുതുതലമുറ ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത് ഇത് മാത്രമായിരുന്നു, ആര്‍ക്കെങ്കിലും എന്റെ അച്ഛനെ അറിയുമോയെന്ന് നോക്കണം. അവിടെയുള്ള മലയാളികളെയെല്ലാം വിളിച്ചൂകൂട്ടി ഒരു കൂട്ടായ്മ ഞാന്‍ പ്ലാന്‍ ചെയ്തു.

പക്ഷേ, പരിപാടിയുടെ തലേന്ന് അതു വേണ്ടെന്നുവെച്ചു. ഹോര്‍മിസ് തരകനും ബീനാ പോളിന്റെ (എഡിറ്റര്‍) അച്ഛന്‍ പോളുമൊക്കെ അവിടെയുണ്ട്. അവരെന്നെ വിളിച്ചുപറഞ്ഞു, ‘പരിപാടി ഉപേക്ഷിക്ക്’. കാരണം ആ ദിവസം പ്രഭാകരന്റെ പിറന്നാളാണ്. എല്ലാ പിറന്നാളിനും ഒരു രക്തച്ചൊരിച്ചില്‍ ഉണ്ടാവും. ഒരു കൊല്ലത്തില്‍ ഉണ്ടായത് ഇങ്ങനെയാണ്. ഒരു ബസ് നിറയെ ബുദ്ധഭിക്ഷുക്കള്‍ വന്നിറങ്ങി. എന്നിട്ട് ഉടുപ്പൊക്കെ മാറ്റി തോക്കെടുത്ത് അവിടെ കണ്ട ആളുകളെ മുഴുവന്‍ വെടിവെച്ചു കൊന്നു.

അതിന്റെ പാടുകള്‍ ഇപ്പോഴും കാണാം, ഒരു തീര്‍ഥാടന കേന്ദ്രത്തില്‍. എപ്പോഴും എന്തും സംഭവിക്കാം, അതുകൊണ്ട് ഞങ്ങളാ പരിപാടി ക്യാന്‍സല്‍ ചെയ്തു. അവിടുന്ന് പോന്നതിന്റെ പിറ്റേന്ന് ഞാന്‍ താമസിച്ച ഹോട്ടലില്‍ ബോംബ് പൊട്ടി. ബോംബ് വച്ചത്, താഴെയുള്ള ബാത്‌റൂമിലായിരുന്നു. എന്തോ ഭാഗ്യത്തിന് രണ്ടുപേരെ മരിച്ചുള്ളൂ. അധികം മരണമൊന്നും ഉണ്ടായില്ല.

ഞാന്‍ വൈകിപ്പോയി സിലോണിലെത്താന്‍. ആരെയെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഒന്നും നടന്നില്ല.
എങ്കിലും എന്റെ ഊഹം ഇങ്ങനെയാണ്. അച്ഛന് ആ കുട്ടിയോട് മകളോടെന്നപോലെ ഒരു ബന്ധമുണ്ടായിരുന്നു. ആ കുട്ടിയുടെ അച്ഛന്‍ മരിച്ചുപോയിരുന്നു. പിന്നീടെന്റെ അച്ഛന് ആ കുട്ടിയുടെ അമ്മയോട് ബന്ധമുണ്ടായിരുന്നെന്ന് ചിലര്‍ പറഞ്ഞു. ആ ബന്ധത്തില്‍ അച്ഛന് ഒരു മകനുണ്ടായി, പ്രഭാകരന്‍.

കഥയില്‍ അച്ഛനും അമ്മയും തമ്മില്‍ അകല്‍ച്ചയുണ്ടാവുന്നുണ്ട്.
ജീവിതത്തിലുമുണ്ട്. ഞാനന്ന് കുട്ടിയാണ്. അകല്‍ച്ചയുടെ അര്‍ഥം എനിക്കത്ര അറിയില്ലായിരുന്നു. ആ കുട്ടിയുടെ വരവോടെയാണ് അച്ഛനും അമ്മയും തമ്മില്‍ അകലുന്നത്. പിന്നീട് അച്ഛന്‍ പഴയതുപോലെ വീട്ടില്‍ വരാതായി.

കോഴിക്കോടാണ് എം.ടി.ക്ക് എല്ലാം നല്കിയത്. സൗഹൃദങ്ങള്‍, എഴുത്തിന്റെ വിജയം… ആദ്യം കോഴിക്കോട് വന്നത് ഓര്‍മയുണ്ടോ?
ആദ്യം വന്നത് അച്ഛന്റെ കൂടെ, പന്ത്രണ്ട് വയസ്സുള്ളപ്പോള്‍. സിലോണില്‍ നിന്ന് നാട്ടില്‍ വന്നതായിരുന്നു അച്ഛന്‍. ബാങ്കിടപാടുകള്‍ക്കായി അച്ഛന് കോഴിക്കോട്ട് പോവേണ്ടിവന്നു. എനിക്കാണെങ്കില്‍, കോഴിക്കോട് പോവണമെന്നും നഗരക്കാഴ്ചകള്‍ കാണണമെന്നും മോഹമുണ്ട്. അച്ഛന്‍ എന്നെയും ഒപ്പം കൂട്ടി.

ഇംപീരിയല്‍ ബാങ്കിലാണ് അച്ഛന് പോവേണ്ടത്. ഞാന്‍ പുറത്തുനിന്നു. നിരത്തുകളിലൂടെ കുതിരവണ്ടികള്‍ മണികിലുക്കി ഓടിക്കൊണ്ടിരുന്നു. പിന്നീട് 1956-ല്‍ മാതൃഭൂമിയില്‍ ചേരുന്നു. അപ്പോഴേക്കും കുതിരവണ്ടികള്‍ നാടുവിട്ടിരുന്നു. പകരം ആളുകള്‍ വലിക്കുന്ന റിക്ഷകള്‍ വന്നു.

അച്ഛന്‍-മകന്‍ ബന്ധം എങ്ങനെയായിരുന്നു?
അന്ന് ചെറിയ കുട്ടിയായിരുന്നല്ലോ. അതിനോടൊക്കെ എന്തു സംസാരിക്കാനാണെന്ന ഭാവമായിരുന്നു. അച്ഛന് സ്വതവേ സംസാരം കുറവായിരുന്നു.

എം.ടി.ക്കും സംസാരം കുറവാണെന്ന് കേട്ടിട്ടുണ്ട്.
(അത്ഭുതം, എം.ടി. ചിരിക്കുന്നു.)
മാതൃഭൂമിയിലെ പഴയ ഒരു ഡ്രൈവര്‍ പറഞ്ഞതാണ്: തൃശ്ശൂര്‍ക്കാണ് പോവുന്നതെങ്കില്‍ വണ്ടിയില്‍ കയറിയതും ‘തൃശ്ശൂര്‍’ എന്നു മാത്രം പറയുമെന്ന്.ഈ യാത്രയിലൊക്കെ ഒന്നും സംസാരിക്കാനുണ്ടാവില്ല. വല്ലാണ്ട് സംസാരിക്കാറുമില്ല. എന്തെങ്കിലും ആലോചിച്ചിരിക്കും. ഒന്നും വായിക്കാനൊന്നും പറ്റില്ലല്ലോ. ആരെങ്കിലും സമാനമനസ്‌കര്‍ ഉണ്ടെങ്കില്‍ സംസാരിക്കും എന്നല്ലാതെ.

കൂടെയുള്ളവരുടെ കാര്യങ്ങളറിയാനുള്ള കൗതുകമൊന്നും ഉണ്ടാവില്ലേ?
അവരുടെ കാര്യങ്ങളൊക്കെ അന്വേഷിക്കും. ഞാനൊരു സ്ഥലത്ത് പോയാല്‍ ആദ്യം അന്വേഷിക്കുന്നത് ഡ്രൈവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ടോ എന്നാണ്. അവര്‍ക്കൊരു അസൗകര്യവുമുണ്ടാവരുത്.

(കുഞ്ഞുകാര്യങ്ങള്‍ സംസാരിക്കുന്നതില്‍ എം.ടി. അസ്വസ്ഥനാവുന്നുണ്ടോ? ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഇല്ല. കുഴപ്പമില്ല. ഒന്നു ചിരിച്ചിരുന്നെങ്കില്‍ നന്നായേനെ.)
മാതൃഭൂമിയില്‍ എം.ടിയോടൊപ്പം വര്‍ക്ക്‌ചെയ്ത ഒരു അറ്റന്‍ഡര്‍ക്കും എം.ടി.യുടെ മൗനവും ചിരിയില്ലായ്മയും പകര്‍ന്നുകിട്ടിയതായി കഥകളുണ്ട്. എന്തെങ്കിലും പറയേണ്ടിവന്നാല്‍ അധികവും ആംഗ്യഭാഷയാണ്.
”ആരാണത്?”, എം.ടി. കൗതുകത്തോടെ ചോദിക്കുന്നു.
ഞാന്‍ പേരു പറയുന്നു.
(ഭാഗ്യം, എം.ടി. ചുണ്ടുകള്‍ പ്രത്യേകമായി കോട്ടുന്നു, ചിരിക്കുകയാണ്.) ”അന്നത്തെ ആളുകളെയൊക്കെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാറുണ്ട്.”

കോഴിക്കോട് മാതൃഭൂമിയില്‍ ചേരുന്നതിന് മുമ്പ് ഒരിക്കല്‍ ജോലിയന്വേഷിച്ചു വന്നതായി വായിച്ചു?
ഇവിടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരു ഡമോണ്‍സ്‌ട്രേറ്ററുടെ പോസ്റ്റായിരുന്നു. ഞാന്‍ പി.സി. കുട്ടികൃഷ്ണനെ പോയി കണ്ടു. ഞങ്ങള്‍ പൊന്നാനിക്കാരല്ലേ. അദ്ദേഹം പറഞ്ഞു, ‘വേണ്ട, അതത്ര ഗുണമില്ല.’

പിന്നെ മാതൃഭൂമിക്കാലം. അന്ന് ജേണലിസ്റ്റ് ട്രെയിനിയായിരുന്നപ്പോള്‍ രാവിലെ എം.ബി. ട്യൂട്ടോറിയലില്‍ രണ്ടു പിരിയഡ് ക്ലാസെടുത്ത്, റെഡിയായി നില്‍ക്കുന്ന റിക്ഷയിലാണ് പതിവായി ഓഫീസിലെത്തിയിരുന്നത്. അന്ന് വേറെ ജോലിയുടെ ആവശ്യമുണ്ടായിരുന്നോ?
അന്ന് 100 രൂപയാണ് ശമ്പളം. മതിയാകും. നല്ല സിനിമ കാണാതെയും നല്ല സിഗരറ്റ് വലിക്കാതെയും ജീവിക്കാനത് ധാരാളം മതിയാകും. കോഴിക്കോട് വരുന്നതിന് മുമ്പെ എനിക്കൊരു ജോലി കിട്ടിയിരുന്നു. ഗ്രാമസേവകനായിട്ട്. രണ്ടു ദിവസം ആ ജോലിക്കു പോയി. പിന്നെ പാലക്കാട് ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു.

അച്ഛന്‍ അടുത്തില്ല. അച്ഛനോട് നല്ല അടുപ്പവുമില്ല. അമ്മയോടായിരുന്നോ ചര്‍ച്ചകള്‍?
അന്നൊന്നും ആരോടും ചര്‍ച്ച ചെയ്യാനില്ലായിരുന്നു. അമ്മക്കിതിനെക്കുറിച്ചും എന്റെ കുത്തിക്കുറിക്കലിനെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു. അമ്മ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ആനക്കര വടക്കത്തെ ബാങ്കില്‍ പണയം വയ്ക്കാന്‍ എന്നെയാണ് പറഞ്ഞയച്ചത്. പിന്നെ പണയം വച്ചത് എടുക്കും. വീണ്ടും പലിശയടച്ച് പുതുക്കിവെക്കും. പക്ഷേ, അതൊക്കെ പുറത്തറിയിക്കാതിരിക്കാന്‍ അമ്മയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. പിന്നെ കുടുംബം നടത്തിക്കൊണ്ടുപോവാനുള്ള തത്രപ്പാടിലായിരുന്നു അവര്‍.

അമ്മയ്ക്ക് സ്വാഭാവികമായി വാത്സല്യം കാണിക്കാനുള്ള അവസരം ഉണ്ടായോ?
അങ്ങനെയൊന്നുമുണ്ടായിട്ടില്ല. (ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന മുറിയിലൂടെ മകള്‍ അശ്വതി മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി ഇങ്ങോട്ടെത്തി നോക്കി കടന്നുപോയി. അതു ശ്രദ്ധിച്ച് മറ്റൊരു സ്വരത്തില്‍ എം.ടി. ”എന്താ നീ ചെയ്യുന്നേ”, മറ്റൊരു വാത്സല്യപ്രകടനം.)

മാനസികമായി അപകര്‍ഷത അനുഭവിച്ചെങ്കിലും കോഴിക്കോട് സൗഹൃദങ്ങള്‍ എം.ടി.യെ സന്തോഷിപ്പിച്ചിട്ടില്ലേ?
സൗഹൃദങ്ങള്‍ സൗഹിത്യകാരന്മാരുമായി മാത്രമല്ല, പല മേഖലകളിലുമുണ്ടായി. പുതുക്കുടി ബാലേട്ടന് മരത്തിന്റെ ബിസിനസ് ആയിരുന്നു. പക്ഷേ, കല, സംഗീതം, നാടകം… എല്ലാത്തിലും അദ്ദേഹം മുന്നില്‍തന്നെയുണ്ടാവും. മദ്രാസില്‍ കച്ചേരി കേള്‍ക്കാന്‍ 15 ദിവസമൊക്കെ പോയി താമസിക്കും.

അന്നെല്ലാം മറ്റൊരുതരം ജീവിതമായിരുന്നു, കോഴിക്കോട്ട്. രണ്ടുപേര്‍ കണ്ട് സംസാരിച്ച് ചായ കുടിച്ചിരിക്കുക, ഒരു ബിരിയാണി കൂടി കഴിച്ചാല്‍ വലിയ ആഘോഷമായി. ഹോട്ടലുകളിലോ റോഡിലോ ഇത്രയും തിരക്കുണ്ടായിരുന്നില്ല. വൈകുന്നേരം ഞാന്‍ മാതൃഭൂമിയില്‍ നിന്നിറങ്ങുമ്പോഴേക്കും ആകാശവാണിയില്‍ നിന്ന് തിക്കോടിയനും വരുന്നുണ്ടാവും. ചിലപ്പോള്‍ സംസാരിച്ച് കടപ്പുറത്തേക്ക് നടക്കും. ആ സംഘത്തില്‍ പട്ടത്തുവിള, എന്‍.പി., ബഷീര്‍, എം.വി. ദേവന്‍ എന്നിവരും ഒത്തുചേരും. എത്ര രസമുള്ളൊരു കാലം.

ഒരിക്കല്‍ ഒരു വൈകുന്നേരം ഞാന്‍ എന്‍.പി.യോടൊപ്പം നടന്ന് പോവുമ്പോള്‍ ടൗണ്‍ഹാളിന്റെ മുമ്പിലെത്തി. അപ്പോഴതാ മൈക്കിലൂടെ തിക്കോടിയന്റെ ശബ്ദം. ഞങ്ങള്‍ സദസ്സില്‍ രണ്ടാം നിരയില്‍ കയറിയിരുന്നു. പ്രസംഗം കത്തിക്കയറുകയായിരുന്നു. പൊടുന്നനെ തിക്കോടിയന്‍ ”സുഹൃത്തുക്കളെ അന്തരീക്ഷം അത്ര അനുകൂലമല്ലാത്തതുകൊണ്ട് ഞാനീ പ്രസംഗം ഇവിടെ നിറുത്തുന്നു”, അതു പറഞ്ഞ് എം.ടി. പൊട്ടിച്ചിരിച്ചു.
(ഒരു ചെറിയ മൗനം എവിടെനിന്നോ കടന്നുവന്നു. എം.ടി. ഒരു ബീഡിക്ക് തീകൊടുത്തു.)

വണ്ടൂര്‍ ഭാഗത്ത് ഞങ്ങള്‍ കുറച്ച് സ്ഥലം വാങ്ങിയിരുന്നു, പത്തറുപത് ഏക്കര്‍. ഞാനും പട്ടത്തുവിളയും തിക്കോടിയനും ചേര്‍ന്ന്. റബ്ബര്‍ കൃഷി എന്നൊക്കെ പറഞ്ഞ് വാങ്ങിയതാണ്. എനിക്കവിടെ പോയപ്പോഴൊരു മോഹം, ഒരു ചെറിയ വീട് വേണമെന്ന്. അങ്ങനെ വീടുണ്ടാക്കി. അന്ന് ആര്‍ക്കുമവിടെ ചെന്നുനോക്കാനൊന്നും സമയമില്ല. ചില കാര്യസ്ഥന്മാരെ വെച്ചിരുന്നു. ഇവിടുന്ന് വളം അയയ്ക്കും. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോഴാണറിഞ്ഞത് വളമൊക്കെ അവര്‍ മറിച്ചുവില്‍ക്കാന്‍ തുടങ്ങിയെന്ന്. അങ്ങനെ പട്ടത്തുവിള ആരെയോ കണ്ടുപിടിച്ച് സ്ഥലം ഒരുമിച്ച് വിറ്റു.

പൊരിഞ്ഞ സ്‌നേഹമായിരുന്നില്ലേ രാമു കാര്യാട്ടുമായി. കാര്യാട്ട് മരിക്കുമ്പോള്‍ എം.ടി. എഴുതിയത് ഓര്‍ക്കുന്നു, ‘രാമൂ, നീ പോവുന്നു. ഇനി ഈ കിരാതന്‍ ബാക്കിയായി’ എന്ന അര്‍ഥത്തില്‍.
ഞാനും രാമുവും തമ്മില്‍ അത്ര അടുപ്പമായിരുന്നു. രാമുവിന്റെ രീതിയും ശരീരവും ഒന്നു വേറെതന്നെ. ഏത് ആള്‍ക്കൂട്ടത്തിലും ഇടിച്ചുകയറും. രാമു ഒരു സിനിമാക്കാരന്‍ മാത്രമായിരുന്നില്ല. രാഷ്ട്രീയം, സാഹിത്യം… ഏതു കാര്യവും അറിയാം. ആറടി പൊക്കവും അതിനൊത്ത ശരീരവും. എല്ലാവരും കരുതും ഏതോ വടക്കേയിന്ത്യക്കാരനാണെന്ന്. സിനിമയൊന്നും ഒരുമിച്ച് ചെയ്തിട്ടില്ല. ഞങ്ങളൊരുമിച്ച് കന്യാകുമാരിയില്‍ പോയി താമസിച്ചു, ഒരാഴ്ച. ഒന്നും നടന്നില്ല. ഞങ്ങളൊരിക്കല്‍ റഷ്യയില്‍ പോയിട്ടുണ്ട്. അതൊരു യൂത്ത് ഡെലിഗേഷന്‍ ആയിരുന്നു. ‘ചെമ്മീനി’ന്റെ ഒരു കൊല്ലം മുമ്പാണ്.

എന്‍.പി.യെക്കുറിച്ച് എഴുതി, ‘യാത്രയയയ്ക്കുമ്പോള്‍ വഴിയില്‍ ഇങ്ങനെ മറയുവോളം നോക്കിനില്‍ക്കുമായിരുന്നെ’ന്ന്…
അവരൊക്കെയുള്ളപ്പോഴൊരു ധൈര്യമായിരുന്നു. വേറൊന്നിനുമല്ല, മറ്റാരുമായും ഡിസ്‌കസ് ചെയ്യാന്‍ കഴിയാത്തൊരു പ്രശ്‌നം വന്നാല്‍ നമുക്കിരുന്ന് സംസാരിക്കാനുള്ള ആള്‍. എല്ലാ വീക്കെന്‍ഡിലും കാണും. ആയിടയ്ക്ക് വായിച്ച പുസ്തകങ്ങളൊക്കെ ചര്‍ച്ച ചെയ്യും.
പുസ്തകങ്ങളുടെ ലോകം എനിക്കെപ്പോഴും ആശ്വാസം തരുന്നതാണ്. ഒന്നും വായിച്ചില്ലെങ്കില്‍ പോലും. ഒരുപാട് പുസ്തകങ്ങളുണ്ട് ഇവിടെ. ഇടയ്ക്ക് ഒരു പുസ്തകം പെട്ടെന്ന് ഓര്‍മവരും. ഉള്ളടക്കം എല്ലാം ഓര്‍മയുണ്ടാവും. പക്ഷേ, പേരുമാത്രം ഓര്‍മവരില്ല. പിന്നെ അതൊരസ്വസ്ഥതയാണ്. അതു പതുക്കെ ഓര്‍ത്തെടുക്കും. മനസ്സിനൊരു വ്യായാമമാണ്. ഓര്‍ത്തെടുക്കുമ്പോള്‍ ഒരു സമാധാനമാണ്.
നമ്മുടെ പ്രായത്തെ മറികടക്കാന്‍ അതു സഹായിക്കും. പ്രായം എപ്പോള്‍ വേണമെങ്കിലും നമ്മളെ കീഴടക്കാം. അതൊരു ഋതുഭേദം പോലെയാണ്. പ്രായത്തിന്റേതായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവാം. പക്ഷേ, അതൊന്നും എഴുത്തിലേക്ക് കടന്നുവരാതിരിക്കാന്‍ ശ്രമിക്കും. പുസ്തകങ്ങള്‍ തനിയെ ഓര്‍ത്തെടുക്കുന്നതൊക്കെ അതിനു സഹായിക്കും.

എം.ടി.യുടെ എഴുത്തിന്റെ സമയത്തുതന്നെ മറ്റൊരു ഭാഗത്തുകൂടി വിജയന്‍, മുകുന്ദന്‍, ആനന്ദ് തുടങ്ങിയവര്‍ കടന്നുവരുന്നു. ഒരു തരംഗം പോലെ…
ആ തരംഗം വരട്ടെ എന്നാണ് ഞാന്‍ ചിന്തിച്ചത്.

നമ്മുടെ എഴുത്ത് നമ്മുടെ വഴിക്ക് പോവട്ടെ എന്ന്, അല്ലേ?
അതെ, ഞാനെന്റെ ഭാഷയിലെഴുതുന്നു. അവര്‍ അവരുടെ ഭാഷയിലും. ഭാഷയ്ക്ക് തന്നെ നല്ലതാണ് അത്. എസ്.കെ. ആയിരുന്നു അന്ന് എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാള്‍. അത്ര മനോഹരമായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. അക്കാലത്ത് എഴുതിയ ‘നദീതീരത്ത്’ എന്ന കഥ ഓര്‍ക്കുന്നു. ഇന്നും വായിക്കാനേറെ രസമുണ്ട്. അതുപോലെതന്നെയാണ് ‘പുള്ളിമാനി’ലെ കുടകിന്റെ വര്‍ണന. ഒരു പേജ് മുഴുവന്‍. വളരെ മനോഹരമായവ. ഇന്നാണെങ്കില്‍ വിരാജ്‌പേട്ടയില്‍ ബസ്സിറങ്ങി എന്നെഴുതിയാല്‍ മതി. പക്ഷേ, അന്ന് കുടകിനെക്കുറിച്ചും വിരാജ്‌പേട്ടയെക്കുറിച്ചും ആര്‍ക്കുമൊന്നും അറിയില്ല.

പഴയ എഴുത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് തോന്നിയിട്ടുണ്ടോ?
ഓരോ കാലത്തു തോന്നുന്നത് എഴുതുന്നു, അത്രമാത്രം. പിന്നെയത് മാറ്റിയെഴുതുന്നതില്‍ അര്‍ഥമില്ല. അന്നത്തെ ഒരു മനസ്സും, അന്നത്തെ ഒരു കണ്ണും. അന്നു കണ്ട അതേ പ്രാധാന്യത്തോടെയാവില്ല, അതേ സംഭവത്തെ എന്റെ കണ്ണുകള്‍ ഇന്നു കാണുന്നത്. രണ്ടാമതൊന്ന് വായിച്ചു നോക്കുമ്പോള്‍ ഈ പാരഗ്രാഫ് ഇവിടെ ചേരില്ല എന്നും മറ്റും ചിലപ്പോള്‍ തോന്നിയിട്ടുണ്ടാവാം. പക്ഷേ, മാറ്റിയെഴുതണമെന്ന് തോന്നിയിട്ടില്ല.

‘വാരിക്കുഴി’യിലൊക്കെ പകയും മറ്റും ആവര്‍ത്തിച്ചുവരുന്നുണ്ട്. അത് ജീവിതവുമായി കുറച്ചൊക്കെ ബന്ധപ്പെട്ടതല്ലേ?
അതൊരു മനുഷ്യസ്വഭാവമാണ്. നമ്മളോട് ദ്രോഹം ചെയ്തയാളുകളെ നമുക്ക് വേണമെങ്കില്‍ ദ്രോഹിക്കാം. പക്ഷേ, ഒരു കാലം കഴിഞ്ഞാല്‍ അതില്‍ യാതൊരു അര്‍ഥവുമില്ലെന്നു തോന്നും.

ആ കഥാപാത്രത്തിന്റെയൊക്കെ അന്നത്തെ നിലപാടിന് ഇന്ന് പ്രസക്തിയുണ്ടോ?
ഇല്ലേയില്ല.

പുതുതലമുറയ്ക്ക് ഇത് മനസ്സിലാവണമെന്നുണ്ടോ?
നാലുകെട്ടിന്റെ കാര്യങ്ങളൊക്കെ ഒരു ചരിത്രം പോലെയല്ലേ ഇന്നത്തെ തലമുറക്കറിയൂ. കൂട്ടുകുടുംബസമ്പ്രദായം ഉണ്ടായിരുന്നു എന്നവര്‍ കേട്ടിട്ടേയുള്ളൂ. അവര്‍ അനുഭവിച്ചിട്ടില്ല. മരുമക്കത്തായ വ്യവസ്ഥയില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണ് എല്ലാം നിശ്ചയിക്കുന്നത്. അവരുടെ ലെഫ്റ്റ്‌നന്റ്‌സ് മാത്രമാണ് അമ്മാവന്മാര്‍. കുറേക്കഴിഞ്ഞപ്പോഴേക്കും സ്ത്രീകള്‍ക്ക് ഭരിക്കാന്‍ കഴിയാതെ വരികയും ഈ അമ്മാവന്മാര്‍ സ്വന്തം ആവശ്യത്തിനുവേണ്ടി തിരിമറികള്‍ നടത്തുകയും ചെയ്തു. അങ്ങനെയാണ് ഈ വ്യവസ്ഥ തകര്‍ന്നത്.
ഞങ്ങള്‍ക്ക് ഒരു പ്രധാനവീട്, ഒരു പത്തായപ്പുര, ഒരു പടിപ്പുര – ഇത്രയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ വലുതായപ്പോഴേയ്ക്കും പടിപ്പുര പോയി. അമ്മാവന്മാര്‍ ഭരിക്കുന്ന കാലമായപ്പോഴേയ്ക്കും ഭാര്യയേയും മക്കളേയും കൊണ്ടുവന്നു താമസിക്കാന്‍ തുടങ്ങി. കോമണ്‍ കിച്ചണിനു പുറമെ അവര്‍ക്ക് സ്‌പെഷ്യല്‍ അടുക്കള. അങ്ങനെയൊക്കെ തുടങ്ങിയപ്പോള്‍ യങ്‌സ്റ്റേഴ്‌സ് റിവോള്‍ട്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് കേസുകള്‍ വന്നത്. അപ്പോള്‍ ഭാഗിച്ചു. ഞങ്ങളുടേത് ഭാഗിച്ചപ്പോള്‍ ഞാന്‍ കേട്ടതാണ് 64 മെമ്പേഴ്‌സ് ഉണ്ടായിരുന്നു. അത്രയധികം സ്വത്തും ഉണ്ടായിരുന്നുവത്രേ. അത്രതന്നെ കടവും.

അവിടുന്ന് ഓരോരുത്തരും പല സ്ഥലങ്ങളിലേക്ക് പോയി. ചിലര്‍ പുഴയുടെ അക്കരയ്ക്ക് പോയി. ഇതൊക്കെ പറഞ്ഞുകേട്ട അറിവാണ്. ഞാന്‍ കുട്ടിയായപ്പോള്‍ അമ്മതന്നെയാണ് എല്ലാം നടത്തുന്നത്. അമ്മ പറയുന്നതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല.

എന്തിനാണ് എം.ടി.യുടെ നായികമാരെ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചുപോവുന്നത്?
ഏതിലെ?

‘മഞ്ഞി’ലെ വിമലയും ‘കാല’ത്തിലെ സുമിത്രയും. അതേസമയം ഇവരൊക്കെ എന്തെങ്കിലും തെറ്റുചെയ്തുവെന്ന് പറയാനും പറ്റില്ല. സ്‌നേഹിച്ചവര്‍ മാത്രമാണ്.
അങ്ങനെ ചെയ്തില്ലെങ്കില്‍ കഥ ഉണ്ടാവില്ല. രണ്ടുപേരും കൂടെ ഇഷ്ടമായി. ഠവല്യ ഹശ്‌ലറ വമുുശഹ്യ വേലൃല മളലേൃ എന്നു പറഞ്ഞാല്‍ അതില്‍ കഥയില്ല. രാമായണം തന്നെ എടുത്തുനോക്കൂ. കഥയുണ്ടാവുന്നത് പിന്നെയല്ലേ? ഇതൊക്കെ വിട്ട് കാട്ടിലേക്ക് പോവുമ്പോഴല്ലേ കഥ തുടങ്ങുന്നത്. ‘നീ വരണ്ട, കാട്ടില്‍ കല്ലും മുള്ളുമാണെന്ന് പറയുന്നു. അവസാനം ഗതികെട്ട സീത പറയുകയല്ലേ ‘ഞാന്‍ കേട്ട രാമായണത്തിലൊക്കെ സീത പോവുന്നുണ്ട് രാമന്റെ കൂടെ. ഞാനും വരുന്നു’ എന്ന്. അപ്പോള്‍ അതിനു മുമ്പും ഈ രാമകഥകളുണ്ട്.

നായകന്മാരൊക്കെ ഒരു ശൂന്യത അനുഭവിക്കുന്നവരാണ്. എല്ലാം നേടിക്കഴിഞ്ഞ് മുകളില്‍ നിന്ന് നോക്കുമ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥ. ഇത് സ്വയം അനുഭവിച്ചിട്ടുണ്ടോ?
ഇല്ല. ഫിക്ഷന്‍ വേറെ. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ, മാജിക്കല്‍ റിയലിസത്തെപ്പറ്റി കാര്‍ലോസ് ഫുവന്റസ് പറഞ്ഞു, ”നിങ്ങള്‍ പറയുന്നു, ഇത് മാജിക്കല്‍ റിയലിസം ആണെന്ന്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ുമൃ േ ീള വേല വശേെീൃ്യ ആണ്.”

മെക്‌സിക്കന്‍ ഡിക്‌ടേറ്റര്‍ സാന്റാ അന്ന. ഫ്രഞ്ചുകാരുമായുള്ള യുദ്ധത്തിനുശേഷമാണ് അയാള്‍ ഡിക്‌റ്റേറ്റര്‍ ആവുന്നത്. ഇയാള്‍ ഡിക്‌റ്റേറ്റര്‍ ആയപ്പോള്‍, യുദ്ധത്തില്‍ നഷ്ടപ്പെട്ട കാല്‍, ബഹുമതിയോടെ മറവുചെയ്തു. അടുത്തൊരു യുദ്ധത്തില്‍ ഇയാളെ പുറത്താക്കിയതോടെ കാലുമെടുത്ത് പുറത്തിട്ടു. ഇതുകേട്ടാല്‍ തോന്നും കെട്ടുകഥയാണെന്ന്. അല്ല. ഇത് ചരിത്രത്തിന്റെ ഭാഗമാണ്. അത് stranger than fiction ആണ്. History is stranger than fiction.

കൊളമ്പിയയിലും ഉണ്ടായിരുന്നു ഇതുപോലൊരാള്‍. അയാള്‍ ജനങ്ങളെ മുഴുവന്‍ ദ്രോഹിച്ചു. അങ്ങനത്തൊരു നീചന്‍ ഡിക്‌റ്റേറ്റര്‍. അയാള്‍ മരിച്ചപ്പോള്‍ ജനങ്ങളെല്ലാം ആടിപ്പാടി നടന്നു. ഇയാള്‍ എഴുന്നേറ്റുവന്ന്, എല്ലാവരെയും വെടിവെച്ചുകൊന്നു. ‘ആരൊക്കെ മരിച്ചാല്‍ ആഘോഷിക്കുമെന്ന് അറിയാന്‍ വേണ്ടിയിട്ടാണ്’ എന്നു പറഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ ശരിക്കും മരിച്ചു. അപ്പോള്‍ ജനങ്ങള്‍ക്കൊക്കെ ആഘോഷിക്കാന്‍ പേടിയാണ്. അവര്‍ പതുക്കെ പതുക്കെ ആ മുറിയില്‍ പോയി. അയാളെ തൊട്ടുനോക്കി. പിന്നെ ആഘോഷമായി. അപ്പോള്‍ ചരിത്രം ചിലപ്പോള്‍ കെട്ടുകഥയേക്കാള്‍ വിചിത്രമാണ്.

നേരെവാ നേരെ പോ എന്ന മട്ടില്‍ ജീവിക്കുന്ന ഒരാള്‍ക്കുപോലും എല്ലാം നേരായി കലാശിക്കണമെന്നില്ല. അതുകൊണ്ട് ഓരോരുത്തരുടേയും ജീവിതത്തില്‍ അങ്ങനെ പലതും സംഭവിക്കും. സേതു ഓട്ടോബയോഗ്രഫിക്കലാണെന്ന് പറയാന്‍ പറ്റില്ല. കോളേജിലെ കുറച്ച് എക്‌സ്പീരിയന്‍സസൊക്കെ അതിലുണ്ടാവാം. മുകളിലേക്ക് എത്തിപ്പെടുക. അതിനുവേണ്ടി എന്തും ചെയ്യുക. മൂല്യങ്ങളെയൊക്കെ ചവിട്ടിമെതിക്കുക. പക്ഷേ, മുകളില്‍ എത്തിക്കഴിഞ്ഞിട്ട് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നും എന്തിനായിരുന്നുവെന്ന്. ഇത് ലോകത്ത് എല്ലാ ദിക്കിലും എന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.സേതുവിന് സംഭവിച്ചതും അതുതന്നെ. എല്ലാം മറന്ന് എല്ലാം പിടിച്ചടക്കണമെന്ന് കരുതി. അയാളുടെ തോല്‍വി സുമിത്രയെ കാണുമ്പോഴാണ്. താനൊന്നും നേടിയിട്ടില്ല എന്ന് അപ്പോഴാണ് അയാള്‍ അറിയുന്നത്.

‘സേതുവിന് എന്നും ഒരാളോട് മാത്രമേ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ. സേതുവിനോട് മാത്രം.’ സുമിത്രയുടെ ആ ഡയലോഗില്‍ അയാള്‍ തകരുകയാണ്.
തീര്‍ന്നു, അയാള്‍ തീര്‍ന്നു. തിരിച്ചുപോവുമ്പോള്‍ അയാളുടെ മനസ്സ് വരണ്ട പുഴപോലെയാവുകയാണ്.

‘മഞ്ഞ്’ മറ്റൊരുലോകമാണ്?
ഞാന്‍ നൈനിറ്റാളില്‍ പോയിരുന്നു. തിരിച്ചുവന്ന് എഴുതിയതാണത്. അത് വായിച്ച ചിലര്‍ പറഞ്ഞിരുന്നു, സ്ഥലമൊക്കെ ‘മഞ്ഞി’ല്‍ എഴുതിയതുപോലെത്തന്നെയാണെന്ന്.

പെട്ടെന്ന് എഴുതിയതാണോ?
അങ്ങനെയൊന്നുമല്ല. അവിടെ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അവിടെയെത്തിയത്. ഠവല ംവീഹല ുഹമരല ംമ െംമശശേിഴ. സ്ഥലവും ആളുകളുമൊക്കെ കാത്തുനില്‍ക്കുകയായിരുന്നു. ഒരു പ്രത്യേക മൂഡില്‍. ടൂറിസ്റ്റുകള്‍ വന്നാലേ ഈ തോണികള്‍ക്കൊക്കെ ജോലിയുണ്ടാവൂ. അപ്പോള്‍ അവിടെ കെട്ടിടങ്ങള്‍ മൊത്തം പെയിന്റ് ചെയ്യുന്നു. ആകെ ഒരു മോടിപിടിപ്പിക്കല്‍. ആരെയോ കാത്തുനില്‍ക്കുന്നതുപോലെ.

അതിലെ കഥാപാത്രങ്ങള്‍ഒക്കെ നേരിട്ട് പരിചയമുള്ളതാണോ?
സമാനമായ ചിലതൊക്കെ കാണുമെന്നല്ലാതെ, അത് അതേപോലെയൊന്നും പകര്‍ത്തിയിട്ടില്ല.

ശരിക്കും വ്യക്തിപരമായി ഒരുപാട് സന്തോഷങ്ങളനുഭവിച്ച ആളാണോ?
രണ്ടുമുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. അച്ഛന് സിലോണില്‍ നിന്നും പണമയക്കാനാവാത്ത അവസ്ഥ. അപ്പോള്‍ മറ്റു കുട്ടികളോടൊപ്പം കൂട്ടുകൂടാനാവാത്തൊരു പ്രശ്‌നം. ഓരോ ദിവസവും ഓരോരുത്തര്‍, ചെലവ് ചെയ്യും. സിനിമ കാണാന്‍ പോവും. എന്റെ ദിവസം എത്തുമ്പോള്‍ എനിക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. അത്തരം സംഘര്‍ഷങ്ങള്‍.

പക്ഷേ, അന്ന് വായനയുണ്ടായിരുന്നില്ലേ? എഴുത്തും തുടങ്ങി. അതിന്റെയൊരു സന്തോഷമില്ലേ?
അതുണ്ട്. എന്നെ നിലനിര്‍ത്തുന്നതുതന്നെ എഴുത്താണ്. മറ്റേതൊരു രസം മാത്രം. സ്റ്റൈലിലുള്ള ഡ്രസ്സ് വേണം, നല്ല ഭക്ഷണം വേണം എന്നൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഇവരുടെ കൂട്ടത്തില്‍ ചേരണമെങ്കില്‍ പണം വേണമെന്ന അവസ്ഥ.

ബഷീറിനെക്കുറിച്ച് എം.ടി. എഴുതിയിട്ടുണ്ട്, പിന്നെയും പിന്നെയും തേടുന്ന ഒരു സുന്ദരിയുടെ സ്വപ്‌നം ഓരോ എഴുത്തുകാരന്റെയും ഉള്ളിലുണ്ടെന്ന്. ഇത് എം.ടി.യെ സംബന്ധിച്ചും ശരിയല്ലേ?
അതിന് എഴുത്തുകാരന്‍ ആവണമെന്നില്ല. വെറുതെയൊരു മനുഷ്യനായാലും മതി.

പണ്ടത്തേക്കാള്‍ മനസ്സില്‍ കുറച്ച് ആത്മീയത ഉണ്ടോ ഇപ്പോള്‍?
അങ്ങനെയൊന്നുമില്ല. ഞങ്ങളുടെയൊരു പരദേവത എന്നു പറയുന്നൊരു അമ്പലമുണ്ട്. അവിടെ വല്ലപ്പോഴും പോവും. അതല്ലാതെ അമ്പലത്തില്‍ സ്ഥിരമായി പോവുക എന്നൊരു പരിപാടി അന്നുമില്ല, ഇന്നുമില്ല.

സന്തോഷമില്ലേ, ചെയ്യാന്‍ ആഗ്രഹിച്ചതൊക്കെ ചെയ്യാന്‍ കഴിഞ്ഞതില്‍?
പലതുമുണ്ട് ഇനിയും എഴുതാന്‍ മനസ്സില്‍. അതിന്റെ ഉത്കണ്ഠയും ഉണ്ട്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *