അല്‍പം പച്ചപ്പ് ബാക്കി നിര്‍ത്തി കൂടല്ലൂര്‍ എം.ടിയെ കാത്തിരിക്കുന്നു
സര്‍ഗധനനായ ഒരെഴുത്തുകാരന്‍െറ സ്വന്തം ദേശം ലോകത്തെവിടെയുമുള്ള സാഹിത്യപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ദസ്തയേവ്സ്കി, വിക്ടര്‍ ഹ്യൂഗോ എന്നിങ്ങനെ അനശ്വരരായ എഴുത്തുകാര്‍ ജീവിച്ച ഇടങ്ങള്‍ ഇന്ന് വായനക്കാരുടെ ‘തീര്‍ഥാടന’ കേന്ദ്രങ്ങളാണല്ളോ. നമ്മുടെ സ്വന്തം മലയാളത്തില്‍, എം.ടി. വാസുദേവന്‍ നായര്‍ എഴുതിച്ചേര്‍ത്ത കഥയും ചരിത്രവും പുരാവൃത്തവും പ്രകൃതിയും ഭാവനയും കൂടിച്ചേര്‍ന്നതാണ് കൂടല്ലൂര്‍ എന്ന ദേശം. പതിറ്റാണ്ടുകള്‍ പിന്നിട്ടാലും സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്ക് സമകാലീനരായിരുന്ന അപ്പുണ്ണിയുടെയും വേലായുധന്‍െറയും ഗോവിന്ദന്‍കുട്ടിയുടെയും കുട്ട്യേടത്തിയുടെയുമെല്ലാം ആദിരൂപങ്ങളെത്തേടി കൂടല്ലൂരിലേക്ക് വരാതിരിക്കാനാവില്ല.
കൂടല്ലൂര്‍ എന്ന ദേശം പഴയ പൊന്നാനി താലൂക്കില്‍പെടുന്നതാണ്. പട്ടാമ്പിയില്‍നിന്ന് തൃത്താല വഴി കുമരനെല്ലൂര്‍ വഴി കൂടല്ലൂരിലത്തൊം. അല്ളെങ്കില്‍ കുറ്റിപ്പുറം പാലത്തിലൂടെ കുമ്പിടിവഴിയും കൂടല്ലൂരിലത്തൊന്‍ സാധിക്കും. സമ്പന്നമായ നാട്ടറിവുകളുടെ ചരിത്രം ഈ പുഴയോര ഗ്രാമത്തിനുണ്ട്. മണ്ണാര്‍ക്കാട്-സൈലന്‍റ് വാലി മലനിരകളില്‍നിന്ന് വരുന്ന തൂതപ്പുഴയും ആനമല നിരകളില്‍നിന്നുവരുന്ന ഭാരതപ്പുഴയും ഒരുമിച്ചുകൂടുന്ന ‘കൂടല്‍ ഊര്’ (കൂടല്ലൂര്) വള്ളുവനാടന്‍ സംസ്കാരവും ഗ്രാമഭംഗിയും ഉള്‍ച്ചേര്‍ന്നുനില്‍ക്കുന്ന ഭൂപ്രദേശമാണ്.
കൂടല്ലൂരില്‍ എത്തിയപ്പോള്‍ മുതല്‍ എന്നെ ആവേശിച്ചത് താന്നിക്കുന്ന് കാണാനായിരുന്നു.
താന്നിക്കുന്നിലേക്ക് പോകുന്ന വഴിയിലെ ദൃശ്യം
എം.ടിയുടെ ഒരകന്ന ബന്ധത്തിലുള്ള ബാലന്‍ മാഷാണ് മുന്‍വശത്തെ വയലിന്‍െറ പച്ചപ്പില്‍ പുതച്ചുനില്‍ക്കുന്ന മാടത്ത് തെക്കേപ്പാട്ട് തറവാട്ടില്‍, എം.ടിയുടെ തറവാട്ടില്‍ എത്തിച്ചത്. എം.ടിയുടെ മൂത്ത ജ്യേഷ്ഠന്‍െറ മകള്‍ നളിനി ഓപ്പു മാത്രമേ തറവാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. തറവാടിന്‍െറ പടിഞ്ഞാട്ട് നടന്നാല്‍ ചെറിയ ഒരു കുന്നിന്‍പുറം കാണാം. പിന്നെ അല്‍പം നിരപ്പ്. വീണ്ടും പടിഞ്ഞാട്ട് നടന്നാല്‍ ദൂരെയായി താന്നിക്കുന്ന് കാണാം.
വംശമറ്റ പൂക്കാലങ്ങള്‍ക്ക് മുമ്പ് കഥാകാരന്‍െറ സ്മൃതിചിത്രങ്ങളില്‍ വിരിഞ്ഞുനിന്നിരുന്ന കണ്ണാന്തള്ളിപ്പൂക്കള്‍ വിഹരിച്ചത് ഇവിടെയായിരുന്നു. ‘വടക്കേപാടത്ത് നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍തന്നെ താന്നിക്കുന്ന് തൊട്ട് പറക്കുളം മേച്ചില്‍പ്പുറം വരെ കണ്ണാന്തളിച്ചെടികള്‍ തഴച്ചുവളര്‍ന്നു കഴിയും’. (കണ്ണാന്തളിപ്പൂക്കളുടെ കാലം). എന്നാല്‍, കഥാകാരന്‍െറ ഓര്‍മയില്‍ വിരിഞ്ഞുനിന്ന ഒരൊറ്റ കണ്ണാന്തളിയും ഇന്ന് താന്നിക്കുന്നില്‍ കാണാന്‍ കഴിയില്ല.
എന്നാല്‍, എം.ടിയുടെ ബാല്യസ്മരണയില്‍ തങ്ങിനില്‍ക്കുന്ന ഒരപൂര്‍വ ദൃശ്യം ഇന്നും മായാതെയുണ്ട്. താന്നിക്കുന്നിന് മുകളില്‍ കയറിനോക്കിയാല്‍ കരണൂര്‍ പാലത്തിലൂടെ തീവണ്ടി പോകുന്നതിന്‍െറ ദൃശ്യമാണത്. ഒപ്പം വളരെ സൂക്ഷ്മമായി നോക്കിയാല്‍ കണ്ണീര്‍കണം പോലെ വരണ്ടൊഴുകുന്ന നിളാനദിയെയും കാണാം.
പാലത്തിലൂടെ തീവണ്ടി പോകുന്നത് താന്നിക്കുന്നിനു മുകളില്‍ നിന്നുള്ള ദൃശ്യം
ഒരിക്കല്‍ എം.ടി തന്‍െറ ഗ്രാമത്തേക്കുറിച്ച് വിശേഷിപ്പിച്ചത് അമരന്മാരുടെ നാടെന്നാണ്. എന്നാല്‍, കൂടല്ലൂരിലെ പുതിയ തലമുറ ഏറെ മാറിയിരിക്കുന്നു. താന്നിക്കുന്നിന്‍െറ മുകളില്‍വെച്ച് പരിചയപ്പെട്ട മണികണ്ഠന്‍ സര്‍ക്കാര്‍ ജോലി മാത്രം നെഞ്ചിലേറ്റി കഴിഞ്ഞുകൂടുന്ന ചെറുപ്പക്കാരനാണ്.
ഉച്ചവെയിലിനെ വകവെക്കാത്ത താന്നിക്കുന്നിന്‍െറ പടിഞ്ഞാറന്‍ ചരിവിലേക്ക് നടന്നു. മണികണ്ഠന്‍ ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’ വായിച്ചിട്ടുണ്ട്. മുമ്പ് കണ്ണാന്തളിപ്പൂക്കള്‍ വിടര്‍ന്നുനിന്നിരുന്ന ഭാഗത്ത് ഇപ്പോള്‍ ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് കാണാം. ക്വാറിയുടെ പടം കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച എന്നെ മണികണ്ഠന്‍ വിലക്കി.
താന്നിക്കുന്ന് ഇന്ന് ഏറക്കുറെ ഇല്ലാതായിരിക്കുന്നു. നാഗരികതയുടെ അടയാളങ്ങളായ ഇംഗ്ളീഷ് മീഡിയം സ്കൂളുകളും മൊബൈല്‍ ടവറുകളും വന്നത്തെിയിരിക്കുന്നു. വെയിലിന് ശമനമുണ്ടായപ്പോള്‍ മണികണ്ഠനോട് യാത്ര പറഞ്ഞിറങ്ങി. എം.ടിയുടെ തറവാടിന്‍െറ അല്‍പം മുകളിലായി താന്നിക്കുന്നിനോട് ചേര്‍ന്നുള്ള പറമ്പില്‍, ചെറിയ കുടിലില്‍ താമസിക്കുന്ന കോച്ചിയെന്ന പ്രായം ചെന്ന സ്ത്രീയെ കണ്ടു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ കോച്ചിയമ്മയുടെ പ്രായം ചെന്ന കണ്ണുകള്‍ വികസിച്ചു. പിന്നേ, ബാസൂനെ നിക്ക്റിയില്ളേ, ബാസൂന്‍െറ വീട് പണിയാന്‍ ഞാനും താമിയും പോയിട്ടുണ്ട്’’.
കാര്യങ്ങള്‍ വിശദീകരിച്ച് കോച്ചിയുടെ കൊച്ചുമകള്‍ അശ്വതിയുണ്ടായിരുന്നു. എം.ടിയുടെ അമ്മ, അമ്മാളുഅമ്മയുടെ കാലത്താണ് കോച്ചിയുടെ ഭര്‍ത്താവായിരുന്ന താമിയുടെ പിതാവ് അയ്യപ്പന് വീട് വെക്കാന്‍ തന്നിക്കുന്നിന്‍െറ ചരുവില്‍ സ്ഥലം നല്‍കിയത്. എം.ടി പുഴവക്കില്‍ ഒൗട്ട്ഹൗസ് പണിതപ്പോള്‍ ചാപ്പത്തനും താമിയുമൊക്കെ പണിയെടുത്ത കാര്യം കോച്ചിയമ്മ വിവരിച്ചുകൊണ്ടേയിരുന്നു. ഒപ്പം പഴയ കാലത്തേക്കുറിച്ചുള്ള ഓര്‍മകളും നെടുവീര്‍പ്പുകളും. കൂടല്ലൂര്‍ ഗ്രാമത്തില്‍ പഴയകാലങ്ങളുടെ ബിംബങ്ങളായി കോച്ചിയമ്മയെപ്പോലുള്ളവര്‍ മാത്രം ഇന്നവശേഷിക്കുന്നു. കഥാകാരന്‍ താമിയെയും കോച്ചിയേയുമൊക്കെ ഏത് കൃതികളില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ മനസ്സില്‍ തിരഞ്ഞു.
കൂടല്ലൂരിലെ നാടോടിമിത്തുകള്‍
കൊടിക്കുന്നത്ത് കാവിലമ്മയുടെ കഥകള്‍ കൂടല്ലൂര്‍ക്കരയുടെ നാടോടി മിത്തുകളാണ്. കണക്കര്‍ കാവിലെ ചെറുമക്കളി പ്രസിദ്ധമാണ്. മൂന്നു രാപ്പകലുകള്‍ നീളുന്ന അടിയാള ജനതയുടെ ഈ കലാകായിക വിനോദം, വെളുത്ത ദൈവങ്ങളെപ്പോലും മോഹിപ്പിക്കുന്ന കറുത്ത സൗന്ദര്യമാണ്. ‘അസുരവിത്ത്’ എന്ന തന്‍െറ നോവലില്‍ ഈ കറുത്ത കരുത്തിന്‍െറ കഥകള്‍ എം.ടി ചേര്‍ത്തിട്ടുണ്ട്.
എം.ടിയുടെ ‘നീലത്താമര’ എന്ന സിനിമയില്‍ പറയുന്ന ദേവീക്ഷേത്രമാണ് മലമക്കാവ് ദേവീക്ഷേത്രം. കൂടല്ലൂരില്‍നിന്ന് രണ്ടു കിലോമീറ്റര്‍ പോയാല്‍ മലമക്കാവ് ദേവീക്ഷേത്രത്തിലത്തൊം. ക്ഷേത്രക്കുളത്തിലാണ് നീലത്താമര വിരിയുന്നത്. നേര്‍ച്ചവെച്ച് പ്രാര്‍ഥിച്ചതിനു ശേഷം തൊട്ടടുത്ത ദിവസം നീലത്താമര വിരിഞ്ഞാല്‍ ആഗ്രഹം സഫലമായെന്നാണ് കൂടല്ലൂര്‍ക്കാരുടെ വിശ്വാസം.
നിളയുടെ മരണം
നിളയുടെ ഉദയവും നരിവാളന്‍ കുന്നിലെ അസ്തമയവും പോലെ മനോഹരമായ മറ്റൊരു കാഴ്ചയും ലോകത്തിലില്ളെന്ന് എം.ടി പറഞ്ഞിരുന്നു. എന്നാല്‍, വാക്കുകളില്‍ വരച്ചുചേര്‍ത്തിട്ടുള്ള നിളയില്ല ഇന്ന്. മണലെടുപ്പ് മൂലം നിള എന്നേ മരണമടഞ്ഞിരിക്കുന്നു. ‘അറിയാത്ത അദ്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയെയാണെന്ന്’ എം.ടി എഴുതുകയുണ്ടായി. കാലം ഏറെയായിരിക്കുന്നു. നിളയും, കൂടല്ലൂരിന്‍െറ കാര്‍ഷിക രംഗങ്ങളും ഇല്ലാതാകുന്ന കാഴ്ചയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുന്നത്.
‘കുമരനെല്ലൂരിലെ കുളങ്ങള്‍’ എന്ന തന്‍െറ ആത്മകഥാംശത്തില്‍ നിളയെക്കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. (പിന്നീട് എം.എ. റഹ്മാന്‍ ഇത് ഡോക്യുഫിക്ഷനാക്കി) ‘നാട്ടില്‍ വരുമ്പോള്‍ തറവാടിനോട് ചേര്‍ന്നുള്ള പറമ്പില്‍ നിളയെ കണ്ടുകൊണ്ടിരിക്കാനാണ് ഒരു ഒൗട്ട്ഹൗസ് പണിതത്. എന്നാല്‍, ഇന്ന് അതിന്‍െറ ഉമ്മറത്തിരുന്നാല്‍ കാണാന്‍ കഴിയുന്നത്. മരണത്തോട് മല്ലടിച്ചൊഴുകുന്ന നിളയെയാണ്.’
വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ക്കടത്തില്‍ നിള നിറഞ്ഞൊഴുകിയിരുന്നു. അന്ന് കൂടല്ലൂര്‍ വെള്ളത്തിനടിയിലായി. ചിലപ്പോള്‍ മാടത്ത് തെക്കേപ്പാട്ട് തറവാടിന്‍െറ പടിക്കല്‍ വരെ വെള്ളമുയര്‍ന്ന സംഭവമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇന്ന് നിള മെല്ളെമെല്ളെ മെലിഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നിളയുടെ മധ്യഭാഗങ്ങളില്‍ നിറയെ പൊന്തക്കാടുകളും മണല്‍ക്കൂനകളും മാത്രമാണ് കാണാന്‍ കഴിയുക. മണല്‍ വാരല്‍ ഒരു പരിധി വരെ ഇല്ലാതായിട്ടും ഇരുളിന്‍െറ മറവില്‍ യഥേഷ്ടം മണലെടുപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വേനല്‍ക്കാലത്ത് എം.ടിയുടെ ഒൗട്ട് ഹൗസിന് മുന്നിലൂടെ ഒഴുകുന്ന നിളക്ക് കഷ്ടിച്ച് 30 മീറ്ററില്‍ കൂടുതല്‍ വീതിയില്ല. പലപല കൈവരികളായി ഗതിമാറി നിള ഒഴുകുന്നത് കാണാം; ഒപ്പം, ഇത്തിരി വെള്ളത്തില്‍ മത്സ്യങ്ങളെ തപ്പിപ്പിടിക്കുന്നവരെയും.
നിളയിലെ ഇത്തിരി വെള്ളത്തില്‍ മത്സ്യങ്ങള്‍ക്കായി വലവിരിക്കുന്നവര്‍
ഒരു കാലത്ത് വള്ളുവനാടന്‍ സംസ്കാരത്തെയും കൃഷി സമ്പ്രദായത്തെയും നിയന്ത്രിച്ച നദിയാണിത്. ഒരു ജനതയുടെ അതിജീവനത്തില്‍ മുഖ്യ പങ്കുവഹിച്ച നിള… കൂടല്ലൂര്‍ പിന്നിട്ട് കുമ്പിടി വഴി കുറ്റിപ്പുറം എത്തുന്നതുവരെയും നിള ശേഷിച്ചുശേഷിച്ച് ഇല്ലാതാകുന്നത് കാണാന്‍ സാധിക്കും.
കൂടല്ലൂരിലേക്ക് എം.ടി വരാറുള്ളത് ചുരുക്കമാണെന്ന് നാട്ടുകാരില്‍ പലരും പറഞ്ഞു. കൂടല്ലൂരിലെ പുതുതലമുറകള്‍ എം.ടിയെ നേരില്‍ കണ്ടിട്ടില്ളെന്നറിഞ്ഞപ്പോള്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയി. തന്‍െറ ഗ്രാമത്തിന്‍െറ സൗന്ദര്യം നഷ്ടപ്പെടുന്നതും പുഴ മലിനമാകുന്നതുമെല്ലാം എത്രനേരം കണ്ടുനില്‍ക്കാന്‍ സാധിക്കും.
നിളയെക്കുറിച്ച് ഇനി ഞാനൊന്നും എഴുതില്ല എന്നും എം.ടി വിലപിക്കുകയുണ്ടായി. ഇങ്ങനെ പറയുമ്പോഴും സ്വന്തം ഗ്രാമത്തോടുള്ള സ്നേഹമായിരിക്കാം ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. അല്‍പം പച്ചപ്പ് ബാക്കിയാക്കി കൂടല്ലൂര്‍ എം.ടി.യെ കാത്തിരിക്കുന്നു…
Recent Comments