ഗ്രാമങ്ങളെക്കുറിച്ചെഴുതുന്നത് വൈകല്യമല്ല – എം.ടി. വാസുദേവന്‍ നായര്‍
ബാംഗ്ലൂര്‍: ഗ്രാമത്തെക്കുറിച്ചെഴുതുന്നത് തന്റെ വൈകല്യമല്ലെന്നും ജനിച്ചു വളര്‍ന്ന ദേശത്തു നിന്നാണ് കഥകളിലെ മിക്ക കഥാപാത്രങ്ങളെയും ലഭിച്ചതെന്നും എം. ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. പാലസ് ഗ്രൗണ്ട്‌സില്‍ നടക്കുന്ന ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയിച്ച സമയത്തിന് ഒന്നരമണിക്കൂര്‍ വൈകി തുടങ്ങിയ സംവാദം മൂന്നു ഭാഷകളിലെ ജ്ഞാനപീഠം പുരസ്‌കാര ജേതാക്കളുടെ വേദി കൂടിയായി. എം.ടി. വാസുദേവന്‍ നായര്‍ക്ക് പുറമേ കന്നടയില്‍ നിന്ന യു.ആര്‍. അനന്തമൂര്‍ത്തി, ചന്ദ്രശേഖര കമ്പാര്‍, ഒറിയ എഴുത്തുകാരന്‍ സീതാകാന്ത മഹാപാത്ര എന്നിവരും വേദിയിലുണ്ടായിരുന്നു.
എഴുത്തിന്റെ ആദ്യകാലത്ത് നേരിട്ട സംഘര്‍ഷങ്ങളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചുമുള്ള ആമുഖത്തോടെ തുടങ്ങിയ എം.ടി. പുതിയ എഴുത്തുകാരോട് ആദ്യമെഴുതുന്നത് കീറിക്കളയണമെന്നും ആവശ്യപ്പെട്ടു. വെട്ടിക്കളഞ്ഞും തിരുത്തിയും മാത്രമേ എഴുത്തില്‍ പൂര്‍ണത കൈവരിക്കാനാകൂ. വള്ളുവനാട്ടിലെ കൂടല്ലൂര്‍ എന്ന കൊച്ചുഗ്രാമമാണ് തനിക്ക് കഥാപാത്രങ്ങളെ തന്നത്. അതിനാല്‍ ഗ്രാമ്യത തന്റെ വൈകല്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥയെഴുത്തിന്റെ വഴികളെക്കുറിച്ചും അയല്‍ക്കാരനും സാഹിത്യകാരനുമായ അക്കിത്തത്തിന്റെ വീട്ടില്‍ പുസ്തകം വായിക്കാന്‍ ചെന്നിരുന്ന വഴികളെക്കുറിച്ചും അദ്ദേഹം ഓര്‍മിച്ചു.ആദ്യകാലത്ത് മലയാളത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചിത്രകേരളം വാരികയിലേക്ക് മൂന്ന് വ്യത്യസ്തപേരുകളില്‍ രചനകള്‍ അയച്ചതിനെക്കുറിച്ചും അവ മൂന്നും പ്രസിദ്ധീകരിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
സമയവും സന്ദര്‍ഭവും അനുസരിച്ച് ഇനിയും കൂടുതല്‍ എഴുതുമെന്നും അദ്ദേഹം എഴുത്തുകാരോട് പറഞ്ഞു. പുസ്തകം എഴുതുക മാത്രമല്ല അത് ജനങ്ങളിലേക്ക് എത്തുകകൂടി ചെയ്താലേ കൃത്യം പൂര്‍ണമാകൂ.- അദ്ദേഹം പറഞ്ഞു.
യു. ആര്‍. അനന്തമൂര്‍ത്തി, ചന്ദ്രശേഖരകമ്പാര്‍ എന്നിവരും അവരുടെ കഥകളെക്കുറിച്ച് സംസാരിച്ചു.
ഒഡഷ സാഹിത്യത്തെക്കുറിച്ചും ഡോ. സീതാകാന്ത മഹാപാത്ര സംസാരിച്ചു. ഡി.എല്‍. നാഗഭൂഷണ്‍ സ്വാമി മോഡറേറ്ററായി.
Recent Comments